/indian-express-malayalam/media/media_files/2025/01/22/IiqJ7P7aPalVYrOgGWpZ.jpg)
Weekly Horoscope
ആദിത്യൻ കർക്കടകം രാശിയിൽ പൂയം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിൽ മകം മുതൽ വിശാഖം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നു.
ചൊവ്വ ജൂലൈ 28 ന് ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിലേക്ക് സംക്രമിക്കുന്നു. ഉത്രം നക്ഷത്രത്തിലാണ് ചൊവ്വയുടെ സഞ്ചാരം. ബുധൻ കർക്കടകം രാശിയിൽ, വക്രമൗഢ്യത്തിലാണ്. ശുക്രൻ മിഥുനം രാശിയിൽ മകയിരം, തിരുവാതിര നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു.
ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ ഈയാഴ്ച മുതൽ വക്രസഞ്ചാരം തുടങ്ങുകയാണ്. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിലുണ്ട്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി രണ്ടാം പാദത്തിലും കേതു ചിങ്ങം രാശിയിൽ പൂരം ഒന്നാം പാദത്തിലും പിൻഗതിയായി സഞ്ചാരം തുടരുന്നു.
ഈ ഗ്രഹനിലയെ അവലംബിച്ചുകൊണ്ട് മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
മൂലം
ഗുണാനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്ന വാരമാണ്. മുൻപ് തടസ്സപ്പെട്ട കാര്യങ്ങൾ ഇപ്പോൾ നിർവഹണത്തിലെത്തിക്കാനാവും. കർമ്മമണ്ഡലം ഉണരും. ഉറ്റവരുടെ സഹായ സഹകരണം ആവശ്യപ്പെടാതെ തന്നെ കൈവരും. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റും. ബിസിനസ്സ് പുരോഗതിയുടെ ദിശയിലാണെന്ന് ബോധ്യമാകുന്നതാണ്. സാമൂഹ്യ പ്രവർത്തനങ്ങൾ ഫലവത്താകും. നിക്ഷേപങ്ങളിൽ നിന്നും ആദായം കൈവരും. മകളുടെ ഭാവികാര്യങ്ങളിൽ ശുഭസൂചനകൾ വന്നെത്തും. രോഗികൾക്ക് സമാശ്വാസം ഭവിക്കുന്നതാണ്.
പൂരാടം
പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ ഔത്സുക്യമുണ്ടാവും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. അധികാരികൾ അനുകൂല നിലപാടുകൾ കൈക്കൊള്ളും. മത്സരം/ അഭിമുഖം ഇവകളിൽ ശോഭിക്കും. ഭൗതിക പുരോഗതി സന്തോഷിപ്പിക്കും. സ്വകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥർ വേതന വർദ്ധനവിന് ശുപാർശ ചെയ്യപ്പെടും. ധനാഗമം സുഗമമാവും. സഹപ്രവർത്തകരുടെ പിന്തുണ കൈവരും. ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. ജോലി തേടുന്നവർ വിശദമായ ബയോഡേറ്റ തയ്യാറാക്കും. ചെലവിനങ്ങൾ നിയന്ത്രിക്കാനായേക്കും. മനസ്സന്തോഷം ഉണ്ടാവും.
Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ഉത്രാടം
ഉന്നമനേച്ഛയോടെ കർമ്മരംഗത്ത് മുഴുകുന്നതാണ്. പുതിയ അവസരങ്ങൾ തേടിക്കൊണ്ടിരിക്കും. വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങളിൽ നിന്നും സ്വയം പിൻവാങ്ങുന്നതാണ്. ബന്ധങ്ങളുടെ ദാർഢ്യത്തിന് ഉലച്ചിൽ തട്ടുന്നതായി തോന്നാം. അവയുടെ കാരണം കണ്ടെത്തി പരിഹരിക്കാൻ തയ്യാറാവും. നവസംരംഭങ്ങൾ കടം വാങ്ങിയ തുക കൊണ്ട് ആരംഭിക്കുന്നത് ആലോചിച്ചുവേണം. തത്കാലം ഇത്തരം സാമ്പത്തികവും അല്ലാത്തതുമായ സാഹസങ്ങൾക്ക് ഒരുമ്പെടാതിരിക്കുകയാവും ഉചിതം. കൃത്യനിഷ്ഠ കൈവിടരുത്. നിത്യവ്യായാമം ഉപേക്ഷിക്കയുമരുത്.
തിരുവോണം
തികഞ്ഞ ആത്മവിശ്വാസത്തോടെ കർമ്മരംഗത്ത് മുഴുകുന്നതാണ്. സ്വന്തബന്ധങ്ങൾ കൊണ്ട് ഗുണമാണോ ദോഷമാണോ എന്ന് ചിന്തിക്കേണ്ട സാഹചര്യം ഉരുത്തിരിയും. ഉത്സവക്കാലം മുൻനിർത്തി ബിസിനസ്സ് വിപുലീകരിക്കുന്നതാണ്. പുതിയ തൊഴിലാളികളെ നിയമിക്കും. ഉദ്യോഗസ്ഥർ ദുർഘട പ്രശ്നങ്ങൾ പരിഹരിക്കാൻ നിയോഗിക്കപ്പെട്ടേക്കും. വിദ്യാർത്ഥികൾ ഏകാഗ്രത പുലർത്തും. സാമ്പത്തിക സമ്മർദ്ദങ്ങളുണ്ടാവില്ല. ഞായറും തിങ്കളും അഷ്ടമരാശിയാകയാൽ എല്ലാക്കാര്യങ്ങളിലും ജാഗ്രതയുണ്ടാവണം.
അവിട്ടം
കർമ്മരംഗത്ത് സ്വാധീനം വർദ്ധിക്കുന്നതായിരിക്കും. സഹപ്രവർത്തകർക്ക് നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകും. തർക്കങ്ങളിൽ മാധ്യസ്ഥം വഹിക്കുന്നതാണ്. സാമ്പത്തിക വഴികൾ കൂടുതൽ തെളിയും. സർവ്വീസിൽ നിന്നും പിരിഞ്ഞവർക്ക് ആനുകൂല്യങ്ങൾ കിട്ടിത്തുടങ്ങാം. ചെറിയ കടബാധ്യതകൾ കൊടുത്തു തീർക്കാനായേക്കും. മകളുടെ വീട്ടിൽ താമസിക്കാൻ ക്ഷണിക്കപ്പെടും. അക്കാര്യം ജീവിത പങ്കാളിയുടെ തീരുമാനത്തിന് വിട്ടുകൊടുക്കുന്നതാണ്. ഉപജാപങ്ങൾ, ദുഷ്പ്രേരണകൾ എന്നിവയെ പ്രതിരോധിക്കാനാവും.
Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ചതയം
സമ്മിശ്രാനുഭവങ്ങൾ വന്നെത്തും. ഞായറും തിങ്കളും ഗൃഹസൗഖ്യം, ഭോഗസുഖം, വിശിഷ്ട ഭക്ഷണ യോഗം എന്നിവയുണ്ടാവും. ശുഭവാർത്തകൾ കേൾക്കും. സുഹൃത്തുക്കളുമായി ഉല്ലാസവേളകൾ ചെലവഴിക്കാൻ കഴിയുന്നതാണ്. ചൊവ്വയും ബുധനും അഷ്ടമരാശിക്കൂറ് ആകയാൽ ജാഗ്രത വേണം. ദുർവ്യയം നിയന്ത്രിക്കണം. ശുഭകാര്യങ്ങൾ ആരംഭിക്കാൻ നന്നല്ല. മേലധികാരികൾക്ക് അപ്രീതി തോന്നാം. മറ്റു ദിവസങ്ങളിൽ കർമ്മോന്മുഖത പ്രതീക്ഷിക്കാം. അല്പം ദുർഘടം പിടിച്ച ദൗത്യങ്ങൾ ഭംഗിയായി പൂർത്തീകരിച്ചേക്കും. അപകടത്തിൽ നിന്നും രക്ഷനേടുന്നതാണ്.
പൂരൂരുട്ടാതി
അകർമ്മണ്യതയും ആലസ്യവും ഉണ്ടാവും. ചുമതലകൾ പകരക്കാരെ ഏല്പിക്കുന്നത് ഗുണകരമായേക്കില്ല. ഉദ്യോഗസ്ഥർ കാരണമൊന്നും കൂടാതെ ലീവെടുക്കുന്നതാണ്. പ്രമാണങ്ങളിലും മറ്റും ഒപ്പിടുന്നതിനു മുന്നേ
നിബന്ധനകൾ വായിച്ചറിയുക നന്നായിരിക്കും. കരാർ പണികളുടെ ആദായം കിട്ടിത്തുടങ്ങുവാൻ സാധ്യത കാണന്നു. മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ മാറ്റിവെക്കേണ്ട സ്ഥിതിയുണ്ടാവാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുണ്ടാവണം. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പുതുതുടക്കങ്ങൾ നന്നല്ല.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ഉത്രട്ടാതി
ഊർജ്ജസ്വലമായ തുടക്കം കിട്ടുന്ന വാരമായിരിക്കും. പരിശ്രമങ്ങൾ ഫലവത്താകുന്നതാണ്. തൊഴിലിടത്തിൽ സന്തോഷാനുഭവങ്ങൾ ഉണ്ടാവും. കുടുംബത്തിലും മനസ്സന്തോഷം പ്രതീക്ഷിക്കാം. മകൻ്റെ ജോലിക്കാര്യത്തിൽ നല്ലവാർത്തയുണ്ടാവും. ഗൃഹനിർമ്മാണത്തിന് ആവശ്യമായ ധനമാർഗങ്ങൾ തെളിയുന്നതാണ്. കച്ചവടരംഗത്ത് പുതിയ ശാഖ തുറക്കുന്ന കാര്യം നീണ്ടുപോയേക്കാം. ബന്ധുകലഹത്തിൽ കക്ഷിചേരാതിരിക്കുന്നത് അഭികാമ്യം. പ്രണയികൾക്ക് പ്രതിസന്ധികളുണ്ടാവാം. വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിലുണ്ടായേക്കും. അമിതാധ്വാനം കുറയ്ക്കണം.
രേവതി
ഉപരിപഠനത്തിന് ബാങ്ക് വായ്പ ലഭിക്കും. ബിസിനസ്സിൽ പുരോഗതി ദൃശ്യമാകുന്നതാണ്. പഴയ കടബാധ്യതകൾ ശല്യം ചെയ്യാം. കോൺട്രാക്ട് ജോലികളിൽ നിന്നും വരുമാനം കിട്ടിത്തുടങ്ങാം. ഏഴാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ ദാമ്പത്യത്തിൽ അല്പം അസ്വസ്ഥത തലപൊക്കാം. വസ്തു വാങ്ങാൻ / വിൽക്കാൻ ഉദ്ദേശിക്കുന്നവർ മുൻപ്രമാണങ്ങൾ പരിശോധിക്കാൻ മറക്കരുത്. കുടുംബയോഗം സംഘടിപ്പിക്കാൻ ശ്രമം തുടരുന്നതാണ്. വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാനാവും. അഷ്ടമരാശിക്കൂറ് വരികയാൽ
വാരാന്ത്യ ദിവസങ്ങളിൽ ജാഗ്രത അനിവാര്യം.
Read More: Mars Transit to Virgo: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us