scorecardresearch

Horoscope April 2022: ഇനി വരുന്നത്, പന്ത്രണ്ട് കൂറിൽ ജനിച്ചവർക്കും നില മെച്ചപ്പെടുന്ന കാലം

ഓരോ രാശിയിലും ഓരോ കൊല്ലം എന്നതാണ് വ്യാഴത്തിന്റെ സഞ്ചാരക്രമം. പന്ത്രണ്ടുവർഷം കൊണ്ട് പന്ത്രണ്ടു രാശികൾ ചുറ്റിവരുന്നു. ഇതിനെ നാം ‘വ്യാഴവട്ടം’ എന്നു വിളിക്കുന്നു. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ വ്യാഴന്റെ രാശിമാറ്റം സുപ്രധാനമാണ്

Horoscope April 2022: ഇനി വരുന്നത്, പന്ത്രണ്ട് കൂറിൽ ജനിച്ചവർക്കും നില മെച്ചപ്പെടുന്ന കാലം

Horoscope April 2022: ജ്യോതിഷം ‘ഗുരു’ എന്ന് ബഹുമാനപൂർവ്വം വിളിക്കുന്ന ഗ്രഹമാണ് വ്യാഴം. ദേവന്മാരുടെ ഗുരുവാണ് ; ഈശ്വരന്മാരുടെ മനസ്സാക്ഷി സൂക്ഷിപ്പകാരനായ ഗ്രഹമാണ്. ഗ്രഹനിലയിൽ ‘ ഗു’ എന്ന അക്ഷരം ഗുരുവിനെ കുറിക്കുന്നു. ജീവൻ, ബൃഹസ്പതി, ആഢ്യൻ, അമരഗുരു തുടങ്ങിയ പേരുകളുണ്ട്. മലയാളത്തിൽ ‘വ്യാഴം’ എന്ന പേരിനാണു പ്രശസ്തി.

ഓരോ രാശിയിലും ഓരോ കൊല്ലം എന്നതാണ് വ്യാഴത്തിന്റെ സഞ്ചാരക്രമം. പന്ത്രണ്ടുവർഷം കൊണ്ട് പന്ത്രണ്ടു രാശികൾ ചുറ്റിവരുന്നു. ഇതിനെ നാം ‘വ്യാഴവട്ടം’ എന്നു വിളിക്കുന്നു. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ വ്യാഴന്റെ രാശിമാറ്റം സുപ്രധാനമാണ്. അവന്റെ ജന്മരാശിയെ മുൻനിർത്തി വ്യാഴം കടന്നുപോകുന്നു എന്നതിനെ ആധാരമാക്കി ഫലം പറയുന്നു.

ജന്മരാശിയുടെ 2, 5, 7, 9, 11 എന്നീ അഞ്ചു രാശികളിലൂടെ വ്യാഴം സഞ്ചരിക്കുന്ന ഒരു കൊല്ലക്കാലം ആ വ്യക്തിക്ക് പല പ്രകാരേണയുള്ള ക്ഷേമവും ഐശ്വര്യവും നേട്ടങ്ങളും വന്നെത്തുന്നു. ജന്മരാശിയിലും 3, 4, 6, 8, 10, 12 എന്നീ രാശികളിലും വ്യാഴം സഞ്ചരിക്കുന്ന കാലം അത്രമേൽ ശുഭകരവും ഗുണപ്രദവുമാവുകയില്ല ഇതിൽ 4,10 എന്നീ രണ്ടു രാശികളിൽ ദോഷ ശക്തികുറയും. സമ്മിശ്രമായ ഫലങ്ങൾ വന്നുചേരുകയും ചെയ്യും.

1197 മീനം 30 ന്, 2022 ഏപ്രിൽ 13ന് ബുധനാഴ്ച വ്യാഴം കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് സംക്രമിക്കുന്നു. അടുത്ത ഒരാണ്ട് വ്യാഴം മീനത്തിലാണ്. 2023 ഏപ്രിൽ വരെ. മീനം രാശിയുടെ സവിശേഷത അത് വ്യാഴത്തിന്റെ സ്വന്തം രാശിയാണ് എന്നതാണ്.

സാങ്കേതിക ഭാഷയിൽ വ്യാഴത്തിന്റെ സ്വക്ഷേത്രം. ഏതു ഗ്രഹവും തന്റെ വീട്ടിൽ, ബലവാനാണ്. ഗുണദാതാവാണ്. നന്മ ചെയ്യാനും സൽഫലങ്ങൾ സൃഷ്ടിക്കാനും ഉള്ള വ്യാഴത്തിന്റെ സ്വാഭാവിക ശക്തി മീനം രാശിയിൽ സ്ഥിതി ചെയ്യുമ്പോൾ ഇരട്ടിക്കുന്നു. ദൈവതുല്യനായ ഗ്രഹമാണ് വ്യാഴം എന്ന് മുൻപ് സൂചിപ്പിച്ചു. ദൈവബലം ഉള്ളപ്പോൾ തിന്മകളുടെ രാത്രി, ദോഷങ്ങളുടെ ഘോഷയാത്ര, പ്രയാസങ്ങളുടെ വേലിയേറ്റം അവസാനിക്കുക സ്വഭാവികമാണ്. ആകയാൽ ഏതെങ്കിലും നാലോ അഞ്ചോ രാശിക്കാർക്ക് മാത്രമല്ല, പന്ത്രണ്ട് കൂറുകളിലും ജനിച്ചവർക്ക് ഇനി നില മെച്ചപ്പെടുന്ന ദിവസങ്ങളാണ് പിറക്കാൻ പോകുന്നത്…

Read More:

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക കാൽ)

വ്യാഴത്തിന്റെ മാറ്റം പന്ത്രണ്ടാം രാശിയിലേക്കാണ്. സമ്മിശ്രമായ ഫലങ്ങളാവും. സജ്ജനങ്ങളുടെ സഹകരണം വലിയ പിൻതുണ നൽകും. നേർ വഴിയിലൂടെ പ്രവർത്തിച്ച് ധനവരവ് ഉയർത്തും. മക്കളുടെ പഠനം, വിവാഹം, ഗൃഹനിർമ്മാണം, തീർത്ഥാടനം പോലുള്ള നല്ല കാര്യങ്ങൾക്കായി ധനം ചെലവഴിക്കും. വിദേശത്ത് പോകാൻ ഒരുങ്ങുന്നവർക്ക് ആഗ്രഹസാഫല്യം വരും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. ആരോഗ്യത്തിൽ ജാഗ്രത വേണം.

ഇടവക്കൂറ് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിര്യം 1, 2 പാദങ്ങൾ)
വ്യാഴം പതിനൊന്നിലേക്ക് വരുകയാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കിട്ടാക്കടങ്ങൾ മടക്കിക്കിട്ടും. ശുഭകർമ്മങ്ങൾ ചെയ്ത് നാട്ടുകാരുടെ പ്രീതി നേടും. തൊഴിൽ തേടുന്നവർക്ക് പുതിയ തൊഴിലിൽ പ്രവേശിക്കാനാവും. പ്രണയസാഫല്യം ഭവിക്കും. അവിവാഹിതർക്ക് ദാമ്പത്യപ്രവേശം ഉണ്ടാകും. ഗൃഹത്തിൽ മംഗളകാര്യങ്ങൾ നടക്കുന്നതായിരിക്കും. വിദേശത്തു പോകാനാവും.

മിഥുനക്കൂറ് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)

ഗുരു നിങ്ങളുടെ കൂറിന്റെ പത്താമെടത്തിലേക്ക് എത്തുന്നു. തൊഴിലിൽ ചില അശാന്തികൾ വരാം. വിദേശക്കമ്പനികളുമായി കരാർ ഒപ്പിടും. വായ്പകൾ കാലതാമസത്തോടെയാണെങ്കിലും കൈവശം വന്നെത്തും. മുതിർന്ന സഹോദരരുമായുള്ള ബന്ധം ഊഷ്മളമാവും. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് വൈദ്യസഹായം വേണ്ടി വന്നേക്കാം. രാഷ്ട്രീയ പ്രവർത്തകർക്ക് അപവാദങ്ങളെ നേരിടേണ്ടതായ സാഹചര്യം വരാം.

കർക്കടകക്കൂറ് (പുണർതം നാലാം പാദം, പൂയം, ആയില്യം)

വ്യാഴം ഒമ്പതിലേക്ക് പകരുകയാണ്. ജീവിതത്തിലെ നല്ല വർഷങ്ങളിൽ ഒന്നാവും, ഇത്. ഭാഗ്യക്കേട് മാറും. ചെയ്യുന്ന തൊഴിൽ വിജയത്തിലെത്തും. പിതൃജനങ്ങൾക്ക് രോഗദുരിതം കുറയുവാനിടയുണ്ട്. ഗൃഹത്തിലെ അന്തച്ഛിദ്രം മാറാം. ബന്ധുസമാഗമം സന്തോഷം പകരും. സാമ്പത്തിക മുന്നേറ്റമുണ്ടാകും. കരാറുകളിൽ നേട്ടമുണ്ടാക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)

വ്യാഴം മാറുന്നത് അനിഷ്ടസ്ഥാനമായ അഷ്ടമത്തിലേക്കാണ്. കാര്യങ്ങൾ അല്പം മന്ദഗതിയിലാവാം. ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കാനായില്ലെന്ന് വരാം. വൈദ്യപരിശോധനയിൽ അലംഭാവമരുത്. യാത്രകളിൽ കൂടുതൽ കരുതൽ വേണം. സന്താനങ്ങളുടെ മേൽ ശ്രദ്ധയുണ്ടാവണം. കരാർ പണിയിലും ചെറുകിട തൊഴിലിലും വഴി നടന്നുളള കച്ചവടത്തിലുമൊക്കെ ഏർപ്പെട്ടിരിക്കുന്നവർക്ക് ആദായം വർദ്ധിക്കുന്നതായിരിക്കും. വ്യവഹാരത്തിന്റെ അന്തിമഫലത്തിന് കൂടുതൽ കാത്തിരിക്കേണ്ടിവരും.

കന്നിക്കൂറ് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)

വ്യാഴം ഏഴാമെടത്തിലേക്ക് വരികയാണ്. പ്രണയികൾക്ക് സന്തോഷിക്കാനുളള വർഷമാണ്. ദമ്പതികളുടെ ബന്ധം കൂടുതൽ ദൃഢമാവും. ഗൃഹത്തിൽ വിവാഹാദി മംഗളകർമ്മങ്ങൾ നടക്കാം. യാത്രകൾ പ്രയോജനപ്പെടും. പ്രത്യേകിച്ചും വിദേശയാത്രകൾ. നീണ്ടകാലത്തെ അഭിലാഷങ്ങൾ നിറവേറും. വീട് പുതുക്കുക / വാഹനം വാങ്ങുക എന്നിവ ശക്തമായ സാധ്യതകളാണ്. സാമ്പത്തിക രംഗത്ത് കരുതൽ വേണം.

തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3 പാദങ്ങൾ)

വ്യാഴമാറ്റം ആറിലേക്കാണ്. പലനിലയ്ക്കുള്ള സമ്മർദ്ദങ്ങളെ അതിജീവിക്കേണ്ടതായി വരും. ശത്രുക്കളുടെ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ് മറുതന്ത്രങ്ങൾ മെനയും. സാമ്പത്തികമായി മെച്ചമായിരിക്കില്ല. കടബാധ്യതകൾ ഉണ്ടായേക്കും. കൂടപ്പിറപ്പുകൾ കൈവിടില്ല. കൃത്യമായ വൈദ്യപരിശോധന വേണ്ടതുണ്ട്. ഉദ്യോഗാർത്ഥികൾക്ക് അല്പം, കാത്തിരിക്കേണ്ടതായി വരാം. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചേക്കും.

വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

വ്യാഴം വരുന്നത് ശുഭഭാവമായ അഞ്ചാമെടത്തിലേക്കാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർ വലിയ നേട്ടങ്ങൾ ഉണ്ടാക്കും. അവരുടെ ഭാവന സർഗാത്മകമാവും. കുടുംബപ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ കഴിയും. വിദ്യാഭ്യാസത്തിൽ ഉയർച്ച, നല്ല തൊഴിൽ, പ്രണയസാഫല്യം, ദാമ്പത്യം, സന്താനജന്മം എന്നിവ ചില ശുഭസാധ്യതകളാണ്. അന്യനാട്ടിൽ നിന്നും ആദരം ലഭിക്കുവാനും യോഗം കാണുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം കാൽ)

വ്യാഴപ്പകർച്ച നാലാം രാശിയിലേക്കാണ്. മനസ്സിലെ വിഷാദങ്ങളും ആകുലതകളും അകലും. ദൃഢസൗഹൃദങ്ങൾ ഭവിക്കും. വീട് പുതുക്കാനോ, പുതുവീട് വാങ്ങാനോ സാഹചര്യമുണ്ടാകും. വാഹനയോഗവും കാണുന്നു. ക്ഷേത്ര / തീർത്ഥ യാത്രകൾക്കും സാധ്യതയുണ്ട്. വിദേശജോലി പ്രതീക്ഷിക്കുന്നവർക്ക് അതിനവസരം കിട്ടുന്നതാണ്.

മകരക്കൂറ് (ഉത്രാടം 2, 3, 4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)

മൂന്നാം രാശിയിൽ വ്യാഴം പ്രവേശിക്കുന്നു. “മൂന്നിലെ വ്യാഴം മുറവിളി കൂട്ടും ” എന്നാണ് ചൊല്ല്. ചില വിപരീത സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരാം. നന്മതിന്മകളെക്കുറിച്ചുള്ള വിവേകം ചഞ്ചലപ്പെടാം. ധനപരമായി അത്ര മോശം കാലമല്ല. കുടുംബജീവിതം നേരെയാവാൻ ഏറെ പണിപ്പെടേണ്ടി വന്നേക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. സഹായികൾ, സഹോദരർ എന്നിവരുടെ പിന്തുണ ലഭിക്കും. പ്രണയികൾക്കും വിവാഹം ആഗ്രഹിക്കുന്നവർക്കും ക്ഷമാപൂർവ്വമായ കാത്തിരിപ്പ് വേണ്ടിവരും.

കുംഭക്കൂറ് (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1, 2, 3 പാദങ്ങൾ)

വ്യാഴമാറ്റം രണ്ടാമെടത്തേക്കാണ്. വിദ്യാർത്ഥികൾ ഉജ്ജ്വലവിജയം കരസ്ഥമാക്കും. ആശിച്ച വിഷയങ്ങളിൽ ഉപരിപഠനം സാധ്യമാകും. ഗ്രന്ഥകാരന്മാരും കലാരംഗത്തുള്ളവരും ആസ്വാദകരുടെ പ്രശംസ നേടും. നല്ല വാക്കുകൾ പറയാനും സൽക്കർമ്മങ്ങൾ ചെയ്യാനും അവസരം ലഭിക്കുന്നതാണ്. കുടുംബജീവിതം ക്ഷേമൈശ്വര്യപൂർണമാകും. കിടപ്പുരോഗികൾക്ക് ആശ്വാസം കിട്ടും. ധനപരമായി ഉയർച്ചയുണ്ടാകുന്ന വർഷം കൂടിയാണ്.

മീനക്കൂറ് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

ജന്മവ്യാഴമാണ്. ലക്ഷ്യത്തിലെത്താൻ കൂടുതൽ പ്രയത്നം ആവശ്യമായി വരും. അന്യനാട്ടിലേക്ക് ജോലിമാറ്റത്തിന് സാധ്യതയുണ്ട്. കൂട്ടുകച്ചവടത്തിൽ പ്രശ്നങ്ങൾ ഉദയംചെയ്തേക്കാം. ആസൂത്രണം നടത്തിയ കാര്യങ്ങൾ പ്രവർത്തിപഥത്തിലെത്തിക്കാൻ ഊർജ്ജവും സമയവും ഒഴുക്കേണ്ടിവരും. വിവാഹതടസ്സം നീങ്ങാം. ദാമ്പത്യത്തിൽ ഊഷ്മളത പുലരാം. വസ്തുവോ സ്വർണമോ പണയപ്പെടുത്താനുള്ള സാഹചര്യമുണ്ട്. ആരോഗ്യപരിശോധനയിൽ വീഴ്ച വരുത്തരുത്. നിത്യവരുമാനം കൊണ്ട് ജീവിക്കുന്നവർക്ക് അന്നം മുട്ടില്ല.

Read More: Weekly Horoscope (April 10 – April 16, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology changing position of jupiter vyazham raashi maarunnu

Best of Express