Monthly Horoscope Malayalam: മാർച്ച് മാസo തുടങ്ങുന്നത് 1198 കുംഭം 17 ന് ബുധനാഴ്ചയാണ്. മാർച്ച് 15 ന് 1198 മീനമാസം തുടങ്ങുന്നു. സൂര്യൻ കുംഭം – മീനം രാശികളിലായി സഞ്ചരിക്കുന്നു. മാർച്ച് ഒന്നിന് ചന്ദ്രൻ മകയിരം നക്ഷത്രത്തിലാണ്. 31 ന് ചന്ദ്രൻ ഒരു വട്ടം ഭ്രമണം പൂർത്തിയാക്കി പൂയം നക്ഷത്രത്തിലെത്തുന്നു.
വ്യാഴം മീനം രാശിയിൽ തുടരുന്നു. ശനി കുംഭം രാശിയിലാണ്. ശുക്രൻ മാർച്ച് 12 വരെ ഉച്ചരാശിയായ മീനത്തിലും തുടർന്ന് മേടത്തിലും സഞ്ചരിക്കുന്നു. കഴിഞ്ഞ പത്ത്-പതിനൊന്ന് മാസമായി രാഹു മേടത്തിലും കേതു തുലാത്തിലും ആയി സഞ്ചാരം തുടരുകയാണ്.
ബുധൻ കുംഭത്തിലാണ് മാസാദ്യം. മാർച്ച് 16 മുതൽ 31 വരെ ബുധൻ തന്റെ നീചരാശിയായ മീനത്തിലൂടെയാണ് കടന്നുപോകുന്നത്. മാർച്ച് 12 വരെ ചൊവ്വ ഇടവത്തിലാണ്, പിന്നീട് മിഥുനത്തിലും. ഈ ഗ്രഹനിലയെ മുൻനിർത്തി മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിലും അശ്വതി മുതൽ രേവതി വരെ ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും ജനിച്ചവരുടെ 2023 മാർച്ച് മാസത്തിലെ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
അശ്വതി: ദിശാബോധത്തോടെ കർമ്മരംഗത്ത് പ്രവർത്തിക്കും. പുതുയാത്രകൾ മനസ്സിൽ സന്തോഷം നിറയ്ക്കും. ഭവനനിർമ്മാണം പൂർത്തീകരിക്കും. പുതുവാഹനം വാങ്ങാൻ സാധിക്കും. ദൈവകാര്യങ്ങൾ നിറവേറ്റാനായത് ചാരിതാർത്ഥ്യത്തിന് കാരണമാകും. ഇഷ്ടവസ്തുക്കൾ വാങ്ങാൻ കണക്ക് നോക്കാതെ ധനം വ്യയം ചെയ്യും. പണം ചെലവ്ചെയ്ത് മുന്തിയ ഭക്ഷണം കഴിക്കും. മോടിയുള്ള വസ്ത്രങ്ങൾ വാങ്ങും. ആരോഗ്യപരിശോധനകളിൽ അലംഭാവം കാട്ടും.
ഭരണി: മനസ്സന്തോഷത്തിന് കാരണങ്ങൾ വന്നെത്തും. കലാപരമായ കാര്യങ്ങളിൽ സ്വയം സമർപ്പിക്കും. പുരസ്കാരങ്ങളോ അംഗീകാരങ്ങളോ ലബ്ധമാകും. തൊഴിലിൽ മുന്നേറും. ഉദ്യോഗക്കയറ്റം, ശമ്പളവർദ്ധന എന്നിവ ശക്തമായ സാധ്യതകളാണ്. അവിവാഹിതർക്ക് വിവാഹസിദ്ധി പ്രതീക്ഷിക്കാം. മത്സരങ്ങളിൽ നല്ല വിജയം കൈവരുന്നതായിരിക്കും. വിദേശത്ത് പോകാൻ സന്ദർഭമുണ്ടാകാം. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത കാത്തു സൂക്ഷിക്കുന്നതിൽ വിജയിക്കും. വരവേറും ; ചിലവും കൂടും.
കാർത്തിക: നക്ഷത്രനാഥനായ സൂര്യൻ രാഹുനക്ഷത്രമായ ചതയത്തിലൂടെ സഞ്ചരിക്കുന്നതിനാൽ മാസാദ്യം ചില ക്ലേശങ്ങൾ ഉണ്ടാകാം. ശത്രുക്കളാൽ വലയിതരാണോ എന്ന് ചകിതരായേക്കാം. രണ്ടാം ആഴ്ചമുതൽ കാര്യങ്ങൾ വരുതിയിലാകുന്നതായിരിക്കും. പ്രണയത്തിൽ നിന്നും സന്തോഷം ലഭിക്കാം. ധനസ്ഥിതി ഉയർന്നേക്കും. സുഹൃത്തുക്കളുടെ സഹകരണം പ്രതീക്ഷിച്ചതിലധികമായേക്കാം. പുതുപദ്ധതികൾ ഭംഗിയായിത്തന്നെ തുടങ്ങാനാവും. സർക്കാരിൽ നിന്നും വായ്പ / ധനസഹായം കിട്ടാനിടയുണ്ട്. കിടപ്പ് രോഗികൾക്ക് സമാശ്വാസ കാലമാണ്
രോഹിണി: ഗാർഹികമായും തൊഴിൽപരമായും അനുകൂലസാഹചര്യങ്ങൾ ഉദയം ചെയ്യും. പലകാലമായി കാത്തിരുന്ന കാര്യങ്ങൾ കൈവശം വന്നുചേരും. സർക്കാരിൽ നിന്നും അനുകൂലമായ മറുപടി ലഭിക്കും. വിദേശത്തു നിന്നും ശുഭവാർത്ത എത്തും. കലാപ്രവർത്തനം അംഗീകരിക്കപ്പെടും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ വന്നുചേരും. പൊതുവേ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാവാനിടയുണ്ട്. ആരോഗ്യ ജാഗ്രത കൈവിടരുത്.
മകയിരം: കലഹ സാഹചരങ്ങളെ അഭിമുഖീകരിക്കും. ചില സൗഹൃദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കും. തൊഴിൽപരമായി ഉണ്ടായിരുന്ന അലച്ചിൽ കുറയും. വ്യവഹാരങ്ങളിൽ അനുരഞ്ജനം സാധ്യമാകും. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവർ ആരോഗ്യ പരിശോധനകളിൽ അലംഭാവം കാട്ടരുത്. ലൗകിക സുഖാനുഭവങ്ങളിൽ മുഴുകും. പ്രണയബന്ധങ്ങൾ ദൃഢമാകാം. വിദ്യാർത്ഥികളുടെ പഠനകാര്യങ്ങളിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നത് നന്നായിരിക്കും.
തിരുവാതിര: വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് അതിനവസരം ലഭിക്കും. കർമ്മരംഗത്ത് പുതിയ മേച്ചിൽപ്പുറങ്ങളിലെത്താനാവും. സർക്കാരിൽ നിന്നും ഉള്ള വായ്പ, ചിട്ടി മുതലായവ സാമ്പത്തിക ഞെരുക്കത്തിന് താൽക്കാലിക ശമനം ഉണ്ടാക്കും. സഹോദരരുമായി ഐക്യപ്പെടാനുള്ള ശ്രമങ്ങൾ വിജയിക്കണമെന്നില്ല. ഭൂമിയുടെ ക്രയവിക്രയങ്ങളിൽ തടസ്സങ്ങൾ വരാം. രാഷ്ട്രീയ പ്രവർത്തകർക്ക് എതിർപ്പുകൾ കൂടും. ശനി – സൂര്യ യോഗം മൂലം പിതാവിന് ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കാം. വാഹനം, യന്ത്രം, അഗ്നി എന്നിവ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത ഒട്ടും കുറക്കരുത്.
പുണർതം: തൊഴിൽരംഗം വികസിപ്പിക്കും. പുതിയ കരാറുകളിൽ ഒപ്പുവെക്കും. അന്യദേശത്ത് കഴിയുന്നവർക്ക് സ്ഥിരമായോ താൽകാലികമായോ നാട്ടിലേക്ക് മടങ്ങാനാവും. ഭൂമിയിൽ നിന്നും ആദായം ഉണ്ടാകും. സജ്ജനങ്ങളുടെ പിന്തുണ ആത്മവിശ്വാസം വർദ്ധിപ്പിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നത് നന്ന്. കുടുംബാംഗങ്ങളുമായി ഉല്ലാസയാത്ര നടത്തും. മാതാപിതാക്കളുടെ ആരോഗ്യ പരിരക്ഷയിൽ അലംഭാവമരുത്. സ്വന്തം ആരോഗ്യകാര്യത്തിലും ഉദാസീനത പാടില്ല.
പൂയം: നക്ഷത്രനാഥനായ ശനി ശത്രുവായ സൂര്യനും മിത്രമായ ബുധനും ഒപ്പം നിൽക്കുകയാൽ ജീവിതത്തിൽ ശത്രുവിനെയും മിത്രത്തേയും സന്ധിക്കേണ്ടിവരും. അനുകൂല പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് ഊഹിക്കാം. പുതിയ തൊഴിൽ സാധ്യതകൾ പ്രതീക്ഷിക്കാവുന്നതാണ്. ഇഷ്ടജനങ്ങളെ കാണാനാവും. ബന്ധുപ്രീതിയുണ്ടാവും. സാമ്പത്തിക ക്ലേശങ്ങൾ ഉയരാം. കടബാധ്യതകൾ വലച്ചേക്കാം. ആരോഗ്യപരമായ അശ്രദ്ധ വരുത്തരുത്. പുതിയ ചികിത്സാരീതികൾ സ്വയം അവലംബിക്കരുത്.
ആയില്യം: നവസംരംഭങ്ങൾ ആരംഭിക്കും. പക്ഷേ സാമ്പത്തികമായ പുതിയ ബാദ്ധ്യതകൾ വരുത്തുന്നത് കരുതിയാവണം. സർക്കാർ കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാവാം. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ അപ്രീതി നേരിടേണ്ടിവരും. സ്ഥാനക്കയറ്റം വൈകിയേക്കും. യാത്രകൾ കൊണ്ട് ചെറിയ നേട്ടങ്ങൾ വന്നെത്തും. ഗൃഹനിർമ്മാണം സംബന്ധിച്ച ആലോചനകൾ പുരോഗമിക്കും. സന്താനങ്ങളുടെ ശ്രേയസ്സ് സന്തോഷമേകും. ആരോഗ്യ പരിരക്ഷയിൽ അലംഭാവം അരുത്.
മകം: സർക്കാർ കാര്യങ്ങളിൽ അലച്ചിൽ ഉണ്ടാകാം. കച്ചവടക്കാർക്ക് പുതിയ കരാറുകൾ നേടാനും മറ്റുമായി യാത്രകൾ വേണ്ടിവരാം. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം ഉണ്ടാകും. ആടയാഭരണങ്ങൾ വാങ്ങാൻ ചെലവ് ചെയ്യും. ഇഷ്ടബന്ധുക്കളുടെ ഗൃഹം സന്ദർശിക്കും. രാഷ്ട്രീയത്തിൽ എതിർപ്പുകളെ നേരിടേണ്ടിവന്നേക്കും. ആശയവിനിമയത്തിൽ തെറ്റിദ്ധാരണ ഉണ്ടാകാം. മാസത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ ഭിന്നതകളെ നേരിടേണ്ടിവരും. എന്നാലും ജീവിതത്തിന്റെ സുഗമതയ്ക്ക് വലിയ ഇളക്കം തട്ടണമെന്നില്ല. ആരോഗ്യശ്രദ്ധയിൽ ലാഘവം പാടില്ല.
പൂരം: കച്ചവടത്തിൽ നിന്നും കരുതിയതിലധികം ആദായം സിദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ടാകും. അദ്ധ്വാനഭാരം അല്പം കൂടിയേക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടി വരും. പ്രണയികൾക്ക് ഊഷ്മളമായ അനുഭങ്ങൾ ഉണ്ടാകാം. ഗുരുജനങ്ങളെ സന്ദർശിച്ച് അവരുടെ അനുഗ്രഹം നേടുവാൻ സാധിക്കും. തൊഴിൽ തേടുന്നവർക്ക് പ്രതീക്ഷകൾക്ക് അനുസരിച്ച വിധത്തിലല്ലെങ്കിൽ പോലും എന്തെങ്കിലും തൊഴിൽ കൈവരുന്നതാണ്.
ഉത്രം: അധികാര മത്സരങ്ങളിൽ വിജയം നേടും. കരാറുകൾ വലിയ സമ്മർദ്ദം കൂടാതെ തന്നെ പുതുക്കിക്കിട്ടിയേക്കും. വിപണിയുടെ സ്വഭാവം കണ്ടറിഞ്ഞ് കച്ചവട തന്ത്രങ്ങൾ ആവിഷ്കരിക്കും. പഠിതാക്കൾ ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടും. ആഢംബരവസ്തുക്കൾ സ്വന്തമാക്കാൻ വരവിലധികം ചെലവാക്കും. സഭകളിലും സംഘടനകളിലും പ്രസംഗിക്കാൻ സന്ദർഭം ഉണ്ടാകും. അയൽബന്ധങ്ങൾ രമ്യമായിത്തീരും. ഹൃദയ- വാത രോഗങ്ങളുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം.
അത്തം: ജോലി സംബന്ധിച്ച് കൂടുതൽ അദ്ധ്വാനം ഉണ്ടാകും. നവസംരംഭങ്ങളിൽ ആശാവഹമായ പുരോഗതി വന്നെത്തും. കലാപരമായ കഴിവുകൾ അംഗീകരിക്കപ്പെടും. സാമ്പത്തികസ്ഥിതിക്ക് നേരിയ വളർച്ചയുണ്ടാകും. ഭക്ഷണകാര്യത്തിൽ നേരനീക്കം വന്നേക്കാം. വാഹനം വാങ്ങുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളും. കുടുംബാംഗങ്ങളെ ഒത്തിണക്കി കൊണ്ടുപോകുന്നതിൽ നയചാതുര്യം പ്രകടിപ്പിക്കും. ഓർമ്മക്കുറവ് പഠനത്തെ ബാധിക്കാനിടയുണ്ടെന്നതിനാൽ വിദ്യാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ആരോഗ്യപരമായി സമ്മിശ്രമായ കാലമാണ്.
ചിത്തിര: നല്ലവാക്കുകൾ പറഞ്ഞ് അഭിനന്ദിക്കുവാനും നല്ലവാക്കുകൾ കേട്ട് ആശ്വസിക്കുവാനും സന്ദർഭമുണ്ടാകും. ചില സഹായവാഗ്ദാനങ്ങൾ നിറവേറ്റപ്പെടും. ധനക്ലേശം കുറഞ്ഞൊന്ന് പരിഹൃതമാകും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കൂടും. തൊഴിൽരംഗത്ത് ഗുണകരമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. വിദേശത്ത് പഠിക്കാൻ അനുമതി ലഭിച്ചേക്കും. സർക്കാരിൽ നിന്നും കിട്ടേണ്ട ധനസഹായം നേടാൻ കൂടുതൽ പ്രയത്നം വേണ്ടതായി വരും. ആരോഗ്യസ്ഥിതി സമ്മിശ്രം.
ചോതി: ഗാർഹികമായ അസ്വസ്ഥതകൾക്ക് ശമനം കൈവരും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. വ്യവഹാരങ്ങളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം. ബുധന്റെ ബലഹാനിയാൽ വിദ്യാർത്ഥികൾ പഠനത്തിൽ അലസരായേക്കാം. ബന്ധുക്കളുടെ പിന്തുണ പ്രതീക്ഷിച്ചവിധം വന്നു ചേരണമെന്നില്ല. കച്ചവടത്തിൽ കൂടുതൽ മുതൽമുടക്ക് നടത്തുന്നതിന് കുറച്ചുകാലം കൂടി കാത്തിരിക്കുന്നതാവും ഉചിതം. സ്വന്തം ആരോഗ്യസ്ഥിതിയിൽ കൂടുതൽ ശ്രദ്ധ വേണം. ധനസ്ഥിതി മുഴുവനായും അനുകൂലാവസ്ഥയിലാണ് എന്ന് പറയാനാവില്ല.
വിശാഖം: പരിതസ്ഥിതികൾ അനുകൂലമായി വരും. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ നിന്നും പിന്തുണ കൈവരും. ഭൗതികസുഖ ഭോഗങ്ങൾ വർദ്ധിക്കും. മാസത്തിന്റെ രണ്ടാം പകുതിയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാവാം. വീടുപണി ഇഴയും. സർക്കാരിൽ നിന്നും അനുമതിപത്രം ലഭിക്കാതെ വരാം. കുടുംബാംഗങ്ങൾക്കിടയിൽ കലഹവാസന പ്രത്യക്ഷപ്പെട്ടെന്ന് വരാം. ധനസ്ഥിതി അല്പം ദുർബലമാവാം. ചികിത്സാ ചെലവുകൾക്ക് പണം കണ്ടെത്തേണ്ടിവരും. അസൂത്രണം ചെയ്ത കാര്യങ്ങൾ സാക്ഷാല്ക്കരിക്കാൻ കാലവിളംബം ഭവിക്കാം.
അനിഴം: മക്കളുടെ വിവാഹാലോചനകൾ സഫലമാകും. വിദേശ പഠനത്തിന് അവസരം ഉണ്ടാകും. വായ്പ, ചിട്ടി മുതലായവയിൽ നിന്നും ധനസമാഹരണം നടത്താനുള്ള യത്നം വിജയിക്കും. കാര്യാലോചനകളിൽ ഉറച്ച അഭിപ്രായം പറയും. രാഷ്ട്രീയ രംഗത്തുള്ളവർ എതിർപ്പുകളെ തൃണവൽഗണിക്കും. സ്വന്തമായി കച്ചവടം ചെയ്യുന്നവർക്ക് പുതിയ ഉപഭോക്താക്കളെ ലഭിക്കും. സൗഹൃദം പുഷ്ടിപ്പെടും. ചൊവ്വ അഷ്ടമത്തിലേക്ക് നീങ്ങുന്നതിനാൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ കരുതൽ വേണം.
തൃക്കേട്ട: സർഗപ്രവർത്തനങ്ങളിൽ വിജയം വരിക്കും. സാങ്കേതിക വിഷയങ്ങളിൽ നൈപുണ്യം കാഴ്ചവെക്കും. കരാർ പണികൾ സ്ഥിരപ്പെട്ട് കിട്ടാൻ സാധ്യതയുള്ള കാലമാണ്. യാത്രകൾ കൊണ്ട് തൊഴിലിൽ നേട്ടങ്ങൾ കൈവരുത്താൻ കഴിയും. പ്രണയികളുടെ ഇടയിൽ ഹൃദയബന്ധം ഉറയ്ക്കും. പ്രതികൂലസാഹചര്യങ്ങളെ മാസത്തിന്റെ രണ്ടാം പകുതിയിൽ അഭിമുഖീകരിക്കേണ്ടതായി വരാം. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം ശീലമാക്കുന്നത് ഗുണം ചെയ്യും. ആരോഗ്യപരിശോധനകൾ മുടക്കരുത്.
മൂലം: ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. ഇഷ്ടസുഹൃത്തുക്കളെ സന്ദർശിക്കും. കുടുംബജീവിതത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകും. മാതൃബന്ധുക്കളുടെ നിർലോഭമായ പിന്തുണ പ്രവർത്തനോർജ്ജം പകരും. ഗൃഹനിർമ്മാണം പൂർത്തിയാകും. ദാമ്പത്യം സുഖോഷ്മളമായിത്തീരും. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ തുറന്നു കിട്ടുന്നതായിരിക്കും. കിടപ്പ്‌രോഗികൾക്ക് ആശ്വാസം അനുഭവപ്പെടും.
പൂരാടം: സ്വാശ്രയത്വം അഭിമാനം വളർത്തും. ക്രിയാകുശലത വർദ്ധിക്കും. കുടുംബത്തിൽ തലപൊക്കുന്ന പ്രശ്നങ്ങളെ ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധം ഭംഗിയായി പരിഹരിക്കും. വിദ്യാർത്ഥികളുടെ പഠനത്തിന് രക്ഷിതാക്കളുടെ പ്രോത്സാഹനം കരുത്താകും. കായികമത്സരങ്ങളിൽ മികവ് കാട്ടും. തൊഴിൽപുരോഗതിക്ക് വായ്പാസഹായം പ്രയോജനപ്പെടുത്തും. ബന്ധു സംഗമം, കുടുംബ സദസ്സുകൾ എന്നിവയിൽ പങ്കെടുക്കാനാവും. ആരോഗ്യപ്രശ്നങ്ങൾ അല്പം പിൻവലിയുന്ന കാലമാണ്.
ഉത്രാടം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില കിട്ടാക്കടങ്ങൾ കിട്ടാം. വാഹനം, ഗൃഹം, ഓഫീസ് ഇവ മോടി പിടിപ്പിക്കും. സഹോദരരുടെ നിലപാടുകൾ ആശ്വാസമേകും. പൊതുപ്രവർത്തകർക്ക് അനുയായികളുടെ പൂർണ പിന്തുണ സിദ്ധിക്കും. നക്ഷത്രനാഥനായ സൂര്യന് ശനിയോഗം വന്നതുമൂലം ചില സമ്മർദ്ദങ്ങളെ നേരിടേണ്ടി വരാം. കായികമായ അലച്ചിൽ ഏർപ്പെടാം. വിദ്യാർത്ഥികളെ ആലസ്യം ബാധിക്കാനിടയുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ വൈദ്യസഹായം നേടാൻ അമാന്തിക്കരുത്.
തിരുവോണം: ന്യായമായ ആവശ്യങ്ങൾക്ക് ധനം കണ്ടെത്തും. ചിലപ്പോൾ പരുക്കനായി സംസാരിക്കേണ്ട സാഹചര്യം വന്നേക്കാം. പ്രൊഫഷണൽ രംഗത്തുള്ളവർക്ക് വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതായ സാഹചര്യം ഉദയം ചെയ്യാം. മുൻകൂട്ടി തീരുമാനിച്ച യാത്രകൾ മാറ്റിവെക്കപ്പെടാം. ഉദ്യോഗസ്ഥർക്ക് കൃത്യനിർവഹണത്തിൽ ചില ക്ലേശങ്ങൾ ഉണ്ടാവാം. കിടപ്പുരോഗികൾക്ക് പുതുചികിത്സകൾ ഗുണകരമാവാം. ഭൂമി സംബന്ധിച്ച ക്രയവിക്രയങ്ങൾക്ക് ചെറിയ കാലതാമസം വന്നേക്കാം.
അവിട്ടം: മാനസിക പിരിമുറുക്കങ്ങൾക്ക് അയവ് കണ്ടുതുടങ്ങും. വലിയ ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചതിൽ അഭിമാനം തോന്നും. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും പ്രോത്സാഹനം ശക്തിയേകും. കാഴ്ചവൈകല്യത്തിന് ചികിൽസ നേടും. വിദേശയാത്ര പ്രതീക്ഷിക്കുന്നവർക്ക് അടുത്തുതന്നെ അതിന് സന്ദർഭം കൈവരും. വിദ്യാർത്ഥികൾ ഇച്ഛാശക്തിയോടെ പഠനത്തിൽ മുഴുകും. മാസത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ നല്ല ഫലങ്ങൾ അനുഭവപ്പെടും.
ചതയം: സാഹസങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും. പുതിയ സാമ്പത്തിക ബാധ്യതകൾ വരാതെ നോക്കേണ്ടതുണ്ട്. നിക്ഷേപങ്ങളിൽ നിന്നും ഭേദപ്പെട്ട ആദായം ലഭിക്കും. വ്യാപാര രംഗത്തെ മാന്ദ്യം പരിഹരിക്കാൻ പുതുവഴികൾ കണ്ടെത്തും. കുടുംബാംഗങ്ങളുമായി കൂടിയാലോചനകൾ നടത്താതെ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഗാർഹികമായ അനൈക്യങ്ങൾക്ക് വഴിവെക്കും. വിദ്യാർത്ഥികളുടെ പഠനക്ലേശം, പരീക്ഷപ്പേടി എന്നിവയ്ക്ക് വിദഗ്‌ദ്ധോപദേശം തേടുന്നത് കരണീയ കർമ്മമാവും.
പൂരുട്ടാതി: പുതിയ സംരംഭങ്ങളെക്കുറിച്ച് ചിന്തിക്കും. എന്നാൽ പ്രവർത്തനോർജം അല്പം മന്ദഗതിയിലാകുന്നതായി തോന്നാം. കരുതിവെച്ചിരുന്ന ധനം മറ്റു ചില കാര്യങ്ങൾക്കായി വകമാറ്റി ചെലവഴിക്കേണ്ടി വരാം. വസ്തുക്കളെ സംബന്ധിച്ച വ്യവഹാരം തീർപ്പാകാതെ ഇഴയാം. എന്നാലും കുടുംബപരമായ സന്തോഷങ്ങൾ മുന്നോട്ടു നീങ്ങാൻ കരുത്തേകും. നല്ലവാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ മനക്ലേശങ്ങളെ ലഘൂകരിക്കും. അനുരാഗികൾക്ക് ഹൃദയൈക്യം ദൃഢമാകും. ആരോഗ്യജാഗ്രതയിൽ വിട്ടുവീഴ്ചയരുത്.
ഉത്രട്ടാതി: ഇഷ്ടജനങ്ങളുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിക്കാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാം. ഉദ്യോഗസ്ഥർക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കും. എന്നാൽ വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവർക്ക് അനുമതി വേഗം ലഭിക്കുകയും ചെയ്യും. വിലപ്പെട്ട വസ്തുക്കൾ പാരിതോഷികമായി കൈവരാം. ഭോഗസിദ്ധി, അശനശയന സൗഖ്യം എന്നിവയും പ്രതീക്ഷിക്കാം. മാർച്ച് രണ്ടാം പകുതിക്ക് അല്പം പകിട്ട് കുറയാം.
രേവതി: ധനവരവേറുമെങ്കിലും ചെലവും കൂടും. ശമ്പളവർദ്ധനവ് പ്രതീക്ഷിച്ചവർക്ക് അല്പം നിരാശപ്പെടേണ്ടി വരാം. തൊഴിൽ തേടുന്നവർക്ക് ദൂരനാട്ടിൽ തൊഴിൽ കിട്ടിയേക്കും. വീടോ നാടോ വിട്ടുനിൽക്കേണ്ട സാഹചര്യങ്ങൾ ഉദയം ചെയ്യാം. അകാരണമായ ഉന്മേഷരാഹിത്യം കർമ്മരംഗത്ത് പ്രതിഫലിച്ചേക്കും. കുടുംബജീവിതത്തിൽ നല്ല അനുഭവങ്ങൾ വരാം. മക്കളുടെ ശ്രേയസ്സിൽ അഭിമാനിക്കാനാവും. വിദ്യാർത്ഥികളെ ആലസ്യം ബാധിച്ചേക്കാം. വാതരോഗത്തിന് ചികിത്സ തേടാൻ ഇടയുണ്ട്.