Astrology Predictions Horoscope for November 2022 Aswathi Bharani Karthika Rohini Makayiram Thiruvathira Punartham Pooyam Ayilyam Stars: 2022 നവംബർ 16 വരെ തുലാമാസവും തുടർന്ന് വൃശ്ചിക മാസവും ആകയാൽ സൂര്യൻ തുലാം- വൃശ്ചികം രാശികളിലായി സഞ്ചരിക്കുന്നു. നവംബർ ഒന്നിന് ചന്ദ്രൻ തിരുവോണത്തിൽ; മാസാന്ത്യത്തിൽ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി അവിട്ടത്തിലെത്തുന്നു. ചൊവ്വ മിഥുനത്തിലും മാസം പകുതി മുതൽ വക്രഗതിയായി ഇടവത്തിലും സഞ്ചരിക്കുന്നു. ബുധൻ തുലാം- വൃശ്ചികങ്ങളിൽ. ശുക്രനും ഏതാണ്ട് അതുപോലെ. ശനി മകരത്തിലും, വ്യാഴം മീനത്തിലും രാഹുകേതുക്കൾ യഥാക്രമം മേടം- തുലാം രാശികളിലും സഞ്ചരിക്കുന്നു. വക്രഗതിയിലായിരുന്ന വ്യാഴം നവംബർ അവസാനം മീനം രാശിയിൽ നേർഗതിയിലാവുന്നു.
ഈ ഗ്രഹനില മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള ഒമ്പത് നാളുകാരുടെ 2022 നവംബർ മാസത്തെ ഫലങ്ങൾ അറിയാം.
അശ്വതി: പിതൃബന്ധുക്കളുടെ സഹകരണം പ്രതീക്ഷിക്കാം. ആത്മവിശ്വാസത്തിന് ചിലപ്പോൾ ഉലച്ചിൽ തട്ടിയേക്കാം. നീതിയുടെ ഭാഗത്ത് നിലയുറപ്പിക്കുന്നതിനാൽ ശത്രുക്കളുടെ എണ്ണം കൂടും. ഭൗതികകാര്യങ്ങളിൽ ചെറിയ നേട്ടങ്ങൾ വരും. പ്രണയത്തിൽ മുന്നേറാൻ സാധ്യത പകുതി മാത്രം. ദാമ്പത്യവും ക്ലേശകരമാവാം. യാത്രകളിൽ അഭിരമിക്കും. ധനപരമായി മോശമില്ലാത്ത സമയമാണ്. ആവശ്യങ്ങൾ നിറവേറാൻ പണം വന്നെത്തും.
ഭരണി: മാസാദ്യം ഭരണി നാളിൽ ഗ്രഹണം വരുന്നതിനാൽ ചില പ്രതിസന്ധികളെ നേരിടേണ്ടിവരും. നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കാനോ ഉദ്യോഗത്തിൽ പദവികൾ ഉയരാനോ സാധ്യത കുറവാണ്. പ്രവാസികൾക്ക് വ്യാഴത്തിന്റെ നേർഗതി ആശ്വാസകരമാവും. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷാനുഭവങ്ങൾ വന്നുചേരും. പൊതു കാര്യത്തിൽ ഇടപെടുന്നത് കൊണ്ട് അപവാദങ്ങളെ നേരിടേണ്ട സാഹചര്യം ഉദിച്ചേക്കും. ബന്ധുക്കളുടെ ദുർഭാഷണം കലഹത്തിലേക്ക് നയിക്കാം. ക്ഷമ പരീക്ഷിക്കപ്പെടുന്ന സമയമാണ്. ധനപരമായി ശ്രദ്ധ വേണം. കിടപ്പ് രോഗികൾക്ക് ചികിത്സാമാറ്റം ഗുണം ചെയ്യാം.
കാർത്തിക: ശത്രുക്കളെ തിരിച്ചറിയും. സഹപ്രവർത്തകരുടെ നിസ്സഹകരണം വേദനിപ്പിക്കാം. കുടുംബത്തിൽ ഐക്യം പുനഃസ്ഥാപിക്കാൻ കിണഞ്ഞ് പരിശ്രമിക്കും. ബിസിനസ്സിൽ നേട്ടങ്ങൾ ഉണ്ടാകാം. പുതുസംരംഭങ്ങൾ സാക്ഷാൽക്കരിക്കും. വിദ്യാർത്ഥികൾക്ക് നല്ല അധ്യാപകരെ ലഭിക്കും. ശ്വാസകോശ രോഗങ്ങൾക്ക് ഉപരി ചികത്സകൾ വേണ്ടിവരാം. പ്രൊഫഷണലുകൾ വെന്നിക്കൊടി പാറിക്കും. വാഹനം, അഗ്നി ഇവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.
രോഹിണി: മാതൃബന്ധുക്കൾ മൂലം ചില മനപ്രയാസങ്ങൾ വന്നേക്കും. ഭൂമിവാങ്ങാനുള്ള ശ്രമം ഭാഗികമായി വിജയിക്കും. കൂട്ടുകച്ചവടം തുടങ്ങാൻ കാലം അനുകൂലമല്ല. പ്രണയം പരാജയപ്പെടാൻ സാധ്യത കൂടുതലാണ്. മേലധികാരികളുടെ അനിഷ്ടത്തിന് പാത്രമാകും. സമൂഹത്തിൽ അംഗീകാരമേറും. പരീക്ഷകൾ നല്ല നിലയിൽ വിജയിക്കും. പുതുസൗഹൃദങ്ങൾ പോഷിപ്പിക്കുന്നതിൽ ജാഗ്രത വേണം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ധനസ്ഥിതി സമ്മിശ്രം.
മകയിരം: ചൊവ്വയുടെ നേർ- വക്രഗതികൾ ഈ നാളുകാർക്ക് ചില സമ്മർദ്ദങ്ങൾ സമ്മാനിക്കും. നേരിയ ഗുണം മിഥുനക്കൂറുകാരായ മകയിരം നാളുകാർക്കാവും. ധനപരമായി അവർക്ക് മെച്ചം വരും. പുതിയ പദ്ധതികൾ അവതരിപ്പിക്കും. ഉദ്യോഗസ്ഥർക്ക് അംഗീകാരം കിട്ടും. ഗൃഹനിർമ്മാണം പൂർത്തിയാകും. ഇടവക്കൂറുകാർ തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാം. പണച്ചെലവ് വർദ്ധിക്കും. യാത്രകളിൽ വിലപിടിച്ച വസ്തുക്കൾ മോഷണം പോകാതെ ശ്രദ്ധിക്കണം. അമിതമായ ആത്മവിശ്വാസം മൂലം തോൽവികളെ അഭിമുഖീകരിച്ചേക്കും.
തിരുവാതിര: ധനവരവ് കൂടും. എന്നാൽ പ്രതീക്ഷിക്കാത്ത ചെലവുകൾ ഉണ്ടാകും. ജീവിതശൈലീരോഗങ്ങൾ വർദ്ധിച്ചേക്കാം. സന്താനങ്ങളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾക്ക് സാധ്യതയുണ്ട്. ദൂരയാത്രകൾക്ക് കാലം അനുകൂലമല്ല. സർക്കാരിൽ നിന്നും അനുമതി കിട്ടാൻ വൈകും. കായികരംഗത്തുള്ളവർ വിജയിക്കും. കലാപ്രകടനങ്ങൾ പ്രകീർത്തിതമാകും. പുതുവാഹനം വാങ്ങാൻ വായ്പ ലഭിക്കുന്നതായിരിക്കും.
പുണർതം: ചിന്തയും ആദർശവും മാറ്റിവെച്ച് ചില പ്രായോഗിക സമീപനങ്ങൾ കൈക്കൊള്ളും. വസ്തുതർക്കത്തിൽ അനുകൂലവിധിയുണ്ടാകും. ബിസിനസ്സിൽ പുതിയ പങ്കാളികളെ ലഭിക്കും. തൊഴിൽ തേടുന്നവർക്ക് നല്ലവാർത്ത കിട്ടും. കുടുംബ പ്രശ്നങ്ങൾ സമചിത്തതയോടെ പരിഹരിക്കും. ഒപ്പുമുള്ളവരുടെ അലസതയെ ശാസിക്കും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തും. ആഢംബര കാര്യങ്ങൾക്ക് ധനം ചെലവഴിച്ചേക്കും. തീർത്ഥാടന യോഗം കാണുന്നു.
പൂയം: പ്രധാനപ്പെട്ട കാര്യങ്ങൾ മാസാന്ത്യത്തിലാവും സംഭവിക്കുക. ഊഹക്കച്ചവടത്തിൽ ചെറിയ നഷ്ടങ്ങൾ വരാം. സ്വന്തം കാര്യം മാറ്റിവെച്ച് കുടുംബത്തിന് പ്രയോജനമുള്ള കാര്യങ്ങളിൽ ഏർപ്പെടും. വിവാഹകാര്യത്തിൽ നല്ല തീരുമാനങ്ങൾ ഉണ്ടായേക്കാം. വിദ്യാർത്ഥികൾ കൂടുതൽ ലക്ഷ്യബോധം പ്രകടിപ്പിക്കും. കേതു, സൂര്യൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങളുടെ ദശാപഹാരങ്ങളിലൂടെ കടന്നുപോകുന്നവർ അപ്രതീക്ഷതമായ ചില പ്രതിസന്ധികളെ നേരിടേണ്ടി വരാം. വലിയ പണച്ചെലവുള്ള കാര്യങ്ങൾ പിന്നീടത്തേക്ക് മാറ്റുന്നതാവും ഉചിതം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ വൈദ്യപരിശോധനയിൽ അലംഭാവമരുത്.
ആയില്യം: തൊഴിൽ തേടുന്നവർക്ക് പുതിയ തൊഴിലിൽ പ്രവേശിക്കാനാവും. കരാറുകൾ പുതുക്കപ്പെടുന്നതായിരിക്കും. വരവു-ചെലവുകളിൽ ശ്രദ്ധ വേണം. നാലാമെടത്തിലെ ഗ്രഹാധിക്യം മൂലം ഗൃഹത്തിൽ കലഹമോ അനൈക്യമോ ഉടലെടുക്കാം. ഭൂമി സംബന്ധിച്ച ചില തർക്കങ്ങൾക്കും സാധ്യതയുണ്ട്. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരാം. രാഷ്ട്രീയപ്രവർത്തകർ വിവാദപ്രസ്താവനകൾ നടത്തും. സന്താനങ്ങളുടെ വിവാഹാലോചനകൾ സഫലമാകും. വാഹനം, ആയുധം, അഗ്നി ഇവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം.