scorecardresearch
Latest News

Monthly Horoscope December 2022: ഡിസംബർ മാസഫലം, മകം മുതൽ തൃക്കേട്ട വരെ

Astrology Predictions Horoscope for December 2022 Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് 2022 ഡിസംബർ മാസത്തെ അനുഭവങ്ങൾ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കുകയാണിവിടെ

december horoscope, astrology, ie malayalam

Astrology Predictions Horoscope for December 2022 Makam Pooram Uthram Atham Chithira Chothi Vishakam Anizham Thrikketta Stars: 2022 ഡിസംബർ മാസം 15-ാം തീയതി വരെ വൃശ്ചിക മാസവും ശേഷം ധനുമാസവുമാകുന്നു. സൂര്യൻ ഡിസംബർ 16-ാം തീയതി പ്രഭാതത്തിൽ വൃശ്ചിക രാശിയിൽ നിന്നും ധനു രാശിയിലേക്ക് കടക്കുന്നു. ഡിസംബർ ഒന്നിന് ചന്ദ്രൻ പൂരുട്ടാതിയിൽ. ഒരുവട്ടം നക്ഷത്രമണ്ഡലഭ്രമണം പൂർത്തിയാക്കി ഡിസംബർ 31 ന് രേവതിയിൽ സഞ്ചരിക്കുന്നു.

ചൊവ്വ വക്രഗതിയായി ഇടവത്തിൽ തുടരുന്നു. രാഹു മേടത്തിലും കേതു തുലാത്തിലുമുണ്ട്. വൃശ്ചികം, ധനു, മകരം എന്നീ മൂന്നു രാശികളിലായി ബുധനും ശുക്രനും സഞ്ചരിക്കുന്നു. വ്യാഴം മീനത്തിൽ, ശനി മകരത്തിലും. ഇതാണ് ഡിസംബർ മാസത്തെ ഗ്രഹസ്ഥിതി. മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 2022 ഡിസംബർ മാസത്തെ അനുഭവങ്ങൾ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കുകയാണിവിടെ.

മകം: കർമ്മമേഖലയിൽ കുതിച്ചുചാട്ടം നടത്തും. ഉദ്യോഗസ്ഥർക്ക് സ്വന്തം ലാവണത്തിലേക്ക് മടങ്ങാൻ കഴിയും. പ്രതിസന്ധികളിൽ പ്രത്യുല്പന്നമതിത്വം പ്രകടമാക്കും. മക്കളുടെ വിദ്യാഭ്യാസത്തിന് സർക്കാർ ധനസഹായം, ബാങ്ക് വായ്പ ഇവ ലഭിച്ചേക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരുമെങ്കിലും ബന്ധം ഉറച്ചു കിട്ടാൻ സാധ്യത കുറവാണ്. കുടുംബപ്രശ്നങ്ങളിൽ നല്ല തീരുമാനം കൈക്കൊള്ളും. രാഷ്ട്രീയ പ്രവർത്തനത്തിൽ വിജയിക്കും. ധനപരമായി തരക്കേടില്ലാത്ത കാലമാണ്.

പൂരം: അധ്വാനഭാരം ഏറും. പുതുചുമതലകൾ വന്ന് ചേരും. സഹപ്രവർത്തകരുമായി പിണങ്ങേണ്ട സാഹചര്യം വന്നേക്കും. നാലിലെ ബുധശുക്രയോഗം കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുമെന്നതിന്റെ സൂചനയാണ്. നാലും പത്തും ഭാവാധിപന്മാരായ ചൊവ്വ, ശുക്രൻ എന്നിവരുടെ പരിവർത്തനം മൂലം പുതിയ താമസസ്ഥലം, തൊഴിലിടം എന്നിവയെക്കുറിച്ച് ചിന്തിച്ചേക്കാം. ആരോഗ്യപരമായി ശ്രദ്ധവേണ്ട കാലമാണ്. മാനസിക പിരിമുറുക്കങ്ങൾ ഉയരുവാനിടയുണ്ട്. ശാരീരികബലം ചോരുന്നതായി തോന്നാം. ഗുരുജനങ്ങളുടെ നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും.

ഉത്രം: കന്നിക്കൂറുകാർക്കാവും കൂടുതൽ നേട്ടങ്ങൾ. പലരുടേയും അപ്രതീക്ഷിത പിന്തുണ ലഭിക്കും. പൊതുരംഗത്ത് അംഗീകാരം ഉയരും. തന്റെ സ്ഥാപനത്തിൽ പുതിയ തൊഴിൽ സംസ്കാരം പ്രാവർത്തികമാക്കും, ഉദ്യോഗസ്ഥർ അധികാരികളുടെ ‘നല്ല പുസ്തകത്തിൽ ‘ ഇടം നേടും. സഹോദരരുമായുള്ള ഭിന്നത പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമം നടത്തും. ഭൂതകാലത്തിലെ ചില മോശം പ്രവർത്തനങ്ങളുടെ ഫലം പിന്തുടരുന്നതിൽ അസ്വസ്ഥരാകും. ചിങ്ങക്കൂറുകാർക്ക് ശത്രുവിജയം ഭവിക്കും. ദൈവകാര്യങ്ങളിൽ മറവിയോ അശ്രദ്ധയോ സംഭവിക്കാനിടയുണ്ട്.

അത്തം: ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. ബൗദ്ധികമായി മുന്നേറ്റം നടത്തും. പഠനനിലവാരം ഉയരും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. ദാമ്പത്യത്തിൽ പങ്കാളികൾ തമ്മിൽ സ്നേഹവും വിശ്വാസവും വളരും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ സന്ദർഭം സഞ്ജാതമാകുന്നതാണ്. തീർത്ഥാടനയോഗമുണ്ട്. പഴയ ജീവിതക്രമത്തിലേക്ക് മടങ്ങും. ആരോഗ്യപരമായി സമ്മിശ്രകാലമായിരിക്കും.

ചിത്തിര: മൗനം സ്വർണ്ണമാണെന്ന് അനുഭവം കൊണ്ടറിയും. അലച്ചിലുണ്ടായാലും കാര്യസാധ്യത ഭവിക്കും. നെടുനാളത്തെ ക്ലേശാനുഭവങ്ങൾക്ക് ശുഭകരമായ പര്യവസാനം വരാം. ധനപരമായ ഞെരുക്കത്തിന് അയവ് വരുന്നതായിരിക്കും. ഭൂമിയുടെ ക്രയവിക്രയത്തിന് വഴി തെളിയും. കർമ്മകാണ്ഡത്തിൽ പുതിയ പൊൻതൂവലുകൾ വന്നുചേരും. വിഭിന്ന പ്രകൃതികളായ മനുഷ്യരുമായി ആശയവിനിമയം നടത്തി ചില ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യും. കുടുംബജീവിതത്തിൽ സമാധാനം ഭവിക്കും.

ചോതി: ചില ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം കിട്ടാത്തത് വിഷമത്തിന് കാരണമാകാം. കടം വാങ്ങി കാര്യം നടത്തേണ്ട സാഹചര്യം ഉദിച്ചേക്കാം. സാമ്പത്തിക പരാധീനത വീർപ്പ്മുട്ടിക്കും. കമിതാക്കളുടെ പ്രണയനദിയുടെ ഒഴുക്ക് തടസ്സപ്പെടാം. കർമ്മരംഗത്ത് കാര്യങ്ങൾക്ക് വേഗത പോരെന്ന് തോന്നും. മുഖം ചുളിക്കാതെ, മനസ്സാന്നിധ്യത്തോടെ തന്നെ എല്ലാവരുമായി ഇടപഴകും. വിദഗ്ദ്ധരുമായി കൂടിയാലോചനകൾ നടത്തും. മാസത്തിന്റെ പകുതിമുതൽ കാര്യങ്ങൾ കുറെശ്ശേ മെച്ചപ്പെടും. മുടങ്ങിപ്പോയ ദൈവിക വഴിപാടുകൾ പൂർത്തീകരിക്കും.

വിശാഖം: ആസൂത്രണം ചെയ്ത കാര്യങ്ങൾ ഒരുവിധം ഭംഗിയായി പൂർത്തിയാക്കും. പുതിയ സൗഹൃദങ്ങൾ ഭവിക്കും. സർക്കാർ ധനസഹായത്തിന് അർഹത വന്നുചേരും. കലാമത്സരങ്ങളിൽ പ്രതിഭാവിലാസം തെളിയിക്കും. കഫരോഗങ്ങൾ ക്ലേശിപ്പിക്കാം. മുതിർന്ന കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. വ്യവഹാരത്തിൽ കക്ഷി ചേരാതിരിക്കുന്നതാവും ഉചിതം. ദീർഘയാത്രകൾ നീട്ടി വെക്കും. ദാമ്പത്യത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ആവർത്തിച്ചു കൊണ്ടിരിക്കും.

അനിഴം:– കൂട്ടുകച്ചവടത്തിന് ഇത് അനുകൂല സമയമല്ല. വിദേശ യാത്രകൾക്ക് തടസ്സം വരാം. പ്രതീക്ഷിച്ച സാമ്പത്തിക സഹായം വന്നു ചേരണമെന്നില്ല. അധികാരികളുടെ നീരസത്തിന് പാത്രമായേക്കും. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം ഉണ്ടായേക്കാം. സർഗവാസനകൾ സഹൃദയ പ്രശംസ നേടും. അയൽബന്ധങ്ങൾ രമ്യമാവും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങളുണ്ടാക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങൾ ബുദ്ധിപൂർവ്വം പ്രതിരോധിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറയാം.

തൃക്കേട്ട: – മറ്റുള്ളവർ പറയുന്നത് ക്ഷമയോടെ കേൾക്കും. ഉചിതമായ തീരുമാനങ്ങളിലൂടെ ലക്ഷ്യത്തിലെത്തും. ധനപരമായി മാസത്തിന്റെ രണ്ടാം പകുതിയാവും മെച്ചം. വ്യാപാരത്തിൽ ഉപഭോക്താവിനെ ആകർഷിക്കുന്ന പദ്ധതികൾ നടപ്പിലാക്കും. അഭിനേതാക്കളും കവികളും ഗായകരും പുരസ്കരിക്കപ്പെടും. സാമ്പത്തിക അച്ചടക്കത്തിലൂടെ ഒപ്പമുള്ളവർക്ക് പുതിയ മാതൃക സൃഷ്ടിക്കും. വിദ്യാർത്ഥികൾ നൂതനവിഷയങ്ങൾ പഠിക്കുവാൻ ശ്രമം നടത്തും. അനുരാഗികൾക്ക് അനുകൂല കാലമാണ്. കിടപ്പു രോഗികൾക്ക് ആശ്വാസം ഉണ്ടാകും. സഹോദരരുമായുള്ള സ്വത്തു തർക്കം രമ്യമായി പരിഹരിക്കാനാവും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology predictions horoscope for december 2022 makam pooram uthram atham chithira chothi vishakam anizham thrikketta stars