scorecardresearch
Latest News

Horoscope 2022 Medam: ഈ മേട മാസം നിങ്ങൾക്ക് എങ്ങനെ?

Horoscope 2022 Medam: പൊതുവിൽ അനുരാഗികൾക്ക് അനുകൂലം, പൂരാടംകാർക്ക് അനാവശ്യ ചിന്തകൾ ഉണ്ടാകാം, ഉത്രാടം നാളുകാർ സാമ്പത്തിക ഞെരുക്കം നേരിടും. മേട ഫലത്തെക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ എഴുതുന്നു

astrology, medam, ie malayalam

Horoscope 2022 Medam: അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രക്കാർക്ക് ഈ മേടമാസം (2022 ഏപിൽ 14 മുതൽ മെയ് 14 വരെ) എങ്ങനെ?

അശ്വതി

ആവശ്യങ്ങൾ ഒരുവിധം ഭംഗിയായി നിറവേറ്റപ്പെടും. ചെറുതോ വലുതോ ആയ യാത്രകൾ ഉണ്ടാവും. നല്ലകാര്യങ്ങളിൽ ചെലവേറും. ആരോഗ്യപരമായി ശ്രദ്ധവേണ്ടതുണ്ട്. കർമ്മരംഗം ഗുണദോഷസമ്മിശ്രമാണ്.

ഭരണി

നല്ല വാർത്തകൾ വന്നെത്തും. കുടുംബ സമാധാനത്തിനായി കൂടുതൽ യത്നിക്കേണ്ടി വന്നേക്കും. അർഹതയുള്ള പലതും അധികാരപൂർവ്വം കൈക്കലാക്കേണ്ട സ്ഥിതിവരാം. രാഹു, ധന നക്ഷത്രത്തിൽ സ്ഥിതി ചെയ്കയാൽ സാമ്പത്തികമായി കുറച്ചൊന്ന് വലയാൻ സാധ്യത കാണുന്നു.

Read More: Horoscope 2022 April: ഏപ്രിലിൽ നവഗ്രഹങ്ങളുടെ രാശി മാറുന്നു, മനുഷ്യരുടെ ഭാവിയും

കാർത്തിക

മാസാരംഭത്തെക്കാൾ മാസത്തിന്റെ രണ്ടാം പകുതി ഗുണകരമാവും. തർക്കങ്ങളിലും വ്യവഹാരങ്ങളിലും വിജയസാധ്യത കാണുന്നു. ആലോചനകൾ പ്രവർത്തികമാകാൻ കാലതാമസം വരാം. കുടുംബജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉദയം ചെയ്താൽ അത്ഭുതപ്പെടാനില്ല. മേടക്കൂറുകാരായ കാർത്തികക്കാരെക്കാൾ ഇടവക്കൂറുകാരായ കാർത്തികക്കാർക്ക് മെച്ചമേറും.

രോഹിണി

ആലസ്യം വെടിഞ്ഞ് കർമ്മനിരതരാവും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമോ ശമ്പളവർദ്ധനവോ പ്രതീക്ഷിക്കാം. വിവാഹകാര്യത്തിൽ തീരുമാനമാവും. പുതിയവീടോ വാഹനമോ വാങ്ങാൻ സാധ്യതയുണ്ട്. ക്രയവിക്രയങ്ങളിൽ കൂടുതൽ ശുഷ്കാന്തി പുലർത്തേണ്ടതുണ്ട്.

മകയിരം

സ്വയം നവീകരിക്കാനും തെറ്റുകൾ തിരുത്താനും തയ്യാറാവും. ശത്രുക്കളുടെ എതിർപ്പ് അതിജീവിച്ച് കർമ്മമേഖലയിൽ വിജയം നേടും. കൈമോശം വന്നവ തിരികെ ലഭിക്കും. പ്രണയികൾക്ക് നല്ല കാലമാണ്. ഇടവക്കൂറുകാരായ മകയിരം നാളുകാരുടെ നേട്ടം, അതേതോതിൽ മിഥുനക്കൂറുകാരായ മകയിരം നാളുകാർക്ക് ഉണ്ടാവണമെന്നില്ല.

Read More:

തിരുവാതിര

ഭൂമി വിൽക്കാൻ ശ്രമിക്കും. ഊഹക്കച്ചവടത്തിൽ ചെറിയ ക്ഷീണം സംഭവിക്കാം. ആരോഗ്യ പരിശോധനകളിൽ അമാന്തം അരുത്. യാത്രകൾ കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. കരാർ പണി, ചെറുകിട കച്ചവടം എന്നിവയിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ലാഭം കൂടുന്നതായിരിക്കും.

പുണർതം

ചിലരുടെ വാക്കുകൾ കേൾക്കേണ്ടിയിരുന്നില്ലെന്ന് പരിതപിക്കും. ഭാഗ്യാനുഭവങ്ങൾക്ക് തെളിച്ചം കുറയും . പിതാവിന്റെ ഭൂമി/ ധനം/ സ്വത്ത് ഇവയിൽ അധികാരാവകാശം കൈവരും. പ്രണയികൾക്ക് ശുഭകാലമാണ്. ദാമ്പത്യം സുഖോഷ്മളമായി തുടരുന്നതായിരിക്കും.

Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

പൂയം

എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് ജീവിതനദി മുന്നോട്ടൊഴുകും. ധനക്കമ്മി പരിഹരിക്കപ്പെടും. അകന്നബന്ധുക്കൾ അടുക്കും. കൃഷിയിൽ മനസ്സർപ്പിക്കും. തീർത്ഥാടനയോഗമുണ്ട്. കുടുംബ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിൽ മുഖ്യപങ്കു വഹിക്കും.

ആയില്യം

കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള വിയോജിപ്പുകൾ പറഞ്ഞുതീർക്കും. മുഖ്യതൊഴിലിൽ നിന്നല്ലാതെയും വരുമാനമുണ്ടാകും. ആലസ്യം മാറി പ്രവർത്തനമേഖല ഊർജ്ജസ്വലമാവും. ഉന്നതവ്യക്തികളിൽ നിന്നും അപ്രതീക്ഷിതമായ സഹായസഹകരണാദികൾ വന്നുചേരും. ആരോഗ്യപരമായി കൂടുതൽ കരുതൽ വേണം.

Read More: Weekly Horoscope (April 03- April 09, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മകം

കൂറിന്റെ അധിപനായ സൂര്യൻ ഉച്ചരാശിയിലാകയാൽ പിതാവിന്റെ അനുഗ്രഹം, ഭാഗ്യപുഷ്ടി, സർക്കാരിൽ നിന്നും ആനുകൂല്യം എന്നിവ പ്രതീക്ഷിക്കാം. ആത്മികകാര്യങ്ങളിലും ചില നല്ലഫലങ്ങൾ വരാം. സഹോദരരുമായി ചില പൊരുത്തക്കേടുകൾ ഉദയം ചെയ്യാം. പ്രണയഭംഗമോ, ദാമ്പത്യപ്രശ്നങ്ങളോ അലട്ടിയേക്കാം. കിഴക്കോട്ടുള്ള യാത്രകൾ ശുഭകരം.

പൂരം

കർമ്മരംഗത്ത് തിളങ്ങാനാവും. ഉദ്യോഗാർത്ഥികൾക്ക് കഴിവിനനുസരിച്ചുള്ള തൊഴിലുകൾ ലഭിച്ചേക്കാം. വീട് പുതുക്കിപ്പണിയാനോ, പുതു വാഹനം വാങ്ങാനോ ഉള്ള ആലോചന ഫലിക്കും. ചിട്ടി, വായ്പ, ലോട്ടറി തുടങ്ങിയവയിൽ നേട്ടങ്ങൾ വരാം. കുടുംബാംഗങ്ങളുടെ അനൈക്യം വിഷമിപ്പിക്കും.

ഉത്രം

ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സൽക്കാര്യങ്ങൾക്കായി പണം ചെലവഴിക്കേണ്ടി വരുന്നതാണ്. സന്താനങ്ങളുടെ ശ്രേയസ്സ് അഭിമാനമുണ്ടാക്കും. ഉന്നതാധികാരികളുടെ പ്രശംസയ്ക്ക് പാത്രീഭവിക്കും. ഭൂമിയുടെ ക്രയവിക്രയത്തിൽ നേട്ടമുണ്ടാകും.

അത്തം

ആരോഗ്യപരമായി കാലം നന്നല്ല. ചികിത്സാ രീതികൾ മാറുന്നത് പ്രയോജനപ്പെടാം. അനുരാഗികൾക്ക് നല്ല മാസമാണിത്. അവിവാഹിതരുടെ വിവാഹം തീരുമാനിക്കപ്പെടും. ധനവരവ് കൂടും. തൊഴിലിൽ പുതുമാർഗങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് പര്യാലോചിക്കും.

Read More: Daily Horoscope April 08, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിത്തിര

സ്വയം തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് വിജയമുണ്ടാവും. ബന്ധുക്കളുടെ സഹായം ലഭിക്കാം. ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്നവർക്ക് തടസ്സങ്ങൾ വരാവുന്നതാണ്. വിദേശയാത്രക്ക് കാലം അനുകൂലമല്ല. കേതുവിന്റെ ദുഃസ്ഥാനസ്ഥിതി ശത്രുക്കളെയുണ്ടാക്കും.

ചോതി

ശത്രുക്കളുടെ പ്രവർത്തനങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. സജ്ജനങ്ങളുടെ പിന്തുണ ആത്മവിശ്വാസം ഉയർത്തും. കുടുംബസംഗമത്തിന് മുൻ കൈയ്യെടുക്കും. വരവും ചിലവും പൊരുത്തപ്പെടുകയില്ല. കടക്കെണിയിൽ അകപ്പെടാതെ നോക്കണം.

വിശാഖം

അഭിമാനകരമായ പ്രവർത്തനങ്ങളിൽ മുഴുകും. കർമ്മരംഗം മന്ദീഭവിച്ചാലും ആത്മവിശ്വാസം നഷ്ടമാകുകയില്ല. പ്രണയത്തിൽ വിജയിക്കും. വാഹനഭാഗ്യമുണ്ട്. സന്താന ജന്മത്താൽ ജീവിതം അനുഗൃഹീതമാകും.

അനിഴം

പുതുപദ്ധതികൾ ലക്ഷ്യം കാണും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് സർക്കാരിൽ നിന്നും സഹായധനം ലഭിക്കും. വ്യവഹാരങ്ങളിൽ ചെറിയ ക്ഷീണം പറ്റാം. യാത്രകൾ നേട്ടങ്ങൾക്ക് കാരണമാകും. ആരോഗ്യപരമായി ശരാശരിക്കാലമാണ്. തൃക്കേട്ട:- മനസ്സന്തോഷമുണ്ടാകുന്ന വാർത്തകൾ കേൾക്കും. വിദേശത്തു കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. സൗഹൃദങ്ങളിൽ ശ്രദ്ധ വേണം. നാലിലെ കുജസ്ഥിതി മൂലം അശനശയനസൗഖ്യം കുറയാം. ധനപരമായി ചെറിയ നേട്ടങ്ങൾ ഉണ്ടാകും.

മൂലം

വീടോ സ്ഥലമോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കും. മാതാവിനോ തൽസ്ഥാനീയർക്കോ രോഗമുക്തി വരാം. ചില ഹൃദയബന്ധങ്ങൾ ദൃഢമാകാം. പ്രണയം വിവാഹത്തിൽ കലാശിക്കും. സഹായഹസ്തവുമായി സഹോദരർ മുന്നോട്ടു വരും.

പൂരാടം

അഞ്ചിലെ രാഹു അനാവശ്യമായ ചിന്തകൾ ഉണ്ടാക്കും. ആലസ്യം വെടിയുമെങ്കിലും ലക്ഷ്യം തെളിഞ്ഞുകിട്ടുകയില്ല. പുതിയ കരാർ പണികൾ ലഭിക്കും. ധനസ്ഥിതി മെച്ചപ്പെടും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും.

ഉത്രാടം

ധനുക്കൂറുകാരായ ഉത്രാടം നാളുകാർക്ക് മനസ്സന്തോഷമുണ്ടാക്കുന്ന അനുഭവങ്ങൾ വരാം. മാതൃസൗഖ്യമുണ്ടാകും. യാത്രകൾ ഉല്ലാസകരമാവും. മകരക്കൂറിൽ വരുന്ന ഉത്രാടം നാളുകാർ സാമ്പത്തികമായി അല്പം ഞെരുങ്ങും. ദുർഭാഷണത്തിനുള്ള സാഹചര്യമുണ്ടാകും. അലച്ചിൽ കൂടിയേക്കും. അകന്ന ബന്ധുക്കളുമായി പുനസ്സമാഗമം ഭവിക്കും.

Read More: 2022 Yearly Horoscope Predictions: വർഷഫലം 2022

തിരുവോണം

പ്രേമബന്ധങ്ങൾ വിവാഹത്തിലെത്തും. ദാമ്പത്യം നയിക്കുന്നവർക്കിടയിൽ അനുരഞ്ജനം വളരും. പ്രവർത്തനമികവ് അഭിനന്ദിക്കപ്പെടും. കലാപരമായും നേട്ടങ്ങളുണ്ടാവും. ധനസ്ഥിതി ശരാശരി ക്കുപരിയാവും. തീർത്ഥാടനയോഗമുണ്ട്.

അവിട്ടം

മകരക്കൂറിൽ വരുന്ന അവിട്ടം നാളുകാർക്ക് ഗുണാനുഭവങ്ങൾ വർദ്ധിക്കും. മാദ്ധ്യസ്ഥചർച്ചകളിൽ ആദരം നേടും. മാസത്തിന്റെ രണ്ടാം പകുതിയിൽ ചൊവ്വയും ശനിയും ഒന്നിക്കുന്നതിനാൽ കുംഭക്കൂറുകാർ പ്രതിസന്ധികളെ നേരിടേണ്ടിവരും. രോഗങ്ങളാൽ വലയുന്നവർ കൂടുതൽ ശ്രദ്ധാലുക്കളാവേണ്ടതുണ്ട്. യാത്രകൾ കൊണ്ട് വിചാരിച്ച ഗുണം ലഭിക്കില്ല. എല്ലാക്കാര്യത്തിലും ജാഗ്രത വേണം.

ചതയം

പണക്കഷ്ടം നീങ്ങാൻ വായ്പ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. അധികാരികൾ കനിയാത്തതു മൂലം സ്ഥാനക്കയറ്റം നീളും. വിദേശയാത്ര നീളുന്ന സാഹചര്യം ഉണ്ടാകും. ആത്മസംയമനം അനിവാര്യമാണ്. വ്യാഴത്തിന്റെ സുസ്ഥിതി മൂലം ഗുരുജനങ്ങളുടെ പിന്തുണ കൈവരും. സൽസംരംഭങ്ങളിൽ പങ്കുചേരും.

പൂരുട്ടാതി

അന്യാധീനപ്പെടും എന്ന് കരുതിയ വസ്തു കൈവശം വന്നുചേരും. ആത്മവിശ്വാസം ഉയരും. പ്രണയത്തിൽ വിജയിക്കും. മക്കളുടെ കാര്യത്തിൽ നല്ല തീരുമാനങ്ങളുണ്ടാകും. നിയമോപദേശം ഫലപ്രദമായി വിനിയോഗിക്കും. രോഗികൾക്കും ഇത് സമാശ്വാസ കാലമാണ്.

ഉത്രട്ടാതി

വിദേശ യാത്രയ്ക്ക് അനുമതിയും അവസരവും ലഭിക്കും. പുതിയ ചില സൗഹൃദങ്ങൾ വന്നുചേരും. കുടുംബത്തിൽ സമാധാനം പുലരും. കലാരംഗത്തുള്ളവർക്ക് പാരിതോഷികം ലഭിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മികവ് പുലർത്താൻ കഴിയും. വ്യാപാരത്തിൽ നിന്നും ധനവർദ്ധനവ് പ്രതീക്ഷിക്കാം.

രേവതി

ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാനുള്ള സാഹചര്യം സംജാതമാകും. തൊഴിൽ തേടുന്നവർക്ക് ഇടക്കാലത്തേക്കായിട്ടെങ്കിലും ഒരു തൊഴിൽ സിദ്ധിക്കും. വീട്ടിൽ നിന്നും ശുഭവാർത്തകൾ വന്നുചേരും. എതിർപ്പുകളെ തൃണവൽഗണിക്കും. അനുരാഗികളുടെ സ്നേഹബന്ധത്തിന് മാതാപിതാക്കളുടെ അംഗീകാരം ലഭിക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology 2022 medam aswathi bharani karthika rohini