scorecardresearch

Weekly Horoscope June 22-June 28: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ

Weekly Horoscope, June 22- June 28: ജൂൺ 22 ഞായർ മുതൽ ജൂൺ 28 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, June 22- June 28: ജൂൺ 22 ഞായർ മുതൽ ജൂൺ 28 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Weekly horoscope

Weekly Horoscope

ആദിത്യൻ മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. ജൂൺ 22 ന് രാവിലെ തിരുവാതിര ഞാറ്റുവേല ആരംഭിക്കും. ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ് വാരാദ്യം. ജൂൺ 25 ന് ബുധനാഴ്ചയാണ് അമാവാസി. പിറേറന്ന് വ്യാഴാഴ്ച ആഷാഢ മാസം ആരംഭിക്കും. ഭരണി മുതൽ ആയില്യം വരെ നക്ഷത്രമണ്ഡലങ്ങളിലൂടെ ഈയാഴ്ച ചന്ദ്രൻ സഞ്ചരിക്കുന്നു. 

Advertisment

ബുധൻ ജൂൺ 22 ന് കർക്കടകത്തിലേക്ക് സംക്രമിക്കുന്നു. പുണർതം, പൂയം നക്ഷത്രങ്ങളിലൂടെയാണ് ബുധസഞ്ചാരം. ശുക്രൻ മേടം രാശിയിൽ തുടരുന്നു. ഭരണി, കാർത്തിക നക്ഷത്രങ്ങളിലായാണ് ശുക്രൻ സഞ്ചരിക്കുന്നത്. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രം രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നു. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലാണ്. ചൊവ്വ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിൽ തുടരുകയാണ്.

രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം ഒന്നാം പാദത്തിലും അപ്രദക്ഷിണഗതിയായി സഞ്ചരിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ആഴ്ചഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

ജന്മരാശിയിലെ ശുക്രസഞ്ചാരം ഭൗതിക താല്പര്യങ്ങൾ വളർത്താനും സംരക്ഷിക്കാനും ഉതകും. മോഹവില കൊടുത്തും ഇഷ്ടപ്പെട്ടവ വാങ്ങാൻ തുനിയും. പിന്നീടത് വേണ്ടിയിരുന്നില്ലെന്നും തോന്നും. മൂന്നാം ഭാവത്തിലെ ആദിത്യസഞ്ചാരത്താൽ തൊഴിലിടത്തിൽ സ്വസ്ഥതയുണ്ടാവും. തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളും. അവ നടപ്പിലാക്കുന്നതിൽ മുഖം നോക്കുകയുമില്ല. ബുധൻ നാലാമെടത്തിൽ സഞ്ചരിക്കുന്നത് ബന്ധുഗുണത്തെ സൂചിപ്പിക്കുന്നു. ഗൃഹസൗഖ്യത്തിന് ഭംഗം വരാനിടയില്ല. അക്കാദമിക കാര്യങ്ങളിൽ ഹിതോപദേശം ലഭിക്കാം. ഞായർ, ബുധൻ, വ്യാഴം, ദിവസങ്ങൾക്ക് കൂടുതൽ ഊർജ്ജദായകത്വം ഉണ്ടായിരിക്കും.

Advertisment

Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും

ഭരണി

സുഖാനുഭവങ്ങൾക്ക് തന്നെയാവും മേൽക്കൈ. അഞ്ചാം ഭാവത്തിലെ കേതു/കുജയോഗം  ആലോചനാശൂന്യത മൂലമുള്ള കുഴപ്പങ്ങൾ സൃഷ്ടിക്കാം. പരസ്യ ധനത്തൊടൊപ്പം രഹസ്യ നിക്ഷേപങ്ങളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് ഹിതകരമായ അന്തരീക്ഷം തുടരപ്പെടും. വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ നല്ല അഭിപ്രായം ലഭിക്കുന്നതാണ്. ഭാവികാര്യങ്ങളിൽ ശ്രദ്ധയുണ്ടാവും. മകൻ്റെ അന്യദേശയാത്രക്ക് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കും. ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണി നീട്ടിവെച്ചേക്കും. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാവും.

കാർത്തിക

പലപ്പോഴും നിലപാടുകൾ വെളിപ്പെടുത്താതെ മൗനത്തിൽ തുടരുന്നത് കൂട്ടുകാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. പണമെടപാടുകളിൽ മിതത്വം പാലിക്കുവാനാവും. ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതാണ്. പക്ഷേ വ്യക്തമായ ഉത്തരം ലഭിക്കുകയില്ല. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട കാലഘട്ടമാണ്. കച്ചവടത്തിൽ ഉണർവ്വുണ്ടാവും. കലാകാരന്മാർക്ക് ക്രിയാത്മക കഴിവുകൾ വളർത്താൻ നല്ല അവസരമാണിത്. പ്രണയത്തിൽ വിജയിക്കും. കുടുംബത്തിലെ വയോജനങ്ങളുടെ ആരോഗ്യസ്ഥിതിയിൽ മെച്ചം വന്നെത്തും. സ്വാധീനശക്തി വർദ്ധിക്കും.

രോഹിണി

കാര്യസിദ്ധിക്ക് തടസ്സം നിന്നിരുന്ന കാരണങ്ങൾ പലതും ദുർബലമാവുന്നതിനാൽ ലക്ഷ്യം നേടാനാവും. കുടുംബത്തിൻ്റെ പൂർണ്ണപിന്തുണ ലഭിക്കുന്നതായിരിക്കും. വാക്കുകളുടെ വശീകരണശക്തി എതിരാളികളെ അധീരരാക്കും. സമയബന്ധിതമായി എല്ലാക്കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞേക്കില്ല. സുഹൃത്തുക്കളിൽ ചിലരോടെങ്കിലും അകലം പാലിക്കുന്നത് നന്നായിരിക്കും. ഗൃഹനിർമ്മാണത്തിൽ സാമ്പത്തിക കാരണങ്ങളാൽ തടസ്സം വരാനിടയുണ്ട്. മകളുടെ ഉപരിപഠനത്തിൽ വ്യക്തത വരുന്നതാണ്. ഞായർ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയാം.

മകയിരം

കൂടുതൽ ശ്രദ്ധപൂർവ്വം പ്രവർത്തിക്കേണ്ട സന്ദർഭമാണ്. കൈക്കൊള്ളേണ്ട തീരുമാനങ്ങൾ ഒന്നിനുപിറകെ ഒന്നായി വന്നെത്തും.  ആവശ്യത്തിനും അനാവശ്യത്തിനും പിന്തുണ ലഭിക്കുന്ന സാഹചര്യവുമുണ്ട്. ദേഹാലസ്യം തുടർന്നു കൊണ്ടിരിക്കും. ഉദ്യോഗപർവ്വത്തിൽ മടുപ്പ് അനുഭവപ്പെടാം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അധ്വാനം കൂടാനിടയുണ്ട്. അനുകൂലമല്ലാത്ത ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരാം. കടബാധ്യത കുറക്കാനുള്ള ശ്രമം ഊർജ്ജിതമാവും. അനുരാഗത്തിൽ ആഹ്ളാദിക്കും. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം.

തിരുവാതിര

ചില പ്രശ്നങ്ങൾ തനിയെ പരിഹരിക്കേണ്ടിവരും. മാനസിക സമ്മർദ്ദങ്ങൾ കുറയില്ല. മൂന്നുനാലുഗ്രഹങ്ങൾ ജന്മരാശിയിലും ജന്മനക്ഷത്രത്തിലും ഒക്കെയായി സഞ്ചരിക്കുമ്പോൾ തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനും സാധ്യതയുണ്ട്. ഗവേഷകർക്ക് എഴുതിക്കഴിഞ്ഞ പ്രബന്ധം തിരുത്തേണ്ടി വരുന്നതാണ്. അന്യനാട്ടിലേക്ക് പഠന/ തൊഴിൽ യാത്രകൾ ആവശ്യമാവും. ഗാർഹികമായ ആവശ്യങ്ങൾ, ആശുപത്രിച്ചെലവുകൾ എന്നിവ വരാം.  എന്നാലും അപ്രതീക്ഷിത സഹായങ്ങളും പിന്തുണയും വന്നെത്തുന്നതാണ്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നൈപുണ്യം പുലർത്തും.

പുണർതം

ബന്ധുസമാഗമവും തീർത്ഥാടനത്തിനും സാധ്യതയുണ്ട്. ഔദ്യോഗികമായി ശോഭിക്കാനാവും. പകരക്കാരുടെ പ്രവൃത്തികളിൽ തൃപ്തിയുണ്ടാവും. ബിസിനസ് വിപുലീകരണത്തിനും പാർട്ണർമാരെ ചേർക്കുന്നതിനും ഇപ്പോൾ ഉചിത സന്ദർഭമല്ലെന്ന് ഓർമ്മിക്കുക. ഊഹക്കച്ചവടത്തിൽ  കരുതലുണ്ടാവണം. ധനകാരകനായ വ്യാഴം മൗഢ്യത്തിലാകയാൽ പണച്ചെലവിൽ നിയന്ത്രണം വേണം. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. ഒപ്പം ആഢംബരച്ചെലവുകൾക്കും സാധ്യത കാണുന്നു. ദൂരദേശത്ത് തൊഴിൽ തേടുന്നവർക്ക് യാത്രാതടസ്സം ഉണ്ടാവാം.

പൂയം

വാരത്തിലെ ഒന്നുരണ്ടു ദിവസങ്ങൾ ഒഴികെ (ബുധൻ, വ്യാഴം) അനുകൂല ഫലങ്ങൾ കൈവരും. സുഖഭോഗങ്ങൾ, പാരിതോഷിക ലബ്ധി എന്നിവയുണ്ടാവും.  ലഘു യാത്രകളാൽ നേട്ടങ്ങൾ കരഗതമാവും. ബിസിനസ്സിൽ നിന്നും ധനാഗമമുയരും. വാഗ്ദാനങ്ങൾ നിറവേറ്റാനാവുകയാൽ മനസ്സമാധാനം വന്നെത്തുന്നതാണ്. കൂടപ്പിറപ്പുകളുടെ സഹായം ലഭിക്കും. അന്യനാട്ടിൽ കഴിയുന്ന ഉറ്റവരെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കപ്പെടാം. ദാമ്പത്യകലഹങ്ങളിൽ അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കും. കഫജന്യ രോഗങ്ങൾ വർദ്ധിച്ചേക്കാം. വാക്കുകളിൽ കരുതൽ വേണ്ടതുണ്ട്.

ആയില്യം

സ്വന്തം കഴിവുകൾ നന്നായി പ്രയോജനപ്പെടുത്താനും പരാശ്രയത്വം കുറയ്ക്കാനുമാവും. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്നതായിരിക്കും. ദൂരദിക്കിൽ കഴിയുന്ന ഉറ്റവരെക്കുറിച്ച് ശുഭവാർത്തകൾ കേൾക്കാറാവും.  കൈവായ്പകൾ മടക്കിക്കിട്ടാം.  ബുധൻ, വ്യാഴം ദിവസങ്ങളിൽ ചെലവേറാനിടയുണ്ട്. ബന്ധുക്കളുടെ തർക്കങ്ങളിൽ അകലം പാലിക്കുന്നതാവും ഉചിതം. യാത്രകൾ ദേഹക്ലേശം വരുത്തിയേക്കാം. സാമ്പത്തികമായി അമളി പിണയാതിരിക്കാൻ ജാഗ്രത അനിവാര്യമാണ്. ചൊവ്വയും കേതുവും വാക്സ്ഥാനത്തുള്ളതിനാൽ പരുഷവാക്കുകൾ ചിലപ്പോൾ ബന്ധങ്ങളുടെ ശൈഥില്യത്തിന് കാരണമായേക്കാം.

മകം

പ്രവർത്തനത്തിൽ ഇടക്കിടെ തടസ്സങ്ങൾ വരാം. എങ്കിലും വിജയിക്കാൻ ധാരാളം സാഹചര്യങ്ങൾ തുറന്നു കിട്ടുന്നതാണ്. ഉദ്യോഗസ്ഥരുടെ വാക്കുകൾ മേലധികാരികൾ ശ്രദ്ധാപൂർവ്വം ചെവിക്കൊള്ളും. പാരമ്പര്യ തൊഴിലുകളിൽ നിന്നും ആദായം വർദ്ധിക്കുന്നതാണ്. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് അണികളുണ്ടാവും. കുടുംബ ക്ഷേത്രത്തിൽ തൊഴാനും ദൈവ സമർപ്പണങ്ങൾക്കും അവസരം കിട്ടിയേക്കും. ചിട്ടി,  ഇൻഷ്വറൻസ്, നറുക്കെടുപ്പ് ഇവയിൽ നിന്നും ധനലാഭം ഉണ്ടാകുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിലുണ്ടാവും.

Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

പൂരം

നക്ഷത്രാധിപൻ ശുക്രൻ ഭാഗ്യഭാവത്തിൽ തുടരുകയാൽ  നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം. അർഹതയുള്ളവയും ചിലപ്പോൾ അനർഹങ്ങൾ ആയിട്ടുള്ളവയും കരഗതമാവാം. ഔദ്യോഗിക  മേഖലയിൽ വളർച്ച തുടരുന്നതാണ്. തൊഴിലിടത്തിൽ സ്വാധീനമേറും. രാഷ്ട്രീയ പദവികൾ തേടി വരാം. പുതിയ ജോലി ലഭിച്ചെന്നും വരാം. വിദ്യാർത്ഥികൾ  അന്യനാട്ടിൽ പഠനത്തിന് ചേരാൻ സാധ്യതയുണ്ട്.  മംഗളകർമ്മങ്ങൾക്ക് മുൻകൈയെടുക്കും. കുടുംബകാര്യങ്ങളിൽ പൂർണ്ണസംതൃപ്തി പറയാനാവില്ല. വാരാന്ത്യ ദിവസങ്ങളിൽ ചില സമ്മർദ്ദങ്ങൾ വരാനിടയുണ്ട്.

ഉത്രം

കൃത്യനിഷ്ഠ, സമയനിഷ്ഠ ഒക്കെ പ്രശംസിക്കപ്പെടും. ചെയ്യുന്ന തൊഴിലിൽ സംതൃപ്തിയുണ്ടാവും. ബിസിനസ്സിൽ ലാഭം ഉയരുന്നതായിരിക്കും. ബന്ധുവിൻ്റെ ധനശോച്യത പരിഹരിക്കാൻ മുൻകൈയെടുക്കും. ശത്രുക്കളുടെ രഹസ്യ പ്രവർത്തനങ്ങളെ തിരിച്ചറിയുന്നതാണ്. വ്യവഹാരങ്ങൾക്കുള്ള സാഹചര്യം വരാം. പക്ഷേ അനുരഞ്ജനത്തിന് മുതിരുകയാവും ഇപ്പോൾ ഗുണകരം. വാഗ്ദാനങ്ങൾ പാലിക്കാനാവും. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണ വരാവുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുണ്ടാവണം. ഞായറും തിങ്കളും ശനിയും സമ്മിശ്രഫലങ്ങൾ ഉണ്ടാവുന്നതാണ്.

അത്തം

അഷ്ടമരാശി തുടരുകയാൽ ഞായറാഴ്ചക്ക് ശുഭത്വം കുറവായിരിക്കും. തിങ്കൾ മുതൽ അനുകൂല ഫലങ്ങൾ വന്നെത്തും. കിട്ടാക്കടങ്ങൾ ഭാഗികമായെങ്കിലും ലഭിക്കാം. സാമ്പത്തികമായി ആശ്വസിക്കാനാവും. അസുഖക്ലേശിതർക്ക് സ്വാസ്ഥ്യം ഉണ്ടാവുന്നതാണ്. നവസംരംഭങ്ങളുമായി ബന്ധപ്പെട്ട ആലോചനകൾക്ക് സാധ്യത കാണുന്നു. കഴിവ് അംഗീകരിക്കപ്പെടും. ഗൃഹത്തിൽ സമാധാനം നിറയുന്നതാണ്. ക്ഷേത്ര ദർശനം, സമർപ്പണങ്ങൾ ഇവയ്ക്ക്  അവസരം ലഭിക്കും. ഉന്നതാധികാരികളുടെ വിശ്വാസമാർജിക്കാനാവും. ബന്ധങ്ങൾ ദൃഢമാവുന്നതാണ്.

ചിത്തിര

ആരംഭിച്ച ദൗത്യങ്ങൾ വേഗത്തിൽ മുന്നോട്ടു പോകും.  കരുതിയതിലുമധികം സഹായവും സഹകരണവും വന്നെത്തും. മത്സരാധിഷ്ഠിതമായ കരാർ നേടുന്നതിൽ വിജയിക്കുന്നതാണ്.  കുടുംബസുഖം, ഭോഗസുഖം ഒക്കെ സ്വാഭാവികമായി തന്നെ പ്രതീക്ഷിക്കാം. കന്നിക്കൂറുകാർക്ക് ഞായറും തുലാക്കൂറുകാർക്ക് തിങ്കളും ചൊവ്വയും ഗുണം കുറയുന്നതാണ്. ആത്മവിശ്വാസം വേണ്ടത്രയുണ്ടാവും. കന്നിക്കൂറുകാർക്ക് ചെലവുകൾ നിയന്ത്രിക്കുക ക്ലേശകരമായേക്കും. തുലാക്കൂറുകാർക്ക് ഭൂമിയിൽ നിന്നും ആദായമുണ്ടാവും. സഹോദരരുടെ ആവശ്യങ്ങൾ നേടിക്കൊടുക്കും.

ചോതി

ദുർഘടങ്ങളെ സഹജമായ പ്രായോഗികതയാലും ക്ഷമയാലും മറികടക്കും.  ആത്യന്തിക നേട്ടത്തിന് പുനർ ശ്രമങ്ങൾ ആവശ്യമായി വരാം. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് ചേരാൻ അനുമതി കിട്ടുന്നതായിരിക്കും. ഒഴിവുകാലം ആസ്വദിച്ച് തീർന്നില്ലെന്ന തോന്നലുണ്ടാവും. ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യും. മേലുദ്യോഗസ്ഥരുടെ പ്രവൃത്തികളോടുള്ള അനിഷ്ടം സഹപ്രവർത്തകരോട് പങ്കുവെക്കുന്നതാണ്. രഹസ്യനിക്ഷേപങ്ങളിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. ഞായർ മുതൽ ചൊവ്വ വരെ ചെലവേറും. അഷ്ടമരാശിയാകയാൽ കരുതൽ വേണം.

വിശാഖം

വിശ്വസിക്കുന്ന നിലപാടുകളിൽ ഉറച്ചുനിൽക്കും. അതിൻ്റെ പേരിൽ സഹപ്രവർത്തകരോട് കലഹിച്ചേക്കാം. പുതിയ സാങ്കേതിക കാര്യങ്ങൾ പഠിക്കാൻ വന്നെത്തുന്ന അവസരം പ്രയോജനപ്പെടുത്തുന്നതിൽ വിജയിക്കും. പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് പ്രതിസന്ധികളെ നേരിടേണ്ടിവരും. വിദ്യാഭ്യാസത്തിനുള്ള വായ്പ ലഭിച്ചേക്കാം. ഭൂമിയോ പഴയ വീടോ വിൽക്കുന്നതിനുള്ള അഡ്വാൻസ് കൈപ്പറ്റിയേക്കും. ഏജൻസി ഏർപ്പാടുകൾ വിപുലീകരിക്കുന്നതിന് ശ്രമം തുടരും. ദാമ്പത്യത്തിൽ കലഹസ്വരം ഉയരാം.

അനിഴം

വാഗ്ദാനങ്ങൾ പാലിക്കാനാവും. എന്നാൽ തിരിച്ച് വാഗ്ദാനലംഘനം ഉണ്ടാവുന്നതാണ്. കരാറുകൾ പുതുക്കിക്കിട്ടാം. അതിലെ വ്യവസ്ഥകൾ മനസ്സിലാക്കേണ്ടതുണ്ട്. വാക്കുതർക്കങ്ങളിൽ നിന്നും ഒഴിയുകയാവും ഉചിതം. വാരാദ്യം യാത്രകൾ കൊണ്ട് ഗുണമുണ്ടാവുന്നതാണ്. മകൻ്റെ വിദ്യാഭ്യാസച്ചെലവുകൾക്ക് പോംവഴി കണ്ടെത്തുവാനാവും. ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണിക്ക് കൂടുതൽ ചെലവുണ്ടാകും. അധികാരികളെ ഉപദേശിക്കുന്നതിന് മുതിർന്നേക്കും. രഹസ്യങ്ങൾ കൂട്ടുകാരോട് പങ്കുവെക്കുന്നത് കരുതലോടെ വേണം.

തൃക്കേട്ട

പ്രതീക്ഷിച്ച പ്രോജക്ടുകൾ ലഭിച്ചേക്കാം. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കൂടുന്നതിനിടയുണ്ട്. ബിസിനസ്സ് വിപുലീകരണം സംബന്ധിച്ച ചർച്ചകൾക്ക് ദിശാബോധം ഉണ്ടാവും. വിദേശത്തു കഴിയുന്നവരുടെ തൊഴിൽ പ്രശ്നങ്ങൾ തുടരപ്പെടാം. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. സംഘടനാ രംഗത്തോട് വിരക്തി തോന്നും. എന്നാൽ പദവിയിൽ തുടരാൻ സമ്മർദ്ദം ഉണ്ടാവും. ബന്ധുസമാഗമം മനസ്സന്തോഷത്തിന് കാരണമാവും.

മൂലം

വ്യാപാരസംബന്ധമായി പുഷ്ടിയുള്ള കാലമാണ്. പല വരുമാന സ്രോതസ്സുകൾ തുറന്നുകിട്ടാം. രഹസ്യ ശത്രുക്കളെ സൂക്ഷിക്കണം.  ബിസിനസ്സ് തന്ത്രങ്ങൾ ചോരാനിടയുണ്ട്. ബുദ്ധി ഉണർന്ന് പ്രവർത്തിക്കണം. കലാപ്രവർത്തകർക്ക് അവസരങ്ങൾ തേടി വരുന്നതാണ്. സ്വജനങ്ങളുമായി കലഹത്തിനിടയുണ്ട്. അന്യദേശ യാത്രകൾക്ക് അല്പം കൂടി കാത്തിരിപ്പ് വേണ്ടിവന്നേക്കും. മകളുടെ വിവാഹകാര്യത്തിൽ ഏകദേശ ധാരണ വരും. രോഗക്ലേശിതർക്ക് ഉപരി ചികിൽസ ആവശ്യമാവുന്നതാണ്. വെള്ളി, ശനി അഷ്ടമരാശി ദിവസങ്ങളാകയാൽ കരുതൽ വേണം.

പൂരാടം

ഉദ്യോഗസ്ഥർ  തുറന്ന ചർച്ചകളിലും സമാലോചനകളിലും ഏർപ്പെടുന്നതാണ്. പ്രശ്നപരിഹാരം  അവയിലൂടെ ഉരുത്തിരിയുന്നതായിരിക്കും. ഗൃഹസൗഖ്യവും ദാമ്പത്യസൗഖ്യവും ഉണ്ടാവും. ന്യായമായ വിശ്രമം ഭവിക്കും. കൂട്ടുകച്ചവടത്തിൽ വീണ്ടും താത്പര്യമുണ്ടാവും. മകൻ്റെ പഠനപുരോഗതി സന്തോഷമേകും. യാത്രകൾ നേട്ടങ്ങൾ സൃഷ്ടിക്കുന്നതാണ്. ക്ഷേത്രദർശനാദികൾക്ക് മുടക്കം വരില്ല. ഷോപ്പിംഗിന് സമയം കണ്ടെത്തും. കലാപ്രവർത്തനത്തിന് സന്ദർഭം ഒത്തുകിട്ടും. വെള്ളി, ശനി ദിവസങ്ങൾ അഷ്ടമരാശിയാകയാൽ കരുതൽ വേണ്ടതുണ്ട്.

Als Read: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

ഉത്രാടം

പല കാര്യങ്ങളിലും ബുദ്ധിയുണർന്ന് പ്രവർത്തിക്കേണ്ടതായി വരും. പ്രശ്നങ്ങൾ അപ്പോഴപ്പോൾ പരിഹരിച്ച് പോകുന്ന രീതി ഗുണം ചെയ്യും. പകരക്കാരെ ചുമതലകൾ ഏല്പിക്കുന്നത് ആശാസ്യമാവില്ല.  ഇഷ്ടവസ്തുക്കൾ മോഹവിലകൊടുത്ത് വാങ്ങിയേക്കും. കുടുംബത്തിൽ സമാധാനം സമ്മിശ്രമാവും.  തൊഴിൽ തേടുന്നവർക്ക് ദിവസ വേതന ജോലി ലഭിക്കുന്നതിന് സാധ്യതയുണ്ട്. പരനിന്ദയിൽ നിന്നും ഉപജാപത്തിൽ നിന്നും മനസ്താപമുണ്ടാവും. വിശിഷ്ട വ്യക്തികളെ പരിചയപ്പെട്ടേക്കാം. മുന്തിയ ഭക്ഷണം, ആവശ്യത്തിന് വിശ്രമം, ഭോഗ സുഖം എന്നിവ അനുഭവിക്കുന്നതാണ്.

തിരുവോണം

ആഗ്രഹസാഫല്യത്തിന് പല കടമ്പകളുണ്ടാവും. എങ്കിലും തൊഴിൽ രംഗം ശാന്തമാവുന്നതാണ്. മനസ്സിൻ്റെ ലഘുത്വം മാറ്റിവെക്കേണ്ടിവരും. മേലധികാരികളുടെ പിന്തുണ കിട്ടും. യാത്രകൾ മാനസിക സന്തോഷത്തിന് കാരണമാകുന്നതാണ്. അന്യനാട്ടിൽ ഉപരിപഠനത്തിന് അവസരം തെളിഞ്ഞേക്കും. ദേഹക്ഷീണം, ആലസ്യം ഇവ അനുഭവപ്പെടാം. കരുതിയതിലും ധനം ചെലവഴിയാനിടയുണ്ട്. ഗൃഹോപകരണങ്ങളോ  ഇലക്ട്രോണിക് ഉല്പന്നങ്ങളോ വാങ്ങാൻ സാധ്യത കാണുന്നു. പ്രണയികൾക്കിടയിൽ പരസ്പര വിശ്വാസം വർദ്ധിക്കും. അതിഥി സൽക്കാരത്തിനും സമയം കണ്ടെത്തുന്നതാണ്.

അവിട്ടം

നക്ഷത്രാധിപനായ കുജന് കേതുയോഗം ഉള്ളതിനാൽ സുഗമമായി നിർവഹിക്കാൻ കഴിയുന്ന കാര്യങ്ങളിൽ പോലും തടസ്സങ്ങൾ വരുന്നതിനിടയുണ്ട്. അതിനാൽ അമിതമായ ആത്മവിശ്വാസം നന്നല്ല. കൂട്ടുകെട്ടിൽ നിന്നും കയ്പുരസം അനുഭവിക്കേണ്ടി വന്നേക്കും. തൊഴിൽ രംഗത്ത് സാമാന്യം തൃപ്തിയുണ്ടാവും. മേലധികാരിയുടെ വിശ്വാസ്യതയാർജ്ജിക്കും. പുതിയ പ്രോജക്ടുകളുടെ ചുമതല ലഭിക്കുന്നതാണ്. കാര്യാലോചനകളിൽ അംഗീകാരം ഉണ്ടാവും. കുംഭക്കൂറുകാരുടെ ദാമ്പത്യത്തിൽ അനുരഞ്ജനത്തിന് ഏറ്റവും പ്രസക്തിയുള്ള സന്ദർഭമാണിപ്പോൾ. ഊഹക്കച്ചവടത്തിൽ കരുതലുണ്ടാവണം.

ചതയം

കാര്യവിജയം ഉണ്ടാവുമെങ്കിലും ഒരുപാട് ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നതായിരിക്കും. സഹപ്രവർത്തകരുടെ സഹകരണം സാമാന്യമായിട്ടാവും. പ്രവർത്തന മണ്ഡലം വ്യാപിപ്പിക്കാൻ തീരുമാനിക്കുന്നതാണ്. കരാറുകൾ പുതുക്കപ്പെടും. കൂട്ടുകച്ചവടത്തിൽ കൂടുതൽ കരുതൽ പുലർത്തേണ്ട സന്ദർഭമാണ്. വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെടാനിടയുണ്ട്. മകൻ്റെ നിർബന്ധശീലത്താൽ കൊക്കിൽ ഒതുങ്ങുന്നതിലധികം പാരിതോഷിക രൂപേണ നൽകേണ്ടി വരാം. രോഗഗ്രസ്തർക്ക് ചികിൽസ ഫലപ്രദമാവും. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.

പൂരൂരുട്ടാതി

സ്വയം ആലസ്യത്തിന് കീഴടങ്ങിയും ചിലപ്പോൾ അതിജീവിച്ചും മുന്നോട്ടുനീങ്ങും. അഞ്ചിലെ വ്യാഴം ആലോചനകളെ ക്രിയാത്മകമാക്കും. പുതിയ പദ്ധതികൾ ആവിഷ്കരിച്ചാൽ നിരന്തര പരിശ്രമം ആവശ്യമായി വന്നേക്കും. സാമ്പത്തിക ബാധ്യതകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. ചെലവുകൾ ചുരുക്കേണ്ടതാണ്. അപരിചിതരുമായുള്ള സംസർഗാദികൾ ഒഴിവാക്കുക ഉചിതം. സത്യം മറച്ചുവെച്ച് പെരുമാറേണ്ടി വരുന്നത് മനസ്സിനെ വിഷമിപ്പിക്കാം. നിലവിലെ സ്ഥിതി തുടരുകയാവും തത്കാലം നല്ലത്. ദാമ്പത്യത്തിൽ പിണക്കങ്ങൾ പതിവാകാം.

ഉത്രട്ടാതി

ഉത്തരവാദിത്വങ്ങൾ/ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. പരാശ്രയം തേടുന്നതായിരിക്കും. വിജയത്തിൻ്റെ പാത പൂവിരിച്ചതല്ലെന്ന് തിരിച്ചറിയും. കലാവാസന, പാണ്ഡിത്യം മുതലായവ മാറ്റിവെച്ച് പ്രായോഗികമായി ചിന്തിക്കുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ ലഭിച്ചേക്കാം. സാമ്പത്തികമായി മോശം സ്ഥിതിയാവില്ല. ഗൃഹത്തിൻ്റെ നവീകരണം പൂർത്തിയായേക്കും. കാര്യതടസ്സത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുവാനാവും. പൊതുപ്രവർത്തകർക്ക് എതിർപ്പുകളെ മറുതന്ത്രങ്ങൾ പയറ്റി ദുർബലപ്പെടുത്താൻ കഴിഞ്ഞേക്കും.

രേവതി

ചന്ദ്രബുധയോഗം ഉള്ളതിനാൽ തീരുമാനങ്ങൾ ബൗദ്ധികമായിരിക്കും. ലഘുപ്രയത്നത്താൽ വിജയിക്കാനാവും. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ നേരം നീക്കിവെക്കും. ബന്ധുക്കളുടെ നിർലോഭമായ സഹകരണം പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ ജോലിഭാരം കൂടാനിടയുണ്ട്. ആഢംബരച്ചെലവുകൾ ഒഴിവാക്കണം. ആകസ്മിക യാത്രകൾ ഉണ്ടാവുന്നതാണ്. കോടതി വ്യവഹാരങ്ങളിൽ അനുകൂല നില വരാം. ഭൂമിയിൽ നിന്നുള്ള ആദായം വന്നെത്തും. സംരംഭങ്ങളുടെ ആരംഭത്തിന് അല്പം കൂടി കാത്തിരിക്കുന്നത് ഉചിതമാവും. ഞായർ, വ്യാഴം, ശനി ദിവസങ്ങൾക്ക് ശുഭത്വം കുറയാം.

Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: