scorecardresearch
Latest News

Horoscope 2022 April: ഏപ്രിലിൽ നവഗ്രഹങ്ങളുടെ രാശി മാറുന്നു, മനുഷ്യരുടെ ഭാവിയും

Horoscope 2022 April: ‘ഈ ലോകത്തിൽ മാറാത്തതായി ഒന്നേയുള്ളൂ, അത് മാറ്റമാണ്’ എന്ന ചൊല്ലിനെ അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന ഒരു മാസമാണ് 2022 ഏപ്രിൽ

april, april horoscope, ie malayalam

Horoscope 2022 April: വിശ്വകവി ടി. എസ്. എലിയറ്റ് എഴുതി ‘April is the cruelest month’ എന്ന്. 2022 ഏപ്രിൽ മാസത്തെ ജ്യേതിഷപരമായി സമീപിക്കുമ്പോൾ ‘cruelest’ എന്നല്ല വിശേഷിപ്പിക്കാൻ തോന്നുന്നത്! പകരം ഏപ്രിലിനെ മാറ്റങ്ങളുടെ മാസമായിട്ടാണ്. ‘ഈ ലോകത്തിൽ മാറാത്തതായി ഒന്നേയുള്ളൂ അത് മാറ്റമാണ്’ എന്ന ചൊല്ലിനെ അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന ഒരു മാസമാണ് 2022 ഏപ്രിൽ.

360 ഡിഗ്രി ദൈർഘ്യമുള്ള / വ്യാപ്തിയുള്ള രാശിചക്രത്തിലൂടെ അനാദികാലം മുതൽ ഗ്രഹങ്ങൾ വ്യത്യസ്ത വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ചിലർ അതിവേഗത്തിൽ, ചിലർ സാമാന്യ വേഗത്തിൽ ചിലർ മന്ദഗതിയിൽ. 2022 ഏപ്രിലിൽ അവർ ഏതു രാശിയിലൂടെയാണോ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആ രാശിയിൽ നിന്നും അടുത്ത രാശിയിലേക്ക് മാറുകയാണ്.

ഇതിനെ രാശിപ്പകർച്ച, ഗ്രഹപ്പകർച്ച, സംക്രമണം എന്നെല്ലാം ജ്യോതിഷഗ്രന്ഥങ്ങൾ പറയുന്നു. ഒന്നോ രണ്ടോ മൂന്നോ നാലോ ചിലപ്പോൾ അഞ്ചോ ഗ്രഹങ്ങൾക്ക് ഒരു മാസം മാറ്റം വരാറുണ്ട്. ഈ ഏപ്രിലിൽ എല്ലാ പതിവുകളും തെറ്റുകയാണ്. ഒമ്പത് ഗ്രഹങ്ങളും സംക്രമിക്കുന്നു. അവ സഞ്ചരിക്കുന്ന രാശിയിൽ നിന്നും മാറുകയാണ്. അത് അഭൂതപൂർവ്വമാണ്. അങ്ങനെ പറഞ്ഞാൽ ശരിയാവണമെന്നില്ല. ഭൂതകാലത്തിൽ ചിലപ്പോൾ നടന്നിട്ടുണ്ടാവും. അതിനാൽ ‘അസാധാരണം’ എന്ന പദമാവും കൂടുതൽ ശരിയാവുക.

Read Here-

ഓരോ രണ്ടേകാൽ ദിവസം കഴിയുമ്പോഴും ചന്ദ്രൻ രാശി മാറുന്നു. പന്ത്രണ്ടുരാശികൾ ഇരുപത്തിയേഴ് ദിവസം കൊണ്ട് ചുറ്റി ഇരുപത്തിയെട്ടാം നാൾ തുടങ്ങിയേടത്തുവരുന്നു. ഇതാണ് ചന്ദ്രന്റെ സഞ്ചാരഗതി. ഈ പ്രതിഭാസത്തിന് മാറ്റമില്ല. അതിനാൽ ഏപ്രിലിലെ ചന്ദ്രന്റെ രാശിമാറ്റം സ്വാഭാവികമാണ്. പതിവുപോലുള്ള കാര്യവുമാണ്. ഏപ്രിൽ ഒന്നിന് ചന്ദ്രൻ മീനം രാശിയിലാണ്. ഏപ്രിൽ 28 ന് പന്ത്രണ്ടു രാശികൾ ചുറ്റി വീണ്ടും മീനം രാശിയിലെത്തുന്നു.

ഇനി നമുക്ക് ആദിത്യന്റെ / സൂര്യന്റെ കാര്യം നോക്കാം. ഒരു മാസം ഒരു രാശിയിൽ തുടരും, അതാണ് സൂര്യഗ്രഹത്തിന്റെ സഞ്ചാരവിശേഷം. മാർച്ച് 14 മുതൽ മീനം രാശിയിലൂടെ സഞ്ചരിക്കുന്ന സൂര്യൻ ഏപ്രിൽ 14ന് രാവിലെ മേടം രാശിയിൽ പ്രവേശിക്കുന്നു. മേടം സൂര്യന്റെ ഉച്ചരാശിയാണ്. മേടപ്പത്തിന്, പ്രശസ്തമായ പത്താമുദയത്തിന്റെ അന്ന് സൂര്യൻ പരമോച്ചാവസ്ഥയിലെത്തുകയാണ്.

സൂര്യന്റെ രാശിയായ ചിങ്ങക്കൂറിലുള്ളവർക്കും സൂര്യ നക്ഷത്രങ്ങളായ കാർത്തിക, ഉത്രം, ഉത്രാടം എന്നിവയിൽ ജനിച്ചവർക്കും സൂര്യദശ നടക്കുന്നവർക്കും മത്സര വിജയം, അധികാരലബ്ധി, അവകാശത്തർക്കങ്ങളിൽ അനുകൂല വിധി, പിതൃസ്വത്തിന്മേൽ അനുഭവാവകാശം തുടങ്ങി ഫലങ്ങൾ പലതും വന്നുചേരാം. മേയ് 14നാണ് സൂര്യന്റെ പിന്നത്തെ രാശിമാറ്റം. മേടത്തിൽ നിന്നും ഇടവത്തിലേക്കുള്ള സംക്രമണമാണത്. ഇപ്രകാരം ഏപ്രിലിൽ ചന്ദ്രനും സൂര്യനും മാറ്റമുള്ളത് നാമറിഞ്ഞുകഴിഞ്ഞു. ഇനി ചൊവ്വയുടെ രാശിപ്പകർച്ച നോക്കാം.

Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

ഏപ്രിൽ പിറന്നപ്പോൾ ചൊവ്വ മകര രാശിയിലായിരുന്നു. ഏപ്രിൽ 7 ന് ചൊവ്വ മകരത്തിൽ നിന്നും കുംഭം രാശിയിലേക്ക് സംക്രമിക്കുകയാണ്. മകരത്തിന് ഒരു മെച്ചമുണ്ട്, അത് ചൊവ്വയുടെ ഉച്ചരാശിയാണ്. കരുത്തനായ ചൊവ്വയായിരുന്നു മകരത്തിലെ ചൊവ്വ എന്ന് സാരം. കുംഭം രാശിയിൽ ചൊവ്വയ്ക്ക് ബലഹാനിയുണ്ട്. ശത്രുവായ ശനിയുടെ വീടാണ് കുംഭം. അതിനാൽ ചൊവ്വാദശയോ ചൊവ്വയുടെ അപഹാരമോ നടക്കുന്നവർക്ക് ചില പ്രതിസന്ധികളെ നേരിടേണ്ടതായി വന്നേക്കും. ജീവിതത്തിന്റെ സുഖവും സുഗമതയും കുറയുകയാണെങ്കിൽ അത്ഭുതപ്പെടുവാനില്ല.

മാസാരംഭത്തിൽ മീനം രാശിയിലാണ് ബുധൻ. മീനം ബുധന്റെ നീചരാശിയാണ്. സ്വശക്തി ഏറ്റവും ദുർബലമാകുന്ന കാലമാണ് നീചാവസ്ഥ എന്നത്. ഏപ്രിൽ 8 ന് മീനത്തിനോട് വിടപറഞ്ഞ് ബുധൻ മേടം രാശിയിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. ഒരാഴ്ചയ്ക്കുശേഷം മൗഢ്യവും അവസാനിക്കുന്നതോടെ ബുധന്റെ ദുരിതപർവ്വത്തിന് ശമനം വരുകയായി. കന്നിക്കൂറുകാർക്കും മിഥുനക്കൂറുകാർക്കും രാശ്യധിപനായ ബുധന്റെ മാറ്റം ഗുണപ്രദമാവും.

ഏപ്രിൽ 13ന് ആണ് ഏറ്റവും സുപ്രധാനമായ മാറ്റം. വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗ്രഹപ്പകർച്ചയും മറ്റൊന്നല്ല. അന്ന് വ്യാഴം കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് സംക്രമിക്കുകയാണ്. ഒരു വർഷം ഒരു രാശിയിൽ സഞ്ചരിക്കുക എന്നതാണ് വ്യാഴത്തിന്റെ സ്വാഭാവിക രീതി. 2023 ഏപ്രിൽ മാസം വരെ വ്യാഴം മീനം രാശിയിൽ തുടരും. വ്യാഴഗ്രഹത്തിന്റെ സ്വക്ഷേത്രമാണ് മീനം. ഗുണാനുഭവങ്ങൾ നൽകാൻ വ്യാഴത്തിന് കരുത്തു നൽകുന്ന രാശിമാറ്റമാണിത്. വ്യാഴത്തിന്റെ ഗോചരഫലം ഗ്രഹങ്ങളുടെ രാശിപ്പകർച്ചകളിൽ മുഖ്യത്വമുള്ളതുമാണ്. ഇടവം, കർക്കടകം, കന്നി, വൃശ്ചികം, കുംഭം എന്നീ കൂറുകളിൽ ജനിച്ചവർക്ക് വ്യാഴമാറ്റം വലിയ നേട്ടങ്ങളുണ്ടാക്കും. സന്താനകാരകനാണ് വ്യാഴം എന്നതിനാൽ സന്താന പ്രാപ്തിക്ക് വിളംബമനുഭവിക്കുന്നവർക്ക് ആശാവഹമായ കാലം കൂടിയാവും. ധനകാരകനാകയാൽ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടാം.

Read More: Weekly Horoscope (March 27- April 02, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

രാഹുവും കേതുവും പരസ്പരപൂരകങ്ങളായ ഗ്രഹങ്ങളാണ്. “ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ” എന്ന് എഴുത്തച്ഛൻ എഴുതിയത് ഓർക്കാം. രാഹുമാറ്റം എപ്പോൾ നടന്നാലും അതേ ഞൊടിയിൽ തന്നെ കേതുമാറ്റവും സംഭവിക്കും. ഏപ്രിൽ പന്ത്രണ്ടിന് രാഹു ഇടവത്തിൽ നിന്നും മേടത്തിലേക്കും, കേതു വൃശ്ചികത്തിൽ നിന്നും തുലാത്തിലേക്കും സംക്രമിക്കുന്നു. നിഷ്ക്രമണം എന്ന വാക്കാവും കൂടുതൽ ശരിയാവുന്നത്. മറ്റു ഗ്രഹങ്ങൾ മുന്നിലേക്കുള്ള രാശിയിലേക്ക് നീങ്ങുമ്പോൾ രാഹുവും കേതുവും പിന്നിലേക്കുള്ള രാശിയിലേക്കാണ് മാറിനീങ്ങുന്നത്. Anti-clockwise എന്ന രീതിയാണത്. അപസവ്യഗതി, അപ്രദക്ഷിണഗതി എന്നൊക്കെ വിശേഷിപ്പിക്കാം, അതിനെ. മിഥുനം, വൃശ്ചികം, കുംഭം എന്നീ കൂറുകളിൽ ജനിച്ചവർക്ക് രാഹുമാറ്റവും ചിങ്ങം, ഇടവം, ധനു എന്നീ കൂറുകളിൽ ജനിച്ചവർക്ക് കേതുമാറ്റവും ഗുണകരമാവും. ഒന്നര വർഷത്തിൽ / പതിനെട്ട് മാസത്തിൽ ഒരിക്കലാണ് രാഹു-കേതു പകർച്ച വരിക. അടുത്ത രാശിമാറ്റം 2023 ഒടുവിലാവും!

ഏപ്രിൽ 27 ന് ശുക്രൻ കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് മാറുന്നു. ശുക്രന്റെ ഉച്ചരാശിയാണത്. മിഥുനം, ചിങ്ങം, കന്നി എന്നീ മൂന്നു കൂറുകളിൽ ജനിച്ചവർക്കൊഴികെ മറ്റെല്ലാ രാശികളിൽ ജനിച്ചവർക്കും ശുഭഫലങ്ങളുണ്ടാകും. പ്രണയികൾക്ക് അനുകൂല സന്ദർഭമാണ്. അനുരാഗവല്ലരി പൂക്കുകയും തളിർക്കുകയും കായ്ക്കുകയുമൊക്കെ ചെയ്യും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്കും കാര്യസാധ്യം ഫലം. വിവാഹാർത്ഥികൾക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാനാവും. മനുഷ്യരുടെ ആഢംബരഭ്രമം ശുക്രന്റെ ഉച്ചരാശി കാലഘട്ടത്തിൽ കുതിച്ചുയരാം. ശുക്രദശയിലൂടെ കടന്നുപോകുന്നവർ തൊഴിലിലും പഠനത്തിലും ഉയരങ്ങൾ കീഴടക്കും.

ഏപ്രിൽ 29 ന് ശനിയും രാശി മാറുന്നു. മകരം രാശിയിൽ നിന്നും കുംഭത്തിലേക്കാണ് ശനിയുടെ മാറ്റം. വെറും രണ്ടരമാസത്തേക്കാണ് ഈ മാറ്റം. ജൂലൈ പകുതിയിൽ ശനി വീണ്ടും വക്രഗതിയായി മകരത്തിൽ പ്രവേശിക്കും. മകരത്തിൽ തുടരേണ്ട കാലഘട്ടം മുഴുവനായും പൂർത്തിയാക്കും മുൻപാണ് ശനി ഇപ്പോൾ കുംഭത്തിലേക്ക് പ്രവേശിക്കുന്നത്. അതിനാൽ അതിനെ ‘അതിചാരം’ എന്ന പേരിൽ വിശേഷിപ്പിക്കുന്നു. എന്തോ കണ്ട് ഭയന്നതു പോലെയുള്ള ഓട്ടം എന്ന് ശനിയുടെ അതിചാരത്തെ മനുഷ്യഭാഷയിൽ പരിഭാഷപ്പെടുത്തിപ്പറയാം. അതിചാരത്തിലാകുന്ന ഗ്രഹത്തെ ‘ഭീതൻ’ എന്നാണ് അചാര്യന്മാർ സംബോധന ചെയ്യുന്നത്. ശനിമാറ്റം മേടം, കന്നി, തുലാം എന്നീ കൂറുകാർക്ക് സൽഫലങ്ങൾക്ക് കാരണമാകാം. ആകസ്മികമായ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ധനുക്കൂറുകാർക്ക് ഏഴരശനി തീരുന്നതിന്റെ ചില ഗുണങ്ങളും മീനക്കൂറുകാർക്ക് ഏഴരശനി തുടങ്ങുന്നതിന്റെ ചില ക്ലേശങ്ങളും വന്നുചേരാം. ഇടവം, ചിങ്ങം, വൃശ്ചികം എന്നീ കൂറുകളിൽ ജനിച്ചവർക്ക് കണ്ടകശനിക്കാലവും കൂടിയാണ്.

Read More: Daily Horoscope March 30, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇപ്പോൾ ചിത്രം വ്യക്തമായിക്കാണുമെന്ന് കരുതുന്നു. സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നീ നവഗ്രഹങ്ങൾ ഒന്നാകെ രാശി മാറുകയാണ്. ചിലർ മെച്ചത്തിലേക്ക്, ചിലർ ക്ഷീണത്തിലേക്ക്, ചിലർ സമ്മിശ്രമായ അവസ്ഥയിലേക്ക്. എന്തായാലും 2022 ഏപ്രിൽ മാസത്തിലെ ഈ സമഗ്രമാറ്റം മനുഷ്യരെയാകെ ബാധിക്കുന്നു. മഹാമാരിയുടെ പിടിയിൽ നിന്നും നീങ്ങി ലോകം പുതിയ ഒരു ജീവിതക്രമത്തിലേക്ക് മാറുമോ? വ്യാഴത്തിന്റെ സ്വക്ഷേത്രസ്ഥിതി ശുഭസൂചന തന്നെയാണ് നൽകുന്നത്.

നവഗ്രഹങ്ങൾ രാശികളുടെയും നക്ഷത്രങ്ങളുടെയും നാഥന്മാരാണ്. മനുഷ്യകുലത്തിന്റെ ഭാഗധേയത്തിലും പരിവർത്തനങ്ങൾ പ്രതീക്ഷിക്കാം. നാലോ അഞ്ചോ രാശിക്കാർക്കോ, പത്തോ പന്ത്രണ്ടോ നക്ഷത്രക്കാർക്കോ മാത്രമല്ല ഈ മാറ്റം. ചിലർക്ക് തലോടൽ, ചിലർക്ക് തല്ല്, ചിലർക്ക് ഗുണദോഷിക്കൽ– അങ്ങനെ നവഗ്രഹങ്ങളുടെ സമ്പൂർണമാറ്റം സമ്പൂർണമായ ഫലം തന്നെയാവും നൽകുക.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: April 2022 astrology aswathi bharani karthika rohini makayiram thiruvathira

Best of Express