scorecardresearch

Monthly Horoscope 2022 June: 2022 ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

Monthly Horoscope 2022 June: “രേവതി നാളുകാർ ഈ മാസം സംസാരിക്കുമ്പോൾ സൂക്ഷിക്കണം, വാക്കുകൾ ദുർവ്യാഖാനം ചെയ്യപ്പെടാം, ഭരണി നാളുകാർ മൗനത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം” 2022 ജൂൺ മാസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് പ്രമുഖ ജ്യോതിഷ പണ്ഡിതനായ ശ്രീനിവാസ് അയ്യർ പ്രവചിക്കുന്നു.

astrology, horoscope, ie malayalam

Monthly Horoscope 2022 June: ഈ ജൂൺ മാസത്തെ ഗ്രഹസ്ഥിതികൾ എങ്ങനെയെന്ന് നോക്കാം. വ്യാഴം സ്വന്തം വീടായ മീനത്തിലും ശനി സ്വന്തം വീടായ കുംഭത്തിലും തുടരുകയാണ്. രാഹു മേടത്തിലും കേതു തുലാത്തിലും സ്ഥിതിചെയ്യുന്നു. സൂര്യൻ ജൂൺ 14 വരെ ഇടവത്തിലും ശേഷം മിഥുനത്തിലുമായി സഞ്ചരിക്കുന്നു.

ജൂൺ ഒന്നിനു ചന്ദ്രൻ മകയിരത്തിൽ, ജൂൺ 28 ന് വീണ്ടും മകയിരത്തിൽ വരുന്നു. ചൊവ്വ മീനത്തിലും ബുധൻ ഇടവത്തിലുമാണ്. ശുക്രൻ മേടത്തിലും ഇടവത്തിലുമായി സഞ്ചരിക്കുകയാണ്. ജൂണിൽ പഞ്ചതാരാഗ്രഹങ്ങൾക്കൊന്നും മൗഢ്യമില്ല. ഈ ഗ്രഹസ്ഥിതിയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടേയും ജൂൺമാസത്തെ അനുഭവങ്ങൾ വിശകലനം ചെയ്യാം.

അശ്വതി: യാത്രകൾ ഗുണകരമായേക്കും. മനസ്സിനിണങ്ങിയ വ്യക്തികളുമായി ഗാഢസൗഹാർദ്ദമുണ്ടാവും. തീരുമാനങ്ങൾ ശക്തമായിത്തന്നെ നടപ്പിലാക്കും. എതിർപ്പുകളിൽ കുരുങ്ങിപ്പോയ നിലപാടുകളെച്ചൊല്ലി വ്യാകുലപ്പെടില്ല. വിദ്യാർത്ഥികൾക്ക് ഉപരിപഠനം സംബന്ധിച്ച ചില ആശങ്കകൾ തുടരും. എന്നാൽ വിദേശ പഠനം/വിദേശ തൊഴിൽ എന്നിവയ്ക്കുള്ള സാധ്യത ഏറും. കുടുംബസൗഖ്യം ഭവിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ ചൊവ്വ-ശുക്രൻ യോഗം മൂലം ചില തടസങ്ങൾ ഉണ്ടാവാനിടയുണ്ട്.

Read More: ചൊവ്വയുടെ തലയിലെഴുത്ത് മാറുന്നു, നിങ്ങളുടെയോ?

ഭരണി: മൗനത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ട കാലമാണ്. പരീക്ഷകളിൽ ഉദ്ദേശിച്ചഫലം കിട്ടണമെന്നില്ല. മുൻ തീരുമാനങ്ങൾ പിൻവലിച്ചേക്കാം. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച ധനസഹായം ഉണ്ടാവും. കൂടപ്പിറപ്പുകൾ സഹകരിക്കും. കർമ്മരംഗത്ത് ചെറിയ തടസ്സങ്ങൾ വരാം. ഇടപാടുകളിൽ കൂടുതൽ കരുതൽ വേണം. ആരോഗ്യ പരിശോധനകൾ അനിവാര്യമാണ്.

കാർത്തിക: നിലപാടുകളിൽ അയഞ്ഞ മട്ടുപുലർത്തും. തൊഴിൽ സംബന്ധ മായ ആശയക്കുഴപ്പം നീങ്ങുന്നതായിരിക്കും. ഭൂമിയിൽ നിന്നും ലാഭമുയരും. നവീനവാഹനയോഗം, ആഭരണയോഗം ഇവയുണ്ട്. മാസമദ്ധ്യ ത്തോടെ രാഹു കാർത്തിക നാളിൽ നിന്നും മാറുന്നത് വലിയ ആശ്വാസമാണ്. കിടപ്പുരോഗികൾക്ക് ചികിത്സ ഫലിക്കും. തൊഴിൽ തേടുന്നവർക്ക് അനുകൂലമായ കാലമാണ്.

Read More: മുഹൂർത്തം തീരുമാനിക്കുമ്പോൾ ഒഴിവാക്കേണ്ട ‘നവദോഷങ്ങൾ’ ഇവയാണ്

രോഹിണി: പരീക്ഷകളിലും മത്സരങ്ങളിലും വിജയിക്കും. കുടുംബത്തിന്റെ വിശ്വാസമാർജിക്കും. വേദികളിൽ തിളങ്ങും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കാം. ചിട്ടി/വായ്പ പോലുള്ളവയിൽ നിന്നും ധനവരവ് ഉണ്ടാവും. കലഹസന്ദർഭങ്ങളെ നയചാതുര്യത്തോടെ നേരിടും. പ്രണയികൾക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാനാവും. വിദേശത്തുനിന്നും ശുഭവാർത്ത വന്നെത്തും.

മകയിരം: കണ്ടകശനി ചിലപ്പോൾ തൊഴിലിൽ അശാന്തി സൃഷ്ടിച്ചേക്കാം. ദൂരദിക്കിലേക്കുള്ള സ്ഥലംമാറ്റം ഒരു സാധ്യതയാണ്. എങ്കിലും ആത്മാർത്ഥമായ പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടും. സാമ്പത്തിക നില തെല്ലെങ്കിലും ഉയരും. ഊഹക്കച്ചവടത്തിൽ വിജയിക്കും. ദാമ്പത്യരംഗം സമാധാനപൂർണമാവും. മക്കളുടെ ഉത്കർഷം ആനന്ദമുണ്ടാക്കും. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര നടത്തിയേക്കും.

Read More: Weekly Horoscope (May 15 – May 21, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തിരുവാതിര: സമ്മിശ്രമായ ഫലങ്ങൾ ജൂണിൽ സംഭവിക്കും. വീടുമാറ്റമോ തൊഴിൽമാറ്റമോ പ്രതീക്ഷിക്കാം. ചില നേട്ടങ്ങൾ, മുഖ്യമായും ധനപരമായി വന്നുചേരും. കടബാദ്ധ്യത പരിഹരിക്കാൻ വഴിതെളിയും. ഭൂമിയുടെ ക്രയവിക്രയം നീണ്ടുപോകാം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പ്രണയികൾക്ക് കാലം അത്ര അനുകൂലമല്ല. വൈദ്യപരിശോധനകളിൽ അലംഭാവമരുത്.

പുണർതം: പൂർണത എന്നത് ഒരു സങ്കൽപ്പം മാത്രമാണെന്ന് അറിയും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് സാധ്യതകൾ തെളിയും. യാത്രകൾ ഫലവത്താകും. പരീക്ഷകളിൽ തിളക്കമുള്ള വിജയം നേടും. പ്രൊഫഷണലുകൾ തങ്ങളുടെ അജയ്യത ഉറപ്പിക്കും. ദാമ്പത്യരംഗം സ്വച്ഛന്ദമാകും. വസ്തുക്കളുടെ ക്രയവിക്രയം മന്ദീഭവിക്കും. നവീനഗൃഹനിർമ്മാണത്തെക്കുറിച്ച് വീണ്ടും ചിന്തിക്കും. കരാറുകൾ പുതുക്കാനാകും.

Also Read: Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ?

പൂയം: അഷ്ടമശനി കാരണം ചില തലവേദനകൾ ഇടക്കിടെ അലോസരം സൃഷ്ടിക്കും. ആരോഗ്യപരമായി അത്ര മെച്ചപ്പെട്ട കാലമല്ല. വൃദ്ധജനങ്ങളുമായി കലഹത്തിന് മുതിർന്നേക്കും. സഹിഷ്ണുതയും ക്ഷമയും നല്ല ആയുധങ്ങളാണെന്നത് മറന്നുപോയേക്കും. മക്കളുടെ കാര്യത്തിൽ നല്ല തീരുമാനങ്ങൾ കൈ ക്കൊള്ളും. ചെറുസംരംഭകർക്ക് വായ്പ ലഭിക്കും. മുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ കൈവശം വന്നുചേരാം.

ആയില്യം: ഭാഗ്യം കൊണ്ട് പല ആപത്തുകളിൽ നിന്നും രക്ഷനേടും. ഗുരുജനങ്ങളുടെ ഉപദേശം സ്വീകരിക്കും. ക്ഷേത്രദർശനത്തിന് സമയം കണ്ടെത്തും. എതിർപ്പുകളെ സമർത്ഥമായി പ്രതിരോധിക്കും. ധനപരമായി ഉയർച്ചയുണ്ടാകുന്ന കാലമാണ്. മാറ്റിവെച്ചിരുന്ന പദ്ധതികൾ പൊടിതട്ടിയെടുക്കാൻ ശ്രമിക്കും. പുത്തൻ ഉണർവ്വ് കർമ്മമേഖലയിൽ വന്നെത്തുന്നതായിരിക്കും. സഹോദരാനുകൂല്യം ഉണ്ടാവും. അർഹിക്കുന്നവരെ ഉദാരമായി സഹായിക്കും.

Read More: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മകം: കഴിഞ്ഞ കുറച്ചുനാളുകളായുള്ള സ്ഥിതിഗതികൾ വലിയ മാറ്റമില്ലാതെ തുടരും. ഉദ്യോഗസ്ഥർക്ക് ഭേദപ്പെട്ട കാലമാണ്. സ്ഥാനക്കയറ്റം, ശമ്പളവർദ്ധന ഇവയ്ക്ക് നേരിയ സാധ്യതയുണ്ട്. ബന്ധുക്കളുമായുള്ള അകൽച്ച പരിഹരിക്കാനുള്ള ശ്രമം പൂർണവിജയത്തിലെത്തും എന്ന് പറയാനാവില്ല. പ്രണയ സാക്ഷാൽക്കാരത്തിന് കുറച്ചുകൂടി കാത്തിരിക്കേണ്ടിവന്നേക്കും. പ്രവാസജീവിതം നയിക്കുന്നവർക്ക് നാട്ടിലേക്ക് മടങ്ങിവരാനാവും. പുണ്യാടനങ്ങൾക്ക് സന്ദർഭമുണ്ടാവും.

പൂരം: ആഢംബര വസ്തുക്കൾ വാങ്ങാൻ ചെലവേറും. കടം വാങ്ങി കടം വീട്ടാൻ മുതിർന്നേക്കും. കുടുംബപ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. കച്ചവടത്തിലും കൃഷിയിലും ഏർപ്പെട്ടിട്ടുള്ളവർക്ക് ലാഭം കുറയും. വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി അന്യനാട്ടിലേക്ക് പോകേണ്ടിവരും. മക്കളുടെ വിവാഹ തീരുമാനം പിന്നീടത്തേക്ക് മാറ്റിവെക്കും.

Read More: ഈ മൂന്ന് നാളുകാരുടെ സ്വസ്ഥത നഷ്ടമാകുന്നത് എന്തുകൊണ്ട്?

ഉത്രം: ഉറച്ച നിലപാടുകൾ കൈക്കൊള്ളാൻ നിർബന്ധിതരാവും. രാഷ്ട്രീയ ത്തിൽ പ്രവർത്തിക്കുന്നവർ എതിർപ്പുകളെ ഗൂഢതന്ത്രങ്ങളിലൂടെ മറികടക്കും. സഹപ്രവർത്തകരുടെ നിർവ്യാജമായ പിന്തുണ ലഭിക്കും. ഗൃഹം മോടി പിടിപ്പിക്കുക, വാഹനം വാങ്ങുക ഇവയ്ക്കായി പരിശ്രമം നടത്തും. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന മാസമാണ്. നല്ല സൗഹൃദം നിലനിർത്താൻ ചില ത്യാഗങ്ങൾ സഹിക്കേണ്ടതായി വരും. ഒരുവിധം സന്തുലിതമായിരിക്കും, സാമ്പത്തികരംഗം.

അത്തം: കാര്യസാധ്യത്തിന് കുറുക്കുവഴികൾ തേടും. സൽക്കർമ്മങ്ങൾക്ക് ചെലവ് ചെയ്യും. കൃത്യമായ പദ്ധതികളില്ലാതെ കർമ്മങ്ങളിലേർപ്പെടുന്നതുമൂലം മാനസിക പിരിമുറുക്കമേറും. ജീവിത പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസം പറഞ്ഞുതീർക്കും. നേത്ര/ മുഖരോഗങ്ങൾ, ശല്യകാരികളായേക്കും. വിവാഹത്തിനുള്ള കാത്തിരിപ്പിന് അവസാനമാകും. കരാർപണികളിൽ വിജയം നേടും. കലാകാരന്മാർ കീർത്തിയുള്ളവരാവും.

Read More: 2022 Yearly Horoscope Predictions: വർഷഫലം 2022

ചിത്തിര: ഉത്തരവാദിത്തമുള്ള ചുമതലകൾ ഏറ്റെടുക്കാൻ നിർബന്ധിതരാവും. ആസൂത്രണ മികവിലൂടെ നേട്ടങ്ങൾ സ്വന്തമാക്കും. പാരമ്പര്യസ്വത്തിന്മേലുള്ള തർക്കം രമ്യമായി പരിഹൃതമാവും. കുടുംബാംഗങ്ങളുടെ ഇടയിലെ അനൈക്യത്തിനെതിരെ പടവാളിളക്കും. പ്രൊഫഷണലുകൾ കർമ്മരംഗത്ത് വിജയിക്കും. നക്ഷത്രാധിപനായ ചൊവ്വയ്ക്ക് ഗുരുശുക്ര യോഗമുള്ളതിനാൽ നല്ല സുഹൃത്തുക്കളെ ലഭിക്കും.

ചോതി: ജീവിതനിലവാരം ഉയരും. പൊതുകാര്യങ്ങളിൽ വിജയം നേടും. സാമൂഹിക സംഘടനകളുമായി ദൃഢബന്ധം പുലർത്തും. ആരോഗ്യരംഗത്ത് ചില കരുതലുകൾ നല്ലതാവും. പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുണ്ട്. അപകീർത്തിയുണ്ടാവാനുള്ള സാഹചര്യങ്ങളെ ഒഴിവാക്കാൻ ജാഗരൂകരാവേണ്ടതുണ്ട്. പരീക്ഷയിൽ മക്കൾക്ക് ഉന്നത വിജയം സിദ്ധിക്കും. സാമ്പത്തിക സ്ഥിതി മോശമാവില്ല.

വിശാഖം: കേതു ഇപ്പോൾ വിശാഖം നക്ഷത്രത്തിലുടെയാണ് സഞ്ചരിക്കുന്നത്. അതിനാൽ കാര്യതടസ്സം, വ്യക്തിത്വപ്രതിസന്ധി, ജ്വരബാധ മുതലായവ ഫലങ്ങളായെത്താം. പ്രവൃത്തി മണ്ഡലത്തിൽ ബാഹ്യശക്തികളുടെ ഇടപെടലുകൾ ഉണ്ടാവും. മനപ്പൂർവമല്ലാതെ തന്നെ ചിലരുടെ ശത്രുതക്ക് പാത്രമാവും. ദൂരയാത്രകൾ കൊണ്ട് ഉദ്ദേശിക്കുന്നത്ര നേട്ടം വന്നെത്തിക്കൊള്ളണമെന്നില്ല. കുടുംബജീവിതത്തിൽ ഉയർന്ന ചില അസ്വാരസ്യങ്ങൾ സ്വൈരം കെടുത്തിയേക്കും. ധനസ്ഥിതി ചെറുതോതിൽ ഭേദപ്പെടാം.

Read More:

അനിഴം: ക്രിയാശക്തി ഉജ്ജ്വലമാവും. ആത്മശക്തി വർദ്ധിക്കും. കിട്ടാക്കടങ്ങൾ മടക്കിക്കിട്ടുന്ന കാലമാണ്. വാക്കുകൾ ക്രൂരമാണെന്ന് വിലയിരുത്തപ്പെടാം. അനാരോഗ്യത്തിന് വൈദ്യസഹായം വേണ്ടിവന്നേക്കും. വിജയത്തിൽ കലാശിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. സഹപ്രവർത്തകരുടെ വിശ്വാസമാർജിക്കും. വൃദ്ധജനങ്ങളുടെ അനുഗ്രഹം ലഭിക്കും.

തൃക്കേട്ട: ഈ മാസത്തിൽ സ്ഥിരോത്സാഹം, കർമ്മകുശലത എന്നിവ മുഖമുദ്രകളായിരിക്കും. കലാരംഗത്തുള്ളവർ അനുമോദനത്തിനർഹരായിത്തീരും. വാഹനം വാങ്ങാനുള്ള ആലോചന വിജയിക്കും. നഷ്ടവസ്തുക്കൾ അന്വേഷിച്ച് കണ്ടെത്തും. നവമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കും. സന്താനങ്ങളുടെ നേട്ടം സന്തോഷത്തിന് കാരണമാകും. സഭകളിൽ പ്രസംഗചാതുരി പ്രദർശിപ്പിക്കും. പന്ത്രണ്ടിലെ കേതു വിരക്തി ജനിപ്പിക്കാം.

മൂലം: സുഷുപ്തിയിലിരുന്ന കഴിവുകൾ സടകുടഞ്ഞെഴുന്നേൽക്കും. അകർമ്മണ്യതയെ ധൈര്യപൂർവം മറികടക്കും. തൊഴിൽ തേടുന്നവർക്ക് താൽക്കാലികമായെങ്കിലും ഒരത്താണി ലഭിക്കും. ഗാർഹികമായ അസ്വാരസ്യങ്ങൾക്ക് അറുതിയാവും. വീടുപണിയാനുള്ള തീവ്രശ്രമം ഫലം കാണും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. എല്ലാക്കാര്യങ്ങൾക്കും സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുന്നതായിരിക്കും. കുടുംബത്തോടൊപ്പം തീർത്ഥാടനം നടത്തും.

പൂരാടം: ഏഴരശനി മാറിയതിന്റെ ആശ്വാസം പലനിലയ്ക്ക് അനുഭവപ്പെടും. വിദേശയാത്രകൾക്ക് അനുമതി ലഭിക്കും. പ്രവാസികൾക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ കൈവരുന്നതായിരിക്കും. ആഢംബര വസ്തുക്കൾ വാങ്ങും. പുതുവാഹനയോഗം കാണുന്നു. അധികാരസ്ഥാനത്തുള്ളവരുടെ പ്രീതി നേടും. മക്കളുടെ യശസ്സ് മനസ്സന്തോഷമുണ്ടാക്കും. ആരോഗ്യപരമായി അത്ര മെച്ചമുള്ള കാലമല്ലെന്നത് ഓർമ വേണം.

ഉത്രാടം: ധനാനുകൂല്യം ഉള്ള കാലമാണ്. എന്നാൽ ചെലവിനും കുറവുണ്ടാവില്ല. വസ്തുക്കൾ വിൽക്കാനുള്ള ശ്രമം വിജയിക്കും. ചില കടബാധ്യതകൾ പരിഹരിക്കും. നാലിലെ ചൊവ്വയുടെ സ്ഥിതി മൂലം ഉപരിപഠനത്തിന് എന്തെങ്കിലും വൈഷമ്യങ്ങൾ അനുഭവപ്പെടാം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ദൈവസമർപ്പണത്തിന് സമയം കണ്ടെത്തും. വാഹനം ഏറ്റവും സൂക്ഷിച്ച് കൈകാര്യം ചെയ്യണം.

Read More: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

തിരുവോണം: ഇഷ്ടപ്പെട്ടവരെ വീണ്ടും കാണാൻ അവസരം ലഭിക്കും. സഭകളിലെ നേതൃപദവി തുടരും. യാത്രകൾ മാറ്റിവെക്കാനിടയുണ്ട്. വിദേശജോലിക്ക് ശ്രമിക്കുന്നവർക്ക് നല്ല വാർത്ത കേൾക്കാനാവും. ദാമ്പത്യത്തിൽ ചില സമ്മർദ്ദങ്ങൾ വന്നുപെടും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. രോഗചികിത്സ ആശ്വാസമേകും. അശനശയനസൗഖ്യം, സൽക്കാരങ്ങൾ, വിനോദ യാത്രകൾ, ബന്ധുജന സഹകരണം തുടങ്ങിയവയും ജൂണിലെ ഫലങ്ങളിൽ ഉൾപ്പെടും.

അവിട്ടം: എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. എന്നാൽ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വരും. യാത്രകൾ കൂടും. അവയുടെ ഫലം അത്രയൊന്നും മെച്ചപ്പെട്ടതാവില്ല. സാമ്പത്തികസ്ഥിതി അൽപ്പം ആശങ്കയ്ക്ക് വഴിവെക്കാം. സന്താനങ്ങളുടെ അഭ്യുദയം ആശ്വാസമേകും. അയൽ വഴക്കു കളിൽ സംയമം പാലിക്കണം. ആരോഗ്യപരമായി ശരാശരിക്കാലമാണ്.

Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

ചതയം: മാസമധ്യത്തോടെ നക്ഷത്രനാഥനായ രാഹു ശത്രുനക്ഷത്രമായ കാർത്തികയിൽ നിന്നും ബന്ധുനക്ഷത്രമായ ഭരണിയിലേക്ക് മാറുന്നു. കുറച്ചുനാളായി അനുഭവിക്കുന്ന മാനസികവും സാമ്പത്തികവും ആയ സംഘർഷത്തിന് അയവുണ്ടാകും. തൊഴിൽ ലഭ്യത പ്രതീക്ഷിക്കാം. അധികാരികളുടെ പിന്തുണ ലഭിക്കും. പ്രണയത്തിൽ ശുഭവാർത്ത കേൾക്കും. ബന്ധുക്കൾ ഇണങ്ങും. വിനോദയാത്രകൾ നടത്തും. കച്ചവടത്തിൽ ലാഭം വർദ്ധിക്കുന്നതായിരിക്കും.

പൂരുട്ടാതി: പൂർണമായിട്ടല്ല, എങ്കിൽ പോലും ചില കാര്യങ്ങളിൽ വിജയം വരിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. മാനസികോന്മേഷം തരുന്ന അനുഭവങ്ങൾ വന്നുചേരും. നിക്ഷേപങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. ഉന്നത പഠനത്തിന് അനുമതി ലഭിക്കും. രോഗങ്ങളുടെ ഒഴിയാബാധക്ക് ശമനം ഉണ്ടാകും. പുതിയ മൈത്രികൾ ഉടലെടുക്കും. സർക്കാരിൽ നിന്നും വായ്പ ലഭിക്കാനിടയുണ്ട്.

ഉത്രട്ടാതി: ഉറ്റവരുടെ ഉത്സാഹത്താൽ ചില നല്ലകാര്യങ്ങൾ നടക്കും. ആശയക്കുഴപ്പങ്ങൾക്ക് വിരാമമാകും. പിതൃസ്വത്തിന്മേൽ അവകാശം കൈവരും. സഹോദരകലഹം പരിഹൃതമാകും. വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. പുതിയ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കാൻ കഠിനപ്രയത്നം നടത്തും. ധനപരമായി കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്. വിവാഹതീരുമാനങ്ങൾ നീണ്ടുപോയേക്കും.

രേവതി: വീടുവിട്ടു നിൽക്കേണ്ട സാഹചര്യങ്ങൾ വന്നുചേരാം. പദവികൾ താൽക്കാലികമായെങ്കിലും ഒഴിയേണ്ടിവരും. രാഷ്ട്രീയക്കാർ ആരോപണങ്ങളെ നേരിടും. ജനപിന്തുണ മങ്ങുന്ന കാലമായിരിക്കും. ആത്മീയ സാധനകൾക്ക് അധികസമയം ചെലവഴിക്കാൻ തയ്യാറാകുന്നതാണ്. ചികിത്സാരീതി മാറ്റുന്നത് രോഗശാന്തിക്ക് കാരണമാകാം. ഭൂമിയുടെ ക്രയവിക്രയം മന്ദഗതിയിലാകും. വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാം. ഇതൊക്കെയാണെങ്കിലും ജീവിതത്തിന്റെ ശ്രുതിലയങ്ങൾക്ക് ഭംഗം വരില്ല.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology june 2022 nakshatraphalam aswathi bharani karthika rohini makayiram thiruvathira