scorecardresearch

April Month 2023 Astrological Predictions: 2023 ഏപ്രിൽ മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം

April Month 2023 Astrological Predictions: മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിലും അശ്വതി മുതൽ രേവതി വരെ ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും ജനിച്ചവരുടെ 2023 ഏപ്രിൽ മാസത്തിലെ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്

astrology, horoscope, ie malayalam

April Month 2023 Astrological Predictions: 2023 ഏപ്രിൽ ഒന്ന് വരുന്നത് 1198 മീനം 18 ന് ശനിയാഴ്ചയാണ്. ഏപ്രിൽ 15 ന് 1198 മേടമാസം തുടങ്ങുന്നു. സൂര്യൻ മീനം-മേടം രാശികളിലായി സഞ്ചരിക്കുകയാണ്. 2023 ഏപ്രിൽ ഒന്നിന് ചന്ദ്രൻ ആയില്യം നക്ഷത്രത്തിലാണ്. ഏപ്രിൽ 30 ന് ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മകം നക്ഷത്രത്തിലുമെത്തുന്നു.

വ്യാഴം മീനം രാശിയിൽ നിന്നും ഏപ്രിൽ 21 ന് മേടം രാശിയിലേക്ക് സംക്രമിക്കുന്നു. പ്രധാനപ്പെട്ട ഒരു വാർഷിക സംക്രമണമാണത്. ശനി കുംഭത്തിലും രാഹു മേടത്തിലും കേതു തുലാത്തിലും ചൊവ്വ മിഥുനത്തിലും തുടരുന്നു. ഏപ്രിൽ 6 ന് ശുക്രൻ ഇടവം രാശിയിലേക്ക് പകരുന്നു. ബുധന്റെ സഞ്ചാരം മേടം രാശിയിലൂടെയുമാണ്.

ഈ ഗ്രഹനിലയെ അവലംബിച്ച് മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് കൂറുകളിലും അശ്വതി മുതൽ രേവതി വരെ ഇരുപത്തിയേഴ് നക്ഷത്രങ്ങളിലും ജനിച്ചവരുടെ 2023 ഏപ്രിൽ മാസത്തിലെ അനുഭവങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

അശ്വതി: പ്രവർത്തനത്തിൽ വിജയം കാണും. പലരും സഹായിക്കാൻ മുന്നോട്ടുവരും. ഉപരിപഠനത്തെക്കുറിച്ച് കാര്യമായി ചിന്തിച്ചുതുടങ്ങും. ഉദ്യോഗസ്ഥർക്ക് മേൽ അടിയന്തിരമായി ഫയലുകൾ പരിശോധിക്കാനും തീരുമാനങ്ങളെടുക്കാനും ഉള്ള സമ്മർദ്ദം ഉയർന്നേക്കാം. ഗാർഹികരംഗത്ത് ചില സ്വൈരക്കേടുകൾ തല പൊക്കിയെന്ന് വന്നേക്കും. രാഹുദശയിലൂടെ കടന്നുപോകുന്നവർ ക്ലേശങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്ന മാനസികപരിപാകം നേടും. വരവേറുന്നതാണ്. എന്നാൽ ഒപ്പം ചിലവും ഉണ്ടാകും.

ഭരണി: നക്ഷത്രാധിപനായ ശുക്രൻ സ്വക്ഷേത്രത്തിലേക്ക് കടക്കുന്നതിനാൽ വീട് / വാഹനം മുതലായവ വാങ്ങാനുള്ള ശ്രമം ലക്ഷ്യം കാണും. തൊഴിൽ രംഗം മെച്ചപ്പെടും. പ്രണയികൾക്ക് നല്ലകാലമാണ്. കലാരംഗം പുഷ്ടിപ്പെടാം. പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം സിദ്ധിക്കുന്നതാണ്. ഗവേഷണത്തിൽ മുന്നേറാൻ കഴിയും. സംഭാഷണമാധുര്യം ശ്രദ്ധ പിടിച്ചുപറ്റും. സർക്കാരിൽ നിന്നും വായ്പ, അനുമതിപത്രം എന്നിവ നേടാൻ അലച്ചിലുണ്ടാവും. സജ്ജനങ്ങളുമായി വിരോധിക്കാനിടയുണ്ട്. ആരോഗ്യപരിപാലനത്തിൽ അനാസ്ഥയരുത്.

കാർത്തിക: നവസംരംഭങ്ങൾ പ്രാവർത്തികമാക്കാൻ കിണഞ്ഞ് പരിശ്രമിക്കും. ഉദ്യോഗസ്ഥർക്ക് അധ്വാനഭാരമേറും. കരാറുകൾ ഉറപ്പിച്ച് കിട്ടുന്നതായിരിക്കും. കുടുംബകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാൻ കഴിയാതെ വന്നേക്കും. ആഢംബര കാര്യങ്ങൾക്ക് ധനം ചെലവഴിക്കും. ഗൃഹനവീകരണത്തിന് വായ്പാസഹായം തേടും. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. ജീവിതശൈലീ രോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം. ധനകാര്യം മോശമാവില്ല. വസ്തുക്കളുടെ ക്രയവിക്രയങ്ങളിൽ അമളിപിണയാതെ നോക്കേണ്ടതാണ്.

രോഹിണി: ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുന്നതിനാൽ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടും. പാരിതോഷികങ്ങൾ കൈവരും. പ്രണയികൾക്ക് നല്ല മുഹൂർത്തങ്ങൾ സംജാതമാകും. ഉടുപ്പിലും നടപ്പിലും പരിഷ്കാരം ഏറും. പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഉദ്യോഗസ്ഥരുടെ പദവി ഉയരുന്നതായിരിക്കും. കച്ചവടക്കാർക്ക് ലാഭം അധികരിക്കും. വ്യവഹാരത്തിൽ വിജയം നേടും. പുതുസംരംഭങ്ങളുമായി മുന്നോട്ട് പോകും. കുടുംബജീവിതം ഐശ്വര്യപൂർണമാകും. രണ്ടിലെ ചൊവ്വ കലഹങ്ങൾക്ക് കാരണമാകാം.

മകയിരം: സാഹചര്യങ്ങൾ ചിലപ്പോൾ അനുകൂലമാവണമെന്നില്ല. ആത്മശക്തി മുഴുവൻ എടുത്ത് ഉപയോഗിക്കേണ്ടിവരും, ലക്ഷ്യത്തിലെത്താൻ. കച്ചവടത്തിൽ ലാഭം വർദ്ധിക്കുന്നതാണ്. തീർത്ഥാടനം നടത്തും. മക്കളുടെ അഭ്യുദയം സന്തോഷമുണ്ടാക്കും. പണവരവ് മാസാദ്യം ഉയരും. രണ്ടാം പകുതിയിൽ ചെലവേറും. ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങളുടെ പരിവർത്തനം മൂലം ചില അപ്രതീക്ഷിത കാര്യങ്ങൾ നടന്നേക്കാം. സുഹൃൽസമാഗമം സന്തോഷമേകും. രോഗങ്ങളാൽ വലയുന്നവർക്ക് ചികിൽസാഭേദം കൊണ്ട് സമാശ്വാസം അനുഭവപ്പെടുന്നതായിരിക്കും.

തിരുവാതിര: ചൊവ്വയുടെ രാശി, നക്ഷത്ര സ്ഥിതി എന്നിവ ചില സമ്മർദ്ദങ്ങൾ ഉയർത്താം. കഠിനാദ്ധ്വാനം വേണ്ടിവരും, വിജയം നേടാൻ. ശാരീരികമായ ആലസ്യം ഉണ്ടാകാം. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള പ്രേരണ മറ്റൊരു സാധ്യതയാണ്. സാമ്പത്തിക സ്ഥിതി മോശമാവില്ല. ഉപതൊഴിലുകളിൽ വരുമാനം ഉയരാം. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച അനുമതികളും ആനുകൂല്യങ്ങളും സിദ്ധിക്കും. വാഹനം, അഗ്നി, ആയുധം എന്നിവ ജാഗ്രതയോടെ ഉപയോഗിക്കണം.

പുണർതം: രാശ്യധിപനായ ബുധന് മൗഢ്യവും നീചവും തീരുകയാൽ ആത്മവിശ്വാസമേറും. തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ ഉത്സുകത കാട്ടും. വ്യാപാരരംഗം വിപുലീകരിക്കും. ബാങ്കുകളിൽ നിന്നും മറ്റുമുള്ള വായ്യാസൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. കുടുംബജീവിതം സ്വച്ഛന്ദമാകുന്നതാണ്. യാത്രകൾ കൊണ്ട് പ്രയോജനങ്ങൾ വന്നെത്തും. വ്യവഹാരങ്ങളിൽ അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുന്നതാവും ഉചിതം. നേതൃസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം.

പൂയം: കർമ്മരംഗം പുഷ്ടിപ്പെടും. കച്ചവടം വായ്പാസഹായത്തോടെ വിപുലീകരിക്കാൻ സാധിക്കുന്നതാണ്. പൊതുപ്രവർത്തനത്തിൽ അനുയായികളുടെ പിന്തുണയേറും. ഗൃഹം മോടിപിടിപ്പിക്കും. കലാപ്രവർത്തനങ്ങളെ അംഗീകാരങ്ങൾ തേടിവന്നേക്കാം. പ്രണയബന്ധം കൂടുതൽ ഊഷ്മളമായിത്തീരുന്നതാണ്. ഗാർഹികജീവിതത്തിലെ അനൈക്യം നീങ്ങും. ഉപരിപഠനത്തിനായി അന്യനാടുകളിൽ പോകാനുള്ള ആലോചന പുരോഗമിക്കും. കിടപ്പ് രോഗികൾക്ക് ആശ്വാസം ലഭിക്കുന്നതാണ്. മാസത്തിന്റെ രണ്ടാംപകുതിക്ക് മേന്മ കൂടും.

ആയില്യം: ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം കിട്ടും. വ്യാപാരികൾക്ക് വരുമാനം വർദ്ധിക്കുന്നതാണ്. വിദേശജോലി തേടുന്നവർക്ക് അതിനുള്ള സാഹചര്യമൊരുങ്ങും. പുതിയ വാഹനം വാങ്ങും. ഭൂമിയുടെ അവകാശം സംബന്ധിച്ച ചില തർക്കങ്ങൾ ഉയരാനിടയുണ്ട്. സഹോദരരുമായി അനൈക്യം ഉണ്ടായേക്കാം. കുടുംബസമേതം വിനോദയാത്രകൾ നടത്തും. നാടകം, സംഗീതം, സിനിമ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല അവസരങ്ങൾ വന്നുചേരും. ആരോഗ്യജാഗ്രതയിൽ അലംഭാവമരുത്.

മകം: വ്യവഹാരങ്ങളിൽ അനുകൂലവിധിയുണ്ടാകും. ഭൂമിയിൽ നിന്നും ആദായമേറും. എതിർപ്പുകളെ സമർത്ഥമായി പ്രതിരോധിക്കാൻ കഴിയുന്നതാണ്. വിദ്യാർത്ഥികളുടെ ഉപരിപഠനമോഹങ്ങൾ ആഗ്രഹിച്ച വിധത്തിൽ കൈവരും. ആത്മവിശ്വാസത്തോടെ മത്സരങ്ങളെ അഭിമുഖീകരിക്കും. ദാമ്പത്യത്തിൽ പരസ്പരവിശ്വാസം വളരും. കടബാധ്യതകൾ തീർക്കാൻ പരിശ്രമം തുടരും. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മോശമാവില്ല. വൈദ്യ പരിശോധനകളിൽ കാലതാമസം വരുത്തരുത്.

പൂരം: വലിയ പദ്ധതികൾ പ്രാവർത്തികമാക്കാൻ സാധിക്കും. തൊഴിൽ രംഗത്തെ സമ്മർദ്ദങ്ങൾ കുറഞ്ഞുതുടങ്ങും. ഉദ്യോഗസ്ഥർ അധികാരികളുടെ പ്രീതി സമ്പാദിക്കും. മക്കളുടെ കാര്യത്തിൽ അവരുടെ ഇഷ്ടം കൂടി പരിഗണിച്ച് ചില തീരുമാനങ്ങൾ കൈക്കൊള്ളും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. കലാപ്രവർത്തനം അംഗീകരിക്കപ്പെടും. വീട് / വാഹനം മോടി പിടിപ്പിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സാങ്കേതിക വിജ്ഞാനം നേടും. ജീവിതശൈലീ രോഗങ്ങൾ ക്ലേശിപ്പിച്ചേക്കാം. കരുതൽ വേണം.

ഉത്രം: തൊഴിൽ തേടുന്നവർക്ക് ആശ്വാസ വാർത്തയെത്തും. സമയബന്ധിതമായി ചില ദൗത്യങ്ങൾ പൂർത്തീകരിക്കും. ലഘുയാത്രകൾ നേട്ടങ്ങൾ കൊണ്ടുവരാം. പുതിയ സുഹൃത്തുക്കളെ ലഭിച്ചേക്കും. സംഘടനാ പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കും. സാമ്പത്തികസ്ഥിതി മോശമാവില്ല. കായികമത്സരങ്ങളിൽ വിജയം നേടും. രാഹുകേതുക്കളുടെ അനിഷ്ടസ്ഥിതി തുടരുകയാൽ വലിയ ക്രയവിക്രയങ്ങൾക്ക് മുതിരരുത്. വ്യാഴദശയിലൂടെ കടന്നുപോകുന്നവർ മക്കളുടെ മേൽ ശ്രദ്ധ വെക്കണം. ആരോഗ്യപരിപാലനത്തിലും ജാഗ്രത തുടരണം.

അത്തം: കലാപ്രവർത്തനം കീർത്തിനേടിത്തരും. പുതിയ ചുവടുവെയ്പുകൾക്ക് തയ്യാറെടുക്കും. സാമ്പത്തികസ്ഥിതിയിൽ വലിയ മാറ്റം ഉണ്ടാവണമെന്നില്ല. കുടുംബബന്ധങ്ങളുടെ ഊഷ്മളത വിപൽസന്ധികളിൽ തുണയേകും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. ഉപരിപഠനത്തിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണ കുറഞ്ഞേക്കും. അനാവശ്യമായ ഉൽക്കണ്ഠകളെ നിയന്ത്രിക്കേണ്ട കാലമാണ്. ജീവിത ശൈലീ രോഗങ്ങൾ വിഷമിപ്പിച്ചേക്കാം.

ചിത്തിര: പ്രവാസികൾക്ക് തൊഴിൽ നേട്ടമുണ്ടാകും. കരാറുകൾ ഉറപ്പിച്ചുകിട്ടും. കടമകൾ നിറവേറ്റാൻ കഠിനാദ്ധ്വാനം വേണ്ടിവരുന്നതാണ്. ഗൃഹനിർമ്മാണം അല്പം മന്ദഗതിയിലായേക്കാം. മക്കളുടെ പഠനാവശ്യത്തിന് വായ്പാസൗകര്യം പ്രയോജനപ്പെടുത്തും. വാഗ്ദാനലംഘനങ്ങൾ വിഷമിപ്പിക്കും. ആരോപണങ്ങളെ സയുക്തികം ഖണ്ഡിക്കും. സാങ്കേതിക വിദ്യാഭ്യാസത്തിന് അവസരം ഒരുങ്ങും. ആദ്ധ്യാത്മിക ചിന്തകൾ മനക്ലേശത്തെ ലഘൂകരിക്കും. ആരോഗ്യപരിപാലനത്തിൽ അലംഭാവം അരുത്.

ചോതി: നക്ഷത്രനാഥനായ രാഹുവിന് ബുധബന്ധം വരികയാൽ വിദ്യാഭ്യാസത്തിൽ നേട്ടം, ബന്ധുസമാഗമം, ബുദ്ധികൗശലം കൊണ്ട് നേട്ടങ്ങൾ എന്നിവ പ്രതീക്ഷിക്കാം. പുതിയപ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടാകും. ഗൃഹനിർമ്മാണം പുരോഗമിക്കും. കുടുംബാംഗങ്ങൾക്കിടയിലെ അനൈക്യം പറഞ്ഞുതീർക്കും. പ്രൊഫഷണലുകൾക്ക് അംഗീകാരം സിദ്ധിക്കുന്നതാണ്. സഹായവാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തത് മനോവിഷമത്തിന് കാരണമാകും. വരവും ചിലവും കൂടും. സാഹസങ്ങൾ ഒഴിവാക്കണം. ആരോഗ്യപരമായി നല്ലസമയമാണെന്ന് പറയാനാവില്ല. കരുതൽ വേണം.

വിശാഖം: വിശാഖം നാളിന്റെ നാഥൻ ആയ വ്യാഴത്തിന് 2023 ഏപ്രിൽ മാസം ഏതാണ്ട് മുഴുവൻ മൗഢ്യകാലമാണ്. അതിനാൽ വിശാഖം നാളുകാർ ചില സമ്മർദ്ദങ്ങളെ നേരിടേണ്ടിവന്നേക്കും. പുതിയ സംരംഭം ഇപ്പോൾ തുടങ്ങുന്നത് ഗുണപ്രദമായിക്കൊള്ളണം എന്നില്ല. ആത്മശക്തിക്ക് ക്ഷയം വരുന്നതായി തോന്നാം. ധനപരമായി ചെറിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. മത്സരങ്ങളെ അതിജീവിക്കാൻ ഏറെ വിയർപ്പൊഴുക്കേണ്ടതായി വന്നേക്കാം. ചെറുകിട കച്ചവടം, കരാർ പണികൾ എന്നിവ ലാഭകരമാകാം. വിദേശജോലികൾക്ക് അവസരം വന്നെത്തും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണ്ടതുണ്ട്.

അനിഴം: ഭാവനാശക്തിയാൽ സർഗകർമ്മങ്ങളിൾ വിജയിക്കും. അവിവാഹിതരുടെ വിവാഹത്തിൽ തീരുമാനമുണ്ടാകും. ക്രയവിക്രയങ്ങൾ മോശമാവില്ല. വ്യാപാര രംഗത്തുള്ളവർക്ക് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താൻ കഴിയും. നിക്ഷേപങ്ങളിൽ നിന്നും കൂടുതൽ വരുമാനമുണ്ടാകുന്നതാണ്. പുതുതലമുറയ്ക്ക് പ്രയോജനകരമായ ഉപദേശങ്ങൾ നൽകും. പുതിയ ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾ വാങ്ങും. കുടുംബസമേതം വിനോദയാത്ര നടത്തും. അഷ്ടമ കുജൻ തുടരുകയാൽ സാഹസങ്ങൾ തീർത്തും ഒഴിവാക്കണം.

തൃക്കേട്ട: ചിന്തയും കർമ്മവും തമ്മിൽ ഏകോപനം കുറയും. ചിലപ്പോൾ വലിയ കാര്യങ്ങളെ അവഗണിച്ചെന്ന് വരാം. യാത്രകളിൽ താല്പര്യമേറും. സാമ്പത്തിക പരാധീനതയ്ക്ക് പോംവഴികൾ തേടും. പ്രണയജീവിതം ആഹ്ളാദകരമാകും. വിദ്യാർത്ഥികൾ പരീക്ഷകളിൽ അനുമോദനാർഹമായ വിജയം കരസ്ഥമാക്കും. മാസത്തിന്റെ രണ്ടാം പകുതി മുതൽ സർക്കാർ കാര്യങ്ങളിൽ ഉണ്ടായിരുന്ന തടസ്സം നീങ്ങിക്കിട്ടും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. കിടപ്പ് രോഗികൾക്ക് ആശ്വാസം അനുഭവപ്പെടുന്നതായിരിക്കും.

മൂലം: അപ്രതീക്ഷിതമായി ലഭിക്കുന്ന പിന്തുണകൾ ആത്മവിശ്വാസം വർദ്ധിപ്പിക്കും. കർമ്മരംഗത്ത് ഊർജ്ജസ്വലരാകും. രാഷ്ട്രീയ പ്രവർത്തകർ എതിർപ്പുകളെ സമർത്ഥമായി പ്രതിരോധിക്കും. വിദ്യാർത്ഥികർ ഉപരിപഠനം സംബന്ധിച്ച് വിദഗ്ദ്ധോപദേശം സ്വീകരിക്കും. ഏജൻസി, കരാർ തൊഴിലുകൾ ചെയ്യുന്നവർക്ക് ആദായമേറും. അവിവാഹിതരുടെ വിവാഹകാര്യം അല്പം മന്ദഗതിയിലായേക്കാം. ബന്ധങ്ങൾ നിലനിർത്തുന്നതിൽ വിജയിക്കുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. സാഹസകർമ്മങ്ങളിൽ ഏർപ്പെടരുത്.

പൂരാടം: കുടുംബകാര്യങ്ങൾ ഭംഗിയായി നിർവഹിക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തീകരിക്കും. ഭാവിയെ മുന്നിൽക്കണ്ട് കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കും. ഗൃഹനവീകരണത്തിന് പ്രതീക്ഷിച്ചതിലും ചെലവേറും. വിദേശയാത്ര പിന്നീടത്തേക്കാക്കും. ക്രയവിക്രയങ്ങളിൽ നഷ്ടം വരാതെ നോക്കേണ്ടതുണ്ട്. പരീക്ഷ, അഭിമുഖം എന്നിവയിൽ തിളങ്ങും. കൂട്ടുകച്ചവടത്തിൽ ചില അലോസരങ്ങൾ ഉയരാം. ഉടമ്പടികൾ ഒപ്പുവെക്കുമ്പോൾ നിയമങ്ങൾ അറിഞ്ഞിരിക്കണം. അമിതമായ ആത്മവിശ്വാസം ഒഴിവാക്കുകയാവും നല്ലത്. ഭക്ഷണശീലങ്ങൾ ആരോഗ്യകരമാണോ എന്ന് ചിന്തിക്കേണ്ട സന്ദർഭമാണ്.

ഉത്രാടം: സൽപ്രവൃത്തികളിൽ ഏർപ്പെടും. ആത്മീയ കാര്യങ്ങളിൽ ഉണർവുണ്ടാകും. ചെറുതും വലുതുമായ യാത്രകൾ വേണ്ടി വന്നേക്കും. സാമ്പത്തികസ്ഥിതി മോശമാവില്ല. എന്നാൽ ചില ദുർവ്യയങ്ങളും ഉണ്ടാവാം. ഉദ്യോഗസ്ഥർ മേലധികാരികളുടെ അപ്രീതി നേടും. കർത്തവ്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ വിഷമിക്കും. പഠനഗവേഷണാദികൾക്ക് കൂടുതൽ സമയം ചെലവഴിച്ചേക്കും. ഉറക്കക്കുറവ്, ദിനചര്യകളുടെ ക്രമം തെറ്റൽ എന്നിവയുണ്ടാവും. പാദരോഗമോ കഫജന്യരോഗങ്ങളോ ശല്യകാരികളായേക്കാം.

തിരുവോണം: രാശ്യധിപനായ ശനിയുടെ ബലത്താൽ ആത്മശക്തിക്ക് ഏത് പ്രതിസന്ധിയിലും ചോർച്ചവരില്ല. ധനപരമായ ക്ലേശങ്ങളെ ചില മുൻകരുതലുകൾ സ്വീകരിച്ചതിനാൽ മറികടക്കാനാവും. കുടുംബപ്രശ്നങ്ങളിൽ രമ്യമായ പരിഹാരം കണ്ടെത്തും. സഹപ്രവർത്തകരുടെഎതിർപ്പുകളെ ബുദ്ധികൗശലം കൊണ്ട് മറികടക്കും. വിജ്ഞാന ഗ്രന്ഥങ്ങളിൽ നിന്നും പുതിയ അറിവുകൾ നേടും. വിദേശത്ത് ഉപരിപഠനത്തിനുള്ള സാധ്യത തെളിയും. അവിവാഹിതരുടെ ദാമ്പത്യസ്വപ്നം നിറവേറാൻ അല്പകാലം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. വ്യാഴത്തിന്റെ ദശാപഹാരാദികളിലൂടെ കടന്നുപോകുന്നവർക്ക് സൽഫലങ്ങൾ കുറയാം.

അവിട്ടം: സ്തുത്യർഹമായ കൃത്യനിർവഹണം പുതുപദവികൾ കിട്ടാൻ കാരണമാകുന്നതാണ്. കലാകാരന്മാരുടെ പ്രതിഭാവിലാസം പുരസ്കരിക്കപ്പെടും. ഉൽക്കണ്ഠകളുടെയും ഉദ്വേഗങ്ങളുടേയും കാലം കഴിഞ്ഞതായി മനസ്സിലാക്കും. തൊഴിൽപരമായി മുന്നേറ്റം വന്നുചേരും. സാങ്കേതിക വിദ്യാഭ്യാസത്തിൽ വിജയം വരിക്കുന്നതായിരിക്കും. ഗാർഹികജീവിതത്തിന് മാധുര്യമേറും. സകുടുംബം വിനോദ പരിപാടികളിൽ പങ്കെടുക്കും. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം ഉണ്ടാകും. ഭൂമിയുടെ ക്രയവിക്രയത്തിൽ നേരിയ ലാഭം ലഭിക്കുന്നതാണ്. ആരോഗ്യപരമായി അലംഭാവമരുത്.

ചതയം: നേട്ടങ്ങൾ വന്നെത്തുക വൈകിയാവും. പ്രതീക്ഷിച്ച വാഗ്ദാനങ്ങൾ കിട്ടാതെ വരുന്ന സ്ഥിതിയുണ്ടായേക്കാം. കർമ്മരംഗത്ത് സമ്മർദ്ദങ്ങൾ ഉയരുമെങ്കിലും ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കില്ല. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയെത്തും. വിദ്യാർത്ഥികൾ ആലസ്യത്തിന്റെ പിടിയിലമർന്നേക്കും. കടബാധ്യതകൾ കുറക്കാനുള്ള പരിശ്രമത്തിൽ നേരിയ വിജയം ഉണ്ടാകുന്നതാണ്. വാഹനം / ഭവനം മോടി പിടിപ്പിക്കും. കുടുംബജീവിതത്തിൽ ഹൃദ്യമായ പിന്തുണ കൈവരും. ആരോഗ്യപരമായി സമ്മിശ്രകാലമാണ്.

പൂരുട്ടാതി: വ്യാപാരത്തിലും വ്യവസായത്തിലും പുരോഗതിയുണ്ടാകും. കോടതി വ്യവഹാരങ്ങളിൽ ന്യായമായ തീർപ്പ് ലഭിക്കും. കിട്ടാക്കടം വസൂലാക്കാനുള്ള ശ്രമങ്ങൾ ഭാഗികമായി ലക്ഷ്യം കാണും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം അധികരിക്കുന്നതായിരിക്കും. സംഘടനകളിൽ മത്സരവിജയം നേടും. ഉപരിപഠനത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങളിൽ മുഴുകും. ശത്രുത പുലർത്തിയിരുന്നവർ ഇണങ്ങും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ചികിത്സാരീതികൾ മാറിയതിനാൽ ആരോഗ്യസ്ഥിതി മെച്ചപ്പെടും.

ഉത്രട്ടാതി: കർമ്മരംഗത്ത് വലിയ മാറ്റങ്ങൾ വന്നെത്തും. വ്യാപാരം നവീകരിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് അന്യനാട്ടിലേക്ക് ജോലിമാറ്റം ഉണ്ടായേക്കും. വിദ്യാർത്ഥികൾ ദൂരദിക്കിൽ ഉപരിപഠനം നടത്താൻ ഒരുങ്ങും. നാലാമെടത്ത് ചൊവ്വ നിൽക്കയാൽ മനസ്സമാധാനം കുറയാനിടയുണ്ട്. ഭൂമിയിൽ നിന്നുള്ള ആദായം തുച്ഛമാകും. വാഹനം, അഗ്നി, വൈദ്യുതി ഇവ അത്യന്തം ശ്രദ്ധാപൂർവം ഉപയോഗിക്കണം. നല്ലകാര്യങ്ങൾക്ക് പണം ചെലവഴിക്കും. കിടപ്പ് രോഗികൾക്ക് ആശ്വാസം അനുഭവപ്പെടുന്നതാണ്.

രേവതി: നക്ഷത്രാധി പനായ ബുധനും ചൊവ്വയും തമ്മിൽ പരിവർത്തനം സംഭവിക്കുകയാണ്. തീരെ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ അനുഭവത്തിൽ വന്നേക്കാം. തൊഴിൽ മാറ്റം, പഠനത്തിൽ ഉദ്ദേശിച്ച വിഷയത്തിൽ നിന്നും വ്യതിചലനം ഇവയും സാധ്യതകളാണ്. നേട്ടമാണോ കോട്ടമാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടാതെ വരും. സാമ്പത്തിക മെച്ചം പ്രതീക്ഷിച്ചതുപോലയാവും. ജീവിതപങ്കാളിയുമായുണ്ടായിരുന്ന പിണക്കം അവസാനിക്കും. മക്കളുടെ ഭാവി ഭദ്രതക്കുതകുന്ന തീരുമാനങ്ങൾ കൈക്കൊള്ളും. ആരോഗ്യപരിശോധനയിൽ അലംഭാവമരുത്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: April month 2023 astrological predictions