scorecardresearch
Latest News

Monthly Horoscope July 2022: ജൂലൈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

“ജൂലൈയിലെ ഒരു പ്രത്യേകത, ആദ്യ രണ്ടാഴ്ചക്കാലത്ത് പഞ്ചതാരാഗ്രഹങ്ങൾ അവരവരുടെ സ്വക്ഷേത്രങ്ങളിൽ നിലയുറപ്പിക്കുന്നുണ്ടെന്നതാണ്. ശനി കുംഭത്തിൽ, വ്യാഴം മീനത്തിൽ, ചൊവ്വ മേടത്തിൽ, ശുക്രൻ ഇടവത്തിൽ, ബുധൻ മിഥുനത്തിൽ എന്നിങ്ങനെ. ഇത് അത്ര സാധാരണമല്ല.” ജ്യോതിഭൂഷണം എസ് ശ്രീനിവാസ അയ്യർ എഴുതുന്നു.

Monthly Horoscope July 2022: ജൂലൈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Monthly Horoscope 2022 July: മിഥുന മാസം രണ്ടാം പകുതിയും കർക്കടക മാസം ആദ്യ പകുതിയും ചേർന്നതാണ് ജൂലൈ മാസം. സൂര്യൻ ഈ രണ്ടു രാശികളിലുമായി സഞ്ചരിക്കുന്നു. ജൂലൈ ഒന്നിന് പൂയം നക്ഷത്രത്തിലാണ് ചന്ദ്രൻ. 27 ദിവസം കൊണ്ട് രാശിചക്രഭ്രമണം ഒരു വട്ടം പൂർത്തിയാക്കി, പൂരം നക്ഷത്രത്തിലെത്തി നിൽക്കുന്നു ചന്ദ്രൻ. രാഹു മേടത്തിലും കേതു തുലാത്തിലും സഞ്ചരിക്കുന്നു.

ജൂലൈയിലെ ഒരു പ്രത്യേകത, ആദ്യ രണ്ടാഴ്ചക്കാലത്ത് പഞ്ചതാരാഗ്രഹങ്ങൾ അവരവരുടെ സ്വക്ഷേത്രങ്ങളിൽ നിലയുറപ്പിക്കുന്നുണ്ടെന്നതാണ്. ശനി കുംഭത്തിൽ, വ്യാഴം മീനത്തിൽ, ചൊവ്വ മേടത്തിൽ, ശുക്രൻ ഇടവത്തിൽ, ബുധൻ മിഥുനത്തിൽ എന്നിങ്ങനെ. ഇത് അത്ര സാധാരണമല്ല. പൊതുവേ എല്ലാ നാളുകാർക്കും കുറച്ചെങ്കിലും സ്വാസ്ഥ്യമുണ്ടാവുന്ന കാലമാണ്. ആത്മവിശ്വാസം ഉയരുകയും ചെയ്യും. ഇനി അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ മാസഫലം നോക്കാം.

Monthly Horoscope July 2022: മാസഫലം

അശ്വതി: വചോവിലാസം ഗംഭീരമായിരിക്കും. ആത്മനൊമ്പരങ്ങൾ ആരെ അറിയിക്കാനെന്നറിയാതെ പകയ്ക്കും. ധനപരമായി കാലം നന്ന്. തൊഴിലിൽ നേരിയ പുരോഗതി ദൃശ്യമാകും. നവസംരംഭങ്ങൾക്ക് മുന്നോട്ടിറങ്ങാതിരിക്കുന്നതാവും ഉചിതം. ദീർഘയാത്രകൾ തുടരപ്പെടാം.

ഭരണി:- സംഘർഷഭരിതമായിരിക്കും ദിവസങ്ങൾ. വിശേഷിച്ചും മാസത്തിന്റെ മധ്യത്തിൽ. ഇഷ്ടജനങ്ങളുമായി കലഹങ്ങളുണ്ടാവും. വൃഥാപവാദങ്ങളെ നേരിടും. സർക്കാരിൽ നിന്നും സാമ്പത്തികമായി ചില ആനുകൂല്യങ്ങൾ ഉണ്ടായേക്കാം. കലാപ്രവർത്തനത്തിൽ മുഴുകിയവർക്ക് ഭേദപ്പെട്ടകാലമാണ്.

Also Read: Horoscope 2022: ജൂൺ 27 മുതൽ ഓഗസ്റ്റ് 10 വരെ ഈ നാളുകാരുടെ ആപൽക്കാലം തുടരും, അഭിമാനക്ഷതം സംഭവിക്കാം

കാർത്തിക:- വിദ്യാർത്ഥികൾ ശാസ്ത്രവിഷയത്തിൽ ഉപരിപഠനത്തിന് യോഗ്യത നേടും. ആലോചനാപൂർവ്വം പ്രവൃത്തികൾ നടത്തും. ഉദ്യോഗസ്ഥർക്ക് ജോലിഭാരവും ഒപ്പം പദവിയും ഉയരും. കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സമ്മർദ്ദങ്ങളെ നേരിടേണ്ടതായി വരും. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.

രോഹിണി: ദുർവ്യയങ്ങൾ ഘോഷയാത്ര പോലെ വന്നെത്തും. ക്രയവിക്രയ ങ്ങളിൽ കബളിപ്പിക്കപ്പെടാനിടയുണ്ട്. യാത്രകൾ കൂടും. വിവാഹാർത്ഥികൾക്ക് ഇനിയും കാത്തിരിക്കേണ്ടതായി വരും. കൃഷിക്കാർക്കും ചെറുകിട വ്യാപാരി കൾക്കും ചില സർക്കാർ ധനപദ്ധതികളിൽ നിന്നും സഹായം ലഭിക്കാം. കുടുംബത്തിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന തോന്നലുണ്ടാവാം.

മകയിരം:- രോഗങ്ങൾ പിടിമുറുക്കും. സംഭാഷണത്തിൽ ജാഗ്രത പുലർത്തണം. തൊഴിലിനായും മറ്റും വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് നിരാശയുണ്ടാ വാം. കിട്ടാക്കടങ്ങൾ ലഭിച്ചേക്കും. അയൽ ബന്ധങ്ങളുടെ ഊഷ്മളത നിലനിർ ത്താൻ അത്യദ്ധ്വാനം ചെയ്യേണ്ടിവരും. അനുഷ്ഠാനങ്ങളിൽ ശ്രദ്ധ കുറയാം.

തിരുവാതിര:- സ്ഥാവരവും ജംഗമവുമായ സ്വത്തുക്കളിൽ നിന്നും ആദായമേറും. ചിരകാല പ്രാർത്ഥിതങ്ങളായ കാര്യങ്ങൾ നടന്നുകിട്ടും. വിദേശയാത്ര തരപ്പെടും. കലാപരമായും മറ്റും നേട്ടങ്ങൾ വന്നുചേരുന്നതായിരിക്കും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം. പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കും.

പുണർതം:- ഊഹക്കച്ചവടത്തിൽ നേട്ടങ്ങളുണ്ടാവും. മക്കളുടെ ശ്രേയസ്സിൽ സന്തോഷം വളരും. നാട്ടിലെ സൽസംരംഭങ്ങളിൽ പങ്കു ചേരും. ബന്ധുസമാഗമ ത്തിന്, സുഹൃത്തുക്കളുടെ ഒത്തുചേരലിന് മുൻകൈ എടുക്കും. അധികാരിക ളുടെ പ്രീതിസമ്പാദിക്കും. ആരോഗ്യ പരിശോധനകളിൽ വീഴ്ചയരുത്.

Horoscope 2022 Midhunam Month: അറിയാം, മിഥുന മാസത്തിലെ ഗ്രഹസ്ഥിതി

പൂയം:- ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടാം. തർക്കകലഹാദികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാവും ഉചിതം. തൊഴിൽ രംഗത്ത് ചില നേട്ടങ്ങൾ വന്നുചേരും. ധനപരമായി മെച്ചപ്പെട്ട കാലമാണ്. യാത്രകൾ കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല. ഗൃഹസൗഖ്യം കുറയാം.

ആയില്യം:- പ്രവർത്തനങ്ങൾ എല്ലാം വിജയിച്ചുകൊള്ളും എന്നില്ല. തിരിച്ചടികളിൽ നിന്നും പാഠം പഠിക്കും. മക്കളുടെ കാര്യത്തിനായി- പഠനം, വിദേശയാത്ര, വിവാഹം- ധനം കണ്ടെത്തും. ഗുരുജനങ്ങളുടെ അനുഗ്രഹം ലഭിക്കും. തർക്കവസ്തുക്കൾ ക്രയവിക്രയം ചെയ്യാൻ കഴിഞ്ഞേക്കും. നിദ്രാസുഖം കുറയും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.

മകം:- കലാപരമായി നേട്ടങ്ങൾ വന്നു ചേർന്നു കൂടായ്കയില്ല. സർക്കാർ ആനുകൂല്യം ലഭിച്ചേക്കും. പിതാവിന് കാലം മോശമാണ്. ദൂരനാടുകളിൽ നിന്നും ചിലർക്ക് അടിയന്തിരമായി നാട്ടിലേക്ക് മടങ്ങേണ്ടതായി വരാം. പ്രണയത്തിൽ ഇച്ഛാഭംഗം , ദാമ്പത്യത്തിൽ സ്വൈരക്കേട് എന്നിവയും ചില സാധ്യതകളാണ്. ആത്മപരിശോധന നടത്താനും വ്യക്തിത്വം നവീകരിക്കാനും ഉചിത സമയമാണെന്നത് മറക്കേണ്ട.

പൂരം:- പ്രതിസന്ധികൾ എന്നാണ് തീരുക എന്ന വിഷാദം ബാധിക്കാം. ധനവരവ് കുറയില്ല. നാട്ടിൽപ്രമാണികളായ ചിലർ ശത്രുപക്ഷത്താണെന്ന ചിന്ത ഉറക്കം കെടുത്താം. കുടുംബബന്ധം ഊഷമളമായിത്തീരാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായേക്കും. കൊടുക്കൽ-വാങ്ങലുകളിൽ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. ആരോഗ്യം സമ്മിശ്രമായിരിക്കും.

ഉത്രം:- ദൂരയാത്ര നടത്താനും തൊഴിൽരംഗം അഭിവൃദ്ധിപ്പെടുത്താനും വുക്തമായ പദ്ധതികൾ തയ്യാറാക്കും. കടബാധ്യതകൾ പരിഹരിക്കാൻ ഊർജ്ജിത ശ്രമങ്ങൾ കൈക്കൊള്ളും. വിദ്യാർത്ഥികൾക്ക് ആശിച്ച വിഷയങ്ങളിൽ ഉപരിപഠന സാധ്യതയുണ്ട്. എഴുത്തുകാർക്കും പ്രതിഭകൾക്കും സൽപ്പേര് വന്നുചേരും. ഗാർഹികരംഗം ഒട്ടൊക്കെ ശാന്തമാവും. ആരോഗ്യ പരിപാലനത്തിൽ ആലസ്യം അരുത്.

അത്തം:- മനസ്സന്തോഷം വർദ്ധിക്കും. ദൂരദിക്കിൽ നിന്നുമുള്ള ബന്ധു / സുഹൃത്തിനെ കാണാനാവും. തൊഴിലിൽ മുന്നേറ്റം ഉണ്ടാവും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ ‘നല്ല പുസ്തകത്തിൽ’ ഇടം പിടിക്കാനാവും. മക്കളുടെ കാര്യത്തിൽ ചില ഉചിതതീരുമാനങ്ങൾ സ്വീകരിക്കും. വാദവിവാദാദികളിൽ നിന്നും ഒഴിയുന്നതാവും ശ്രേയസ്സ്.

ചിത്തിര:- ദാമ്പത്യം ക്ലേശകരമായിത്തീരാം. പ്രണയികൾ പിണങ്ങിപ്പിരിഞ്ഞേ ക്കും ആഢംബരത്തിന് ധനം ചെലവഴിക്കും. നല്ലവാക്കുകൾ പറഞ്ഞ് അന്യരുടെ പ്രീതി നേടും. ഇഷ്ടഭക്ഷണയോഗമുണ്ട്. പ്രവൃത്തി കുറവും ചിന്ത കൂടുതലും ആയ കാലമായിരിക്കും.

ചോതി:- സ്വയംകൃതമായ അനർത്ഥങ്ങളെ തിരിച്ചറിയും. കുടുംബബന്ധത്തിൽ ചില വീർപ്പുമുട്ടലുകൾ അനുഭവപ്പെടും. കരാർപണി ചെയ്യുന്നവരും ചെറുകിട വ്യാപാരികളും വിജയിക്കും. വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവർക്ക് യാത്രാനുമതി ലഭിക്കും. ആരോഗ്യരംഗം ചില വെല്ലുവിളികൾ ഉയർത്തിയേക്കാം. ധനപരമായി സമ്മിശ്രഫലം പ്രതീക്ഷിക്കാവുന്നതാണ്.

Also Read: തുലാ, വൃശ്ചിക കൂറുകാർ ശ്രദ്ധിക്കണം, മീന മേട കൂറുകാർക്ക് അനുരാഗ സാഫല്യം

വിശാഖം:- ആദർശത്തോടുള്ള അഭിനിവേശം താൽക്കാലികമായി മാറ്റി വെക്കും. വരവുംചെലവും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വിടവകറ്റാൻ മറ്റ് വഴികളില്ലെന്നറിയും. പൊതുപ്രവർത്തനത്തിൽ വിജയം കാണും. ഉടമ്പടികളിൽ ഒപ്പുവെക്കാൻ കാലം അത്ര അനുകൂലമല്ല. മാസത്തിന്റെ രണ്ടാംപകുതിയിൽ ചില നേട്ടങ്ങളുണ്ടാവും. തൊഴിൽ തേടുന്നവർക്ക് ഉദ്യോഗത്തിൽ പ്രവേശിക്കാൻ കഴിയും. ശുഭവാർത്തകൾ കേൾക്കും.

അനിഴം:- ദീർഘകാലത്തെ പ്രണയം വിവാഹബന്ധത്തിലെത്തും. ദമ്പതികൾക്കിടയിൽ സ്നേഹം വളരും. സർക്കാർ കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ കരഗതമാവില്ല. പുതിയ പദ്ധതികൾ അൽപ്പനാളത്തേക്ക് മാറ്റിവെക്കേണ്ടിവരും. പാഴ്ചെലവുകൾ നിയന്ത്രണാതീതമാകും. പഠനം, തൊഴിൽ മുതലായവയ്ക്കായി കുടുംബത്തെ വിട്ടുനിൽക്കേണ്ടിവരും.

തൃക്കേട്ട:- ഗൃഹാന്തരീക്ഷം അൽപ്പം ശാന്തമാകും. അംഗങ്ങൾക്കിടയിലു ണ്ടായിരുന്ന കാലുഷ്യം അകലും. ഊഹക്കച്ചവടത്തിൽ വിജയിക്കും. ശത്രുക്കളുടെ തന്ത്രങ്ങളെ നിസ്സാരമായി മറികടക്കും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് ആഗ്രഹ സാഫല്യമുണ്ടാകും. ആത്മീയസാധനകൾക്ക് സമയം കണ്ടെത്തും.

മൂലം:- വേണ്ടാത്ത ചിന്തകൾ ഉറക്കം കെടുത്തും. ദുഷ്‌പ്രേരണകൾ വഴിതെറ്റിക്കാം. കടം വാങ്ങി കടം വീട്ടുന്ന പ്രവണത തുടരും. അശനശയനസൗഖ്യം, യാത്രകൾ കൊണ്ട് നേട്ടം എന്നിവ ഭവിക്കും. വിദ്യാർത്ഥികൾക്ക് ഉയർന്ന കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കാൻ കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടിവരും. പാരമ്പര്യധനം, തർക്കങ്ങളൊഴിഞ്ഞ് അനുഭവസിദ്ധമാകും.

പൂരാടം:- പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞെന്നുവരില്ല. മുൻ തീരുമാനങ്ങളിൽ നിന്നും പിൻവാങ്ങും. മക്കളുടെ കാര്യത്തിൽ പലതരം ഉൽക്കണ്ഠകൾ പെരുകും. രോഗാരിഷ്ടങ്ങൾ ഒന്ന് പിടി അയക്കാം. ക്രയവിക്രയങ്ങളിൽ അമളി പറ്റാതെ നോക്കണം. സകുടുംബ യാത്രകൾക്ക് അവസരം ഉണ്ടാകും.

ഉത്രാടം:- ചില തീരുമാനങ്ങൾ വേണ്ടായിരുന്നെന്ന് തോന്നും. പുതിയ ജോലിക്കായി ശ്രമം തുടരുന്നതായിരിക്കും. മാതൃസൗഖ്യത്തിന് ഹാനി വരാം. ഗൃഹം നവീകരിക്കാൻ ശ്രമിക്കും. കുടുംബപ്രശ്നങ്ങൾ രമ്യമായി പറഞ്ഞു തീർക്കും. കൂടുതൽ യാത്ര ചെയ്യേണ്ടി വരുന്നതാണ് . ധനോന്നതി പ്രതീക്ഷിക്കാം.

Also Read: Horoscope 2022: ശുക്രൻ ഇടവം രാശിയിൽ : ജൂൺ 18 മുതൽ ജൂലൈ 13 വരെയുള്ള സമ്പൂർണ ഫലം

തിരുവോണം:- അയൽപക്കങ്ങളുമായി മുഷിയാൻ ഇട കാണുന്നു. മാതൃസ്വത്തിന്മേൽ സഹോദരരുമായി കലഹത്തിനുള്ള സന്ദർഭം ഉദയം ചെയ്തെന്നു വരാം. വഴിയിൽ ഉപേക്ഷിച്ച പദ്ധതികൾ പുനരാരംഭിക്കും. സർക്കാരിൽ നിന്നും ലോണോ അനുമതിപത്രങ്ങളോ ലഭിക്കാം. മക്കളുടെ കാര്യത്തിൽ ഉത്കർഷത്തിന് വകയുണ്ട്. കലാപ്രവർത്തനങ്ങളിൽ പ്രശംസ/ പാരിതോഷികം സിദ്ധിച്ചേക്കാം.

അവിട്ടം:- ദിനചര്യകൾ തെറ്റും വിധം ജോലിഭാരം വർദ്ധിക്കും. സ്വന്തം പരിഷ്‌ക്കാരങ്ങൾ കുടുംബാംഗങ്ങൾ ഹൃദയപൂർവ സ്വീകരിക്കും. വീട്ടിനകത്തും അടിമുടി മാറ്റങ്ങൾ വരുത്തും. പുതുവാഹനം വാങ്ങാൻ ശ്രമിക്കുന്നതായിരി ക്കും ചെറുകിടകരാറുകാർക്ക് കാലം അനുകൂലമാണ്. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയത്തിൽ ഉപരിപഠനപ്രവേശം സാധ്യമാകും. ജീവിത ശൈലീരോഗങ്ങൾ ഉപദ്രവിച്ചേക്കാം.

ചതയം:- സൽപ്രവൃത്തികൾ ചെയ്ത് പുണ്യം സമ്പാദിക്കും. ഗൃഹനിർമ്മാണം പുരോഗമിക്കും. അസാധ്യമെന്ന് വിധിക്കപ്പെട്ട കാര്യങ്ങൾ സാഹസികമായി പൂർത്തിയാക്കും. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾക്ക് സാധ്യത യുണ്ട്. ധനവരവും ചെലവും തുല്യമായിരിക്കും. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.

പൂരുട്ടാതി:- സർക്കാർ, ബാങ്ക് മുതലായവയിൽ നിന്നും വായ്പ നേടാനുള്ള ശ്രമങ്ങൾ വിജയിക്കും. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭൂമിയിൽ നിന്നും ആദായം ഉയരും. രാഷ്ട്രീയ പ്രവർത്തകർക്ക് അനുയായികളുടെ പിന്തുണ വലിയ ആവേശമുണർത്തും. കൃത്യമായ ആസൂത്രണത്തിലൂടെ ഭാവി പരിപാടികളിലേക്ക് കടക്കും. സഹോദരന്മാർക്ക് രോഗങ്ങൾ വരാനിടയുണ്ട്.

ഉത്രട്ടാതി:- നിരുന്മേഷത നീങ്ങും. ചെറിയ ജോലിയെങ്കിലും മാസമധ്യത്തിനു ശേഷം ലഭിക്കും. അപകടങ്ങളെ കരുതിയിരിക്കണം; ജാഗ്രത കുന്നോളം വേണമെന്ന് സാരം. സഹോദരിമാരുടെ പിന്തുണ ശക്തി പകരും. വാദവിവാദങ്ങൾക്ക് മുതിരാതിരിക്കുന്നതാണ് നല്ലത്. അവിവാഹിതർക്ക്, ദാമ്പത്യപ്രവേശത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.

രേവതി:- ധനാഗമം സുഗമമല്ല. ലക്ഷ്യപ്രാപ്തിക്ക് പല കടമ്പകൾ കടക്കേണ്ടിവരും, . കിടപ്പുരോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാം. എങ്കിലും കാര്യങ്ങളുടെ നിർവഹണം, വീട്ടിലാകട്ടെ പുറത്താകട്ടെ ഏറ്റവും സന്തുലിതമായിരിക്കും. മംഗളകർമ്മങ്ങളുടെ സൂത്രധാരത്വം വഹിക്കും. മാസമധ്യത്തിനു ശേഷം സ്ഥിതി കൂടുതൽ ഭേദപ്പെടും.

Also Read: Aswathy Star Predictions June 2022: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology july 2022 nakshatraphalam predictions aswathi bharani karthika rohini makayiram thiruvathira