Astrology Predictions Horoscope for December 2022 Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathy Stars: 2022 ഡിസംബർ മാസം 15-ാം തീയതി വരെ വൃശ്ചിക മാസവും ശേഷം ധനുമാസവുമാകുന്നു. സൂര്യൻ ഡിസംബർ 16-ാം തീയതി പ്രഭാതത്തിൽ വൃശ്ചിക രാശിയിൽ നിന്നും ധനു രാശിയിലേക്ക് കടക്കുന്നു. ഡിസംബർ ഒന്നിന് ചന്ദ്രൻ പൂരുട്ടാതിയിൽ. ഒരുവട്ടം നക്ഷത്രമണ്ഡലഭ്രമണം പൂർത്തിയാക്കി ഡിസംബർ 31 ന് രേവതിയിൽ സഞ്ചരിക്കുന്നു.
ചൊവ്വ വക്രഗതിയായി ഇടവത്തിൽ തുടരുന്നു. രാഹു മേടത്തിലും കേതു തുലാത്തിലുമുണ്ട്. വൃശ്ചികം, ധനു, മകരം എന്നീ മൂന്നു രാശികളിലായി ബുധനും ശുക്രനും സഞ്ചരിക്കുന്നു. വ്യാഴം മീനത്തിൽ, ശനി മകരത്തിലും. ഇതാണ് ഡിസംബർ മാസത്തെ ഗ്രഹസ്ഥിതി. മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 2022 ഡിസംബർ മാസത്തെ അനുഭവങ്ങൾ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കുകയാണിവിടെ.
മൂലം: ഭാഗ്യകർമ്മലാഭാധിപന്മാരുടെ പന്ത്രണ്ടിലെ സ്ഥിതി മൂലം ഡിസംബർ ആദ്യ പകുതി ക്ലേശകരമായേക്കും. കർമ്മരംഗത്ത് കഷ്ടനഷ്ടങ്ങൾ വരാം. ലാഭം കുറയാനിടയുണ്ട്, വ്യാപാരത്തിൽ. ഉദ്യോഗസ്ഥർക്ക് ദൂരദിക്കിലേക്ക് സ്ഥലംമാറ്റം ഉണ്ടാകാം. അലച്ചിൽ വർദ്ധിക്കും. ഉന്നത പദവിയിലിരിക്കുന്നവരുമായി കലഹിക്കാം. അധീനത്തിലാവും എന്ന് വിചാരിച്ച കാര്യങ്ങൾ നടക്കാൻ ഒരു പാട് വിയർപ്പൊഴുക്കേണ്ടിവന്നേക്കും. എങ്കിലും ആത്മശക്തി നഷ്ടമാകില്ല. പതിമ്മൂന്നാം മണിക്കൂറിലെങ്കിലും എല്ലാക്കാര്യങ്ങളും നടന്നുകൂടും.
പൂരാടം: ഗാർഹികമായ വിഷമങ്ങൾ കുറയും. പുതിയ വാഹനമോ പാർപ്പിടമോ സ്വന്തമാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ പുരോഗതി പ്രാപ്രിക്കും. ബന്ധു സഹായം വന്നുചേരും. പുതിയദൗത്യങ്ങളിൽ കുറേ അലച്ചിൽ ഉണ്ടാവാനിടയുണ്ട്.
സ്വയം തൊഴിൽ ചെയ്യുന്നവർ ധാരാളം വെല്ലുവിളികളെ അഭിമുഖീകരിക്കും. രാഷ്ട്രീയ പ്രവർത്തകരുടെ നയങ്ങൾ പാളും. നല്ലകാര്യങ്ങൾക്ക് പണച്ചെലവേറും. രണ്ടാം ഭാവാധിപൻ ആയ ശനി ഭാവത്തിൽ തന്നെ നിൽക്കുകയാൽ ധനവരവ് കുറയില്ല.
ഉത്രാടം: മകരക്കൂറുകാർക്ക് മൂന്ന് ഗ്രഹങ്ങൾ സർവ്വാഭീഷ്ട സ്ഥാനത്ത് നിൽക്കുകയാൽ നേട്ടങ്ങൾ വർദ്ധിക്കും. പരീക്ഷാ വിജയം, തൊഴിൽ മുന്നേറ്റം, ബഹുമതി, അശനശയനസൗഖ്യം എന്നിവ കൈവരും. സർക്കാർ ഇടപാടുകളിൽ കാര്യസിദ്ധി ഭവിക്കും. ധനുക്കൂറുകാരായ ഉത്രാടം നാളുകാർക്ക് ഇത് ശരാശരി സമയമാണ്. പകർച്ചവ്യാധികൾ പിടിപെടാം. തൊഴിലിൽ കൃത്യവിലോപം മൂലം ശാസന കേൾക്കും. ന്യായമായ സ്ഥാനക്കയറ്റം കിട്ടാൻ കാത്തിരിക്കേണ്ടിവരും. പിതാവിന്റെ സമ്പാദ്യത്തെച്ചൊല്ലി സഹോദര കലഹത്തിനും സാധ്യതയുണ്ട്. വിദേശത്തുനിന്നും ജന്മനാട്ടിലേക്ക് മടങ്ങാൻ സന്ദർഭം ഉണ്ടാവും. ചോരശല്യം, യാത്രാദുരിതം എന്നിവ ചില സാധ്യതകൾ.
തിരുവോണം: ഗ്രഹാനുകൂല്യം ഉള്ള കാലമാണ്. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും.
കുടുംബ സമേതം വിനോദയാത്രകൾ ഉണ്ടാവും. നിക്ഷേപങ്ങളിൽ നിന്നും വരുമാനം കൂടും. വസ്ത്രമോ സ്വർണമോ ധനമോ പാരിതോഷികമായി ലഭിക്കാം. മുഴുവൻ കഴിവും പുറത്തെടുക്കാൻ കലാമത്സരങ്ങളിൽ അവസരം ലഭ്യമാവും. പ്രൊഫഷണലുകൾ നന്നായി തിളങ്ങും. നേതൃഗുണങ്ങൾ എതിരാളികളെ അമ്പരപ്പിക്കും. വ്യാപാരികൾ കുറഞ്ഞ സമയത്തിൽ കൂടുതൽ ലാഭം നേടും. അഞ്ചിലെ ചൊവ്വ ഉദരരോഗത്തിന് കാരണമായേക്കാം.
അവിട്ടം: കുംഭക്കൂറുകാരായ അവിട്ടം നാളുകാർക്ക് കുടുംബപ്രശ്നങ്ങൾ വർദ്ധിക്കും. മകരക്കൂറുകാർക്ക് മക്കളെക്കൊണ്ട് ചില മനപ്രയാസങ്ങൾ വരാം. ഇരുകൂറുകാർക്കും സാമ്പത്തിക സ്ഥിതി മോശമാവില്ല. ഭൂമി വാങ്ങാൻ ശ്രമിക്കുമെങ്കിലും ചില നിയമതടസ്സങ്ങൾ ഉണ്ടാവാം. വ്യാപാരം പുരോഗതിയിലാവും. കലാകാരന്മാർ സ്വന്തം കലയുടെ പ്രദർശനത്തിന്/അവതരണത്തിന് ശ്രമിക്കും. വിവാഹകാര്യത്തിൽ തീരുമാനം നീളാം. യാത്രകളിൽ വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാനിടയുണ്ട്. പ്രകൃതി ചികിൽസയിലൂടെ കിടപ്പ് രോഗികൾക്ക് ആശ്വാസം വന്നേക്കാം. സാമൂഹിക പ്രവർത്തകർ ചില എതിർപ്പുകളെ നേരിട്ടേക്കും.
ചതയം: സഹായിക്കാമെന്നേറ്റവർ പിന്മാറാം. ബന്ധുക്കളുടെ പൂർണപിന്തുണ കിട്ടാത്തതും വിഷമം വർദ്ധിപ്പിക്കാം. രണ്ടാം ഭാവത്തിലെ ഗുരു സ്ഥിതിമൂലം പ്രശ്നങ്ങളെ സുഗമമായി മറികടക്കും. സംയമനം കൊണ്ട് കലഹവേളകളിൽ ശാന്തതയുണ്ടാക്കും. സർക്കാരിൽ നിന്നുമുള്ള ആനുകൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് കൈവരും. മാസത്തിന്റെ രണ്ടാം പകുതിയിൽ ധനസ്ഥിതി ഉയരുന്നതായിരിക്കും. മാറ്റിവെച്ചിരുന്ന കാര്യങ്ങൾ ക്ലേശിക്കാതെ തന്നെ നടന്നുകിട്ടും. വസ്തുവിന്റെ ക്രയവിക്രയത്തിന് ഇത് ഉത്തമമായ കാലഘട്ടമല്ല. ഉന്നതരാഷ്ട്രീയ വ്യക്തിത്വങ്ങളുമായി ബന്ധം സ്ഥാപിക്കും.
പൂരുട്ടാതി: പഴയ നിലപാടുകൾ മാറ്റാനും കഠിനമായ തീരുമാനങ്ങൾ പിൻവലിക്കാനും സന്നദ്ധത കാട്ടും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. പുതുതൊഴിലിൽ പ്രവേശിക്കാൻ സാഹചര്യം വന്നുചേരും. നവമാധ്യമങ്ങളിൽ എഴുതുന്ന അഭിപ്രായക്കുറിപ്പുകൾ ഏറെ ‘ഇഷ്ടം’ നേടും. പാരമ്പര്യ വസ്തുക്കളുടെ കൈവശാവകാശം ലഭിക്കും. കുംഭക്കൂറുകാർക്ക് മാതൃക്ലേശം വരാം. ചില ബന്ധുക്കളുടെ വിരോധം നേടിയേക്കും. ഭാഗ്യപരീക്ഷണങ്ങൾക്ക് മുതിരാതിരിക്കുന്നതാവും നല്ലത്. പ്രണയികൾക്ക് ഇതൊരു പ്രണയവസന്തമാണ്. ദാമ്പത്യത്തിൽ സ്വാസ്ഥ്യം വർദ്ധിക്കും.
ഉത്രട്ടാതി: ജന്മവ്യാഴം മൂലം പലതരം തടസ്സങ്ങൾ തുടർന്നേക്കാം. കടം വാങ്ങി കടം വീട്ടേണ്ടി വരാം. ദുഷ്പ്രചരണങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ വിജയം കാണണമെന്നില്ല. കരാർ പണി, ചെറുകിട കച്ചവടം എന്നിവ ഉപജീവനമാക്കിയവർക്ക് അന്നന്നത്തെ ചെലവുകൾ നടന്നു കിട്ടും. പുതിയ പദ്ധതികൾ ആവിഷ്കരിക്കും മുൻപ് വിദഗ്ദ്ധോപദേശം തേടുന്നത് നന്നായിരിക്കും. കുടുംബജീവിതത്തിൽ സൗന്ദര്യപ്പിണക്കം ഉണ്ടാവാം. ഡിസംബർ പകുതി മുതൽ കാര്യങ്ങൾ അനുകൂലമാവും. സർക്കാരിൽ നിന്നും സഹായ ധനം, വായ്പ ഇവയ്ക്ക് സാധ്യതയുണ്ട്. പൊതുപ്രവർത്തകർ രണ്ടിലെ രാഹുമൂലം ‘നാക്കുപിഴ’ കളെ സൂക്ഷിക്കേണ്ടതുണ്ട്.
രേവതി: സഹായ ഭാഗ്യാധിപന്മാരുടെ (ശുക്രനും ചൊവ്വയും) പരിവർത്തനം മൂലം സഹായ വാഗ്ദാനങ്ങൾ നിറവേററപ്പെടണമെന്നില്ല. അധ്വാനം പലപ്പോഴും മൂല്യമാക്കപ്പെടാത്ത സ്ഥിതി വരാം. എട്ടിലെ കേതു കാര്യതടസ്സങ്ങൾ, ആശയക്കുഴപ്പങ്ങൾ എന്നിവയ്ക്ക് വഴിവെക്കാം. എന്നാൽ സ്വക്ഷേത്രബലവാനായി പതിനൊന്നിൽ നിൽക്കുന്ന ശനി അസാധ്യം എന്ന് കരുതപ്പെടുന്ന കാര്യങ്ങളെ നേടിത്തരും. മുതിർന്നവരുടെ അംഗീകാരം മനോബലമേകും. പഴയ വസ്തുക്കളുടെ കച്ചവടത്തിൽ നിന്നും ലാഭമുണ്ടാകും. വിദേശജോലികൾക്കുള്ള ശ്രമം വിജയിക്കുന്നതായിരിക്കും. കിടപ്പ് രോഗികൾക്ക് ആശ്വാസം വന്നുചേരും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരികെ ലഭിക്കും. ആലോചനാപൂർവ്വം ആശയ വിനിമയത്തിൽ ഏർപ്പെടുന്നത് നല്ലത്.