/indian-express-malayalam/media/media_files/2025/12/09/varshaphalam-moolam-2025-12-09-16-40-49.jpg)
Moolam to Revathy star predictions New Year Astrology 2026: പുതുവർഷ ഫലം
2026 Astrology Predictions Moolam to Revathy: 2026 ജൂണിൽ വ്യാഴത്തിനുണ്ടാകുന്ന രാശിമാറ്റമാണ് മുഖ്യം. വ്യാഴം മിഥുനം രാശിയിലാണ് അതുവരെ. തുടർന്ന് ഉച്ചരാശിയായ കർക്കടകം രാശിയിൽ സഞ്ചരിക്കും. ശനിക്ക് ഈ വർഷം രാശിമാറ്റമില്ല. മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ് ശനി ഭൂരിഭാഗവും യാത്ര ചെയ്യുന്നത്. രാഹുവും കേതുവും വർഷാവസാനത്തിന് മുന്നേവരെ യഥാക്രമം കുംഭം - ചിങ്ങം രാശികളിലാണ്.
ഡിസംബറിൽ രാഹു മകരത്തിലേക്കും കേതു കർക്കടകത്തിലേക്കും പിൻഗതിയായി പകരുന്നു. വർഷാരംഭത്തിൽ ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക് വരുന്നതും പ്രസ്താവ്യമാണ്. ഈ മുഖ്യമായ ഗ്രഹസഞ്ചാരങ്ങളെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാർഷിക നക്ഷത്രഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
മൂലം
കണ്ടകശനി തുടരുന്നുണ്ട്. രാഹു മൂന്നിലും വ്യാഴം ഏഴിലും എട്ടിലും സഞ്ചരിക്കുന്നു. സമ്മർദങ്ങൾക്കൊപ്പം ജീവിക്കുമ്പോഴും ജീവിതത്തിൻ്റെ ഹരിതഭംഗികൾ ആസ്വദിക്കാനും അനുഭവിക്കാനും പറ്റുന്ന വർഷമാണ്. പാർശ്വവല്കരിക്കപ്പെടാൻ തൊഴിലിടത്തിൽ ശ്രമങ്ങളുണ്ടാവാം. എന്നാൽ അതിനെ മറികടക്കാൻ ഇച്ഛാശക്തിയും കർമ്മദാർഢ്യവും ഉണ്ടായാൽ മതി. ഉന്നത ബിരുദം നേടിയാലും വരുമാനമുള്ള തൊഴിലുണ്ടാവാൻ കാത്തിരിക്കേണ്ടതായി വരാം. നിലവിലെ ജോലി ഉപേക്ഷിക്കുക ആലോചനാപൂർവ്വം വേണ്ടതാണ്. വിദേശത്ത് അവസരങ്ങൾ ലഭിക്കാനിടയുണ്ട്. ഗാർഹികമായ പ്രശ്നങ്ങൾ തുറന്ന പെരുമാറ്റത്തിലൂടെ പരിഹരിക്കണം. പാർട്ണർഷിപ്പ് മെച്ചപ്പെടും. അനുരാഗികൾക്ക് സന്തോഷിക്കാനാവും. ഗൃഹനിർമ്മാണം മെല്ലെയായേക്കാം.
പൂരാടം
വ്യാഴം ഏഴിലും എട്ടിലും, ശനി നാലിലും, രാഹു മൂന്നിലും സഞ്ചരിക്കുകയാൻ 2025 ൻ്റെ ഫലങ്ങളുടെ തുടർച്ചയാവും ഭാഗികമായി 2026 ഉം. ജോലിസ്ഥലത്തും വീട്ടിലും സമാധാനം കുറയാം. ചില സന്ദർഭങ്ങളിൽ മാനസിക പിരിമുറുക്കം അനുഭവപ്പെടും. ശരിതെറ്റുകൾ അവ്യക്തങ്ങളാവും. വിദ്യാഭ്യാസത്തിൽ ആലസ്യത്തിനിടയുണ്ട്. പഠനം പൂർത്തിയാക്കിയവർക്ക് ചെറിയ അവസരങ്ങൾ കൈവരും. അന്യനാട്ടിൽ പഠനമോ തൊഴിലോ സാധ്യമാവുന്നതാണ്. രാഷ്ട്രീയത്തിൽ വെല്ലുവിളികൾ ഉയരാം. ശക്തമായ പിന്തുണകൾ കരുത്തുപകരും. പുതുകാര്യങ്ങൾക്ക് തുടക്കം കുറിക്കാനാവും. ധനപരമായ കരുതലുണ്ടായാൽ മതിയാകും. ഗൃഹത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാവും. അനുരാഗത്തിൽ അസ്വാരസ്യം ഉയരാം. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം.
ഉത്രാടം
ധനു, മകരം രാശികളിൽ ഉൾപ്പെടുന്ന നക്ഷത്രമാണ് ഉത്രാടം. സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവുന്ന വർഷമാണ്. ജീവിതത്തെ പാടെ മാറ്റിമറിക്കുന്ന വലിയ മാറ്റങ്ങളൊന്നും വന്നുചേരണമെന്നില്ല. കാര്യപ്രാപ്തിക്ക് ചിലപ്പോൾ അമിതാധ്വാനം ആവശ്യമാവും. ചെറുയത്നങ്ങൾ ഗുണകരമാവാനും മതി. സാങ്കേതിക വിദ്യാഭ്യാസത്തിൽ ബിരുദം സമ്പാദിക്കും. അന്യനാട്ടിൽ ജോലികിട്ടുന്നതാണ്. ബിസിനസ്സ് നടത്തുന്നവർക്ക് സർക്കാരിൽ നിന്നും തടസ്സങ്ങൾ വരാം. ഉപഭോക്താക്കളുടെ പിൻതുണ ലഭിക്കുന്നതാണ്. സാഹിത്യം, അഭിനയം, സംഗീതം മുതലായ കലാമേഖലകളിൽ ശോഭിക്കാനാവും. പുതുവാഹനം വാങ്ങാൻ സാധിക്കും. തീർത്ഥയാത്രകൾ നിരന്തരമാവും. നിക്ഷേപങ്ങളിൽ നിന്നും ആദായം ഉയരുന്നതാണ്. അവിവാഹിതർക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാനാവും.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
തിരുവോണം
വ്യാഴം ആറിലും ഏഴിലും, ശനി മൂന്നിലും, രാഹു രണ്ടിലും കേതു അഷ്ടമത്തിലും സഞ്ചരിക്കുന്നു. ശനി പൂർണ്ണമായും അനുകൂല ഭാവത്തിലാകയാൽ തടസ്സങ്ങളെ മറികടക്കാനാവും. ആത്മവിശ്വാസം തുണയ്ക്കും. സംരംഭങ്ങൾ വിജയിപ്പിക്കാൻ കഴിയുന്നതാണ്. തൊഴിലന്വേഷണം സഫലമാവും. മറുനാട്ടിൽ പഠനം/തൊഴിൽ ഇവയ്ക്ക് സാധ്യത കാണുന്നു. രാഹുവും കേതുവും രോഗക്ലേശങ്ങൾ, കാര്യതടസ്സം, ധനനഷ്ടം ഇവയുണ്ടാക്കാം. ആരോഗ്യ പരിശോധനകൾ മുടക്കരുത്. വ്യാഴം ജൂൺമാസം വരെ ആറാം ഭാവത്തിലാകയാൽ കാര്യങ്ങൾക്ക് പ്രതീക്ഷിച്ച പുരോഗതി ഉണ്ടായേക്കില്ല. സജ്ജനങ്ങൾ വിരോധിക്കാം. ജൂൺ മാസം മുതൽ ഭാഗ്യപുഷ്ടി, കാര്യവിജയം, ധനലാഭം ഇവ അഭംഗുരമാവും. സന്താനങ്ങൾക്ക് ശ്രേയസ്സുണ്ടാവും. ആഗ്രഹിച്ച ആത്മീയ യാത്രകൾ നടത്തും. മനസ്സമാധാനം കുറയില്ല. പ്രണയം സഫലമാവുന്നതാണ്.
അവിട്ടം
മകരം, കുംഭം രാശികളിലായി ഉൾപ്പെടുന്ന നക്ഷത്രമാണ് അവിട്ടം. മകരക്കൂറുകാർക്ക് ഏഴരശ്ശനി അവസാനിച്ചു കഴിഞ്ഞു. കുംഭക്കൂറുകാർക്ക് ഏഴരശ്ശനിയും ജന്മത്തിൽ രാഹുവുമുണ്ട്. അനുകൂല സാഹചര്യം മകരക്കൂറുകാർക്ക് കൂടുതലാണ്. വ്യാഴത്തിൻ്റെ അനുകൂല്യം കുംഭക്കൂറുകാർക്ക് വർഷത്തിൻ്റെ ആദ്യപകുതിയിലുണ്ട്. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഇളമുറക്കാരുടെ വിവാഹം തീരുമാനിക്കപ്പെടും. അകന്ന ബന്ധുക്കൾ അടുക്കാം. വസ്തുവിൽപ്പനയിലൂടെ ലാഭം നേടാനാവും. സ്വന്തമായി നടത്തുന്ന സ്ഥാപനങ്ങൾ പുരോഗതിയിലെത്തും. വാഹനലാഭമുണ്ട്. ദാമ്പത്യത്തിൽ കരുതലുണ്ടാവണം. കടബാധ്യതകൾ കൂടരുത്. ഉന്നത ബിരുദം നേടാം. വീടുപണി ഇടക്കിടെ തടസ്സപ്പെടുന്നതാണ്. ആരോഗ്യത്തിൽ ശ്രദ്ധവേണം.
ചതയം
പ്രധാന ഗ്രഹങ്ങൾക്ക് ആനുകൂല്യവും പ്രാതികൂല്യവും ഉള്ളതിനാൽ സമ്മിശ്രമാവും അനുഭവങ്ങളും. ആലസ്യം ചിലകാലത്ത് മുന്നോട്ടു പോക്കിന് വിഘാതമാവാം. പഠനാർത്ഥികൾക്ക് ശ്രദ്ധ കുറയും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. വരവിൽ കുറവ് വന്നേക്കാം. ഏഴരശ്ശനിക്കാലവും ജന്മനക്ഷത്രത്തിൽ തന്നെ രാഹുവും സഞ്ചരിക്കുകയാൽ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. വീട് വെക്കുന്നവർക്ക് നിരന്തരം ധനക്ലേശം സംജാതമാകും. ജോലി, പഠനം ഇവയ്ക്കായി വിദേശയാത്ര തരപ്പെടും. തീർത്ഥയാത്രകൾക്കും അവസരം വരും. അപരിചിതരുടെ സഹായം സ്വീകരിക്കുന്നത് കരുതലോടെയാവണം. ചെറിയ മുതൽമുടക്കുകളോടെയുള്ള നവസംരംഭങ്ങൾ വിജയിക്കാം. പ്രണയ വിവാഹത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കും. സന്താനങ്ങളില്ലാത്തവർക്ക് ആ ദുഃഖം നീങ്ങുന്നതാണ്.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
വർഷാദ്യം കുറച്ചുമാസം ശനി ജന്മനക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. ഏഴരശ്ശനിക്കാലം തുടരുന്നുണ്ട്. രാഹുവും ജന്മരാശിയിലാണ്. വ്യാഴം സാമാന്യമായി അനുകൂലഭാവത്തിലാണെന്നതാണ് മുഖ്യ ആശ്വാസം. ഉത്തരവാദിത്വങ്ങൾ നിർവഹിക്കും. മാതാപിതാക്കളുടെ കാര്യങ്ങളിൽ ശ്രദ്ധയുണ്ടാവും. പുതിയ തലമുറയുമായി ചിലപ്പോൾ അകൽച്ച വരാം. തൊഴിൽ തേടുന്നവർക്ക് വർഷാദ്യം ഗുണം കൈവരുന്നതാണ്. ഗവേഷണം പൂർത്തീകരിക്കും. ഭൂസ്വത്ത് അനുഭവയോഗ്യമാവുന്നതാണ്. വാടകയിനത്തിൽ വരുമാനമുണ്ടാവും. തുടരുന്ന രോഗങ്ങൾക്ക് മറ്റുചികിൽസകൾ പരീക്ഷിക്കാവുന്നതാണ്. നിക്ഷേപം, ചിട്ടി, നറുക്കെടുപ്പ് ഇവകളിലൂടെ ധനാഗമം പ്രതീക്ഷിക്കാം. മത്സരങ്ങളിൽ വിജയിക്കാൻ അശ്രാന്തപരിശ്രമം ആവശ്യമാണ്. ദാമ്പത്യത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കും.
ഉത്രട്ടാതി
ജന്മശനിയും പന്ത്രണ്ടിൽ രാഹുവും നാലിലും അഞ്ചിലുമായി വ്യാഴവും സഞ്ചരിക്കുകയാൽ നഷ്ടങ്ങളോടൊപ്പം നേട്ടവും കഷ്ടങ്ങളോടൊപ്പം സുഖവും അനുഭവപ്പെടുന്നതാണ്. ഗൃഹനിർമ്മാണം ക്ലേശിച്ചിട്ടാണെങ്കിലും പൂർത്തീകരിക്കും. പുതിയ വാഹനം വാങ്ങും. വിദേശയാത്രകൾ, കുടുംബ സമാഗമം, മക്കൾക്ക് ശ്രേയസ്സ് തുടങ്ങിയവ ഭവിക്കുന്നതാണ്. കലാരംഗത്തുള്ളവർക്ക് കൂടുതൽ അവസരങ്ങൾ വന്നുചേരാം. പഠനം നല്ലരീതിയിൽ മുഴുമിപ്പിക്കുന്നതാണ്. ചെറിയ കാലതാമസമുണ്ടായാലും പഠിപ്പിനൊത്ത ജോലി ലഭിക്കുന്നതായിരിക്കും. ചെയ്തുപോരുന്ന തൊഴിലിൽ വർഷാദ്യം അല്പം മാന്ദ്യമുണ്ടാവാം. വലിയ മുതൽമുടക്കുകൾ ഒഴിവാക്കുക കാമ്യം. അദ്ധ്യാത്മിക കാര്യങ്ങളിൽ താത്പര്യം ഭവിക്കുന്നതാണ്. ജീവിതശൈലീരോഗങ്ങൾക്ക് ചികിൽസ ആവശ്യമാവും.
രേവതി
ജന്മശനിക്കാലം തുടരുകയാണ്. മനപ്രയാസവും സമ്മർദ്ദവും കുറയില്ല. ചെറിയ കാര്യങ്ങൾക്ക് വിഷമിക്കും. പ്രണയബന്ധത്തിലേർപ്പെടാം. കാര്യാലോചനാസമിതികളിൽ സജീവമായി പങ്കെടുക്കും. ഗൂഢവിദ്യകൾ പഠിക്കാൻ ശ്രമിക്കുന്നതാണ്. ദുരാരോപണങ്ങൾ വലയ്ക്കുമെങ്കിലും അതിജീവിക്കാനാവും. രാഷ്ട്രീയ മത്സരങ്ങൾ കടുത്തതായേക്കും. കൃത്യാന്തരങ്ങൾ ഏറ്റെടുക്കുകയാൽ ചില രംഗത്ത് പാളിച്ചകൾ വരാം. കെട്ടിടം പണിയേൽപ്പിച്ചവർ അലസരാവുന്നത് കണ്ടറിയും. ദാമ്പത്യത്തിൽ വിരഹാനുഭവങ്ങൾ വരാം. ജോലിക്കാര്യമായിട്ടോ മറ്റുകാരണങ്ങളാലോ വീടുവിട്ടുനിൽക്കേണ്ടി വന്നേക്കും.
ഉദര, പാദ, ഹൃദയ രോഗങ്ങൾ ക്ലേശിപ്പിക്കുന്നതാണ്. പരാശ്രയം ആവശ്യമായി വരാം. കടബാധ്യതകൾ വർഷത്തിൻ്റെ രണ്ടാം പകുതിയിൽ പരിഹരിക്കും.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us