scorecardresearch
Latest News

Monthly Horoscope December 2022: ഡിസംബർ മാസഫലം, അശ്വതി മുതൽ ആയില്യം വരെ

Astrology Predictions Horoscope for December 2022 Aswathi Bharani Karthika Rohini Makayiram Thiruvathira Punartham Pooyam Ayilyam Stars: അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് 2022 ഡിസംബർ മാസത്തെ അനുഭവങ്ങൾ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കുകയാണിവിടെ

december horoscope, astrology, ie malayalam

Astrology Predictions Horoscope for December 2022 Aswathi Bharani Karthika Rohini Makayiram Thiruvathira Punartham Pooyam Ayilyam Stars: 2022 ഡിസംബർ മാസം 15-ാം തീയതി വരെ വൃശ്ചിക മാസവും ശേഷം ധനുമാസവുമാകുന്നു. സൂര്യൻ ഡിസംബർ 16-ാം തീയതി പ്രഭാതത്തിൽ വൃശ്ചിക രാശിയിൽ നിന്നും ധനു രാശിയിലേക്ക് കടക്കുന്നു. ഡിസംബർ ഒന്നിന് ചന്ദ്രൻ പൂരുട്ടാതിയിൽ. ഒരുവട്ടം നക്ഷത്രമണ്ഡലഭ്രമണം പൂർത്തിയാക്കി ഡിസംബർ 31 ന് രേവതിയിൽ സഞ്ചരിക്കുന്നു.

ചൊവ്വ വക്രഗതിയായി ഇടവത്തിൽ തുടരുന്നു. രാഹു മേടത്തിലും കേതു തുലാത്തിലുമുണ്ട്. വൃശ്ചികം, ധനു, മകരം എന്നീ മൂന്നു രാശികളിലായി ബുധനും ശുക്രനും സഞ്ചരിക്കുന്നു. വ്യാഴം മീനത്തിൽ, ശനി മകരത്തിലും– ഇതാണ് ഡിസംബർ മാസത്തെ ഗ്രഹസ്ഥിതി. അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 2022 ഡിസംബർ മാസത്തെ അനുഭവങ്ങൾ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കുകയാണിവിടെ.

അശ്വതി: ഡിസംബർ ഒന്നാം പകുതിയിൽ സമ്മർദങ്ങൾ തുടരും. ഗാർഹികാന്തരീക്ഷത്തിലെ പിരിമുറുക്കത്തിനും വലിയ കുറവില്ല. ഉദ്യോഗസ്ഥർ അധികാരികളുടെ അനിഷ്ടത്തിന് പാത്രമായേക്കും. പിതാവിന് കാലം അനുകൂലമല്ല. വേണ്ടെന്ന് കരുതിയാലും ചിലപ്പോൾ വാക്കുകൾക്ക് മുനയും മൂർച്ചയും വന്നേക്കും. ഭോഗ വിഘാതം, നിദ്രാഭംഗം, ആലസ്യം എന്നിവയും സാധ്യതകൾ. തീർത്ഥാടനം, ദൈവിക സമർപ്പണങ്ങൾ എന്നിവയ്ക്ക് പണച്ചെലവ് ഭവിക്കും. ഡിസംബർ രണ്ടാം പകുതിയിൽ കാര്യങ്ങൾ കുറേശയായി ഭേദപ്പെടാം.

ഭരണി: കലാപരമായി വളർച്ചയും നേട്ടങ്ങളും ഉണ്ടാകും. വിദ്യാഭ്യാസത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. ചുറ്റുമുള്ള സംഘർഷങ്ങളിൽ തലയിടാതിരിക്കുന്നതാവും ഉചിതം. വിവാദം, തർക്കം എന്നിവയിൽ തോൽക്കാം. സൽക്കാര്യങ്ങൾ ചെയ്യും. അവയ്ക്ക് പണച്ചെലവേറും. അകലങ്ങളിൽ നിന്നും നല്ലവാർത്ത വന്നെത്തും. പുതിയ തൊഴിൽ ലഭിച്ചാലും ഒത്തുപോകാൻ ക്ലേശിക്കും. ഭൂമിയുടെ ക്രയവിക്രയത്തിൽ നഷ്ടം വരാം. ധനപരമായി മിതത്വവും ആരോഗ്യപരമായി ജാഗ്രതയും പുലർത്തേണ്ട കാലമാണ്.

കാർത്തിക: ബാഹ്യലോകം തന്നെ ശരിക്കും മനസിലാക്കുന്നില്ല എന്ന ഖേദം ഉണ്ടാകാം. ആലോചനാശൂന്യമായ പെരുമാറ്റം ശുതുക്കളെ സൃഷ്ടിക്കാം. ഗൃഹനവീകരണം പതുക്കെയാവും. വിദേശധനം സമയത്ത് കൈവശം വന്നുചേരില്ല. കരാർ പണികൾ തുടർന്നും ലഭിച്ചേക്കും. കച്ചവടത്തിൽ നേരിയ പുരോഗതി കാണപ്പെടും. പ്രേമബന്ധത്തിൽ തെറ്റിദ്ധാരണകൾ വന്നേക്കാം. കലാകാരന്മാർക്ക് അരങ്ങത്ത് തന്നെ അഭിനന്ദനം ലഭിക്കും. കലാപ്രവർത്തനവുമായി ബന്ധപ്പെട്ട യാത്രകൾ ഗുണം ചെയ്യും.

രോഹിണി: കുറേക്കാലമായി ലക്ഷ്യം നേടാത്ത പ്രവർത്തനങ്ങൾ ഇപ്പോൾ ലക്ഷ്യത്തിലെത്തും. വരുമാനം ഉയരും. ഉന്നതാധികാരികൾ പുതിയ ഉത്തരവാദിത്വങ്ങൾ ഏൽപിക്കും. പഠനത്തിൽ വിജയം ഉറപ്പിക്കും. കുടുംബകാര്യങ്ങൾ രമ്യമാക്കാൻ അധികാരം പ്രയോഗിച്ചേക്കും. ജന്മരാശിയിലെ ചൊവ്വ അനാവശ്യമായ പിരിമുറുക്കങ്ങൾക്ക് വഴി തുറക്കാം. കൂട്ടുകെട്ടുകൾ നന്മ ചെയ്യുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. അപരിചിതരുമായി കരാറുകളിൽ ഏർപ്പെടാതിരിക്കുന്നതാവും നല്ലത്.

മകയിരം: ശുഭവാർത്തകൾ കേൾക്കാൻ കഴിയും. സജ്ജനങ്ങളുടെ ഉപദേശം ചെവിക്കൊള്ളും. ആരോഗ്യം ചിലപ്പോൾ ക്ലേശിപ്പിച്ചേക്കാം. ചെലവ് നിയന്ത്രിക്കാൻ കഴിഞ്ഞെന്നുവരില്ല. ദാമ്പത്യത്തിൽ സ്വരഭംഗങ്ങൾ തലപൊക്കാം. വിദ്യാർത്ഥികൾ പരീക്ഷയിൽ സാമാന്യമായ നേട്ടങ്ങൾ ഉണ്ടാക്കും. പൊതുരംഗത്തുള്ളവർ ശരവ്യരാവാം. സർക്കാർകാര്യങ്ങളിൽ അലച്ചിലേറും. കലാകായികമത്സരങ്ങളിൽ എല്ലാ സിദ്ധികളും പുറത്തെടുക്കാൻ കഴിയാതെ വരും.

തിരുവാതിര: ധർമ്മാധർമ്മങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പമുണ്ടാകും. സുഹൃത്തുക്കളിൽ നിന്നും പിന്തുണ കിട്ടിയെന്നുവരില്ല. കച്ചവടത്തിൽ നേരിയ വർധനവുണ്ടാകും. തീർത്ഥാടനം ആത്മശക്തി വർധിപ്പിക്കും. സന്താനങ്ങളുടെ ഉന്നത പഠനത്തിനായി വായ്പ കിട്ടും. പുതുതൊഴിലുകൾ തുടങ്ങാൻ വിദഗ്ദ്ധരുടെ ഉപദേശം തേടും. കുമാർഗങ്ങളിലൂടെ വരവധികരിക്കാം. പഴയ വിരോധികൾ ഇണങ്ങരാവാനിടയുണ്ട്. ആരോഗ്യകാര്യത്തിൽ അലംഭാവമരുത്.

പുണർതം: വ്യവഹാരത്തിൽ വിജയിക്കും. സ്വന്തംസ്ഥാപനം നവീകരിക്കും. മക്കളുടെ വിവാഹകാര്യം നീളുന്നതിൽ വിഷമിക്കും. ചെറുതും വലുതുമായ യാത്രകൾ വേണ്ടി വരാം. ഉദരരോഗത്തിന് ചികിൽസ തേടും. എതിർപ്പുകളെ സമർത്ഥമായി പ്രതിരോധിക്കും. വയോജനങ്ങളുടെ ആരോഗ്യപാലനത്തിൽ ശ്രദ്ധ കാട്ടും. പൊതുപ്രവർത്തനത്തിൽ വ്യക്തിമുദ്രപതിപ്പിക്കും. അൽപകാലത്തെ മങ്ങലിനുശേഷം എല്ലാരംഗത്തും സക്രിയമായി ഇടപെടും.

പൂയം: ഭാഗ്യദോഷത്തിന് അവസാനമാകും. പുതിയ ജോലിയിൽ പ്രവേശിക്കാനാവും. പിതൃസ്വത്ത് അധീനതയിൽ വന്നു ചേരുന്നതായിരിക്കും. കുടുംബപ്രശ്നങ്ങൾ പരിഹൃതമാവും. മുതിർന്നവരുടെയും വൃദ്ധജനങ്ങളുടെയും പിന്തുണ കരുത്തേകും. വിവാഹകാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ സാധിക്കും. പുതിയ സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാൻ സമയം കണ്ടെത്തും. പ്രതിഷേധങ്ങളെ നിസാരീകരിച്ച് മുന്നേറാനുള്ള ആത്മവീര്യം കൈവരിക്കും.

ആയില്യം: വസ്തുതർക്കങ്ങൾ അനുകൂലമാവും. മുടങ്ങിപ്പോയ ദൈവിക സമർപ്പണങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. ഗുരുജനങ്ങളെ സന്ദർശിച്ച് ഉപദേശം കൈക്കൊള്ളും. മക്കളുടെ കാര്യത്തിലുണ്ടായ ഉൽക്കണ്ഠകൾ അസ്ഥാനത്തായിരുന്നുവെന്നറിയും. സൗഹൃദക്കൂട്ടങ്ങളിൽ പങ്കുചേരും. കലാകാരന്മാർക്ക് ശാന്തമായ അന്തരീക്ഷത്തിൽ കലാപ്രവർത്തനം നടത്താൻ അവസരം ഉണ്ടാകും. ഏഴാംഭാവത്തിലെ കണ്ടകശനി ചിലപ്പോൾ പ്രണയം, ദാമ്പത്യം തുടങ്ങിയവയെ അൽപം കലുഷിതമാക്കാനിടയുണ്ട്. ഋണബാധ്യത പരിഹരിക്കാനുള്ള ശ്രമം ഒരു പരിധിവരെ വിജയിക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology predictions horoscope for december 2022 aswathi bharani karthika rohini makayiram thiruvathira punartham pooyam ayilyam stars