scorecardresearch

Horoscope 2022 Midhunam Month: അറിയാം, മിഥുന മാസത്തിലെ ഗ്രഹസ്ഥിതി

മലയാള മാസങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതാണ് മിഥുനം. ഈ മാസത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ സമ്പൂർണ്ണ ഫലം വായിക്കാം. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ജ്യോതിഷഭൂഷണം എസ് ശ്രീനിവാസ അയ്യർ എഴുതുന്നു

horoscope, horoscope 2022, mithunam month raise plan, monthly horoscope, horoscope, lunar year, മിഥുന മാസം നിങ്ങൾക്കെങ്ങനെ, June 2022, June horoscope, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope 2022 Mithunam Month Rasi Palan: 1197 മിഥുന മാസത്തിലെ ഗ്രഹസ്ഥിതി നോക്കാം. ശനി മിഥുനം 28 വരെ കുംഭത്തിൽ, അതിനുശേഷം മകരത്തിൽ വക്രസഞ്ചാരം. വ്യാഴം മീനത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും തന്നെയാണ്. ചൊവ്വ മിഥുനം 13 ന് മീനത്തിൽ നിന്നും മേടത്തിലേക്ക് പകരും. ബുധൻ മാസം പകുതിക്ക് ശേഷം ഇടവത്തിൽ നിന്നും മിഥുനത്തിലേക്കും മാസാന്ത്യത്തിൽ കർക്കടകത്തിലേക്കും സംക്രമിക്കുന്നു.

ശുക്രൻ മിഥുനം നാലിന് മേടത്തിൽ നിന്നും ഇടവത്തിലേക്കും ഒടുവിൽ മിഥുനത്തിലേക്കും പകരുന്നു. മിഥുനം ഒന്നിന് ചന്ദ്രൻ മൂലം നാളിലാണ്. മിഥുനം 32 ന് ഒരു വട്ടം രാശിചക്രം ചുറ്റി അവിട്ടത്തിലുമാണ്. മിഥുനം ഒന്നിന് ഉച്ചയ്ക്കാണ് മിഥുനരവിസംക്രമം. 32 ന് രാത്രി കർക്കടകസംക്രമവും.

ഈ ഗ്രഹസ്ഥിതി എങ്ങനെയാണ് അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരെ സ്വാധീനിക്കുന്നതെന്ന് നോക്കാം. മലയാള മാസങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതാണ് (32 ദിവസം) എന്ന പ്രത്യേകതയുമുണ്ട് മിഥുനത്തിന്.

അശ്വതി: യാത്രകളും വീട്ടിൽ നിന്നും അകന്നുള്ള ജീവിതവും അലച്ചിലും തുടരും. തീരുമാനം കിട്ടാതെ കിടന്ന ചില കാര്യങ്ങളുടെ കുരുക്കഴിയാം. കുടുംബബന്ധങ്ങൾ ഊഷ്മളമാക്കാൻ ശ്രമിക്കും. മനസ്സിൽ കയ്പ് തോന്നിയാലും മധുരം പുരട്ടി സംസാരിക്കും. ആരോഗ്യകാര്യത്തിൽ അലംഭാവമരുത്. ധനപരമായി ചെലവിനുതന്നെയാണ് മുൻതൂക്കം.

ഭരണി: വീട്ടിലും തൊഴിലിടത്തിലും സ്വസ്ഥതയുണ്ടാകും. ബന്ധുക്കളും സുഹൃത്തുക്കളുമായി സ്നേഹസമാഗമം ഭവിക്കും. വിനോദത്തിന് നേരം നീക്കിവെക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ആശിച്ച പോല അവസരം ലഭിച്ചേക്കും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തകൾ വന്നെത്തും. സജ്ജനങ്ങൾ പിന്തുണക്കുന്നുവെന്നത് സന്തോഷത്തിനിട നൽകും.

കാർത്തിക: കർമ്മരംഗത്ത് സജീവമാകും. എന്നാൽ ഉദ്യോഗക്കയറ്റം, ശമ്പളവർദ്ധന എന്നിവ ഇപ്പോൾ പ്രതീക്ഷിക്കേണ്ടതില്ല. നല്ലകാര്യങ്ങൾക്ക്- മക്കളുടെ പഠനം, മാതാപിതാക്കൾക്ക് നൽകാൻ വേണ്ടി- പണം ചെലവാകും. വിവാഹപരിശ്രമത്തിൽ വിജയിക്കാം. മനസ്സ് വെറുതേ അശാന്തമാവും. ധ്യാനവും യോഗയും മറ്റും പരിശീലിക്കേണ്ട സന്ദർഭമാണ്.

രോഹിണി: ശുഭഗ്രഹങ്ങൾ ജന്മരാശിയിൽ വരുന്നതു മൂലം ശുഭകാര്യങ്ങൾ നടക്കാം. കുടുംബഭദ്രതയുണ്ടാവും. വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യും. നന്നായി വിഷയം അവതരിപ്പിച്ച് ഓഫീസിൽ സഹപ്രവർത്തകരുടെ കൈയ്യടി നേടും. ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യും. ആറിലെ കേതു സ്ഥിതി മൂലം വിലകൂടിയവസ്തുക്കൾ കളവ് പോകാം.

മകയിരം: പ്രതീക്ഷകൾ വാനോളമുയരും. ക്രയവിക്രയങ്ങളിൽ വിജയിക്കാം . പന്ത്രണ്ടിലെ ചൊവ്വ-രാഹു സ്ഥിതി മൂലം വീടുവിട്ടു നിൽക്കേണ്ടിവരാം. വാഹനം, ആയുധം, വൈദ്യുതി, അഗ്നി ഇവ ജാഗ്രതയോടെ കെകാര്യം ചെയ്യണം. സമൂഹത്തിന്റെ ആദരവ് നേടും. ചികിത്സയ്ക്കും മരുന്നിനും പണച്ചെലവ് വരുന്നതായിരിക്കും.

തിരുവാതിര: തൊഴിലിടത്തിൽ ശാന്തതയുണ്ടാവും. വിദ്യാർത്ഥികൾ പഠനമികവ് പുലർത്തും. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നതാണ്. കലാപ്രവർത്തനം വിജയകിരീടം ചൂടും. ശത്രുക്കളുടെ നീക്കങ്ങൾ മനോവിഷമമുണ്ടാക്കും. കൂട്ടുകച്ചവടത്തിൽ വിജയം വരിക്കും. കുടുംബത്തോടൊപ്പം ക്ഷേത്രാടനത്തിന് തിരിക്കും.

പുണർതം: ദീർഘയാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. ഊഹക്കച്ചവടം ലാഭകരമാവും. വളഞ്ഞവഴികളിലൂടെ ധനം വന്നുചേരും. സർക്കാർ കാര്യങ്ങളിൽ ആശങ്കയകലും. ഉൽക്കണ്ഠകൾ മക്കളെക്കുറിച്ചായിരിക്കും. ആരോഗ്യം സമ്മിശ്രമായിരിക്കും. ധാരാളം ചിന്തിച്ചു കൂട്ടും. എല്ലാ ആലോചനകളും പ്രവർത്തി പഥത്തിലെത്തിക്കാനാവില്ലെന്ന് തിരിച്ചറിയും.

പൂയം: പ്രണയത്തിൽ കയ്പുരസം കുടിക്കേണ്ടിവരും. ഗൃഹാന്തരീക്ഷം അല്പമൊന്ന് മ്ളാനമാകാം. അയൽക്കാരുമായി നീരസമോ തർക്കമോ ഉണ്ടായേക്കും. എങ്കിലും ചില ഭാഗ്യാനുഭവങ്ങളും വന്നുചേരും. പിതൃസ്വത്തിന്മേൽ അധികാരം വിധിക്കപ്പെടും. കിടപ്പുരോഗികൾക്ക് പുതുചികിൽസ ഫലിച്ചു തുടങ്ങും.

ആയില്യം: സർക്കാർ ആനുകൂല്യങ്ങൾക്ക് താമസം വരും. പിതാവിന് നല്ലകാലമല്ല. ചെറുകിട കച്ചവടക്കാർക്കും ഏജൻസി പ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഭേദപ്പെട്ട വരുമാനം ലഭിക്കും. ആദ്ധ്യാത്മികചര്യകൾക്ക് സമയം കണ്ടെത്തും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ സമർത്ഥമായി പ്രതിരോധിക്കും.

മകം: പ്രയത്നത്തിനും കഴിവിനുമനുസരിച്ച് ആദായം ഉണ്ടാവണമെന്നില്ല. എന്നാൽ സർക്കാർ ഉദ്യോഗത്തിലിരിക്കുന്നവർക്ക് സ്ഥാനക്കയറ്റം, വേതനവർദ്ധനവ് ഇവയുണ്ടാവും. പൂർവികസ്വത്തിന്മേലുള്ള തർക്കം രമ്യമായി പരിഹൃതമാവും. സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചവർ പിൻവലിയാം. മക്കളുടെ വിവാഹക്കാര്യം നീണ്ടുപോയേക്കാനിടയുണ്ട്. പ്രണയികൾക്കും കാലം അനുകൂലമല്ല.

പൂരം: ഇടക്കാലത്തുണ്ടായിരുന്ന മനക്ലേശം കുറയും. ഏഴിലെ കണ്ടകശനിദോഷം ദാമ്പത്യത്തിൽ സൃഷ്ടിച്ച അലോസരങ്ങൾ തീരുന്നതിന്റെ ലക്ഷണം കണ്ടുതുടങ്ങും. പുതുമയുള്ള വസ്തുക്കൾ വാങ്ങാൻ പണം ചെലവഴിക്കും. കലാകാരന്മാർക്ക് പാരിതോഷികം ലഭിക്കാം. ഗൃഹം മോടിപിടിപ്പിക്കാൻ വായ്പ നേടും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

ഉത്രം: ധനപരമായി നല്ല മാസമാണ്. വരവധികരിക്കും. ഊഹക്കച്ചവടത്തിൽ നേട്ടമുണ്ടാകും. എന്നാൽ കുടുംബാംഗങ്ങൾക്കിടയിലെ ഐകമത്യം കുറയുന്നത് വിഷമമുണ്ടാക്കും. നിലപാടുകളുടെ പേരിൽ സുഹൃത്തുക്കളുമായി കലഹിക്കാം. കാര്യതടസ്സം, മുഖരോഗങ്ങൾ, വാതം ഇവയും ചില പ്രത്യക്ഷതകളാണ്.

അത്തം: ആരോഗ്യസ്വസ്ഥത കുറവുവരാനിടയുണ്ട്. ചികിത്സ വേണ്ടത്ര ഫലിക്കുന്നില്ലെന്ന തോന്നലുമുണ്ടാകും. കലഹവാസന വർദ്ധിക്കും. കടം വാങ്ങി കടം വീട്ടാനൊരുങ്ങും. ചലനോർജ്ജം കുറഞ്ഞേക്കും. മടിയുടെ പിടിയിലമർന്നതായി തോന്നും. എന്നിരുന്നാലും ഏഴിലെ വ്യാഴസ്ഥിതി, ഭാഗ്യത്തിലെ ശുക്രസ്ഥിതി, കർമ്മത്തിലെ സൂര്യസ്ഥിതി എന്നിവ വലിയ നേട്ടങ്ങൾക്ക് വഴി തുറക്കാം.

ചിത്തിര: ലക്ഷ്യത്തെക്കുറിച്ചും മാർഗത്തെക്കുറിച്ചും പുനരാലോചനകൾ നടത്തും. നക്ഷത്രാധിപനായ ചൊവ്വ മൂലക്ഷേത്രത്തിൽ വരികയാൽ ആത്മശക്തി അധികമാവും. തടസ്സങ്ങളെ വേഗത്തിൽ മറികടക്കും. പ്രണയസുരഭിലമായ കാലവുമാണ്. സഭയിൽ, സംഘടനയിൽ നേതൃപദവി ലഭിക്കാം. മക്കളുടെ ശ്രേയസ്സിൽ മനം കുളിർക്കും.

Also Read: Daily Horoscope June 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചോതി: വ്യവഹാരങ്ങളിൽ വിജയിക്കും. കുടുംബത്തിൽ സമാധാനമുണ്ടാകും. തൊഴിൽതേടുന്നവർക്ക് ചെറിയ വരുമാനമാർഗമെങ്കിലും തുറന്നുകിട്ടും. വിഘ്നങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്തും. വിദേശയാത്ര നടത്താൻ സന്ദർഭം ഉണ്ടാകും. സുഹൃദ്ജ്ജനങ്ങളുടെ പിന്തുണ കരുത്തുപകരും. മനോവിഷമങ്ങൾ കുറയും.

വിശാഖം: പലനിലയ്ക്കും ഗുണമുള്ള മാസമാണ്. വിദ്യാർത്ഥികൾ വലിയ വിജയം നേടും. ഉപരിപഠനത്തിന് അന്യനാട്ടിൽ പോകാൻ സാധിക്കും. സമാധാനപരമായിരിക്കും, അയൽബന്ധങ്ങൾ. കിടപ്പുരോഗികൾക്ക് ചികിത്സാരീതി മാറ്റിയാൽ ഗുണമുണ്ടാകുമെന്ന വൈദ്യോപദേശം ലഭിക്കും. ധനസ്ഥിതി മെച്ചപ്പെടും.

അനിഴം: പിതാവിന്റെ ആരോഗ്യകാര്യത്തിൽ ആശങ്കപ്പെടേണ്ടി വരാം. ചിട്ടി, വായ്പ എന്നിവ വഴി ധനം വന്നുചേരും. നക്ഷത്രനാഥനായ ശനിയുടെ വക്രഗതിമൂലം, നിലപാടുകളിൽ പിറകോട്ടു പോകും. തീരുമാനിച്ചുറപ്പിച്ചിരുന്ന കാര്യങ്ങൾ പിന്നീടത്തേക്കാക്കും. എല്ലാക്കാര്യങ്ങളിലും ജാഗ്രത പുലർത്തണം. പ്രണയബന്ധം വിവാഹത്തിലെത്താം.

തൃക്കേട്ട: വിദേശത്ത് പഠനം/ തൊഴിൽ ഇവയ്ക്ക് സാധ്യതയുണ്ട്. പ്രതികൂല സാഹചര്യങ്ങൾ മാറും. ആത്മീയസാധനകൾക്ക് സമയം ചെലവിടും. കടക്കെണിയിൽ നിന്നും രക്ഷനേടും. സർക്കാരുമായുള്ള ഉടമ്പടികൾ യാഥാർത്ഥ്യമാവാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും, സഹോദരരിൽ നിന്നും അകമഴിഞ്ഞ പിൻതുണ ഉണ്ടാകും.

മൂലം: മാനസികശക്തി അഭംഗുരമായി തുടരും. നല്ലകാര്യങ്ങൾക്കായി യാത്ര ചെയ്യും. മക്കൾക്ക് നേട്ടങ്ങൾ ഉണ്ടാവും. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയങ്ങളിൽ ഉപരിപഠനം നടത്താൻ അവസരം ലഭിക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്തും. കമിതാക്കൾക്ക് നല്ലകാലമാണ്. ദാനധർമ്മങ്ങൾ ചെയ്യും.

പൂരാടം: മാതാവ്, മാതുലൻ , മരുമക്കൾ എന്നിവരുടെ പിൻതുണ ശക്തമായ കർമ്മോർജ്ജം പകരും. ഗൃഹവാഹനാദികൾ വാങ്ങാനുള്ള ശ്രമം സഫലമാകും. തീർത്ഥാടനയോഗമുണ്ട്. ഊഹക്കച്ചവടത്തിൽ വിജയിക്കും. ശുക്രന്റെ സ്വക്ഷേത്രസ്ഥിതിമൂലം അനാരോഗ്യത്തിൽ നിന്നും രക്ഷനേടും. പ്രയത്നസാഫല്യം, മത്സരവിജയം എന്നിവയും ഫലങ്ങൾ. നല്ല തീരുമാനങ്ങൾ കൈക്കൊള്ളും.

ഉത്രാടം: നവസംരംഭങ്ങൾ സമാരംഭിക്കും. കർമ്മമേഖല വിപുലീകരിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാവും. ശത്രുവിജയം ഭവിക്കും. സജ്ജനങ്ങളുടെ സഹായസഹകരണങ്ങൾ വലിയൊരു തണലായി അനുഭവപ്പെടും. വാഹനം, വൈദ്യുതി, ആയുധം, അഗ്നി എന്നിവ അത്യന്തം കരുതലോടെ കൈകാര്യം ചെയ്യണം. വൃദ്ധജനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണം.

തിരുവോണം: ഗാർഹികരംഗം സമാധാനപൂർണമാകും. പ്രവർത്തനങ്ങളിൽ മികവുണ്ടാവും. കൂടുതൽ യാത്രകൾ വേണ്ടിവരും. അലച്ചിൽ ആരോഗ്യത്തെ ബാധിക്കാം. ധനവരവ് കുറയില്ല. കൃഷിയിലും കച്ചവടത്തിലും പ്രവർത്തിക്കുന്നവർക്ക് ലാഭമേറും. മത്സരപ്പരീക്ഷകളിൽ വിജയിക്കും. അവിവാഹിതരുടെ വിവാഹക്കാര്യം കുറച്ചുകൂടി നീളാം. ദൃഢ സഹൃദങ്ങളുണ്ടാവും. പുതുവസ്ത്രാഭരണങ്ങൾ വാങ്ങും.

അവിട്ടം: ആത്മവിശ്വാസം വർദ്ധിക്കും. സാഹസങ്ങൾക്ക് മുതിരും. അയൽബന്ധങ്ങൾ സ്നേഹോഷ്മളമായിക്കൊള്ളണം എന്നില്ല. ധനനിക്ഷേപത്തിൽ കരുതൽ വേണം. ഗൃഹനിർമ്മാണത്തിൽ മന്ദഗതി വരാം. സന്താനങ്ങളുടെ കാര്യത്തിൽ ചെറിയവിഷമങ്ങൾ ഉദയം ചെയ്തേക്കും. ഗുണദോഷസമ്മിശ്രമായ മാസമാണ്.

ചതയം: ക്രയവിക്രയങ്ങൾ പൂർണവിജയമാവില്ല. സ്വത്തുതർക്കത്തിൽ തിരിച്ചടികൾ വരാം. കുടുംബജീവിതത്തിൽ സമാധാനം പുലരും. അപ്രതീക്ഷിതമായി ധനം വന്നുചേരാനുള്ള യോഗമുണ്ട്. ബന്ധുക്കളുടെ കുത്സിതകർമ്മങ്ങൾ മനപ്രയാസമുണ്ടാക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേകശ്രദ്ധവേണം. ജോലിക്കാര്യത്തിൽ നേരിയ പുരോഗതി വന്നേക്കും.

പൂരുട്ടാതി: ആദർശങ്ങൾ ഉപേക്ഷിച്ച് പ്രായോഗികമായി ചിന്തിക്കും. നാലാംഭാവത്തിലെ ശുഭയോഗം മൂലം ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. മാതൃസൗഖ്യമുണ്ടാകും. ഉദരരോഗങ്ങൾ, ശിരോരോഗങ്ങൾ എന്നിവ ഉപദ്രവിച്ചേക്കാം. നല്ലകൂട്ടുകെട്ടുകൾ സംജാതമാകും. ധനസ്ഥിതി ഉയരും. പുരസ്ക്കാരങ്ങൾ ലഭിക്കാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

ഉത്രട്ടാതി: അന്യനാട്ടിൽ പോകാനും വിജയിക്കാനുമാവും. പ്രവർത്തനമേഖല നവീകരിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹമുണ്ടാകും. പ്രണയം മന്ദതാളത്തിലാവും. വിവാഹകാര്യത്തിൽ പുരോഗതിയുണ്ടാവില്ല. അഷ്ടമത്തിലെ കേതുസ്ഥിതി ആപത്തുകൾക്ക് ഹേതുവാകാം. കിടപ്പുരോഗികളുടെ കാര്യത്തിൽ ജാഗ്രതക്കുറവ് വരരുത്. വിഷാദചിന്തകൾ മനസ്സിൽ കൂടുകൂട്ടാം.

രേവതി: നിശ്ചയദാർഢ്യം മർക്കടമുഷ്ടിയായി തരംതാഴാം. സ്വാർത്ഥചിന്തകൾ പരിഹസിക്കപ്പെടാം. ധനവരവിന് തടസ്സം നേരിട്ടെന്നും വന്നേക്കാം. മാസാന്ത്യത്തിൽ സ്ഥിതിഗതികൾ മാറുന്നതായിരിക്കും. കർമ്മരംഗത്ത് നവീകരണത്തിന് മുതിരും. സർക്കാരിൽനിന്നും അനുകൂലമായ മറുപടി ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ അലംഭാവമരുത്. ദീർഘയാത്രകൾ കഴിയുന്നതും പിന്നീടത്തേക്കാക്കുന്നതാവും ഉചിതം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology 2022 midhunam aswathi bharani karthika rohini makayiram