scorecardresearch

ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?

ചൊവ്വ വ്യാഴത്തിനൊപ്പം മീനം രാശിയിൽ, ഓരോ നക്ഷത്രക്കാർക്കും എന്തൊക്കെ ഫലങ്ങളാണ് കുജന്റെ മീനം രാശിയിലേക്കുള്ള മാറ്റം സൃഷ്ടിക്കുന്നത്. പ്രശസ്ത ജ്യോതിഷപണ്ഡിതനായ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

mars, astrology, ie malayalam

ശക്തമായ നിലപാടുകൾ, വേഗത്തിലുള്ള തീരുമാനങ്ങൾ, സത്വരമായ നടപടികൾ, സാഹസികത, തീക്ഷ്ണമായ പ്രതികരണശേഷി, തർക്കപടുത്വം, സമരദുർജ്ജയത്വം, നിരങ്കുശത എന്നിവയൊക്കെയുളള ഒരു മനുഷ്യനെ സങ്കൽപ്പിച്ചാൽ, ഗ്രഹലോകത്ത് അയാളുടെ പേര് ചൊവ്വയെന്നാകും.

‘കുജൻ’ എന്ന പേരിൽ ചൊവ്വ കൂടുതൽ പ്രശസ്തൻ. അതിനാൽ ഗ്രഹനിലയിൽ ‘കു’ എന്ന അക്ഷരം ചൊവ്വയെ കുറിക്കാൻ സ്വീകരിച്ചുവരുന്നു.

ശരാശരി 45 ദിവസമാണ്, ചൊവ്വ ഒരു രാശിയിലൂടെ കടന്നുപോവുന്നത്. ഇപ്പോൾ കുംഭം രാശിയിൽ ശനിക്കൊപ്പമാണ് ചൊവ്വയുള്ളത്. കുംഭം ചൊവ്വയ്ക്ക് അസൗകര്യപ്രദമായ ഇടമാണ്. ആ രാശിയുടെ നാഥൻ (ശനി) അവിടെയുള്ളതിനാൽ രാശിയിൽ മേൽക്കൈ ആ ഗ്രഹത്തിനായിരിക്കുമല്ലോ. പോരെങ്കിൽ ശനിയുടെ വലിയ ശത്രുവുമാണ് ചൊവ്വ. ആകയാൽ കല്ലും മുള്ളും നിറഞ്ഞ ഒരു കാനനപാതയിലെ യാത്ര പോലെയാണ് ചൊവ്വയ്ക്ക് കുംഭം രാശിയിലെ ജീവിതം.

Read More: മുഹൂർത്തം തീരുമാനിക്കുമ്പോൾ ഒഴിവാക്കേണ്ട ‘നവദോഷങ്ങൾ’ ഇവയാണ്

ചൊവ്വയുടെ തലയിലെഴുത്തും ഇനിയങ്ങോട്ട് നന്നാവുകയാണ്. ഇടവം 3 ന്, മേയ് 17 ന് കുംഭത്തിൽ നിന്നും മീനം രാശിയിലേക്ക് സംക്രമിക്കുകയാണ് ചൊവ്വ. ഇനി ഏതാണ്ട് 42/43 ദിവസം മീനത്തിലുണ്ടാവും, ചൊവ്വ. മിഥുനം 13 ന്, ജൂൺ 27 ന് ചൊവ്വ മീനത്തിൽ നിന്നും മേടത്തിലേക്ക് പകരും.

മീനം രാശി വ്യാഴത്തിന്റെ ഗൃഹമാണ്. അവിടെ വ്യാഴം നിൽക്കുന്നുണ്ട്. വ്യാഴവും ചൊവ്വയും പരസ്പരം ബന്ധുക്കളാണ്; മിത്രങ്ങളാണ്. അതിനാൽ ചൊവ്വയ്ക്ക് മീനത്തിലെ സ്ഥിതി ബന്ധുഗൃഹത്തിലെ ആതിഥ്യം പോലെ സന്തോഷകരമാവും. വിരുന്നുണ്ടും സൊറപറഞ്ഞും വിനോദങ്ങളി ലേർപ്പെട്ടും കഴിയുന്നതുപോലെ ഒരു കാലമാവും, അക്കാലം ചൊവ്വയ്ക്ക്.

Read More: Weekly Horoscope (May 08 – May 14, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുടക്കത്തിൽ ഒരാഴ്ച, ഇടവം 9 വരെ, ഉച്ചനായ ശുക്രനും മീനത്തിലുണ്ട്. ചൊവ്വയുടെ ഗുണദോഷങ്ങളെ വലിയതോതിൽ സ്വാധീനിക്കാൻ ശുക്രന് കഴിവില്ല. പരസ്പരം ബന്ധുവോ ശത്രുവോ അല്ല, ശുക്രനും ചൊവ്വയും. ജ്യോതിഷഭാഷ ‘ഉദാസീനർ’ എന്നാണ്. ‘Neutral’ എന്ന വാക്കിന്റെ അർത്ഥം ഓർത്താൽ മതിയാകും.

ശക്തനായ ഒരു പാപഗ്രഹമായി ചൊവ്വയെ ജ്യോതിഷം വിലയിരുത്തുന്നു. പാപഗ്രഹങ്ങൾ 3, 6, 11 എന്നീ ഭാവങ്ങളിൽ നിൽക്കുമ്പോൾ മാത്രമാണ് ഗുണം ചെയ്യുക. ക്ഷേമൈശ്വര്യങ്ങൾ അപ്പോൾ വാരിക്കോരി നൽകും. കുചേലനെ കുബേരനാക്കും. ഭീരുവിനെ തന്റേടിയാക്കും. മറ്റുള്ള ഒമ്പത് ഭാവങ്ങളിലും പാപഗ്രഹം അനുകൂലഫലം തരില്ല. ജന്മരാശിയിലും (കൂറിൽ) 8,12 എന്നീ ഭാവങ്ങളിലും പാപഗ്രഹങ്ങൾ രൗദ്രഭീമനെപ്പോലെ കളം നിറഞ്ഞാടും. ആപത്തുകളുടെ പരമ്പര അഴിച്ചുവിടും. ഉറക്കത്തിൽ ദുഃസ്വപ്നമായും പകലിൽ കർമ്മവൈമുഖ്യമായും നിലകൊള്ളും.

Also Read: Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?

മീനക്കൂറിൽ ജനിച്ചവർക്ക് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി) ചൊവ്വ ജന്മത്തിൽ പകരുന്നത് നല്ലതല്ല. ജന്മവ്യാഴത്തിന്റെ ദോഷത്തിനൊപ്പം ഇത് ‘കൂനിന്മേൽ കുരു’ എന്നതുപോലെയാവും. വാഹനം ഓടിക്കുന്നവർ , യന്ത്രോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ, വൈദ്യുതി- അഗ്നി- ആയുധം എന്നിവയുമായി അടുത്തുപെരുമാറുന്നവർ ഒക്കെ കൂടുതൽ കരുതൽ കൈക്കൊള്ളണം. രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തിര വൈദ്യസഹായം തേടുകയും വേണം. അതിവൈകാരിക സന്ദർഭങ്ങളിൽ ആത്മനിയന്ത്രണം പാലിക്കുവാൻ ശ്രദ്ധിക്കുകയും വേണം.

ചിങ്ങക്കൂറിൽ (മകം, പൂരം, ഉത്രം കാൽ) ജനിച്ചവർക്കും ചൊവ്വയുടെ മാറ്റം പ്രതികൂലമാണ്. അഷ്ടമ വ്യാഴത്തിനൊപ്പം ഇതാ അഷ്ടമ കുജനുമായി. “വേലിയിൽ ഇരിക്കുന്ന പാമ്പിനെ തോളിൽ ഇടുന്ന” പ്രവണതയെ നിയന്ത്രിക്കണം. മുൻകൂട്ടി തീരുമാനിച്ച പല കാര്യങ്ങളും മുടങ്ങുകയോ മാറ്റിവെക്കേണ്ടി വരികയോ ചെയ്യും. കിടപ്പുരോഗികളുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ വേണം. അപവാദങ്ങളിൽ ചെവികൊടുക്കരുത്. അശുഭവാർത്തകളിൽ തളരുകയുമരുത്. പ്രതിഫലത്തിൽ അമിത പ്രതീക്ഷയുമരുത്.

മേടക്കൂറിൽ (അശ്വതി, ഭരണി, കാർത്തിക കാൽ) ജനിച്ചവർക്ക് ചൊവ്വ പന്ത്രണ്ടിലേക്ക് കടക്കുകയാണ്. പാഴ്ച്ചെലവുകൾ നട്ടംതിരിക്കും. പ്രവാസസാധ്യത ഏറെയാണ്. യാത്രകൾ നിഷ്‌പ്രയോജനകരമാവാം. ഭൂമിയിലും നിക്ഷേപങ്ങളിൽ നിന്നും ആദായം പരിമിതപ്പെടാം. ഋണ ബാധ്യതയും തള്ളിക്കളയാനാവില്ല. അധികാരികളുടെ അനാവശ്യമായ ഇടപെടൽ കർമ്മരംഗത്തെ അശാന്തമാക്കാം.

ചുരുക്കത്തിൽ മീനം, മേടം, ചിങ്ങം എന്നീ മൂന്നുകൂറുകളിൽ ജനിച്ചവർക്കാണ് കുജമാറ്റം കൂടുതൽ ക്ലേശകരമാവുക. അക്കാര്യം ഈ വിവരണങ്ങളിൽ നിന്നും സ്പഷ്ടമാണ്.

ഏറ്റവുമധികം നേട്ടങ്ങൾ ഉണ്ടാക്കുന്നത് ആരൊക്കെയാവും? അക്കാര്യമാണ് ഇനി വിശദീകരിക്കുന്നത്.

ഇടവം രാശിക്കാരാണ്, അതിൽ മുൻപിൽ. (കാർത്തിക മുക്കാൽ, രോഹിണി, മകയിരം പകുതി). വ്യാഴൻ, ശുക്രൻ, ചൊവ്വ എന്നീ മൂന്നു ഗ്രഹങ്ങൾ പതിനൊന്നിലാണ്. “തൊട്ടതെല്ലാം പൊന്നാവുന്ന” കാലമാണ്. സാമ്പത്തികമായി മെച്ചപ്പെടും. എതിരാളി കീഴടങ്ങും. ഭൂമി വാങ്ങാനോ, വസ്തുക്കൾ വിറ്റ് ആദായം ഇരട്ടിപ്പിക്കാനോ കഴിയും. സഹോദരാനുകൂല്യം, പ്രണയസാഫല്യം, വിവാഹം, ദാമ്പത്യവിജയം, സന്താനസൗഖ്യം, അധികാരലബ്ധി, ഊഹക്കച്ചട നേട്ടം എന്നിവ പ്രതീക്ഷിക്കാം.

Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തുലാക്കൂറിൽ (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ) ജനിച്ചവർക്ക് ചൊവ്വ അനുകൂലഭാവമായ ആറാമെടത്തേക്ക് പ്രവേശിക്കുകയാണ്. ധൈര്യവും ആത്മവിശ്വാസവും കൂടും. മടിച്ച് മാറ്റിവെച്ചിരുന്ന കഴിവുകൾ പൊടിതട്ടി പുറത്തെടുക്കും. കടബാധ്യതയ്ക്ക് ചെറിയ ആശ്വാസമെങ്കിലും ലഭിക്കും. സ്ഥിരരോഗങ്ങളുടെ കുന്തമുന ഒന്ന് മയപ്പെടും. തടസ്സങ്ങളെ തട്ടിയെറിഞ്ഞ് മുൻപോട്ട് പോകും. വിദ്യാർത്ഥികൾക്ക് ഉന്നതവിജയം സിദ്ധിക്കും. ഉദ്യോഗാർത്ഥികൾ ചില ശുഭവാർത്തകൾ കേൾക്കും. രാഷ്ട്രീയ വിജയവും പ്രതീക്ഷിക്കാം.

മകരക്കൂറിൽ ജനിച്ചവർക്ക് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം പകുതി) ചൊവ്വ ഗുണപ്രദമായ മൂന്നാമെടത്തേക്ക് കടക്കുകയാണ്. സ്ഥാനമാനങ്ങൾ കൈവരും. പിതാവിൽ നിന്നും അനുകൂലമായ തീരുമാനങ്ങൾ വന്നുചേരും. വ്യവഹാരങ്ങളിൽ വിജയിക്കും. തടസ്സപ്പെട്ടിരുന്ന വരുമാനം സുഗമമാകും. സർക്കാരിൽ നിന്നും ചില പ്രയോജനമുള്ള ഉത്തരവുകൾ കൈപ്പറ്റും. യാത്രകൾ വിജയത്തിലെത്തും. ദേഹസുഖമുണ്ടാവും.

കുജന്റെ മീനരാശി പ്രവേശം കൊണ്ട് വിപരീത ഫലമുളള മൂന്നുരാശികളും അനുകൂലഫലമുള്ള മൂന്നു രാശികളും വ്യക്തമാക്കി. ഇനിയുള്ള ആറു രാശികളിൽ ജനിച്ചവർക്ക് ഗുണവും ദോഷവും കലർന്ന സമ്മിശ്രഫലമാണ് ഉണ്ടാവുക.

Read More: ഈ മൂന്ന് നാളുകാരുടെ സ്വസ്ഥത നഷ്ടമാകുന്നത് എന്തുകൊണ്ട്?

മിഥുനം രാശിയിൽ (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ) ജനിച്ചവർക്ക് ചൊവ്വ പത്തിലാണ്. പിതൃക്ലേശം, ധനനഷ്ടം, ഭാഗ്യവിപര്യയം, തൊഴിൽപരമായി തൃപ്തിക്കുറവ്, മത്സരപരാജയം ഇവയുണ്ടാകാം. വിദേശ ധനയോഗം, പ്രവാസികൾക്ക് നാട്ടിൽ മടങ്ങാനുള്ള സാഹചര്യം ഇവയെല്ലാം നേട്ടങ്ങൾ.

കർക്കടകം രാശിയിൽ (പുണർതം നാലാം പാദം, പൂയം, ആയില്യം) ജനിച്ചവർക്ക് ഈശ്വരാധീനക്കുറവനുഭവപ്പെടാം. സജ്ജനങ്ങളോട് കലഹിക്കാം. വ്യവഹാരങ്ങൾ നീളാം. പേരക്കുട്ടികളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉണ്ടാവാം. ധനസ്ഥിതി ശോഷിക്കാം. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്. ദേവീ- വിഷ്ണു ക്ഷേത്രാടനം , സുഹൃദ് സമാഗമം, സൽസംരംഭകത്വം ഇവയുണ്ടാകും.

Read More: 2022 Yearly Horoscope Predictions: വർഷഫലം 2022

കന്നിക്കൂറിൽ (ഉത്രം മുക്കാൽ, അത്തം, ചിത്തിര പകുതി) ജനിച്ചവർക്ക് കുജൻ ഏഴിലാണ്. വ്യക്തമായ ചൊവ്വാദോഷത്തിന്റെ കാലമാണ്. പ്രണയത്തിൽ പരാജയം, ദാമ്പത്യക്ലേശം, വിവാഹ തീരുമാനങ്ങളിൽ വിളംബം, കൂട്ടുകച്ചവടത്തിൽ തർക്കങ്ങൾ എന്നിവ വന്നുചേരാം. വിദേശ യാത്ര നീണ്ടുപോകാം. ഭൂമിയിൽ നിന്നും വരുമാനം കുറഞ്ഞേക്കും. ധനപരമായി ചില നേട്ടങ്ങൾ, അധികാരലബ്ധി എന്നിവയും പ്രതീക്ഷിക്കാം. ജാഗ്രത, മനോവാക്കർമ്മങ്ങളിൽ ഒന്നുപോലെ വേണ്ടതാണ്.

വൃശ്ചികരാശിയിൽ (വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട ) ജനിച്ചവർക്ക് ചൊവ്വ അഞ്ചിലേക്ക് സംക്രമിക്കുകയാൽ സന്താനകാര്യത്തിൽ കൂടുതൽ ജാഗ്രതവേണം. ആലോചനകളിൽ ആലസ്യം അരുത്. സുപ്രധാന കാര്യങ്ങളിൽ മറവി പറ്റാതെ നോക്കണം. മുൻവിധിയോടെയുള്ള സമീപനങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടി വരാം. വക്രമാർഗങ്ങളിലൂടെ ധനാഗമം പ്രതീക്ഷിക്കാം. ചിലരുടെ ദുർബോധനങ്ങൾക്ക് ചെവി കൊടുക്കുന്നതായി നടിക്കും. ഭാവിയെ സംബന്ധിച്ച നല്ല തീരുമാനമെടുക്കും. ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനപ്രവേശം സിദ്ധിക്കും.

Read More:

ധനുക്കൂറുകാർ (മൂലം, പൂരാടം, ഉത്രാടം കാൽ) നാലിലെ കുജസ്ഥിതിമൂലം നാടോ വീടോ വിട്ടുമാറിനിൽക്കും. ചിലയാത്രകൾ അനിവാര്യമായേക്കും. ബന്ധുക്കളുമായി മുഷിയാനിടയുണ്ട്. വീടോ വാഹനമോ വാങ്ങാനുള്ള തീരുമാനം നീട്ടിവെക്കും. മാതൃസൗഖ്യത്തിന് കുറവും വരും. എന്നാലും മനശ്ശക്തി ഏറും. തൊഴിലിൽ ചില പുതുചുവടുവെപ്പുകൾ നടത്തും.

കുംഭക്കൂറിൽ (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ) ജനിച്ചവർ പരുഷഭാഷണത്തിന് മുതിരും. എല്ലാക്കാര്യത്തിലും ശക്തമായ നിലപാടുകൾ സ്വീകരിക്കും. ധനവരവ് ഒന്ന് മന്ദീഭവിച്ചേക്കും. കുടുംബപ്രശ്നങ്ങൾ ചിലത് ഉണ്ടാവും, ഉചിത പരിഹാരങ്ങൾ കൈക്കൊള്ളും. മുഖരോഗങ്ങളുടെ (ENT) ആക്രമണം ഒരു സാധ്യതയാണ്. വിദ്യാഭ്യാസ വിഷയത്തിൽ ചില സങ്കടങ്ങൾ വരാം. ആത്മധൈര്യം വർദ്ധിക്കും. എതിർപ്പുകളെ സധൈര്യം നേരിടും.

Read More: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology mars transit to pisces