scorecardresearch
Latest News

Lunar Eclipse: ചന്ദ്രഗ്രഹണം ഏതൊക്കെ നക്ഷത്രങ്ങളെ ബാധിക്കും?

Lunar Eclipse Chandra Grahan 2022: ചന്ദ്രദശ, ചന്ദ്ര അപഹാരം എന്നിവയിലൂടെ കടന്നു പോകുന്നവർക്കും ചന്ദ്രഗ്രഹണം ദോഷാനുഭവങ്ങൾക്ക് കാരണമാകാമെന്ന് ജ്യോതിഷ ഭൂഷണം ശ്രീനിവാസ അയ്യർ

solar eclipse, lunar eclipse, November 8, ചന്ദ്രഗ്രഹണം, നവംബർ 8, lunar eclipse effects
Luna Eclipse Chandra Grahan 20222

Lunar Eclipse Chandra Grahan 2022: തുലാം മാസത്തിൽ കറുത്തവാവ് ദിവസമായിരുന്ന 25.10.2022 ൽ സൂര്യഗ്രഹണം നടന്നു. തുലാം മാസത്തിൽ വെളുത്തവാവ് ദിവസമായ നവംബർ എട്ടാം തീയതി ചന്ദ്രഗ്രഹണം വരികയാണ്. ‘സോമോപരാഗം ‘ എന്നാണ് ഇത് അറിയപ്പെടുന്നത്.

തുടർച്ചയായി രണ്ട് ഗ്രഹണം വരുന്നത് മനുഷ്യർക്കും ജീവജാലങ്ങൾക്കും പ്രകൃതിക്കും രാഷ്ട്രങ്ങൾക്കും രാഷ്ട്രനാഥന്മാർക്കും നല്ല ഫലങ്ങൾ ഉണ്ടാക്കുകയില്ല എന്ന വാദമുണ്ട്. ലോകത്തിന്റെ മസ്തിഷ്കവും ഹൃദയവും പോലെ നിലകൊള്ളുന്നവരാണ് സൂര്യചന്ദ്രമാർ. ഗ്രഹണം അവരെ ബാധിക്കുമ്പോൾ ആ മങ്ങൂഴം, തേജോഹാനി മണ്ണിലെ മനുഷ്യരെയും ബാധിക്കും. ചിലരെ കൂടുതലായി, ചിലരെ കുറച്ച് മാത്രം എന്നേ വ്യത്യാസമുള്ളു. അതിൽ നിന്നും ഒഴിഞ്ഞു നിൽക്കൽ, എന്നത് അസംഭവ്യമായ കാര്യമത്രെ!

ചന്ദ്രൻ മനസ്സിന്റെയും ദേഹത്തിന്റെയും രക്തത്തിന്റെയും കാരകനാണ്. മനുഷ്യബന്ധങ്ങളിൽ അമ്മയെ സൂചിപ്പിക്കുന്ന ഗ്രഹമാണ്. സ്ത്രീകളുടെ പൊതുവായ പ്രാതിനിധ്യം ചന്ദ്രനും ശുക്രനുമാണ് ജ്യോതിഷ ഗ്രന്ഥങ്ങൾ അനുവദിച്ച് കൊടുത്തിരിക്കുന്നത്. ഗ്രഹങ്ങളുടെ ആൺ-പെൺ വർഗീകരണത്തിൽ ശുക്രനും ചന്ദ്രനും സ്ത്രീ ഗ്രഹങ്ങളുമാണ്. She Planet എന്ന് തന്നെയാണ് യൂറോപ്യൻ ജ്യോതിഷികളുടെയും സംബോധന.

ശുക്രന് കഴിഞ്ഞ സെപ്തംബർ ഒടുവിൽ മുതൽ നവംബർ അവസാനം വരെ മൗഢ്യമുണ്ട്. ഇപ്പോൾ ചന്ദ്രന് ഗ്രഹണവുമായി. അതിനാൽ സമൂഹത്തിൽ സ്ത്രീകളെ പുച്ഛിക്കാനും ഇകഴ്ത്താനും വ്യഗ്രതയേറും. സ്ത്രീകളുടെ നേർക്കുള്ള അതിക്രമങ്ങൾ കൂടും. ‘ആൺ അധികാരം’ പെണ്ണിനെ അടുക്കളയിൽ കരിപിടിച്ചും തേഞ്ഞും പോകുന്ന ഉപകരണമായിപ്പോലും കരുതില്ലെന്നതത്രെ സങ്കടകരം. ആ സ്ഥിതി കൂടുതൽ ദുരവസ്ഥയിലേക്ക് നീങ്ങാം. ചന്ദ്രഗ്രഹണത്തിന്റെ ചില പരോക്ഷഫലങ്ങളിൽ ഇതുമുണ്ട്.

Lunar Eclipse Chandra Grahan 2022 Timings

2022 നവംബർ 8 ന്, ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 2.30 മുതൽ വൈകുന്നേരം 6.30 വരെയാണ് ചന്ദ്രഗ്രഹണം. അഗ്നികോണിൽ സ്പർശം, നിരർതികോണിൽ മോക്ഷവും – അങ്ങനെയാണ് ആരംഭാവസാനങ്ങൾ. ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളായ കൊൽക്കൊത്ത, ജാർഖണ്ഡ്, ബിഹാർ, ആസാം തുടങ്ങിയ പ്രദേശങ്ങളിലാവും ഈ ഗ്രഹണം പൂർണമായും ദൃശ്യമാവുക. കേരളത്തിൽ ഇത് ഭാഗിക ഗ്രഹണമായിട്ടാവും ഭവിക്കുന്നത്.

കഴിഞ്ഞ സൂര്യഗ്രഹണം കേതുഗ്രസ്തമായിരുന്നു. ചന്ദ്രഗ്രഹണമാകട്ടെ രാഹുഗ്രസ്തവും. രാഹുവും ചന്ദ്രനും മേടം രാശിയിൽ ഭരണി നക്ഷത്ര മണ്ഡലത്തിൽ തുല്യലിപ്തന്മാരാകുന്നുണ്ട്, അന്നേദിവസം. അതായത് ഗ്രഹണരാശി മേടവും, ഗ്രഹണ നക്ഷത്രം ഭരണിയുമാണെന്ന് സാരം. ഭരണി നക്ഷത്രത്തിലും അതിന്റെ അനുജന്മങ്ങളായ പൂരം, പൂരാടം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്കും ഗ്രഹണദോഷം ഭവിക്കുമെന്നാണ് സങ്കൽപ്പം. ഭരണിയുടെ തലേ നക്ഷത്രമായ അശ്വതിക്കും പിറ്റേ നക്ഷത്രമായ കാർത്തികയ്ക്കും കൂടി ഗ്രഹണ ദോഷം ആചാര്യന്മാർ പ്രവചിക്കുന്നുണ്ട്. ശിവഭജനമാണ് ഉചിത പരിഹാരം, അഥവാ ദോഷ നിവൃത്തി എന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

Lunar Eclipse Effects: ഗ്രഹണദോഷം എന്താണ്?

ഗ്രഹണദോഷം എന്താണ് എന്ന സംശയം ന്യായമാണ്. ചന്ദ്രൻ മനോ മാതൃകാരകനാകയാൽ ഗ്രഹണ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് മാനസിക സമ്മർദ്ദങ്ങൾ വർദ്ധിക്കാം. ആകസ്മികമായി വിഷാദത്തിന് അടിപ്പെടാം. വൃദ്ധരും രോഗികളുമാണ് മാതാപിതാക്കളെങ്കിൽ അവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കകളുയരാം. ചികിത്സകൾ വേണ്ടത്ര ഫലിക്കുന്നില്ലെന്ന തോന്നലിനും സാധ്യതയുണ്ട്.

കൃഷിയും കച്ചവടവും ഉപജീവനമായവർക്ക് അധ്വാനത്തിനനുസരിച്ച് ആദായം കിട്ടണമെന്നില്ല. ഔഷധവ്യാപാരികൾക്കും ഹോട്ടൽ – കേറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ചില തിരിച്ചടികൾ വന്നേക്കും. വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ഏകാഗ്രത കുറഞ്ഞേക്കാം. ദാമ്പത്യത്തിൽ ഏർപ്പെട്ടവർക്ക് ‘അപശ്രുതി ‘ എന്ന സംഗീതപരമായ വാക്കിന്റെ അർത്ഥം സ്വജീവിതത്തിൽ ഉയരുന്നത് കേൾക്കാം. ഇതൊക്കെയാണ് ഗ്രഹണദോഷം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ചന്ദ്രദശ, ചന്ദ്ര അപഹാരം എന്നിവയിലൂടെ കടന്നുപോകുന്നവർക്കും ചന്ദ്രഗ്രഹണം ദോഷാനുഭവങ്ങൾക്ക് കാരണമാകും. മരുമരീചിക പോലെ ലക്ഷ്യം അകന്ന് പോകുന്നതായി തോന്നും. വേണ്ടത്ര മുന്നൊരുക്കം നടത്തിയ പദ്ധതികൾ പോലും വേണ്ടത്ര ജനപ്രീതി നേടാതെ പോയേക്കാം. കലാകാരന്മാർക്ക് അംഗീകാരം നൽകാൻ ബന്ധപ്പെട്ടവർ വിമനസ്കരാകാനും സാധ്യതയുണ്ട്. ചന്ദ്രന്റെ നക്ഷത്രങ്ങളായ രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്കും ചന്ദ്രഗ്രഹണം മൂലം ചില ലക്ഷ്യഭ്രംശങ്ങൾ സംഭവിച്ചേക്കാം.

ചന്ദ്രഗ്രഹണം നടക്കുന്നത് ചരരാശിയായ മേടത്തിലാകയാൽ ഗ്രഹണ ദോഷം നീണ്ടു നിൽക്കുകയില്ല. ഗ്രഹണം മുതൽ മൂന്ന് ദിവസത്തേക്ക് വിവാഹം, ദേവപ്രതിഷ്ഠ, ഉപനയനം മുതലായ ശുഭകാര്യങ്ങൾ നടത്തരുതെന്ന് ജ്യോതിഷഗ്രന്ഥങ്ങളിൽ നിന്നറിയാം. ഗ്രഹണസമയത്ത് ഭക്ഷണം കഴിച്ചിരുന്നില്ല, നമ്മുടെ പൂർവ്വികർ.

മിക്ക ക്ഷേത്രങ്ങളും ഗ്രഹണ ശേഷമാവും നട തുറന്ന് പൂജകൾ തുടങ്ങുക! ഫ്രാൻസ്, ഇംഗ്ലണ്ട്, സ്വിസ്സർലന്റ്, ജർമ്മനി എന്നീ രാഷ്ട്രങ്ങൾ Mundane Astrology പ്രകാരം മേടം രാശിയുമായി ബന്ധപ്പെടുന്നു. ഗ്രഹണത്തിന്റെ ചില ദുരനുഭവങ്ങൾ സാവധാനത്തിലെങ്കിലും ഈ നാടുകളെ ബാധിച്ചേക്കാം.

Live Updates

Web Title: Astrology november 8 lunar eclipse its impact on zodiac signs chandra grahan 2022