/indian-express-malayalam/media/media_files/2025/02/17/march-2-to-march-8-2025-weekly-horoscope-astrological-predictions-moolam-to-revathi-550787.jpg)
Weekly Horoscope: ആഴ്ചഫലം
Astrology, Weekly Horoscope: ആദിത്യൻ മേടം- ഇടവം രാശികളിൽ കാർത്തിക ഞാറ്റുവേലയിലാണ്. മേയ് 14 ന് മേടമാസം തീരുന്നു. മേയ് 15 ന് ഇടവമാസം തുടങ്ങുന്നു.
ഞായറാഴ്ചയും തിങ്കളാഴ്ചയും ആയി വൈശാഖ പൗർണമി വരുന്നുണ്ട്. ചൊവ്വ മുതൽ ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ സഞ്ചരിക്കുകയാണ്.
ബുധൻ മേടം രാശിയിൽ അശ്വതി - ഭരണി നക്ഷത്രങ്ങളിൽ തുടരുന്നു. ചൊവ്വ കർക്കടകം രാശിയിൽ പൂയം - ആയില്യം നക്ഷത്രങ്ങളിലാണ്. ശുക്രൻ മീനം രാശിയിൽ ഉച്ചസ്ഥിതി തുടരുകയാണ്. ഉത്രട്ടാതി - രേവതി നക്ഷത്രങ്ങളിലാണ് ശുക്രൻ്റെ സഞ്ചാരം.
വ്യാഴത്തിൻ്റെ വാർഷികമായ രാശിമാറ്റം ഈ ആഴ്ചയിലാണ്. ഏറെ പ്രാധാന്യമുള്ള ജ്യോതിഷ പ്രതിഭാസമാണത്. മേയ് 14 ന് / മേടം 31 ന് ബുധനാഴ്ച രാത്രി 10 മണി 7 മിനിട്ടിന് വ്യാഴം മിഥുനം രാശിയിൽ പ്രവേശിക്കും. മകയിരം നക്ഷത്രമണ്ഡലത്തിലാണ് ഇപ്പോൾ വ്യാഴം സഞ്ചരിക്കുന്നത്.
ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ തുടരുന്നു. രാഹുവും കേതുവും രാശിമാറ്റത്തിൻ്റെ വക്കിലാണ്.രാഹു മീനം രാശിയിൽ പൂജ്യം(0) ഡിഗ്രിയോടടുക്കുന്നു. കേതുവാകട്ടെ കന്നിരാശിയിൽ പൂജ്യം (0) ഡിഗ്രിയുടെ അടുത്തെത്താറായി.
ഗ്രഹങ്ങൾ രാശിസന്ധിയിൽ (Cuspൽ) സഞ്ചരിക്കുമ്പോൾ അവയുടെ തമശ്ശക്തികൾ കൂടും. ദുരിതപ്രദമാവുകയും ചെയ്യും.
ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ വിശദീകരിക്കുന്നു.
മൂലം
ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്നതാണ്. കരുതിയതിനെക്കാൾ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. വാരാദ്യം സാമ്പത്തികമായി സംതൃപ്തിയുണ്ടാവും.
കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലഘുയാത്രകൾ നടത്താനും കഴിയുന്നതാണ്. ആടയാഭരണങ്ങൾ പുതിയത് വാങ്ങാനിടയുണ്ട്. വാരമധ്യത്തിൽ ജോലിത്തിരക്ക് കൂടാം. ഊഹക്കച്ചവടത്തിൽ കരുതൽ പുലർത്തണം. വ്യാഴം മുതൽ ആദിത്യൻ ആറാമെടത്തിൽ സഞ്ചരിക്കുകയാൽ സർക്കാർ കാര്യങ്ങൾ അനുകൂലമാവും. ആത്മവിശ്വാസത്തിന് ഭംഗമുണ്ടാവില്ല.
പൂരാടം
ജന്മനക്ഷത്രാധിപനായ ശുക്രൻ്റെ ഉച്ചസ്ഥിതിയാൽ കാര്യങ്ങൾ വരുതിയിലാവും. ഉന്മേഷമുണ്ടാവും, കർമ്മമേഖലയിൽ. സ്വാശ്രയ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് മോശമല്ലാത്ത ലാഭം പ്രതീക്ഷിക്കാം. സീസൺ വ്യാപാരം മെച്ചപ്പെടുന്നതാണ്. ആറാമെടത്തിൽ അസ്വസ്ഥതകൾ നൽകിയ ശേഷം വ്യാഴം സ്വസ്ഥതയരുളുന്ന ഏഴാം ഭാവത്തിലേക്ക് മാറുന്ന വാരമാണിത്. ഗൃഹനിർമ്മാണം സാമ്പത്തികമായ ശോച്യതയാൽ തടസ്സപ്പെടുന്ന സ്ഥിതി മാറുന്നതാണ്. ധാർമ്മിക കാര്യങ്ങളിൽ ശ്രദ്ധയുണ്ടാവും. കുടുംബത്തിൽ അല്പാല്പമായി സമാധാനം മടങ്ങിവരും.
ഉത്രാടം
ഊർജ്ജസ്വലമായ പ്രവർത്തന ശൈലിയെ മേലധികാരികൾ അംഗീകരിക്കും. പ്രത്യേക ദൗത്യം ഏൽപ്പിക്കപ്പെടാനിടയുണ്ട്. ദൂരദിക്കിൽ കഴിയുന്നവർക്ക് പെട്ടെന്ന് നാട്ടിലെത്താൻ സാധിച്ചേക്കില്ല. കരാർ ജോലി ചെയ്യുന്നവർക്ക് വീണ്ടും അവസരം ലഭിക്കുന്നതാണ്. വലിയ തോതിൽ മുതൽമുടക്കിയുള്ള സംരംഭങ്ങൾക്ക് തത്കാലം ഗ്രഹസ്ഥിതി അനുകൂലമല്ലെന്ന് മനസ്സിലാക്കുക. പരീക്ഷാഫലത്തിലെ മികവിന് അംഗീകാരം കിട്ടുന്നതാണ്. സഹോദരർ തമ്മിലുള്ള പിണക്കം തുടരപ്പെടും. കൈവായ്പകൾ മടക്കിക്കിട്ടുന്നതാണ്. വീട്ടുകൃഷികളിൽ അഭിരമിക്കും.
തിരുവോണം
ജോലിഭാരം കൂടുന്നതായിരിക്കും. സാമ്പത്തികമായി ഞായർ തൊട്ട് വ്യാഴം വരെ അനുകൂല ദിവസങ്ങളാണ്. കടം വാങ്ങിയവർ തിരിച്ചുനൽകും. ബിസിനസ്സുകാർക്ക് വരുമാനമുയരുന്നതാണ്. ഉപരി വിദ്യാഭ്യാസം സംബന്ധിച്ചുള്ള തീരുമാനം ആലോചനയിൽ ഉണ്ടായിരിക്കും. കുടുംബത്തോടൊപ്പം ലഘു യാത്രകൾക്ക് അവസരമുണ്ടാവും. മകൻ്റെ നിർബന്ധത്തിന് വഴങ്ങി വിലകൂടിയ ഇലക്ട്രോണിക് ഉല്പന്നം വാങ്ങാനിടയുണ്ട്. പ്രണയികൾക്ക് നല്ല വാരമാണ്. എന്നാൽ ചൊവ്വ ഏഴിൽ തുടരുകയാൽ ഗാർഹിക ജീവിതത്തിൽ സ്വൈരക്കേടുകൾ ഉണ്ടാവുന്നതാണ്.
അവിട്ടം
സാഹസകർമ്മങ്ങളിൽ നിന്നും സ്വയം പിന്തിരിയണം. നക്ഷത്രാധിപൻ ദുർബലനാവുകയാൽ പലതും കരുതിയ പോലെ ആയേക്കില്ല. സുഹൃദ്വചനങ്ങളിൽ കരുതലോടെ തീരുമാനം കൈക്കൊള്ളണം. സാമ്പത്തിക ജാഗ്രത അനിവാര്യമാണ്. ചിലപ്പോൾ മൗനം ഭൂഷണമാണെന്ന് അനുഭവം കൊണ്ടറിയും. സ്ത്രീകളുടെ പിന്തുണ കിട്ടിയേക്കാം. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് വന്നേക്കാം. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റം ഗുണം ചെയ്യുന്നതായിരിക്കും. കൂട്ടുകച്ചവടത്തിൽ ഉദാസീനതയുണ്ടാവും. വിദേശ യാത്രകൾ നീട്ടിവെക്കപ്പെടുന്നതാണ്.
ചതയം
ഗുണദോഷസമ്മിശ്രമായ അനുഭവങ്ങൾ വരുന്നതാണ്. അഷ്ടമരാശി നീങ്ങുകയാൽ തടസ്സങ്ങൾ ഒഴിഞ്ഞതായി തോന്നാം. ബന്ധുകലഹത്തിൽ ഇടപെടുന്നത് ശ്രദ്ധയോടെ വേണം. ധനവരവ് ഒട്ടൊക്കെ സുഗമമാവുന്നതാണ്. ഭാവിയെക്കുറിച്ച് ചിന്തിക്കുവാൻ സമയം കണ്ടെത്തും. സംഘടനാ തലത്തിൽ ഉയർച്ചയുണ്ടാവും. നാലിലേക്ക് ആദിത്യൻ പകരുന്നതിനാൽ കുടുംബ ജീവിതത്തിൽ സ്വൈരക്കേടുകൾ വരുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനാവും. വാഹനത്തിന് അറ്റകുറ്റപ്പണികൾ ഉണ്ടാവാനിടയുണ്ട്.
പൂരൂരുട്ടാതി
രാഹു രാശിസന്ധിയിലും, 4 ൽ നിന്നും 3-ാം പാദത്തിലേക്കുള്ള മാറ്റത്തിലുമാകയാൽ കാര്യങ്ങൾ അത്ര അനുകൂലമാവില്ല. ഇഷ്ടവസ്തുക്കൾ / വില കൂടിയ വസ്തുക്കൾ കളവുപോകാനുള്ള സാധ്യതയുണ്ട്. ഏകപക്ഷീയ തീരുമാനങ്ങൾ കുടുംബത്തിലുള്ളവരുടെ എതിർപ്പ് ക്ഷണിച്ചു വരുത്തുന്നതാണ്. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കും. മകളുടെ ഭാവിപഠനത്തിൽ വ്യക്തതയുണ്ടാവും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ പിന്തുണ ലഭിക്കാം. ഉദ്യോഗം ഉപേക്ഷിച്ച് പുതിയ ജോലിതേടുന്നത് അഭികാമ്യമാവില്ല. ധനപരമായ സമ്മർദ്ദങ്ങൾ ഉണ്ടാവുകയില്ല.
ഉത്രട്ടാതി
ആദിത്യൻ വാര മധ്യത്തോടെ മൂന്നാം ഭാവത്തിലേക്ക് മാറുന്നത് ഹിതകരമാവും. ജന്മനക്ഷത്രത്തിൽ ശനി സഞ്ചരിക്കുന്നതിനാൽ ദേഹാസ്വസ്ഥതകൾ അനുഭവപ്പെടും. ആലസ്യത്തിനും സാധ്യത കാണുന്നു. ഞായറും തിങ്കളും അഷ്ടമരാശിക്കൂറ് വരുന്നതിനാൽ ശുഭകാര്യങ്ങൾ ആരംഭിക്കരുത്. സാഹസങ്ങൾ ഒഴിവാക്കണം. ബുധൻ രണ്ടാം രാശിയിൽ തുടരുകയാൽ ഔചിത്യത്തോടെ സംസാരിച്ച് സദസ്സിൽ അംഗീകാരം നേടും. മകൻ്റെ ശാഠ്യത്തിൽ വിഷമമുണ്ടാവാം. സാമ്പത്തിക ഏർപ്പാടുകളിൽ കൃത്യത പുലർത്തണം.
രേവതി
മാനസികമായ ഏകാഗ്രത കുറയും. ചെയ്ത ജോലികളിൽ തിരുത്തലുണ്ടാവും. പ്രയത്നങ്ങളിൽ മടുപ്പുണ്ടാവാൻ സാധ്യതയുണ്ട്. സമയബന്ധിതമായി പൂർത്തിയാക്കേണ്ട കാര്യങ്ങൾ നീട്ടിവെക്കും. ഗതാഗതനിയമങ്ങൾ പാലിക്കാത്തതിന് പിഴ ഒടുക്കേണ്ടി വരാം. ആദിത്യനും വ്യാഴവും രാശിമാറുകയാൽ സമ്മിശ്രാനുഭവങ്ങൾ ഉടലെടുക്കും. സ്ഹേബന്ധങ്ങൾ നിലനിർത്താൻ ദൃഢപരിശ്രമം ആവശ്യമായേക്കും. ദീർഘയാത്രകൾ മാറ്റിവെക്കപ്പെടുന്നതാണ്. ചികിൽസാ മാറ്റം ഗുണകരമാവും. ഉപാസനകൾക്ക് തടസ്സം കാണുന്നു. തൊഴിലിലെ അസ്വാരസ്യങ്ങൾ അവഗണിക്കാനും പിടിച്ചുനിൽക്കാനും ശ്രമിക്കുന്നതാണ്.
Read More:
- Daily Horoscope May 10, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- Weekly Horoscope May 11- May 17: വാരഫലം, മകം മുതൽ തൃക്കേട്ട വരെ
- Weekly Horoscope May 11- May 17: വാരഫലം, അശ്വതി മുതൽ ആയില്യം വരെ
- രാഹു കേതു രാശി മാറുന്നു, അശ്വതി മുതൽ രേവതിവരെ
- May Month Horoscope 2025: മേയ് മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us