scorecardresearch

Latest News

Horoscope 2022: ജന്മനക്ഷത്രത്തിലൂടെ സൂര്യൻ കടന്നുപോകുമ്പോൾ ഈ നാളുകാർ ശ്രദ്ധിക്കണം

“മൂന്നാം നാളിനെ ആപത്തുണ്ടാക്കുന്ന നാളെന്നും, അഞ്ചാം നാളിനെ ശത്രുതയുണ്ടാക്കുന്ന നാളെന്നും, ഏഴാം നാളിനെ മരണതുല്യമായ ഫലങ്ങൾ ഉണ്ടാക്കുന്ന നാളെന്നുമാണ് ജ്യോതിഷം വിശകലനം ചെയ്യുന്നത്. ” പ്രശസ്ത ജ്യോതിഷ പണ്ഡിതനായ ജ്യോതിഷഭൂഷണം എസ് ശ്രീനിവാസ അയ്യർ എഴുതുന്നു

Horoscope 2022: മലയാള ഭാഷയുടെ തനിമ വഴിഞ്ഞൊഴുകുന്ന ഒരു വാക്കാണ് ‘ഞാറ്റുവേല’ എന്നത്. നാമെല്ലാം ആ വാക്ക് കേട്ടിട്ടുണ്ട്. എന്നാൽ നമ്മിൽ എത്രപേർ ആ വാക്കിന്റെ അർത്ഥവും ആശയവും അറിയുന്നവരായുണ്ട്?

“ഞായറിന്റെ വേല” എന്നതാണ് ഞാറ്റുവേലയായത്. ഞായർ എന്നാൽ സംശയിക്കേണ്ട, സൂര്യൻ (Sun) തന്നെ. ഞായറിന്റെ ആഴ്ചയെ Sunday ആയി നാം മനസ്സിലാക്കുന്നുണ്ടല്ലോ? വേല എന്നാൽ ദൈർഘ്യം, കാലാവധി, പരിധി എന്നെല്ലാമാണ് അർത്ഥം, ചിലയിടത്ത് ‘ഞാറ്റുതല’ എന്ന വാക്കുമുണ്ട്, ബദലായി.

നക്ഷത്രങ്ങൾ 27 എണ്ണമാണ്. കൂടുതൽ നല്ലവാക്ക് ‘നക്ഷത്രമണ്ഡലം’ എന്നാണെന്ന് ആചാര്യന്മാർ വ്യക്തമാക്കുന്നു. രാശിചക്രത്തിന്റെ വ്യാപ്തി 360 ഡിഗ്രിയാണ്. അതിൽ 27 നക്ഷത്രമണ്ഡലങ്ങളടങ്ങുന്നുണ്ട്. മേടം രാശിയുടെ പൂജ്യം ഡിഗ്രിയിൽ തുടങ്ങി മീനം രാശിയുടെ 30 ഡിഗ്രി വരെയാണ് 360 ഡിഗ്രിയുടെ ദൈർഘ്യം.

ആദിത്യൻ അഥവാ സൂര്യൻ മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് രാശികളെയും അവയ്ക്കുളളിലെ 27 നക്ഷത്രമണ്ഡലങ്ങളേയും ചുറ്റി വരുമ്പോൾ ഒരു വർഷം പൂർത്തിയാവുന്നു. 30 ദിവസം കൊണ്ട് സൂര്യൻ ഓരോ രാശിയെയും കടക്കും. അപ്പോൾ ഓരോ നക്ഷത്രമണ്ഡലത്തെ കടക്കാൻ സൂര്യൻ എത്ര ദിവസം എടുക്കുന്നു? എന്ന ചോദ്യം സ്വാഭാവികമാണ്.

സൂര്യന് ഒരു നക്ഷത്രത്തെ/ ഒരു നക്ഷത്രമണ്ഡലത്തെ കടക്കാൻ വേണ്ടിവരുന്ന സമയത്തെയാണ് ‘ഞാറ്റുവേല’ എന്നുപറയുന്നത്. അശ്വതി ഞാറ്റുവേല എന്നാൽ സൂര്യൻ അശ്വതി നക്ഷത്രമണ്ഡലത്തിൽ സഞ്ചരിക്കുന്ന കാലം എന്നർത്ഥം. ഭരണി ഞാറ്റുവേല എന്നാൽ സൂര്യൻ ഭരണി നക്ഷത്രമണ്ഡലത്തിലൂടെ സഞ്ചരിക്കുന്ന കാലം എന്നർത്ഥം. മേടം രാശിയുടെ പൂജ്യം ഡിഗ്രിയിൽ ആദ്യ നക്ഷത്രമണ്ഡലമായ അശ്വതി നക്ഷത്രമണ്ഡലം തുടങ്ങുന്നു. ആകെയുള്ള 360 ഡിഗ്രിയെ 27 നക്ഷത്രങ്ങൾക്ക് തുല്യമായി വിഭജിച്ചിരിക്കുകയാണ്.

13 ഡിഗ്രിയും 20 മിനിറ്റും (14-ാം ഡിഗ്രിയുടെ മൂന്നിലൊന്ന് ഭാഗം) ആണ് ഓരോ നക്ഷത്രമണ്ഡലത്തിനും ലഭിക്കുക. ആദ്യം സൂര്യൻ സഞ്ചരിക്കുക അശ്വതി നക്ഷത്രമണ്ഡലത്തിലൂടെയാവും. (ആ ദിവസങ്ങൾ അശ്വതി ഞാറ്റുവേല എന്നറിയപ്പെടുന്നു).

മേടം 13/14 ദിവസമാകുമ്പോൾ ആദ്യത്തേതായ അശ്വതി നക്ഷത്രമണ്ഡലം അവസാനിക്കുന്നു. ഒപ്പം തന്നെ രണ്ടാമത്തേതായ ഭരണി നക്ഷത്രമണ്ഡലത്തിൽ സൂര്യൻ പ്രവേശിക്കുന്നു. (അത് ഭരണി ഞാറ്റുവേലക്കാലം എന്നറിയപ്പെടുന്നു) മേടം 27-28 തീയതികളാവുമ്പോൾ കാർത്തികയിലേക്ക് കടക്കും സൂര്യൻ. (അത് കാർത്തിക ഞാറ്റുവേലക്കാലം എന്നറിയപ്പെടുന്നു) ഇടവം 11-ാം തീയതിയിൽ രോഹിണി നക്ഷത്രമണ്ഡലത്തിലേക്ക് സൂര്യൻ പ്രവേശിക്കുന്നു. (അത് രോഹിണി ഞാറ്റുവേലക്കാലം എന്നറിയപ്പെടുന്നു).

തൊട്ടടുത്ത ദിവസങ്ങളിൽ വരാൻ പോകുന്ന ഏതാനും ചില ഞാറ്റുവേലകളുടെ തീയതി ചുവടെയുണ്ട്:

  1. മേയ് 25 മുതൽ ജൂൺ 8 വരെ: സൂര്യൻ രോഹിണി നക്ഷത്രമണ്ഡലത്തിൽ
    (രോഹിണി ഞാറ്റുവേല)
  2. ജൂൺ 8 മുതൽ
    ജൂൺ 22 വരെ സൂര്യൻ മകയിരം നക്ഷത്രമണ്ഡലത്തിൽ. (മകയിരം ഞാറ്റുവേല)
  3. ജൂൺ 22 മുതൽ ജൂലൈ 6 വരെ സൂര്യൻ തിരുവാതിര നക്ഷത്രമണ്ഡലത്തിൽ (തിരുവാതിര ഞാറ്റുവേല).
  4. ജൂലൈ 6 മുതൽ ജൂലൈ 20 വരെ സൂര്യൻ പുണർതം നക്ഷത്രമണ്ഡലത്തിൽ (പുണർതം ഞാറ്റുവേല).
  5. ജൂലൈ 20 മുതൽ ആഗസ്റ്റ് 3 വരെ സൂര്യൻ പൂയം നക്ഷത്രമണ്ഡലത്തിൽ. ( പൂയം ഞാറ്റുവേല).

കേരളത്തിന്റെ ഭൂമിശാസ്ത്രത്തിന്റെ, ഭൂപ്രകൃതിയുടെ, കാർഷിക സംസ്കാരത്തിന്റെ എല്ലാം ആണിക്കല്ലാണ് ഞാറ്റുവേലകൾ. പാടം ഉഴാനും കാളക്കഴുത്തിൽ നുകം വെക്കാനും മണ്ണറിഞ്ഞും മഴയറിഞ്ഞും വിത്തിടാനും ഞാറുനടാനും കൊയ്യാനും എല്ലാം ഞാറ്റുവേലകളെ ആശ്രയിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. നെല്ലാണോ, എള്ളാണോ മറ്റ് ഇടവിളകളാണോ, ഒരുപ്പൂവാണോ ഇരുപ്പൂവാണോ എന്നെല്ലാം നിശ്ചയിച്ചിരുന്നത് ഞാറ്റുവേലകളെ മുൻനിർത്തിയിട്ടായിരുന്നു. ഓരോ കർഷകനും ഉള്ളിൽ അച്ചടിക്കാത്ത ഒരു ‘ഞാറ്റുവേലക്കലണ്ടർ’ സൂക്ഷിച്ചിരുന്നു. ആ കാർഷിക കേരളം ഇന്ന് ഇല്ലാതായിരിക്കുന്നു. സ്വാഭാവികമായും ഞാറ്റുവേലകളുടെ പ്രസക്തി സാധാരണക്കാർ മറക്കുകയും ചെയ്തു.

കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം (സൗത്ത് വെസ്റ്റ് മൺസൂൺ) കാൽച്ചിലമ്പണിഞ്ഞ് പതിഞ്ഞ മട്ടിൽ നൃത്തം ആരംഭിക്കുന്നത് രോഹിണി ഞാറ്റുവേല തുടങ്ങുന്നതോടെയാണ്. അപ്പോൾ ഏതാണ്ട് ഇടവമാസം പത്താം തീയതി കഴിയുന്നു. കേരളത്തിലെ ക്ഷേത്രോത്സവങ്ങൾ അക്കാലമാവുമ്പോഴേക്കും അവസാനിച്ചിരിക്കും. തുറന്ന വേദികളിൽ നടക്കുന്ന ദൈവകലയായ ഉത്തരകേരളത്തിലെ തെയ്യം ഇടവം 10 മുതൽ തുലാം 10 വരെ ആറുമാസം അണിയറയിലേക്ക് പിൻവാങ്ങുന്നു.

രോഹിണി ഞാറ്റുവേല പടരുന്നതോടെ ‘ഇടവപ്പാതിയായി.’ കേരളത്തിന്റെ മഴക്കാലത്തിന്റെ ഗണപതിക്കുറിയാണത്. ഇടവപ്പാതി കഴിഞ്ഞാൽ പിന്നെ “കുട കൂടാതെ നടക്കരുതാരും” എന്ന കവിതാശകലം മഴ മുന്നറിയിപ്പാണ്.

“മകയിരം ഞാറ്റുവേല മതിവരാതെ,” “തിരുവാതിര ഞാറ്റുവേല തിരി മുറിയാതെ,” ” പുണർതം ഞാറ്റുവേല പെയ്തൊഴിയാതെ” തുടങ്ങിയ ചൊല്ലുകളിൽ മഴയുടെ മഹാനൃത്തം വ്യക്തമായി വിന്യസിക്കപ്പെടുന്നുണ്ട്. രോഹിണിയിൽ തുടങ്ങി പൂയം വരെയുള്ള അഞ്ച് ഞാറ്റുവേലകളാണ് (5 ഞാറ്റുവേലകൾ X 14 ദിവസം = 70 ദിവസം, മേയ് 25 മുതൽ ആഗസ്റ്റ് 3 വരെ) തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ, അഥവാ ഇടവപ്പാതിയുടെ സജീവകാലം.

ഞാറ്റുവേല പ്രയോഗം കേരളത്തിൽ വളരെ പ്രചാരമുള്ള ഒന്നാണ്. കോഴിക്കോട് സാമൂതിരിയുമായി ബന്ധപ്പെട്ടാണ് ആ പ്രയോഗം പ്രചരിച്ചിട്ടുള്ളത്. പണ്ട് കുരുമുളകിന്റെ തിരികൾ (വള്ളികൾ) വെള്ളക്കാർ (പോർച്ചുഗീസകാർ) കപ്പലിൽ യൂറോപ്പിലേക്ക് കടത്തുന്നതു കണ്ട നാട്ടുകാർ സാമൂതിരിയോട് ആവലാതി പറഞ്ഞു. അവരുടെ ആശങ്ക കേട്ട സാമൂതിരി മറുപടി പറഞ്ഞുവത്രെ “അവർക്ക് കുരുമുളകിന്റെ തിരിയല്ലേ കൊണ്ടുപോകാനാകൂ, തിരുവാതിര ഞാറ്റുവേല കൊണ്ടു പോകാനാവില്ലല്ലോ?” എന്നാണ് പ്രചാരത്തിലുള്ള കഥ.

സാമൂതിരിയുടെ ആ മറുപടിയിൽ ഞാറ്റുവേലകളും അവയിൽ ലഭിക്കുന്ന മഴയും മലയാളനാട്ടിലെ കൃഷിയെ എവ്വിധം സമ്പുഷ്ടമാക്കിയിരുന്നു വെന്നുള്ള ഉത്തരമുണ്ട്.

ഞാറ്റുവേല ഭാവി പ്രവചനത്തിനും പ്രയോജനപ്പെടും. ഏതു ഞാറ്റുവേലയാണോ നടക്കുന്നത് ആ പേരിലുള്ള നാളുകാർക്ക് അക്കാലം, ആ പത്തുപതിന്നാലു ദിവസം, വൈഷമ്യങ്ങളുടേതാവും. കാർത്തിക ഞാറ്റുവേല നടക്കുമ്പോൾ കാർത്തിക നാളുകാർക്ക് ദേഹസൗഖ്യം കുറയും. തലവേദന, ഹൃദയത്തിന് അസ്വാസ്ഥ്യം, പിതാവിന് നല്ലതല്ലാത്ത അനുഭവങ്ങൾ എന്നിവയുണ്ടാവാനിടയുണ്ട്. ഞാറ്റുവേല നടക്കുന്ന നക്ഷത്രം 3,5,7 നാളുകൾ ആയി വരുന്നവർക്കും അനുകൂലമല്ലാത്ത കാലമായിരിക്കും. ഉദാഹരണം ഇങ്ങനെ:

രോഹിണി ഞാറ്റുവേല നടക്കുന്ന രണ്ടാഴ്ചക്കാലം രോഹിണി നാളുകാർക്ക് പ്രതികൂലമായിരിക്കും. കൂടാതെ ഭരണിനാളുകാർക്കും (ഭരണിയുടെ മൂന്നാം നാളാണ് രോഹിണി), രേവതി നാളുകാർക്കും (രേവതിയുടെ അഞ്ചാം നാളാണ് രോഹിണി), പൂരുട്ടാതി നാളുകാർക്കും (പൂരുട്ടാതിയുടെ ഏഴാം നാളാണ് രോഹിണി), അക്കാലം പലതരം പ്രതിസന്ധികൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കും.

മൂന്നാം നാളിനെ ആപത്തുണ്ടാക്കുന്ന നാളെന്നും, അഞ്ചാം നാളിനെ ശത്രുതയുണ്ടാക്കുന്ന നാളെന്നും, ഏഴാം നാളിനെ മരണതുല്യമായ ഫലങ്ങൾ ഉണ്ടാക്കുന്ന നാളെന്നുമാണ് ജ്യോതിഷം വിശകലനം ചെയ്യുന്നത്.

ഗ്രഹങ്ങളുടെ സ്വഭാവകൽപ്പനയിൽ സൂര്യൻ ഒരു പാപഗ്രഹമാണ്. (അശുഭഗ്രഹം) ഒരു പാപഗ്രഹം / അശുഭഗ്രഹം തന്റെ ജന്മനക്ഷത്രത്തിലൂടെയോ, ജന്മനക്ഷത്രത്തിന്റെ 3, 5, 7 നക്ഷത്രങ്ങളിലൂടെയോ കടന്നുപോവുമ്പോൾ ദുരിതങ്ങൾ ക്ഷണിക്കാതെ തന്നെ കടന്നുവരുമെന്നാണ് പ്രമാണം.

Read More:

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology importance of njattuvela south west monsoons