Astrological Predictions 2023 Kumba Month: 2023 ഫെബ്രുവരി 13 നാണ് കുംഭം ഒന്നാം തീയതി. മാർച്ച് 14 ന് കുംഭമാസം അവസാനിക്കുന്നു. ( മുപ്പതുതീയതികൾ). കുംഭമാസത്തിൽ സൂര്യനും ശനിയും കുംഭം രാശിയിൽ സഞ്ചരിക്കുന്നു. കുംഭം ഒന്നിന് വിശാഖം നക്ഷത്രത്തിൽ തുടങ്ങുന്ന ചന്ദ്രന്റെ രാശിചക്രഭ്രമണം ഒരു വട്ടം പൂർത്തിയായി അനിഴം നക്ഷത്രത്തിലെത്തുന്നു. കുംഭം 15 വരെ ബുധൻ മകരം രാശിയിലും തുടർന്ന് കുംഭം രാശിയിലും ആയി സഞ്ചരിക്കുന്നു.
കുംഭം 3 മുതൽ 28 വരെ ശുക്രൻ തന്റെ ഉച്ചരാശിയായ മീനത്തിലാണ്. വ്യാഴം മീനത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും തുടരുകയാണ്. ചൊവ്വ ഇടവത്തിലെ വക്രഗതി പൂർത്തിയാക്കി കുംഭം 28 ന് മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. ഇപ്രകാരം സൂര്യാദി നവഗ്രഹങ്ങളുടെ വിവിധ രാശിസ്ഥിതികൾ മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിലായി വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരെ എപ്രകാരം സ്വാധീനിക്കുന്നു, ഇക്കാലയളവിലെ പ്രധാനപ്പെട്ട അനുഭവങ്ങൾ എന്തൊക്കെയാവും എന്നിങ്ങനെയുള്ള അന്വേഷണമാണ് തുടർന്ന് നടത്തപ്പെടുന്നത്.
അശ്വതി: ദുർലഭം എന്ന് കരുതിയ കാര്യങ്ങൾ സുലഭമാകും. പൊതുരംഗത്ത് പ്രശസ്തരാകും. അധികാരമുള്ള പദവികൾ സ്വന്തമാകും. ഉദ്യോഗസ്ഥരുടെ അലംഭാവം മാറും. നല്ല കാര്യങ്ങൾക്കായി പണച്ചെലവേറും. ദാമ്പത്യത്തിലെ അനൈക്യം കുറയും. പഠനത്തിൽ, കലാകായിക രംഗത്തിൽ ഒക്കെ മികവാർജ്ജിക്കും. വൃദ്ധജനങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. പരുഷവാക്കുകൾ പറഞ്ഞ് ബന്ധുക്കളെ പിണക്കും.
ഭരണി: ആത്മശക്തി കൂടും. അഭിമാനബോധം ഉയരും. മേലധികാരികളുടെ പ്രശംസ നേടും. വസ്തു/ വീട്/ വാഹനം ഇവ മോടിപിടിപ്പിക്കുകയോ പുതുതായി വാങ്ങുകയോ ചെയ്യും. ദൂരദിക്കിലേക്ക് യാത്ര പോകാൻ സാധ്യത കാണുന്നു. തൊഴിൽപരമായുള്ള യാത്രകൾ ലക്ഷ്യം കാണും. നവസംരംഭങ്ങൾ തുടങ്ങാൻ വിദഗ്ദ്ധരുമായി കൂടിയാലോചനകൾ നടത്തും. തൊഴിൽ കരാറുകൾ പുതുക്കപ്പെടും. ആതുരസേവനം അംഗീകാരം നേടിത്തരും.
കാർത്തിക: കഷ്ടസന്ദർഭങ്ങളെ പ്രത്യുല്പന്നമതിത്വത്തോടെ നേരിടും. അവസരവാദികളെ തിരിച്ചറിയും. സഹപ്രവർത്തകരുടെ നേതാവായി ഉയരും. വൈജ്ഞാനികരംഗത്ത് മൗലിക സംഭാവനകൾ നൽകും. കുടുംബബന്ധം ഊഷ്മളമായിത്തീരും. അവിവാഹിതർക്ക് വിവാഹതീരുമാനം ഉണ്ടായേക്കും. ധനപരമായി ആശ്വാസകാലമാണ്. പഴയ ചില പ്രശ്നങ്ങൾ പരിഹാരത്തിലെത്തും. ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ പുലർത്തണം.
രോഹിണി: പല ശുഭകാര്യങ്ങളും സംഭവിക്കാം. ധനോന്നതിയുണ്ടാവും. ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. സാങ്കേതിക വിദ്യാഭ്യാസത്തിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. പ്രതികൂല ശബ്ദങ്ങളെ അവഗണിക്കും. വ്യവഹാരങ്ങളിൽ അനുകൂലമായ തീർപ്പുണ്ടായേക്കാം. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ സന്ദർഭമുണ്ടാകും. കിടപ്പ് രോഗികൾക്ക് പുതുചികിൽസകൾ ഫലപ്രദമായേക്കാം. കലാപരമായ കഴിവുകൾ ശ്രദ്ധിക്കപ്പെടാം. മാനസികമായി കരുത്തു നേടും.
മകയിരം: കുംഭം അവസാനം വരെ ചൊവ്വ നക്ഷത്രത്തിൽ തുടരുകയാൽ ശാരീരിക- മാനസിക ക്ലേശങ്ങൾ തുടരാം. ധനപരമായി ഗുണപ്രധാനമായ കാലമാണ്. വ്യവസായത്തിന് സർക്കാർ അനുമതി സിദ്ധിക്കും. പങ്കുകച്ചവടത്തിൽ വിജയം കാണും. ദൂരദിക്കിലേക്ക് ഉപരിപഠനം സാധ്യമായേക്കും. ഇടവക്കൂറുകാർ പൊതുപ്രവർത്തനത്തിൽ കൂടുതൽ കരുതൽ കൈക്കൊള്ളണം. പ്രണയികൾക്ക് മനസ്സന്തോഷം അധികമാവും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത കൈവെടിയരുത്.
തിരുവാതിര: ആഢംബരത്തിൽ ശ്രദ്ധ കൂടും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. അദ്ധ്വാനത്തിൽ അലസരാകും. വീഴ്ചയോ മുറിവോ ഉണ്ടാകാനിടയുള്ളതിനാൽ ദേഹപരിരക്ഷയിൽ കൂടുതൽ ശ്രദ്ധ വേണം. എതിരാളികളെ നിസ്സാരരായി കാണുന്ന പ്രവണത മാറ്റണം. പാരമ്പര്യ മൂല്യങ്ങളെ മുറുകെ പിടിക്കുമെങ്കിലും സ്വജനങ്ങൾ പോലും പിന്തുണച്ചേക്കില്ല. പുതുജോലി, ഉദ്യോഗക്കയറ്റം, ശമ്പള വർദ്ധന എന്നിവക്കായി കാത്തിരുന്നവർക്ക് അല്പം കൂടി കാത്തിരിക്കേണ്ടി വരാം.
പുണർതം: ക്രയവിക്രയങ്ങൾ ആദായകരമാകും. പുതിയ വസ്തു / വാഹനം വാങ്ങാനിടയുണ്ട്. വിദേശധനം കൈവശം വന്നുചേരും. കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന രീതി അഭിനന്ദിക്കപ്പെടും. യാത്രകൾ ഗുണപ്രദമാവും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാം. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. മുഖ്യതൊഴിലിനൊപ്പം മറ്റൊരു വരുമാനം കൂടി മുന്നിൽക്കണ്ട് കരുനീക്കം നടത്തും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാവും.
പൂയം: ഉന്നത ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കും. ആഗ്രഹിച്ച വിഷയങ്ങളിൽ മേൽപഠിപ്പ് സാധ്യമാകും. അലച്ചിൽ അധികരിച്ചേക്കും. ചിലരുടെ പെരുമാറ്റം വേദനിപ്പിക്കാം. കൂടുതൽ സംസാരിക്കുന്ന പ്രവണതയെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. കരാർ പണികൾ പുതുക്കിക്കിട്ടാൻ ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരാം. ജീവിതശൈലീ രോഗങ്ങളുടെ ഉപദ്രവം വർദ്ധിക്കാം. ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.
ആയില്യം: മുൻ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് മറ്റൊരവസരത്തിലേക്ക് മാറ്റേണ്ടി വരാം. പ്രൊഫഷണലുകൾക്ക് പലതരം വെല്ലുവിളികളെ നേരിടേണ്ടി വന്നേക്കും. പ്രണയത്തിൽ ആത്മാർത്ഥത കുറയുന്നതായി സംശയിക്കും. കൃഷിയിൽ നിന്നും ആദായം കൂടും. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കും. യന്ത്രം, അഗ്നി, ആയുധം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടവർ കൂടുതൽ ജാഗരൂകരാവണം. ഇപ്രകാരമൊക്കെയാണെങ്കിലും ഭാഗ്യപുഷ്ടിയുള്ളതിനാൽ ന്യായമായ ആവശ്യങ്ങൾ നിറവേറ്റപ്പെടും.
മകം: നേട്ടങ്ങൾ അനുഭവത്തിലെത്തും. ജീവിത നിലവാരം ഉയരും. എന്നാൽ സർക്കാരിൽ നിന്നുമുള്ള സഹായം ലഭിക്കാൻ വൈകും. ഗൃഹനിർമ്മാണം കുറച്ചൊന്ന് അനിശ്ചിതത്വത്തിലാവും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടും. പ്രണയികളുടെ ഹൃദയൈക്യം ദൃഢമാകും. പഠനത്തിൽ ആലസ്യം വരാം. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. ധനസ്ഥിതി ഉയരുമെങ്കിലും ചെലവും വർദ്ധിച്ചേക്കും.
പൂരം: നക്ഷത്രനാഥനായ ശുക്രന്റെ ഉച്ചസ്ഥിതി മൂലം ആത്മവിശ്വാസം വളരും. കലാപ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടും. വ്യക്തിത്വം ഊഷ്മളവും ഉന്മേഷഭരിതവുമാകും. സംഘടനാ രംഗത്ത് നേതൃപദവിയിലേക്ക് ഉയരും. ഗൃഹലാഭം ഉണ്ടാവാം. ഗൃഹം നവീകരിക്കാനുള്ള സാധ്യതയും കാണുന്നു. ഭോഗസുഖം പ്രതീക്ഷിക്കാം. ദിനചര്യയുടെ കൃത്യത നഷ്ടപ്പെടാനിടയുണ്ട്. ഭക്ഷണ ശീലങ്ങളിൽ മാറ്റം പ്രകടമാവും. പ്രണയബന്ധം വിവാഹത്തിൽ കലാശിച്ചേക്കാം. ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ ആരോഗ്യപരിശോധനയിൽ അലംഭാവമരുത്.
ഉത്രം: പുതുസംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ സമയമാണ്. പ്രവർത്തനോർജ്ജം ഏറും. സർക്കാരിൽ നിന്നും അനുമതിപത്രം വേഗം കൈവരും. പുതിയ സൗഹൃദങ്ങൾ ഉണ്ടാവും. വിദേശയാത്രക്ക് ഉചിത സന്ദർഭമാണ്. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം പ്രശംസിക്കപ്പെടും. ധനപരമായി പറഞ്ഞാൽ മിതവ്യയശീലം കൈമോശം വരും. മാതൃജനങ്ങളുടെ ആരോഗ്യസ്ഥിതി അത്ര നന്നായിരിക്കില്ല. ചിങ്ങക്കൂറുകാരായ വിദ്യാർത്ഥികൾ പഠനത്തിൽ അലസരായേക്കാം.
അത്തം: കർമ്മരംഗം ഉണർവുള്ളതാകും. കച്ചവടത്തിൽ പുരോഗതി ദൃശ്യമാകും. പുതിയ മാറ്റങ്ങൾ സ്വാഗതാർഹമായിത്തീരും. വീട്ടിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കും. പുതിയ കൂട്ടുകെട്ടുകൾ ഗുണപ്രദമാവും. പാരിതോഷികങ്ങളോ പുരസ്ക്കാരങ്ങളോ ലഭിക്കാനിടയുണ്ട്. ആഢംബരത്തിന് പണം ചെലവു ചെയ്യും. കുടുംബജീവിതം ശോഭനമാകും. ബന്ധുക്കളുമായുണ്ടായിരുന്ന അനൈക്യം അവസാനിക്കും. മക്കളുടെ ശ്രേയസ്സിൽ സന്തോഷിക്കും. വാതസംബന്ധമായ അസുഖങ്ങൾ ഉപദ്രവിച്ചേക്കാം. ആരോഗ്യപരിരക്ഷയിൽ ജാഗ്രത കുറയ്ക്കരുത്.
ചിത്തിര: ചിന്തയും കർമ്മവും സമരസപ്പെട്ട് നീങ്ങും. മുടങ്ങിക്കിടന്ന ഭൗതികമായ ആവശ്യങ്ങൾ നിറവേറ്റാനാവും. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുടെ പുതുനാമ്പുകൾ പൊട്ടിമുളക്കും. തൊഴിൽരഹിതർക്ക് സ്ഥിരവരുമാനമുള്ള ജോലികൾ ലഭിക്കാം. സ്വാശ്രയത്വവും സ്വാഭിമാനവും വർദ്ധിക്കും. അവിവാഹിതർക്ക് നല്ല വിവാഹാലോചനകൾ വന്നുചേരും. ശുക്ര- ഗുരു യോഗം മൂലം ആത്മീയതക്ക് കൂടി പ്രസക്തിയേറും. കലാകാരന്മാരുടേ സിദ്ധിസാധനകൾ അംഗീകരിക്കപ്പെടും. ജീവിതം പുരോഗതിയിലേക്ക് നീങ്ങുകയാണെന്ന ബോധ്യം ശക്തമാകും.
ചോതി: പൊതുപ്രവർത്തനക്കിൽ മുന്നേറും. ശിഷ്യപ്രശിഷ്യരുടെ ആദരം ഏറ്റുവാങ്ങും. സർക്കാർ ധനസഹായം കൈവരും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് ലാഭം വർദ്ധിക്കും. യാത്രകൾ പ്രയോജനകരമായിത്തീരാം. പ്രണയികൾക്ക് സന്തോഷിക്കാൻ സന്ദർഭങ്ങൾ ഉണ്ടാകും. പുതിയ പദ്ധതികളെക്കുറിച്ച് വിദഗ്ദ്ധരുമായി കൂടിയാലോചനകൾ നടത്തും. കുടുംബജീവിതത്തിൽ ചില നേരിടും. കിടപ്പ് രോഗികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും.. വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിച്ചേക്കും.
വിശാഖം: നക്ഷത്രനാഥനായ വ്യാഴവും ശുക്രനും സംഗമിക്കുകയാൽ മനസ്സന്തോഷവും ദേഹസുഖവും പ്രതീക്ഷിക്കാം. യുക്തിസഹമായ പ്രവർത്തനങ്ങളിലൂടെ വിജയപഥത്തിലെത്തിച്ചേരും. കലാകാരന്മാരുമായി സൗഹൃദം സ്ഥാപിക്കും. കുടുംബാംഗങ്ങൾ ഒത്തിണങ്ങി പിന്തുണ നൽകും. പ്രണയബന്ധം വിവാഹത്തിലെത്താം. ഭക്ഷണസമൃദ്ധി, നിദ്രാസുഖം, ആർഭാട യാത്രകൾ എന്നിവയും യാഥാർത്ഥ്യമാവാം. കേതു-രാഹു സ്ഥിതി മൂലം ചില ആരോഗ്യപ്രശ്നങ്ങൾ വന്നുചേരാം.
അനിഴം: ഏകാന്തതയെക്കാൾ കൂട്ടുകെട്ടുകളിലും കൂട്ടുചേരലുകളിലും സന്തോഷം കണ്ടെത്തും. ചിരകാല പ്രതീക്ഷിതമായ കാര്യങ്ങൾ സാക്ഷാൽക്കരിക്കപ്പെടും. ഇഷ്ടവസ്തുക്കൾ നേടിയെടുക്കും. കച്ചവടക്കാർക്കും കൃഷിക്കാർക്കും സ്വന്തം ഉല്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനാവും. മാതാവിന്റെ ആരോഗ്യസ്ഥിതി ഭേദപ്പെടും. മക്കളുടെ വിദ്യാഭ്യാസത്തിനോ / വിവാഹാവശ്യങ്ങൾക്കോ വായ്പാ സഹായം ലബ്ധമാകും. അന്യനാട്ടിൽ ഉപജീവനം തേടുന്നവർക്ക് ശുഭവാർത്ത കേൾക്കാനാകും.
തൃക്കേട്ട: പുതിയ വിഷയങ്ങൾ പഠിക്കാൻ ശ്രമം തുടരും. ഗൃഹനിർമ്മാണം മുന്നോട്ടുപോകും. ഭാവനാപൂർണമാകും , സാഹിത്യ പ്രവർത്തനം. യാത്രകൾക്ക് കാലം അനുകൂലമാണ്. പൂർവ്വിക കുടുംബം സന്ദർശിച്ചേക്കും. വിവാഹാലോചനകൾ അല്പം നീണ്ടുപോകാം. ഉദ്യോഗസ്ഥർക്ക് പുതിയ ദൗത്യങ്ങൾ വെല്ലുവിളിയാകാനിടയുണ്ട്. വരുമാനം മോശമാകില്ല. അനാവശ്യച്ചെലവുകൾക്ക് പന്ത്രണ്ടിലെ കേതു കാരണമായേക്കും. കുടുംബസദസ്സുകളിൽ ബുദ്ധിപൂർവ്വം സംസാരിക്കും. ഇളമുറക്കാർക്ക് മാതൃകയാവും.
മൂലം: കാർമേഘങ്ങളൊഴിഞ്ഞ ആകാശം പോലെ പ്രസന്നമായിരിക്കും, ജീവിതം. പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കും. സാമ്പത്തികമായി നേട്ടങ്ങൾക്ക് തന്നെയാവും മുൻതൂക്കം. തൊഴിൽ തേടുന്നവർക്ക്, സംരംഭകർക്ക് , കലാകാരന്മാർക്ക് ഒക്കെ ധാരാളം അവസരങ്ങൾ വന്നുചേരും. അഭിഭാഷകവൃത്തി, ഏജൻസി ജോലികൾ, കരാർ പണികൾ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ആദായം ഉയരും. മുൻപ് അവഗണിച്ചിരുന്നവർ തന്നെ സഹായഹസ്തവുമായി മുന്നോട്ട് വരും. ബഹുകാര്യ പ്രസക്തമാവും ജീവിതം. കുടുംബ കാര്യങ്ങളും ഒരുവിധം ഭംഗിയായി നിർവഹിക്കപ്പെടും.
പൂരാടം: ഭരണി, പൂരം, പൂരാടം എന്നീ മൂന്ന് നക്ഷത്രങ്ങളുടെ അധിപനായ ശുക്രൻ കുംഭമാസത്തിന്റെ തുടക്കം മുതൽ ഉച്ചക്ഷേത്രത്തിലേക്ക് കടക്കുകയാൽ നാനാതരം അഭ്യുദയങ്ങൾ ഇവർക്ക് വന്നുചേരും. വിദ്യാർത്ഥികൾ പഠിപ്പിൽ മികവ് കാട്ടും. യുവാക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിച്ച തൊഴിൽ ലഭിക്കാം. ഗൃഹവാഹനാദികൾ , വസ്തുക്കൾ എന്നിവ വാങ്ങുകയോ നവീകരിക്കുകയോ ചെയ്യും. ബന്ധുക്കളും സുഹൃത്തുക്കളും കൂടുതൽ അടുപ്പം കാണിക്കും. വ്യക്തിത്വം പ്രകീർത്തിക്കപ്പെടും.
ഉത്രാടം: കർമ്മരംഗത്ത് പുതു പരിഷ്കാരങ്ങൾ കൊണ്ടുവരും. ദന്തഗോപുരത്തിൽ നിന്നും താഴേത്തട്ടിലേക്കിറങ്ങി വരും. ആദായമുയരും. ഊഹക്കച്ചവടത്തിൽ നേരിയ ലാഭം പ്രതീക്ഷിക്കാം. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനാവും. ഹൃദയ കാലുഷ്യങ്ങൾ താൽക്കാലികമായെങ്കിലും അകലും. കൊടുക്കൽ വാങ്ങലുകളിൽ കൃത്യത പുലർത്തണം. സാഹസങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാവും അഭിലഷണീയം.
തിരുവോണം: വിദ്യാർത്ഥികൾ സാങ്കേതികവിജ്ഞാനം വർദ്ധിപ്പിക്കും. കുടുംബ ജീവിതത്തിൽ ചെലവുകൾ കൂടും. സർക്കാരിൽ നിന്നും അനുമതിപത്രം / സഹായധനം എന്നിവ പ്രതീക്ഷിക്കുന്നവർക്ക് അവ കൈവരും. സജ്ജനങ്ങളുടെ പിന്തുണ കരുത്തുപകരും. ക്ഷേത്രാടനയോഗമുണ്ട്. ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കാതിരിക്കാൻ മാനസിക- ശാരീരിക വ്യായാമങ്ങൾ പിന്തുടരണം. തൊഴിൽ രംഗത്ത് ചെറിയ മുന്നേറ്റങ്ങൾ ഉണ്ടാകും. എതിർപ്പുകളെ തൃണവൽഗണിച്ച് മുന്നേറും.
അവിട്ടം: കഠിനാദ്ധ്വാനം തുടരേണ്ടിവരും. ചില പദ്ധതികൾ ലക്ഷ്യത്തോടടുക്കുന്നത് ആശ്വാസമേകും. ഗാർഹിക ജീവിതത്തിലെ സമ്മർദ്ദം തെല്ലൊന്ന് കുറയാം. വീട് മാറ്റത്തെക്കുറിച്ച് ചിന്തിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർ വായ്‌പകൾക്കായി നടത്തുന്ന ശ്രമം ഭാഗികമായി വിജയിക്കും. സന്താനങ്ങളുടെ കാര്യത്തിൽ ചില തീരുമാനങ്ങൾ കൈക്കൊള്ളും. സഹപ്രവർത്തകരുടെ പിന്തുണ പ്രതീക്ഷിച്ചതിലധികമാവും. വരവും ചെലവും സന്തുലിതമാകും.
ചതയം: മുൻ തീരുമാനങ്ങൾ പ്രാവർത്തികമാക്കും. പുതുജോലിയിൽ സമ്മർദ്ദങ്ങൾ ഏറും. കായിക രംഗത്തുള്ളവർക്ക് പരിശീലനം മുടങ്ങാം. വിദ്യാർത്ഥികളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. മധുരമായി സംസാരിച്ച് സഭകളിൽ ശോഭിക്കും. പാരമ്പര്യവസ്തുക്കളിൽ നിന്നും ആദായം വന്നുചേരും. സാമ്പത്തിക സ്ഥിതി മോശമാവില്ല. ഭാര്യാഭർത്താക്കന്മാർക്കിടയിലെ അനൈക്യം കുറയും. തീർത്ഥാടനത്തിനും സാധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ ശ്രദ്ധക്കുറവ് വരരുത്.
പൂരുട്ടാതി: സൽക്കർമ്മങ്ങൾ ചെയ്യും. വ്യക്തിപരമായി സമ്മർദ്ദങ്ങൾ കൂടും. ലക്ഷ്യത്തിലെത്താൻ കൂടുതൽ തുഴയേണ്ടിവരാം. അധ്വാനം വേണ്ടപ്പെട്ടവർ കണ്ടില്ലെന്നും വന്നേക്കാം. സത്യം തുറന്ന് പറയുന്നതിനാൽ ശത്രുക്കൾ ഏറും. ഗുരുശുക്രസ്ഥിതി അനുകൂലമാണ്. കലാരംഗത്തുള്ളവർ പുരസ്കൃതരാവും. സാമ്പത്തികമായി ശുഷ്കിക്കില്ല. വസ്തുവോ വീടോ വാഹനമോ വാങ്ങുന്ന കാര്യത്തിലുള്ള തീരുമാനം അല്പം വൈകാം. ശയ്യാവലംബികൾക്ക് രോഗം കുറയും. പുതുചികിൽസകൾ ഫലിച്ചേക്കും.
ഉത്രട്ടാതി: അന്യദിക്കിലേക്ക് ജോലിമാറ്റം വരാം. ഉദ്യോഗസ്ഥർക്ക് കഠിനമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കും. ‘മെല്ലപ്പോക്ക് നയം ‘ മൂലം അധികാരികളുടെ ശാസന ലഭിക്കാം. വരവിനേക്കാൾ ചെലവ് കൂടിനിൽക്കും. ശുക്രന്റെ രാശിസ്ഥിതി മൂലം സുഖഭോഗങ്ങളിൽ ആസക്തി കൂടും. പ്രണയം പുഷ്ക്കലമാകും. സഹോദരരുമായി അനൈക്യം ഒരു സാധ്യതയാണ്. ഗ്രഹപ്പിഴാകാലമാകയാൽ സാഹസങ്ങൾ ഒഴിവാക്കണം. ആരോഗ്യപരിശോധനകൾ മുടക്കരുത്.
രേവതി: നല്ല കാര്യങ്ങൾക്ക് സമയം കണ്ടെത്തും. ചില കൂട്ടുകെട്ടുകളിൽ നിന്നും സ്വയം ഒഴിയും. സ്വന്തം കർമ്മമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവും. രാഷ്ട്രീയാധികാരികളുമായി മുഷിയേണ്ടി വരാം. പിതാവിന്റെ ആരോഗ്യസ്ഥിതി അത്ര നന്നായിരിക്കില്ല. വിദേശത്ത് പഠനം- തൊഴിൽ എന്നിവയ്ക്കായി പോകാൻ സന്ദർഭമുണ്ടാകും. മക്കളുടെ പഠനപുരോഗതി സന്തോഷമരുളും. ദിനചര്യകളുടെ താളം തെറ്റാം. ആലസ്യം വഴിമുടക്കിയാവുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.