/indian-express-malayalam/media/media_files/2024/11/28/december-29-to-january-4-weekly-horoscope-astrological-predictions-moolam-to-revathi.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ ധനുരാശിയിൽ സഞ്ചരിക്കുന്നു. പൂരാടം ഞാറ്റുവേലക്കാലമാണ്. തിങ്കളാഴ്ച ധനുമാസത്തിലെ കറുത്തവാവ് വരുന്നു. പിറ്റേന്നു മുതൽ വെളുത്ത പക്ഷം തുടങ്ങുകയാണ്. ചൊവ്വ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ വക്രഗതിയിൽ തുടരുന്നു.
ബുധൻ വൃശ്ചികം രാശിയിൽ തൃക്കേട്ട നക്ഷത്രത്തിലാണ്. ജനുവരി 4ന് ബുധൻ ധനുരാശിയിൽ പ്രവേശിക്കുന്നു. ശുക്രൻ കുംഭം രാശിയിലാണ്. വെള്ളിയാഴ്ച വരെ അവിട്ടത്തിലും തുടർന്ന് ചതയം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.
ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം ഇടവം രാശിയിൽ രോഹിണിയിലുമാണ്. വ്യാഴം വക്രഗതിയിലാണ് എന്നത് പ്രസ്താവ്യം. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിലും സഞ്ചരിക്കും.
മൂലം
ശാരീരികമായ അവശതകളെ തരിമ്പും കൂസുകയില്ല. കഠിനമായിട്ടുള്ള ചുമതലകൾ പോലും സ്വയം നിർവഹിക്കുന്നതാണ്. പുതുതലമുറയെ ഒപ്പം ചേർക്കുന്നതിൽ ഔൽസുക്യം കാട്ടും. ഞായറാഴ്ച ബന്ധു സന്ദർശനം, ഇഷ്ടഭക്ഷണ യോഗം ഇവയുണ്ടാവും. തിങ്കളും ചൊവ്വയും വരവിലധികം ചെലവുണ്ടാകുന്നതാണ്. യാത്രാക്ലേശം അനുഭവപ്പെടും. ബുധനും വ്യാഴവും മനസ്സിനിണങ്ങിയ വ്യക്തികളുടെ സാമീപ്യം ലഭിക്കും. ശുഭവാർത്ത കേൾക്കുന്നതാണ്. ധനയോഗമുള്ള ദിവസങ്ങളായേക്കും. വെള്ളിയും ശനിയും കലഹസാഹചര്യങ്ങൾ ഉദയം ചെയ്യും. ആത്മസംയമനം വേണ്ടതുണ്ട്.
പൂരാടം
എല്ലാക്കാര്യങ്ങളിലും പ്രസന്നഭാവം പുലർത്താനാവും. സുഹൃത്തുക്കളുടെ വാക്കുകൾ ഗൗരവബുദ്ധ്യാ കേൾക്കുന്നതാണ്. ഗവേഷണം ത്വരിതപ്പെടുത്താൻ ശ്രമമാരംഭിച്ചേക്കും. കലകളോടുള്ള താത്പര്യം വർദ്ധിക്കുന്നതാണ്. തീവ്രപരിശീലനത്തിന് സന്ദർഭമുണ്ടാവും. കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സാഹചര്യം വരും. ധനവിനിയോഗത്തിൽ ജാഗരൂകത ആവശ്യമാണ്. പുതുവാഹനം വാങ്ങാൻ തത്കാലം അനുകൂലമല്ല, ഗ്രഹസ്ഥിതി എന്നത് ഓർമ്മയിലുണ്ടാവണം. കുടുംബകാര്യങ്ങളിൽ സ്വാഭാവിക താളം നിലനിർത്താൻ കഴിയുന്നതായിരിക്കും.
ഉത്രാടം
ഔദ്യോഗികവും അനൗദ്യോഗികവും ആയിട്ടുള്ള ചുമതലകൾ കൂടുന്നതാണ്. മനസ്സില്ലാമനസ്സോടെ അവ ഏറ്റെടുക്കും. പിതാവിൻ്റെ ആരോഗ്യം, ജോലി എന്നിവയിൽ തൃപ്തിക്കുറവുണ്ടാവും. സർക്കാർ കാര്യങ്ങൾ വിളംബകാലത്തിൽ നീങ്ങുന്നതാണ്. കുടുംബത്തിലെ വയോജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ജാഗ്രത വേണ്ടതുണ്ട്. ദാമ്പത്യത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കും. പ്രണയികൾക്ക് സന്തോഷിക്കാൻ കഴിഞ്ഞേക്കും. വിദേശപഠനത്തിനായി പരിശ്രമം നടത്തും. ഏജൻസി വ്യാപാരം മൂലം ധനസ്ഥിതി ഉയരുന്നതാണ്. ശത്രു അകത്തോ പുറത്തോ എന്ന സന്ദേഹം തുടരും. കഫജന്യ രോഗങ്ങൾ ഉപദ്രവിച്ചേക്കാം.
തിരുവോണം
നക്ഷത്രനാഥനായ ചന്ദ്രന് വാരാദ്യം പൂർണ്ണബലഹാനി വരികയാൽ സുപ്രധാന തീരുമാനങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ കൈക്കൊള്ളാതിരിക്കുന്നത് ഉത്തമം. അപ്രസക്ത വിഷയങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതാണ്. ബന്ധുക്കളുടെ വാക്കുകൾ തള്ളണോ കൊള്ളണോ എന്ന സംശയമുണ്ടാവും. സ്വാശ്രയ വ്യാപാരത്തിൽ മെച്ചം ഭവിക്കുന്നതാണ്. ന്യായമായ ആവശ്യങ്ങൾക്കുള്ള ധനം കൈവശമെത്തും. ഊഹക്കച്ചവടത്തിൽ കരുതൽ വേണം. ചൊവ്വ ഏഴാം ഭാവത്തിൽ തുടരുകയാൽ ദാമ്പത്യത്തിൽ സൗഖ്യം കുറയുന്നതാണ്.
അവിട്ടം
മകരക്കൂറുകാർക്ക് പ്രവർത്തനങ്ങളിൽ വിജയം എളുപ്പമാവില്ല. പല കാര്യങ്ങളിലും അവസാന നിമിഷമാവും ഫലം ലഭിക്കുക. അപ്രതീക്ഷിത യാത്രകളുണ്ടാവും. ചിലവും അധികരിക്കാൻ സാധ്യത കാണുന്നു. കുംഭക്കൂറുകാർക്ക് ഉദ്യോഗത്തിൽ നേട്ടങ്ങൾ വന്നെത്തുന്നതാണ്. ബിസിനസ്സ് ലാഭകരമായേക്കും. പഠനത്തിൽ ഏകാഗ്രത പുലർത്തുന്നതാണ്. ശത്രുപക്ഷത്തെ പ്രതിരോധിക്കുക എളുപ്പമാവും. പൊതുവേ നക്ഷത്രനാഥൻ്റെ നീച / വക്രാവസ്ഥകൾ അവിട്ടം നാളുകാരിൽ ആകസ്മിക സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നതാണ്.
ചതയം
മുൻപ് തടസ്സപ്പെട്ടിരുന്ന കാര്യങ്ങളിൽ ഇപ്പോൾ അനായാസേനയുള്ള നേട്ടം സാധ്യമാകും. വ്യാപാരികൾക്കും വ്യവസായികൾക്കും വില്പനയിൽ ഉയർച്ചയുണ്ടാവും. കിട്ടാക്കടം ഭാഗികമായെങ്കിലും കിട്ടാനിടയുണ്ട്. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കുന്നതാണ്. നറുക്കെടുപ്പ്, ചിട്ടി മുതലായവയിലൂടെ ധനാഗമത്തിന് സാധ്യത കാണുന്നു. സുഹൃത്തുക്കളുടെ ഇടയിൽ സ്വീകാര്യത വർദ്ധിക്കും. സംഘടനകളിൽ അനിഷേധ്യമായ സ്ഥാനം കൈവരുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ചെലവധികരിക്കാം. അലച്ചിലുണ്ടാവും.
പൂരൂരുട്ടാതി
പല നിലയ്ക്കും സംതൃപ്തി അനുഭവപ്പെടുന്ന വാരമാണ്. ന്യായമായ ആഗ്രഹങ്ങൾ തടസ്സം കൂടാതെ സഫലമാവും. ഭാവിക്കുതകുന്ന നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. കലാമത്സരങ്ങളിൽ വിജയിക്കുന്നതാണ്. ഭോഗസുഖം ഉണ്ടാവും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ അനപേക്ഷിതമായി നിറവേറ്റുന്നതിന് സാധിക്കും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ വർദ്ധിച്ചേക്കാം. മുഖ്യതൊഴിലിനൊപ്പം അനുബന്ധിത തൊഴിലിൽ നിന്നും സാമ്പത്തിക ലാഭം ഭവിക്കുന്നതാണ്. സമൂഹത്തിൽ സ്വീകാര്യതയേറും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ആരോഗ്യക്ലേശം അനുഭവപ്പെടാനിടയുണ്ട്.
ഉത്രട്ടാതി
ഭാവിയെ സംബന്ധിച്ച പ്രധാനപ്പെട്ട പല കാര്യങ്ങളും തീരുമാനിക്കപ്പെടും. അവ നടപ്പിൽ വരുത്തുന്നതിന് കുടുംബാംഗങ്ങളുടെ സഹായം തേടുവാനും നിശ്ചയിക്കും. സാമ്പത്തിക വരവ് സന്തോഷമുണ്ടാക്കും. കിടപ്പ് രോഗികൾക്ക് സമാശ്വാസം ലഭിക്കുന്നതാണ്. സ്വകാര്യ സ്ഥാപനത്തിലെ ജോലി മാറുന്നതിൽ തിടുക്കം കാട്ടേണ്ടതില്ല. വായ്പകൾക്കുള്ള അപേക്ഷ പരിഗണിക്കപ്പെടാം. സ്വത്തുതർക്കം പരിഹരിക്കാനുള്ള ചുമതല വിശ്വസ്തരായ മദ്ധ്യസ്ഥരെ ഏല്പിക്കുന്നതാണ്. വെള്ളി, ശനി ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും നേട്ടമുണ്ടാവുന്നതാണ്.
രേവതി
ആലസ്യം വിട്ട് കർമ്മമേഖലയിൽ ഉന്മേഷപൂർവ്വം പ്രവർത്തനം തുടരും. ഗവൺമെൻ്റിൽ നിന്നും പ്രതീക്ഷിച്ച കാര്യങ്ങൾ നടന്നുകിട്ടുന്നതാണ്. ചെറുകിട സംരംഭകർക്ക് സീസണൽ ആയിട്ടുള്ള ബിസിനസ്സിൽ നിന്നും ലാഭം അധികരിക്കും. സഹപാഠികൾക്കൊപ്പം ആദ്യകാല ഗുരുക്കന്മാരെ സന്ദർശിക്കുന്നതാണ്. പിതാവിൻ്റെ ആരോഗ്യസ്ഥിതി സാധാരണനിലയിലാവുന്നത് ആശ്വാസത്തിന് കാരണമാകും. ജന്മനാട്ടിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുവാനാവും. ബന്ധുക്കളുടെ നിർബന്ധ ബുദ്ധി വിഷമിപ്പിച്ചേക്കും. കലാകാരന്മാർക്ക് അവസരങ്ങൾക്കായി അല്പം കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്.
Read More
- Monthly Horoscope January 2025: ജനുവരി മാസത്തെ സമ്പൂർണ നക്ഷത്ര ഫലം
- Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി ആർക്കൊക്കെ?
- Monthly Horoscope December 2024: ഡിസംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
- Monthly Horoscope for Dhanu: ധനു മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us