scorecardresearch

കുംഭമാസത്തെ നക്ഷത്ര ഫലം, മൂലം മുതൽ രേവതി വരെ

കുംഭമാസത്തെ നക്ഷത്ര ഫലം, മൂലം മുതൽ രേവതി വരെ- Astrological Predictions 2023 Kumba Month Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars

astrology, horoscope, ie malayalam

Astrological Predictions 2023 Kumba Month Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars: 2023 ഫെബ്രുവരി 13 നാണ് കുംഭം ഒന്നാം തീയതി. മാർച്ച് 14 ന് കുംഭമാസം അവസാനിക്കുന്നു. ( മുപ്പതുതീയതികൾ). കുംഭമാസത്തിൽ സൂര്യനും ശനിയും കുംഭം രാശിയിൽ സഞ്ചരിക്കുന്നു. കുംഭം ഒന്നിന് വിശാഖം നക്ഷത്രത്തിൽ തുടങ്ങുന്ന ചന്ദ്രന്റെ രാശിചക്രഭ്രമണം ഒരു വട്ടം പൂർത്തിയായി അനിഴം നക്ഷത്രത്തിലെത്തുന്നു. കുംഭം 15 വരെ ബുധൻ മകരം രാശിയിലും തുടർന്ന് കുംഭം രാശിയിലും ആയി സഞ്ചരിക്കുന്നു.

കുംഭം 3 മുതൽ 28 വരെ ശുക്രൻ തന്റെ ഉച്ചരാശിയായ മീനത്തിലാണ്. വ്യാഴം മീനത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും തുടരുകയാണ്. ചൊവ്വ ഇടവത്തിലെ വക്രഗതി പൂർത്തിയാക്കി കുംഭം 28 ന് മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. ഇപ്രകാരം സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികൾ മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിലായി വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരെ എപ്രകാരം സ്വാധീനിക്കുന്നു, ഇക്കാലയളവിലെ പ്രധാനപ്പെട്ട അനുഭവങ്ങൾ എന്തൊക്കെയാവും എന്നിങ്ങനെയുള്ള അന്വേഷണമാണ് തുടർന്ന് നടത്തപ്പെടുന്നത്.

മൂലം: കാർമേഘങ്ങളൊഴിഞ്ഞ ആകാശം പോലെ പ്രസന്നമായിരിക്കും, ജീവിതം. പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കും. സാമ്പത്തികമായി നേട്ടങ്ങൾക്ക് തന്നെയാവും മുൻതൂക്കം. തൊഴിൽ തേടുന്നവർക്ക്, സംരംഭകർക്ക് , കലാകാരന്മാർക്ക് ഒക്കെ ധാരാളം അവസരങ്ങൾ വന്നുചേരും. അഭിഭാഷകവൃത്തി, ഏജൻസി ജോലികൾ, കരാർ പണികൾ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ആദായം ഉയരും. മുൻപ് അവഗണിച്ചിരുന്നവർ തന്നെ സഹായഹസ്തവുമായി മുന്നോട്ട് വരും. ബഹുകാര്യ പ്രസക്തമാവും ജീവിതം. കുടുംബ കാര്യങ്ങളും ഒരുവിധം ഭംഗിയായി നിർവഹിക്കപ്പെടും.

പൂരാടം: ഭരണി, പൂരം, പൂരാടം എന്നീ മൂന്ന് നക്ഷത്രങ്ങളുടെ അധിപനായ ശുക്രൻ കുംഭമാസത്തിന്റെ തുടക്കം മുതൽ ഉച്ചക്ഷേത്രത്തിലേക്ക് കടക്കുകയാൽ നാനാതരം അഭ്യുദയങ്ങൾ ഇവർക്ക് വന്നുചേരും. വിദ്യാർത്ഥികൾ പഠിപ്പിൽ മികവ് കാട്ടും. യുവാക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിച്ച തൊഴിൽ ലഭിക്കാം. ഗൃഹവാഹനാദികൾ , വസ്തുക്കൾ എന്നിവ വാങ്ങുകയോ നവീകരിക്കുകയോ ചെയ്യും. ബന്ധുക്കളും സുഹൃത്തുക്കളും കൂടുതൽ അടുപ്പം കാണിക്കും. വ്യക്തിത്വം പ്രകീർത്തിക്കപ്പെടും.

ഉത്രാടം: കർമ്മരംഗത്ത് പുതു പരിഷ്കാരങ്ങൾ കൊണ്ടുവരും. ദന്തഗോപുരത്തിൽ നിന്നും താഴേത്തട്ടിലേക്കിറങ്ങി വരും. ആദായമുയരും. ഊഹക്കച്ചവടത്തിൽ നേരിയ ലാഭം പ്രതീക്ഷിക്കാം. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനാവും. ഹൃദയ കാലുഷ്യങ്ങൾ താൽക്കാലികമായെങ്കിലും അകലും. കൊടുക്കൽ വാങ്ങലുകളിൽ കൃത്യത പുലർത്തണം. സാഹസങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാവും അഭിലഷണീയം.

തിരുവോണം: വിദ്യാർത്ഥികൾ സാങ്കേതികവിജ്ഞാനം വർദ്ധിപ്പിക്കും. കുടുംബ ജീവിതത്തിൽ ചെലവുകൾ കൂടും. സർക്കാരിൽ നിന്നും അനുമതിപത്രം / സഹായധനം എന്നിവ പ്രതീക്ഷിക്കുന്നവർക്ക് അവ കൈവരും. സജ്ജനങ്ങളുടെ പിന്തുണ കരുത്തുപകരും. ക്ഷേത്രാടനയോഗമുണ്ട്. ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കാതിരിക്കാൻ മാനസിക- ശാരീരിക വ്യായാമങ്ങൾ പിന്തുടരണം. തൊഴിൽ രംഗത്ത് ചെറിയ മുന്നേറ്റങ്ങൾ ഉണ്ടാകും. എതിർപ്പുകളെ തൃണവൽഗണിച്ച് മുന്നേറും.

അവിട്ടം: കഠിനാദ്ധ്വാനം തുടരേണ്ടിവരും. ചില പദ്ധതികൾ ലക്ഷ്യത്തോടടുക്കുന്നത് ആശ്വാസമേകും. ഗാർഹിക ജീവിതത്തിലെ സമ്മർദ്ദം തെല്ലൊന്ന് കുറയാം. വീട് മാറ്റത്തെക്കുറിച്ച് ചിന്തിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർ വായ്‌പകൾക്കായി നടത്തുന്ന ശ്രമം ഭാഗികമായി വിജയിക്കും. സന്താനങ്ങളുടെ കാര്യത്തിൽ ചില തീരുമാനങ്ങൾ കൈക്കൊള്ളും. സഹപ്രവർത്തകരുടെ പിന്തുണ പ്രതീക്ഷിച്ചതിലധികമാവും. വരവും ചെലവും സന്തുലിതമാകും.

ചതയം: മുൻ തീരുമാനങ്ങൾ പ്രാവർത്തികമാക്കും. പുതുജോലിയിൽ സമ്മർദ്ദങ്ങൾ ഏറും. കായിക രംഗത്തുള്ളവർക്ക് പരിശീലനം മുടങ്ങാം. വിദ്യാർത്ഥികളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. മധുരമായി സംസാരിച്ച് സഭകളിൽ ശോഭിക്കും. പാരമ്പര്യവസ്തുക്കളിൽ നിന്നും ആദായം വന്നുചേരും. സാമ്പത്തിക സ്ഥിതി മോശമാവില്ല. ഭാര്യാഭർത്താക്കന്മാർക്കിടയിലെ അനൈക്യം കുറയും. തീർത്ഥാടനത്തിനും സാധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ ശ്രദ്ധക്കുറവ് വരരുത്.

പൂരുട്ടാതി: സൽക്കർമ്മങ്ങൾ ചെയ്യും. വ്യക്തിപരമായി സമ്മർദ്ദങ്ങൾ കൂടും. ലക്ഷ്യത്തിലെത്താൻ കൂടുതൽ തുഴയേണ്ടിവരാം. അധ്വാനം വേണ്ടപ്പെട്ടവർ കണ്ടില്ലെന്നും വന്നേക്കാം. സത്യം തുറന്ന് പറയുന്നതിനാൽ ശത്രുക്കൾ ഏറും. ഗുരുശുക്രസ്ഥിതി അനുകൂലമാണ്. കലാരംഗത്തുള്ളവർ പുരസ്കൃതരാവും. സാമ്പത്തികമായി ശുഷ്കിക്കില്ല. വസ്തുവോ വീടോ വാഹനമോ വാങ്ങുന്ന കാര്യത്തിലുള്ള തീരുമാനം അല്പം വൈകാം. ശയ്യാവലംബികൾക്ക് രോഗം കുറയും. പുതുചികിൽസകൾ ഫലിച്ചേക്കും.

ഉത്രട്ടാതി: അന്യദിക്കിലേക്ക് ജോലിമാറ്റം വരാം. ഉദ്യോഗസ്ഥർക്ക് കഠിനമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കും. ‘മെല്ലപ്പോക്ക് നയം ‘ മൂലം അധികാരികളുടെ ശാസന ലഭിക്കാം. വരവിനേക്കാൾ ചെലവ് കൂടിനിൽക്കും. ശുക്രന്റെ രാശിസ്ഥിതി മൂലം സുഖഭോഗങ്ങളിൽ ആസക്തി കൂടും. പ്രണയം പുഷ്ക്കലമാകും. സഹോദരരുമായി അനൈക്യം ഒരു സാധ്യതയാണ്. ഗ്രഹപ്പിഴാകാലമാകയാൽ സാഹസങ്ങൾ ഒഴിവാക്കണം. ആരോഗ്യപരിശോധനകൾ മുടക്കരുത്.

രേവതി: നല്ല കാര്യങ്ങൾക്ക് സമയം കണ്ടെത്തും. ചില കൂട്ടുകെട്ടുകളിൽ നിന്നും സ്വയം ഒഴിയും. സ്വന്തം കർമ്മമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവും. രാഷ്ട്രീയാധികാരികളുമായി മുഷിയേണ്ടി വരാം. പിതാവിന്റെ ആരോഗ്യസ്ഥിതി അത്ര നന്നായിരിക്കില്ല. വിദേശത്ത് പഠനം- തൊഴിൽ എന്നിവയ്ക്കായി പോകാൻ സന്ദർഭമുണ്ടാകും. മക്കളുടെ പഠനപുരോഗതി സന്തോഷമരുളും. ദിനചര്യകളുടെ താളം തെറ്റാം. ആലസ്യം വഴിമുടക്കിയാവുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrological predictions 2023 kumba month moolam pooradam utharadam thiruvonam avittam chathayam pururuttathy uthrittathy revathi stars