scorecardresearch

Latest News

Horoscope April 2022: ചൊവ്വയുടെ രാശിമാറ്റം ഗുണകരമാവുന്നത് ആർക്കൊക്കെ?

ചൊവ്വയുടെ രാശിമാറ്റം ഗുണകരമാവുന്നത് ആർക്കൊക്കെ? അതേക്കുറിച്ച് എസ്,ശ്രീനിവാസ് അയ്യര്‍ എഴുതുന്നു

mars, astrology, ie malayalam

Horoscope April 2022: ഏപ്രിൽ 7 ന് (മീനം 24 ന്), ചൊവ്വ കുംഭം രാശിയിൽ പ്രവേശിക്കുന്നു. മെയ് 17 (ഇടവം 3) വരെ കുംഭത്തിൽ തുടരുന്നു. ചൊവ്വയെ ‘Roman God of Wars’ എന്നാണ് നിഘണ്ടുക്കൾ വിശേഷിപ്പിക്കുന്നത്. ഭാരതീയ ജ്യോതിഷത്തിൽ ‘കുജൻ ‘ എന്ന പേരിനാണ് പ്രസിദ്ധി. കഥകളനുസരിച്ച് ‘കു’ വിന്റെ മകനായതിനാലാണ് ചൊവ്വയ്ക്ക് ‘കുജൻ ‘ എന്ന പേരുണ്ടായത്. ‘കു’ എന്നാൽ ഭൂമി എന്നാണർത്ഥം. ഗ്രഹനിലയിൽ ‘കു’ എന്ന അക്ഷരം ചൊവ്വയെ കുറിക്കുന്നു.

മകരം രാശിയിലെ സഞ്ചാരം പൂർത്തിയാക്കി ചൊവ്വ/ കുജൻ ഏപ്രിൽ 7 ന് കുംഭം രാശിയിൽ പ്രവേശിക്കുന്നു. തുടർന്ന് 41 ദിവസങ്ങൾ കുംഭത്തിൽ തുടരും. മെയ് 17 ന് മീനം രാശിയിലേക്ക് കടക്കും. ഏപ്രിൽ 16 വരെ അവിട്ടം നക്ഷത്രത്തിലും, മെയ് 3 വരെ ചതയം നക്ഷത്രത്തിലും, മെയ് 17 വരെ പൂരുട്ടാതിയിലും ആയിട്ടാണ് ചൊവ്വയുടെ സഞ്ചാരം. അതിനാൽ കുംഭക്കൂറുകാർ മനോ,വാക്, കർമ്മങ്ങളിൽ ജാഗ്രത പുലർത്തണം.

Read More: Horoscope 2022 April 02: പ്രതീക്ഷയുമായി ഏപ്രിൽ രണ്ടിന് ‘ശുഭകൃത്’ വർഷം ആരംഭിക്കുന്നു

പാപഗ്രഹങ്ങൾ, വിശേഷിച്ചും ചൊവ്വ കൂടുതൽ ബാധിക്കുന്നത് ജന്മരാശിയിലും അഷ്ടമരാശിയിലും പന്ത്രണ്ടാം രാശിയിലുമായി സഞ്ചരിക്കുമ്പോഴാണ്. അതിൽ ജന്മരാശി കുംഭം. ആ കൂറിൽ വരുന്ന നക്ഷത്രക്കാർ, അവിട്ടം 3,4 പാദങ്ങൾ, ചതയം മുഴുവൻ, പൂരുട്ടാതി 1,2,3 പാദങ്ങൾ എന്നിവയിൽ ജനിച്ചവരാണ്. അവർ കൂടുതൽ ശ്രദ്ധാലുക്കളാകേണ്ട കാലമാണ്.

ചൊവ്വ അഷ്ടമത്തിൽ സഞ്ചരിക്കുന്നത് കർക്കടകക്കൂറുകാർക്ക് ആണ്. പുണർതം നാലാംപാദം, പൂയം, ആയില്യം എന്നീ നക്ഷത്രക്കാർ ആരോഗ്യകാര്യങ്ങളിൽ കരുതലെടുക്കണം. ക്രയവിക്രയങ്ങളിൽ സൂക്ഷ്മത കാട്ടണം. സഹോദരരോ, തൽസ്ഥാനീയരോ എതിർപ്പുമായി വന്നാൽ വിസ്മയിക്കാനില്ല. അഗ്നി, വൈദ്യുതി, വാഹനം , യന്ത്രം എന്നിവയുടെ ഉപയോഗത്തിൽ അതീവ ജാഗ്രത വേണ്ടതുണ്ട്.

Read More: Horoscope 2022 April: ഏപ്രിലിൽ നവഗ്രഹങ്ങളുടെ രാശി മാറുന്നു, മനുഷ്യരുടെ ഭാവിയും

പന്ത്രണ്ടാം രാശിയിലെ സഞ്ചാരം മൂലം മീനക്കൂറുകാർക്കും ചൊവ്വ അല്പം അപകടകാരിയാവുകയാണ്. പൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി എന്നീ നാളുകാർ മീനക്കൂറുകാരാണ്. അപ്രതീക്ഷത യാത്രകൾ വേണ്ടിവരും. ആ യാത്രകൾ കൊണ്ട് കാര്യസാധ്യം ഉണ്ടായിക്കൊള്ളണമെന്നില്ല. രക്തസമ്മർദ്ദം, കരൾ രോഗങ്ങൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവയ്ക്ക് ചികിത്സ നടത്തുന്നവർ ആരോഗ്യപരിശോധന വീണ്ടും നടത്തേണ്ട സന്ദർഭമാണ്. സാമ്പത്തികക്ലേശം വന്നേക്കാം. ഭൂമി സംബന്ധിച്ച ഇടപാടുകളിൽ അശ്രദ്ധയരുത്. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്നും സഹായം വൈകിയേക്കും.

ചൊവ്വയുടെ രാശിമാറ്റം ഗുണകരമാവുന്നത് ആർക്കൊക്കെ? അക്കാര്യമാണ് ഇനി പരിശോധിക്കുന്നത്. കന്നി, മേടം, ധനു എന്നീ കൂറുകളിൽ പെട്ട നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഇത് ഉന്മേഷവും ഉത്സാഹവും ജീവിതപ്രതീക്ഷയും തിരികെ കൊണ്ടുവരുന്ന കാലമാണ്. മങ്ങിപ്പോയ സ്വപ്നങ്ങൾ വീണ്ടും പൂവിടും. സഹായഹസ്തങ്ങൾ അടുക്കലെത്തും.

Read Here:

അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം (മേടക്കൂർ), ഉത്രം മുക്കാൽ –2,3,4 പാദങ്ങൾ–, അത്തം, ചിത്തിര അര –1,2 പാദങ്ങൾ– (കന്നിക്കൂർ), മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം (ധനുക്കൂർ) എന്നിവയിൽ ജനിച്ചവർക്ക് സഹോദരാനുകൂല്യം, സർക്കാരിൽ നിന്നും ധനസഹായം, ചികിത്സയിൽ ആശാവഹമായ മാറ്റം, ശത്രുവിജയം, മത്സരങ്ങളിൽ നേട്ടം എന്നിവ പ്രതീക്ഷിക്കാം.

ഇടവം, മിഥുനം, ചിങ്ങം, തുലാം, വൃശ്ചികം, മകരം എന്നീ കൂറുകളിൽ ജനിച്ചവർക്ക് ചൊവ്വയുടെ കുംഭം രാശിയിലെ സഞ്ചാരം സമ്മിശ്രഫലങ്ങൾ സൃഷ്ടിക്കും. ഇടവക്കൂറിൽ ജനിച്ചവർക്ക് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി) തൊഴിൽപരമായി പ്രശ്നങ്ങൾ ഉദയം ചെയ്തേക്കാം. ഉയർന്നപദവികൾ, ശമ്പള വർദ്ധന എന്നിവയ്ക്ക് ഇനിയും കാലവിളംബം വരും. മിഥുനക്കൂറുകാർക്ക് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ) ‘കപ്പിനും ചുണ്ടിനും ഇടയിൽ’ ചില നല്ല അവസരങ്ങൾ നഷ്ടമാകാം. ഗുരു-പിതൃ ജനങ്ങളുടെ ചികിത്സയിൽ പുരോഗതി ഉണ്ടാവുന്നില്ല എന്നു വരാം. നിത്യാനുഷ്ഠാനങ്ങൾക്ക് മുടക്കം വരാനുള്ള സാധ്യതയുമുണ്ട്.

Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

ചിങ്ങക്കൂറിൽ (മകം, പൂരം, ഉത്രം കാൽ) ജനിച്ചവർക്ക് ദാമ്പത്യ പ്രശ്നങ്ങൾ വർദ്ധിക്കാം. പ്രണയികൾക്ക് ഇത് പ്രതികൂലകാലമാണ്. വിവാഹതീരുമാനങ്ങൾ നീളാം. യാത്രകൾ ധനനഷ്ടം വരുത്താം. പങ്കുകച്ചവടത്തിൽ പ്രശ്നങ്ങൾ ഉദയം ചെയ്താൽ അത്ഭുതപ്പെടാനില്ല. തുലാക്കൂറിൽ (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ) ജനിച്ചവർക്ക് സന്താനങ്ങളെക്കൊണ്ട് മനക്ലേശം വന്നേക്കാം. പരീക്ഷകളിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞേക്കില്ല. ഭാവിയെ സംബന്ധിച്ച തെറ്റായ തീരുമാനങ്ങൾ എടുക്കാം. വാദപ്രതിവാദങ്ങളിൽ ഏർപ്പെടാം.

വൃശ്ചികരാശി (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട) കൂറായിട്ടുള്ളവർ വീടുവിട്ടു നിൽക്കാൻ ഇടയുണ്ട്. ചിലർക്ക് ഗൃഹസംബന്ധമായ സാമ്പത്തിക ബാധ്യതകൾ വരാം. മാതാവിനോ തൽസ്ഥാനീയർക്കോ ആരോഗ്യപരമായി അനുകൂല കാലമല്ല. സുഹൃത്തുക്കളുമായി കലഹിച്ചേക്കാം. അനുരാഗഭംഗവും ഒരു സാധ്യതയാണ്.

Read More: Weekly Horoscope (April 03- April 09, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി എന്നിവ മകരക്കൂറാണ്. ഈ നാളുകാർ വാക്കുകൊണ്ട് ശത്രുക്കളെ സമ്പാദിക്കും. ധനവരവ് തടസ്സപ്പെടാം. ഊഹക്കച്ചവടത്തിൽ നിന്നും നഷ്ടം വരാനിടയുണ്ട്. കുടുംബാംഗങ്ങളുടെ ഇടയിൽ അനൈക്യം ഉണ്ടായേക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.

നവഗ്രഹങ്ങളിൽ, ചൊവ്വ ഒരു ഗ്രഹം മാത്രമാണ്. മറ്റു ഗ്രഹങ്ങളുടെ ഫലവും പ്രധാനമാണ്. ഗോചരഫലത്തിനൊപ്പം അവരവരുടെ ജാതകഫലവും പരിഗണിക്കുമ്പോഴാണ് കൃത്യമായ ഫലങ്ങൾ വന്നുചേരുക. ഏപ്രിൽ 12 – ലെ രാഹു-കേതു മാറ്റം, ഏപ്രിൽ 13- ലെ വ്യാഴമാറ്റം എന്നിവയുടെ ഫലങ്ങൾ ചൊവ്വയുടെ രാശി മാറ്റത്തെക്കാൾ പ്രധാനമാണ്. അതിന്റെ ഫലങ്ങൾ തുടർന്നുള്ള ലേഖനങ്ങളിൽ പ്രതീക്ഷിക്കുക.

Read More: Daily Horoscope April 4, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology mars roman god of wars enters into kumbham rashi