scorecardresearch
Latest News

April 2023 Horoscope: 2023 ഏപ്രിൽ മാസത്തിലെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

April Month 2023 Astrological Predictions Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars: മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 ഏപ്രിൽ മാസത്തിലെ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്

astrology, horoscope, ie malayalam

April Month 2023 Astrological Predictions Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars: 2023 ഏപ്രിൽ ഒന്ന് വരുന്നത് 1198 മീനം 18 ന് ശനിയാഴ്ചയാണ്. ഏപ്രിൽ 15 ന് 1198 മേടമാസം തുടങ്ങുന്നു. സൂര്യൻ മീനം-മേടം രാശികളിലായി സഞ്ചരിക്കുകയാണ്. 2023 ഏപ്രിൽ ഒന്നിന് ചന്ദ്രൻ ആയില്യം നക്ഷത്രത്തിലാണ്. ഏപ്രിൽ 30 ന് ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മകം നക്ഷത്രത്തിലുമെത്തുന്നു.

വ്യാഴം മീനം രാശിയിൽ നിന്നും ഏപ്രിൽ 21 ന് മേടം രാശിയിലേക്ക് സംക്രമിക്കുന്നു. പ്രധാനപ്പെട്ട ഒരു വാർഷിക സംക്രമണമാണത്. ശനി കുംഭത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും ചൊവ്വ മിഥുനത്തിലും തുടരുന്നു. ഏപ്രിൽ 6 ന് ശുക്രൻ ഇടവം രാശിയിലേക്ക് പകരുന്നു. ബുധന്റെ സഞ്ചാരം മേടം രാശിയിലൂടെയുമാണ്.

ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 ഏപ്രിൽ മാസത്തിലെ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

മൂലം: അപ്രതീക്ഷിതമായി ലഭിക്കുന്ന പിന്തുണകൾ ആത്മവിശ്വാസം വർദ്ധിപ്പിക്കും. കർമ്മരംഗത്ത് ഊർജ്ജസ്വലരാകും. രാഷ്ട്രീയ പ്രവർത്തകർ എതിർപ്പുകളെ സമർത്ഥമായി പ്രതിരോധിക്കും. വിദ്യാർത്ഥികർ ഉപരിപഠനം സംബന്ധിച്ച് വിദഗ്ദ്ധോപദേശം സ്വീകരിക്കും. ഏജൻസി, കരാർ തൊഴിലുകൾ ചെയ്യുന്നവർക്ക് ആദായമേറും. അവിവാഹിതരുടെ വിവാഹകാര്യം അല്പം മന്ദഗതിയിലായേക്കാം. ബന്ധങ്ങൾ നിലനിർത്തുന്നതിൽ വിജയിക്കുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. സാഹസകർമ്മങ്ങളിൽ ഏർപ്പെടരുത്.

പൂരാടം: കുടുംബകാര്യങ്ങൾ ഭംഗിയായി നിർവഹിക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തീകരിക്കും. ഭാവിയെ മുന്നിൽക്കണ്ട് കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കും. ഗൃഹനവീകരണത്തിന് പ്രതീക്ഷിച്ചതിലും ചെലവേറും. വിദേശയാത്ര പിന്നീടത്തേക്കാക്കും. ക്രയവിക്രയങ്ങളിൽ നഷ്ടം വരാതെ നോക്കേണ്ടതുണ്ട്. പരീക്ഷ, അഭിമുഖം എന്നിവയിൽ തിളങ്ങും. കൂട്ടുകച്ചവടത്തിൽ ചില അലോസരങ്ങൾ ഉയരാം. ഉടമ്പടികൾ ഒപ്പുവെക്കുമ്പോൾ നിയമങ്ങൾ അറിഞ്ഞിരിക്കണം. അമിതമായ ആത്മവിശ്വാസം ഒഴിവാക്കുകയാവും നല്ലത്. ഭക്ഷണശീലങ്ങൾ ആരോഗ്യകരമാണോ എന്ന് ചിന്തിക്കേണ്ട സന്ദർഭമാണ്.

ഉത്രാടം: സൽപ്രവൃത്തികളിൽ ഏർപ്പെടും. ആത്മീയ കാര്യങ്ങളിൽ ഉണർവുണ്ടാകും. ചെറുതും വലുതുമായ യാത്രകൾ വേണ്ടി വന്നേക്കും. സാമ്പത്തികസ്ഥിതി മോശമാവില്ല. എന്നാൽ ചില ദുർവ്യയങ്ങളും ഉണ്ടാവാം. ഉദ്യോഗസ്ഥർ മേലധികാരികളുടെ അപ്രീതി നേടും. കർത്തവ്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ വിഷമിക്കും. പഠനഗവേഷണാദികൾക്ക് കൂടുതൽ സമയം ചെലവഴിച്ചേക്കും. ഉറക്കക്കുറവ്, ദിനചര്യകളുടെ ക്രമം തെറ്റൽ എന്നിവയുണ്ടാവും. പാദരോഗമോ കഫജന്യരോഗങ്ങളോ ശല്യകാരികളായേക്കാം.

തിരുവോണം: രാശ്യധിപനായ ശനിയുടെ ബലത്താൽ ആത്മശക്തിക്ക് ഏത് പ്രതിസന്ധിയിലും ചോർച്ചവരില്ല. ധനപരമായ ക്ലേശങ്ങളെ ചില മുൻകരുതലുകൾ സ്വീകരിച്ചതിനാൽ മറികടക്കാനാവും. കുടുംബപ്രശ്നങ്ങളിൽ രമ്യമായ പരിഹാരം കണ്ടെത്തും. സഹപ്രവർത്തകരുടെഎതിർപ്പുകളെ
ബുദ്ധികൗശലം കൊണ്ട് മറികടക്കും. വിജ്ഞാന ഗ്രന്ഥങ്ങളിൽ നിന്നും പുതിയ അറിവുകൾ നേടും. വിദേശത്ത് ഉപരിപഠനത്തിനുള്ള സാധ്യത തെളിയും. അവിവാഹിതരുടെ ദാമ്പത്യസ്വപ്നം നിറവേറാൻ അല്പകാലം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. വ്യാഴത്തിന്റെ ദശാപഹാരാദികളിലൂടെ കടന്നുപോകുന്നവർക്ക് സൽഫലങ്ങൾ കുറയാം.

അവിട്ടം: സ്തുത്യർഹമായ കൃത്യനിർവഹണം പുതുപദവികൾ കിട്ടാൻ കാരണമാകുന്നതാണ്. കലാകാരന്മാരുടെ പ്രതിഭാവിലാസം പുരസ്കരിക്കപ്പെടും. ഉൽക്കണ്ഠകളുടെയും ഉദ്വേഗങ്ങളുടേയും കാലം കഴിഞ്ഞതായി മനസ്സിലാക്കും. തൊഴിൽപരമായി മുന്നേറ്റം വന്നുചേരും. സാങ്കേതിക വിദ്യാഭ്യാസത്തിൽ വിജയം വരിക്കുന്നതായിരിക്കും. ഗാർഹികജീവിതത്തിന് മാധുര്യമേറും. സകുടുംബം വിനോദ പരിപാടികളിൽ പങ്കെടുക്കും. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം ഉണ്ടാകും. ഭൂമിയുടെ ക്രയവിക്രയത്തിൽ നേരിയ ലാഭം ലഭിക്കുന്നതാണ്. ആരോഗ്യപരമായി അലംഭാവമരുത്.

ചതയം: നേട്ടങ്ങൾ വന്നെത്തുക വൈകിയാവും. പ്രതീക്ഷിച്ച വാഗ്ദാനങ്ങൾ കിട്ടാതെ വരുന്ന സ്ഥിതിയുണ്ടായേക്കാം. കർമ്മരംഗത്ത് സമ്മർദ്ദങ്ങൾ ഉയരുമെങ്കിലും ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കില്ല. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയെത്തും. വിദ്യാർത്ഥികൾ ആലസ്യത്തിന്റെ പിടിയിലമർന്നേക്കും. കടബാധ്യതകൾ കുറക്കാനുള്ള പരിശ്രമത്തിൽ നേരിയ വിജയം ഉണ്ടാകുന്നതാണ്. വാഹനം / ഭവനം മോടി പിടിപ്പിക്കും. കുടുംബജീവിതത്തിൽ ഹൃദ്യമായ പിന്തുണ കൈവരും. ആരോഗ്യപരമായി സമ്മിശ്രകാലമാണ്.

പൂരുട്ടാതി: വ്യാപാരത്തിലും വ്യവസായത്തിലും പുരോഗതിയുണ്ടാകും. കോടതി വ്യവഹാരങ്ങളിൽ ന്യായമായ തീർപ്പ് ലഭിക്കും. കിട്ടാക്കടം വസൂലാക്കാനുള്ള ശ്രമങ്ങൾ ഭാഗികമായി ലക്ഷ്യം കാണും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം അധികരിക്കുന്നതായിരിക്കും. സംഘടനകളിൽ മത്സരവിജയം നേടും. ഉപരിപഠനത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങളിൽ മുഴുകും. ശത്രുത പുലർത്തിയിരുന്നവർ ഇണങ്ങും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ചികിത്സാരീതികൾ മാറിയതിനാൽ ആരോഗ്യസ്ഥിതി മെച്ചപ്പെടും.

ഉത്രട്ടാതി: കർമ്മരംഗത്ത് വലിയ മാറ്റങ്ങൾ വന്നെത്തും. വ്യാപാരം നവീകരിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് അന്യനാട്ടിലേക്ക് ജോലിമാറ്റം ഉണ്ടായേക്കും. വിദ്യാർത്ഥികൾ ദൂരദിക്കിൽ ഉപരിപഠനം നടത്താൻ ഒരുങ്ങും. നാലാമെടത്ത് ചൊവ്വ നിൽക്കയാൽ മനസ്സമാധാനം കുറയാനിടയുണ്ട്. ഭൂമിയിൽ നിന്നുള്ള ആദായം തുച്ഛമാകും. വാഹനം, അഗ്നി, വൈദ്യുതി ഇവ അത്യന്തം ശ്രദ്ധാപൂർവം ഉപയോഗിക്കണം. നല്ലകാര്യങ്ങൾക്ക് പണം ചെലവഴിക്കും. കിടപ്പ് രോഗികൾക്ക് ആശ്വാസം അനുഭവപ്പെടുന്നതാണ്.

രേവതി: നക്ഷത്രാധി പനായ ബുധനും ചൊവ്വയും തമ്മിൽ പരിവർത്തനം സംഭവിക്കുകയാണ്. തീരെ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ അനുഭവത്തിൽ വന്നേക്കാം. തൊഴിൽ മാറ്റം, പഠനത്തിൽ ഉദ്ദേശിച്ച വിഷയത്തിൽ നിന്നും വ്യതിചലനം ഇവയും സാധ്യതകളാണ്. നേട്ടമാണോ കോട്ടമാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടാതെ വരും. സാമ്പത്തിക മെച്ചം പ്രതീക്ഷിച്ചതുപോലയാവും. ജീവിതപങ്കാളിയുമായുണ്ടായിരുന്ന പിണക്കം അവസാനിക്കും. മക്കളുടെ ഭാവി ഭദ്രതക്കുതകുന്ന തീരുമാനങ്ങൾ കൈക്കൊള്ളും. ആരോഗ്യപരിശോധനയിൽ അലംഭാവമരുത്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: April month 2023 astrological predictions moolam pooradam utharadam thiruvonam avittam chathayam pururuttathy uthrittathy revathi stars

Best of Express