/indian-express-malayalam/media/media_files/2025/01/01/january19-to-25-weekly-horoscope-astrological-predictions-makam-to-thriketta.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മകരം രാശിയിൽ ഉത്രാടം നക്ഷത്രത്തിൽ (ഞാറ്റുവേലയിൽ) സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ ഉത്രം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിലാണ്.
ചൊവ്വ 21ന് കർക്കടകത്തിൽ നിന്നും വക്രഗതിയായി മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നു. പുണർതം നാളിലാണ് ചൊവ്വ. ബുധൻ ധനുരാശിയിൽ പൂരാടം ഉത്രാടം നക്ഷത്രങ്ങളിലാണ്.
24 ന് മകരം രാശിയിൽ പ്രവേശിക്കുന്നു. ജനുവരി 21 മുതൽ ബുധന് ക്രമമൗഢ്യം ആരംഭിക്കുകയാണ്. ശുക്രനും ശനിയും കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. വ്യാഴം ഇടവം രാശിയിൽ രോഹിണിയിൽ (വക്ര ഗതിയിൽ) സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലും
കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലും തുടരുന്നു.
ഞായറാഴ്ച രാവിലെ 10 മണി വരെ മകരക്കൂറുകാരുടെ അഷ്ടമരാശി കഴിഞ്ഞ ആഴ്ചയിൽ നിന്നും തുടരുകയാണ്. തുടർന്ന് ചൊവ്വാഴ്ച പ്രഭാതം വരെ കുംഭക്കൂറുകാർക്കും പിന്നീട് വ്യാഴാഴ്ച സന്ധ്യവരെ മീനക്കൂറുകാർക്കും അതിനുമേൽ വാരാന്ത്യം വരെ മേടക്കൂറുകാർക്കും അഷ്ടമരാശിയുണ്ട്.
ഈ ഗ്രഹസ്ഥിതി മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
മകം
രണ്ടാമെടത്ത്, മൂന്നാം നക്ഷത്രത്തിൽ കേതു സഞ്ചരിക്കമൂലം തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും ക്ലേശിക്കും. തടസ്സങ്ങൾ ഉള്ളതായി തോന്നും. ആദിത്യസഞ്ചാരം അനുകൂലമാകയാൽ അധികാരമുള്ള പദവികളിൽ ശോഭിക്കുന്നതാണ്. പിതാവിന് നേട്ടങ്ങൾ ഉണ്ടാവും. ബന്ധുക്കളുമായി നിലനിന്ന വസ്തുതർക്കം പരിഹരിച്ചേക്കും. വ്യാപാര ചുമതല മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നത് ദോഷം ചെയ്യുന്നതാണ്. പണം കൈകാര്യം ചെയ്യുന്നത് ശ്രദ്ധയോടെ വേണം. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റം ഫലം കണ്ടുതുടങ്ങുന്നതാണ്.
പൂരം
പുതിയ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹമുണ്ടാവും. പ്രണയികൾക്ക് ആഹ്ളാദം ഭവിക്കും. വില കൂടിയ വസ്തുക്കൾ പാരിതോഷികമായി ലഭിക്കാം. വ്യവഹാരങ്ങളിൽ അനുകൂല വിധി സമ്പാദിക്കാൻ സാധിക്കുന്നതാണ്. വ്യാപാര രംഗം മെച്ചപ്പെടും. ഉപഭോക്താക്കളുടെ അഭിരുചി മനസ്സിലാക്കി പ്രവർത്തിക്കും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ ചുമതല കൂടി ഏറ്റെടുക്കേണ്ട സ്ഥിതി വന്നേക്കാം. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. മകൻ്റെ പഠന കാര്യത്തിൽ ഉത്കണ്ഠയുണ്ടാവും.
ഉത്രം
അനുകൂലമായ സാഹചര്യത്തെ പ്രയോജനപ്പെടുത്താൻ സന്നദ്ധനാവണം. ഭൗതിക നേട്ടങ്ങൾക്ക് ആസൂത്രണം ആവശ്യമാണ്. പൂർവ്വികമായ വസ്തുവകകളിൽ നിന്നും ആദായമുണ്ടാവും. ഊഹക്കച്ചവടം , ഇൻഷ്വറൻസ് ഇത്യാദികളാൽ ധനാഗമം പ്രതീക്ഷിക്കാം. ചെറുപ്പക്കാരും കൗമാരക്കാരും സമൂഹമാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളിൽ പെട്ടുപോകാതിരിക്കാൻ കരുതൽ വേണം. വ്യാപാരാഭിവൃദ്ധി ഉണ്ടായേക്കും. ബാല്യകാല സതീർത്ഥ്യരെ കാണുന്നതാണ്. ഭാര്യാഭർത്താക്കന്മാരുടെ പുനസ്സമാഗമത്തിന് കളമൊരുങ്ങും.
അത്തം
പ്രവർത്തനമേഖലയിൽ സ്വാതന്ത്ര്യമുണ്ടാവും. ആവർത്തിത യത്നങ്ങൾ ഫലവത്താകുന്നതാണ്. സുഹൃത്തുക്കളുടെ തർക്കങ്ങൾ പരിഹരിക്കാൻ മുന്നോട്ടിറങ്ങും. ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. വിദേശത്തുനിന്നും ധനമോ സമ്മാനമോ ലഭിച്ചേക്കാം. പ്രധാന രേഖകളിൽ ഒപ്പിടും മുൻപ് സേവന വേതന വ്യവസ്ഥകൾ അറിഞ്ഞിരിക്കണം. പാർട്ണർഷിപ്പ് സംരംഭങ്ങൾ ലാഭകരമാവുന്നതാണ്. മംഗളകർമ്മങ്ങളിൽ സംബന്ധിക്കുവാൻ സാധിക്കും. കലാസാഹിത്യ മേഖലകളിൽ താത്പര്യമേറും. വാരമദ്ധ്യത്തിലെ ദിവസങ്ങൾക്ക് മേന്മ കുറയാം.
ചിത്തിര
ഗവേഷണത്തിന് സഹായധനം കിട്ടുന്നതാണ്. ഔദ്യോഗിക യാത്രകൾ ഗുണകരമാവും. ബന്ധുക്കളുമായുളള വിരോധം പറഞ്ഞു തീർക്കുവാനാവും. പ്രായോഗിക പരിശീലനത്തിന് അവസരം കൈവരുന്നതാണ്. സഹപ്രവർത്തകരുടെ അഭിപ്രായം വിലമതിക്കും. ജന്മനാട്ടിൽ നടക്കുന്ന ഉത്സവത്തിൽ കുടുംബ സമേതം പങ്കെടുക്കുവാനാവും. ആരോഗ്യപരമായി സ്വസ്ഥതയുണ്ടാവും. സാമ്പത്തിക ഞെരുക്കത്തിൽ നിന്നും ആശ്വാസം ലഭിക്കുന്നതാണ്. ആഡംബരച്ചെലവുകൾ നിയന്ത്രിക്കപ്പെടണം. വസ്തു സംബന്ധിച്ച വ്യവഹാരങ്ങൾക്കുള്ള സാഹചര്യത്തെ അനുരഞ്ജനത്തിലൂടെ മറികടക്കുവാനാവും.
ചോതി
അപ്രധാന കാര്യങ്ങൾക്കായി സമയവും ഊർജ്ജവും ചെലവഴിക്കും. സമയബന്ധിതമായ ചുമതലകൾ പൂർത്തീകരിക്കാൻ ശ്രമിക്കും. എന്നാൽ അതിൽ പൂർണവിജയം ഉണ്ടായേക്കില്ല. പുതുമയുള്ള കാര്യങ്ങൾ ഇഷ്ടപ്പെടുമ്പോഴും പഴമയെ തള്ളിപ്പറയില്ല. വാരാദ്യം അവിചാരിത യാത്രകളുണ്ടാവും. ബിസിനസ്സിൻ്റെ പുരോഗതിക്കുള്ള മാർഗങ്ങൾ ആരായും. ഉദ്യോഗസ്ഥർക്ക് ഗുണകരമല്ലാത്ത സ്ഥാനമാറ്റം സാധ്യതയാണ്. കുടുംബകാര്യത്തിൽ ഭിന്നപക്ഷം രൂപപ്പെടാം. എന്നാൽ വാക്കുകളിൽ ശ്രദ്ധ വേണ്ടതുണ്ട്. വാരമദ്ധ്യത്തിൽ സുഖം സമാധാനവും അനുഭവപ്പെടുന്നതാണ്.
വിശാഖം
നക്ഷത്രനാഥനായ വ്യാഴം വക്രഗതിയിൽ തുടരുന്നതിനാൽ മുൻനിശ്ചയങ്ങളിൽ തിരുത്തൽ വേണ്ടിവരുന്നതാണ്. യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടും. നവസംരംഭം തുടങ്ങാൻ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാകും. സന്താനങ്ങളുടെ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതാണ്. പുതിയ തൊഴിൽ കിട്ടാതെ നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമാവില്ല. പൊതു പ്രവർത്തനത്തിൽ ഊർജ്ജിതത്വം കുറയുന്നതാണ്. കലാ-സാഹിത്യ പ്രതിഭകൾക്ക് സർഗ്ഗവ്യാപാരത്തിൽ മുഴുകാനാവും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ധനവരവുണ്ടാകും. മനസ്സുഖവും ഭവിക്കുന്നതാണ്.
അനിഴം
പുതിയ സുഹൃത്തുക്കളെ ലഭിക്കാം. പ്രണയികൾക്ക് സന്തോഷമുണ്ടാവും. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങുന്നതാണ്. സ്വയം സംരംഭകർക്ക് വേണ്ടത്ര പിന്തുണ ലഭിക്കും. സത്യസന്ധമായ നിലപാടുകൾ ശത്രുക്കളെ സൃഷ്ടിക്കാനിടയുണ്ട്. രാഷ്ട്രീയ പ്രവർത്തകർക്ക് സമൂഹത്തിൽ സ്വാധീനം വർദ്ധിക്കുന്നതാണ്. മകളോടൊപ്പം താമസിച്ചിരുന്ന അച്ഛനമ്മമാർക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ അവസരം ഉണ്ടാവും. സാമ്പത്തികമായ കാര്യങ്ങളിൽ സമ്മർദ്ദം കുറയുന്നതാണ്.
തൃക്കേട്ട
മനസ്സിന് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിന് മേലധികാരികളുടെ അഭിനന്ദനം ലഭിക്കും. ധനപരമായ ഞെരുക്കം മാറിക്കിട്ടും. കലാപ്രവർത്തകർക്ക് കൂടുതൽ അവസരങ്ങൾ വന്നുചേരുന്നതാണ്. തൊഴിൽ രംഗത്തെ കിടമത്സരങ്ങളെ തിരിച്ചറിയാനാവും. ബന്ധുക്കളുടെ അനാരോഗ്യ പ്രവണതകളെ വിമർശിക്കുവാൻ ഒരുമ്പെടുന്നത് ശത്രുക്കളെ സൃഷ്ടിക്കാം. കൂട്ടത്തിൽ ആത്മപരിശോധന നടത്താനും മുതിരുന്നതാണ്. കൃത്യമായ രേഖകൾ സമർപ്പിക്കുകയാൽ ലൈസൻസ്, രേഖകൾ ഇവ കാലതാമസം കൂടാതെ ലഭിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us