scorecardresearch
Latest News

April 2023 Horoscope: 2023 ഏപ്രിൽ മാസത്തിലെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ

April Month 2023 Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 ഏപ്രിൽ മാസത്തിലെ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്

astrology, horoscope, ie malayalam

April Month 2023 Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: 2023 ഏപ്രിൽ ഒന്ന് വരുന്നത് 1198 മീനം 18 ന് ശനിയാഴ്ചയാണ്. ഏപ്രിൽ 15 ന് 1198 മേടമാസം തുടങ്ങുന്നു. സൂര്യൻ മീനം-മേടം രാശികളിലായി സഞ്ചരിക്കുകയാണ്. 2023 ഏപ്രിൽ ഒന്നിന് ചന്ദ്രൻ ആയില്യം നക്ഷത്രത്തിലാണ്. ഏപ്രിൽ 30 ന് ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മകം നക്ഷത്രത്തിലുമെത്തുന്നു.

വ്യാഴം മീനം രാശിയിൽ നിന്നും ഏപ്രിൽ 21 ന് മേടം രാശിയിലേക്ക് സംക്രമിക്കുന്നു. പ്രധാനപ്പെട്ട ഒരു വാർഷിക സംക്രമണമാണത്. ശനി കുംഭത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും ചൊവ്വ മിഥുനത്തിലും തുടരുന്നു. ഏപ്രിൽ 6 ന് ശുക്രൻ ഇടവം രാശിയിലേക്ക് പകരുന്നു. ബുധന്റെ സഞ്ചാരം മേടം രാശിയിലൂടെയുമാണ്.

ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2023 ഏപ്രിൽ മാസത്തിലെ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

മകം: വ്യവഹാരങ്ങളിൽ അനുകൂലവിധിയുണ്ടാകും. ഭൂമിയിൽ നിന്നും ആദായമേറും. എതിർപ്പുകളെ സമർത്ഥമായി പ്രതിരോധിക്കാൻ കഴിയുന്നതാണ്. വിദ്യാർത്ഥികളുടെ ഉപരിപഠനമോഹങ്ങൾ ആഗ്രഹിച്ച വിധത്തിൽ കൈവരും. ആത്മവിശ്വാസത്തോടെ മത്സരങ്ങളെ അഭിമുഖീകരിക്കും. ദാമ്പത്യത്തിൽ പരസ്പരവിശ്വാസം വളരും. കടബാധ്യതകൾ തീർക്കാൻ പരിശ്രമം തുടരും. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മോശമാവില്ല. വൈദ്യ പരിശോധനകളിൽ കാലതാമസം വരുത്തരുത്.

പൂരം: വലിയ പദ്ധതികൾ പ്രാവർത്തികമാക്കാൻ സാധിക്കും. തൊഴിൽ രംഗത്തെ സമ്മർദ്ദങ്ങൾ കുറഞ്ഞുതുടങ്ങും. ഉദ്യോഗസ്ഥർ അധികാരികളുടെ പ്രീതി സമ്പാദിക്കും. മക്കളുടെ കാര്യത്തിൽ അവരുടെ ഇഷ്ടം കൂടി പരിഗണിച്ച് ചില തീരുമാനങ്ങൾ കൈക്കൊള്ളും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. കലാപ്രവർത്തനം അംഗീകരിക്കപ്പെടും. വീട് / വാഹനം മോടി പിടിപ്പിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സാങ്കേതിക വിജ്ഞാനം നേടും. ജീവിതശൈലീ രോഗങ്ങൾ ക്ലേശിപ്പിച്ചേക്കാം. കരുതൽ വേണം.

ഉത്രം: തൊഴിൽ തേടുന്നവർക്ക് ആശ്വാസ വാർത്തയെത്തും. സമയബന്ധിതമായി ചില ദൗത്യങ്ങൾ പൂർത്തീകരിക്കും. ലഘുയാത്രകൾ നേട്ടങ്ങൾ കൊണ്ടുവരാം. പുതിയ സുഹൃത്തുക്കളെ ലഭിച്ചേക്കും. സംഘടനാ പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കും. സാമ്പത്തികസ്ഥിതി മോശമാവില്ല. കായികമത്സരങ്ങളിൽ വിജയം നേടും. രാഹുകേതുക്കളുടെ അനിഷ്ടസ്ഥിതി തുടരുകയാൽ വലിയ ക്രയവിക്രയങ്ങൾക്ക് മുതിരരുത്. വ്യാഴദശയിലൂടെ കടന്നുപോകുന്നവർ മക്കളുടെ മേൽ ശ്രദ്ധ വെക്കണം. ആരോഗ്യപരിപാലനത്തിലും ജാഗ്രത തുടരണം.

അത്തം: കലാപ്രവർത്തനം കീർത്തിനേടിത്തരും. പുതിയ ചുവടുവെയ്പുകൾക്ക് തയ്യാറെടുക്കും. സാമ്പത്തികസ്ഥിതിയിൽ വലിയ മാറ്റം ഉണ്ടാവണമെന്നില്ല. കുടുംബബന്ധങ്ങളുടെ ഊഷ്മളത വിപൽസന്ധികളിൽ തുണയേകും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. ഉപരിപഠനത്തിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണ കുറഞ്ഞേക്കും. അനാവശ്യമായ ഉൽക്കണ്ഠകളെ നിയന്ത്രിക്കേണ്ട കാലമാണ്. ജീവിത ശൈലീ രോഗങ്ങൾ വിഷമിപ്പിച്ചേക്കാം.

ചിത്തിര: പ്രവാസികൾക്ക് തൊഴിൽ നേട്ടമുണ്ടാകും. കരാറുകൾ ഉറപ്പിച്ചുകിട്ടും. കടമകൾ നിറവേറ്റാൻ കഠിനാദ്ധ്വാനം വേണ്ടിവരുന്നതാണ്. ഗൃഹനിർമ്മാണം അല്പം മന്ദഗതിയിലായേക്കാം. മക്കളുടെ പഠനാവശ്യത്തിന് വായ്പാസൗകര്യം പ്രയോജനപ്പെടുത്തും. വാഗ്ദാനലംഘനങ്ങൾ വിഷമിപ്പിക്കും. ആരോപണങ്ങളെ സയുക്തികം ഖണ്ഡിക്കും. സാങ്കേതിക വിദ്യാഭ്യാസത്തിന് അവസരം ഒരുങ്ങും. ആദ്ധ്യാത്മിക ചിന്തകൾ മനക്ലേശത്തെ ലഘൂകരിക്കും. ആരോഗ്യപരിപാലനത്തിൽ അലംഭാവം അരുത്.

ചോതി: നക്ഷത്രനാഥനായ രാഹുവിന് ബുധബന്ധം വരികയാൽ വിദ്യാഭ്യാസത്തിൽ നേട്ടം, ബന്ധുസമാഗമം, ബുദ്ധികൗശലം കൊണ്ട് നേട്ടങ്ങൾ എന്നിവ പ്രതീക്ഷിക്കാം. പുതിയപ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടാകും. ഗൃഹനിർമ്മാണം പുരോഗമിക്കും. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം പറഞ്ഞുതീർക്കും. പ്രൊഫഷണലുകൾക്ക് അംഗീകാരം സിദ്ധിക്കുന്നതാണ്. സഹായവാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തത് മനോവിഷമത്തിന് കാരണമാകും. വരവും ചിലവും കൂടും. സാഹസങ്ങൾ ഒഴിവാക്കണം. ആരോഗ്യപരമായി നല്ലസമയമാണെന്ന് പറയാനാവില്ല. കരുതൽ വേണം.

വിശാഖം: വിശാഖം നാളിന്റെ നാഥൻ ആയ വ്യാഴത്തിന് 2023 ഏപ്രിൽ മാസം ഏതാണ്ട് മുഴുവൻ മൗഢ്യകാലമാണ്. അതിനാൽ വിശാഖം നാളുകാർ ചില സമ്മർദ്ദങ്ങളെ നേരിടേണ്ടിവന്നേക്കും. പുതിയ സംരംഭം ഇപ്പോൾ തുടങ്ങുന്നത് ഗുണപ്രദമായിക്കൊള്ളണം എന്നില്ല. ആത്മശക്തിക്ക് ക്ഷയം വരുന്നതായി തോന്നാം. ധനപരമായി ചെറിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. മത്സരങ്ങളെ അതിജീവിക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടതായി വന്നേക്കാം. ചെറുകിട കച്ചവടം, കരാർ പണികൾ എന്നിവ ലാഭകരമാകാം. വിദേശജോലികൾക്ക് അവസരം വന്നെത്തും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണ്ടതുണ്ട്.

അനിഴം: ഭാവനാശക്തിയാൽ സർഗകർമ്മങ്ങളിൾ വിജയിക്കും. അവിവാഹിതരുടെ വിവാഹത്തിൽ തീരുമാനമുണ്ടാകും. ക്രയവിക്രയങ്ങൾ മോശമാവില്ല. വ്യാപാര രംഗത്തുള്ളവർക്ക് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താൻ കഴിയും. നിക്ഷേപങ്ങളിൽ നിന്നും കൂടുതൽ വരുമാനമുണ്ടാകുന്നതാണ്. പുതുതലമുറയ്ക്ക് പ്രയോജനകരമായ ഉപദേശങ്ങൾ നൽകും. പുതിയ ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾ വാങ്ങും. കുടുംബസമേതം വിനോദയാത്ര നടത്തും. അഷ്ടമ കുജൻ തുടരുകയാൽ സാഹസങ്ങൾ തീർത്തും ഒഴിവാക്കണം.

തൃക്കേട്ട: ചിന്തയും കർമ്മവും തമ്മിൽ ഏകോപനം കുറയും. ചിലപ്പോൾ വലിയ കാര്യങ്ങളെ അവഗണിച്ചെന്ന് വരാം. യാത്രകളിൽ താല്പര്യമേറും. സാമ്പത്തിക പരാധീനതയ്ക്ക് പോംവഴികൾ തേടും. പ്രണയജീവിതം ആഹ്ളാദകരമാകും. വിദ്യാർത്ഥികൾ പരീക്ഷകളിൽ അനുമോദനാർഹമായ വിജയം കരസ്ഥമാക്കും. മാസത്തിന്റെ രണ്ടാം പകുതി മുതൽ സർക്കാർ കാര്യങ്ങളിൽ ഉണ്ടായിരുന്ന തടസ്സം നീങ്ങിക്കിട്ടും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. കിടപ്പ് രോഗികൾക്ക് ആശ്വാസം അനുഭവപ്പെടുന്നതായിരിക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: April month 2023 astrological predictions makam pooram uthram atham chithira chothi vishakam anizham thrikketta stars