/indian-express-malayalam/media/media_files/2025/12/08/puthuvarsham-makam-2025-12-08-16-10-54.jpg)
Makam to Thrikketta star predictions New Year Astrology 2026: പുതുവർഷ ഫലം
2026 astrological predictions Makam to Thrikketta: 2026 ജൂണിൽ വ്യാഴത്തിനുണ്ടാകുന്ന രാശിമാറ്റമാണ് മുഖ്യം. വ്യാഴം മിഥുനം രാശിയിലാണ് അതുവരെ. തുടർന്ന് ഉച്ചരാശിയായ കർക്കടകം രാശിയിൽ സഞ്ചരിക്കും. ശനിക്ക് ഈ വർഷം രാശിമാറ്റമില്ല. മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ് ശനി ഭൂരിഭാഗവും യാത്ര ചെയ്യുന്നത്. രാഹുവും കേതുവും വർഷാവസാനത്തിന് മുന്നേവരെ യഥാക്രമം കുംഭം - ചിങ്ങം രാശികളിലാണ്.
ഡിസംബറിൽ രാഹു മകരത്തിലേക്കും കേതു കർക്കടകത്തിലേക്കും പിൻഗതിയായി പകരുന്നു. വർഷാരംഭത്തിൽ ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക് വരുന്നതും പ്രസ്താവ്യമാണ്. ഈ മുഖ്യമായ ഗ്രഹസഞ്ചാരങ്ങളെ മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാർഷിക നക്ഷത്രഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
മകം
വ്യാഴം പതിനൊന്നിലും പന്ത്രണ്ടിലും, രാഹു ഏഴിലും ശനി അഷ്ടമത്തിലും സഞ്ചരിക്കുന്നതിനാൽ ഗുണവും ദോഷവും, ലാഭവും നഷ്ടവും മാറി മാറി അനുഭവപ്പെടുന്നതാണ്. പഴയ കടബാധ്യതകൾ കൊടുത്തുതീർക്കുവാനാവും. ഭൂമി വില്പനയിൽ തടസ്സങ്ങൾ വരാം. ഇൻഷ്വറൻസ്, ചിട്ടി, ഊഹക്കച്ചവടം എന്നിവയിൽ നിന്നും ധനാഗമമുണ്ടാവും. ഉദ്യോഗം തേടുന്നവർക്ക് അന്യനാട്ടിൽ അവസരങ്ങൾ കിട്ടാം. വഴിവാണിഭം, ചെറുസംരംഭങ്ങൾ, കമ്മീഷൻ പ്രവർത്തനം എന്നിവ ഗുണകരമാവും. സഹോദര ഗുണം കുറയും. ദുരാരോപണങ്ങളെ നേരിടും. മത്സരങ്ങളിൽ എതിർപ്പ് അധികമാവും. പൂർവ്വിക സ്വത്തിനായി വ്യവഹാരം വേണ്ടിവരാം. പ്രണയാഭ്യർത്ഥനകൾ തിരസ്കരിക്കപ്പെടാനിടയുണ്ട്. തീർത്ഥാടനം, ദൈവിക കർമ്മങ്ങൾ എന്നിവയ്ക്ക് നേരം കണ്ടെത്തുന്നതാണ്.
പൂരം
മുൻവർഷത്തിൻ്റെ തുടർച്ചതന്നെയാവും ഈ വർഷവും. ചെറിയ കാര്യങ്ങൾ നേടാൻ വിഷമിക്കും. വലിയ കാര്യങ്ങൾ എളുപ്പത്തിൽ കൈവരികയും ചെയ്യും. മേലധികാരികൾ അനുകൂലിക്കും. എന്നാൽ സഹപ്രവർത്തകർ മറുചേരിയിലാവും. ജാമ്യം നിൽക്കുക, സാക്ഷിപറയുക തുടങ്ങിയവയിൽ കരുതൽ ആവശ്യമാണ്. അവിവാഹിതർക്ക് വിവാഹം നടക്കാം. പ്രണയത്തിൽ വിഘ്നങ്ങൾ ഏർപ്പെടുന്നതാണ്. പഠിപ്പിനൊത്ത ജോലി കിട്ടുക എളുപ്പമാവില്ല. കുടുംബജീവിതത്തിൽ സാമാന്യമായ സംതൃപ്തി വരും. പൂർവ്വിക സ്വത്ത് വിൽക്കാനായേക്കും. ഗൃഹനിർമ്മാണത്തിൽ ഇഴച്ചിലുണ്ടാവും. അന്യദേശത്ത് പഠിക്കാൻ/
ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ഗ്രന്ഥരചന, കലാപ്രവർത്തനം തുടങ്ങിയവയിൽ ആനന്ദം കണ്ടെത്തുന്നതാണ്. ആരോഗ്യ പരമായി അലംഭാവമരുത്.
ഉത്രം
ചിങ്ങക്കൂറുകാർക്ക് വർഷത്തിൻ്റെ ആദ്യപകുതിയും കന്നിക്കൂറുകാർക്ക് വർഷത്തിൻ്റെ രണ്ടാം പകുതിയും കൂടുതൽ അനുകൂലമാവും. സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കപ്പെടും. കടബാധ്യത വരുത്താതിരിക്കാൻ മിതവ്യയം ശീലിക്കണം. പണയ സ്വർണ്ണം തിരിച്ചെടുക്കാനാവും. വാടകയിനത്തിലും മറ്റും ആദായം വരുന്നതായിരിക്കും. സ്വതന്ത്ര ചിന്താഗതി മൂലം ചിലപ്പോൾ സംഘടനയുടെ നിയമാവലി അനുസരിക്കാതി രുന്നേക്കും. ആക്ഷേപങ്ങളെ തമസ്കരിക്കുന്നതാണ്. ചെറുപ്പക്കാരുടെ പ്രണയബന്ധം തടസ്സങ്ങളെ നേരിടും. സംരംഭങ്ങൾക്ക് രജിസ്ട്രേഷൻ ലഭിച്ചേക്കും. ഗവേഷണ പ്രബന്ധത്തിൽ അഴിച്ചുപണി വേണ്ടതായി വരും. ഗൃഹസ്ഥാശ്രമം തൃപ്തികരമായി തുടരുന്നതാണ്.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
അത്തം
വ്യാഴം പത്തിലും പതിനൊന്നിലും, ശനി ഏഴിലും, രാഹു ആറിലും സഞ്ചരിക്കുന്ന വർഷമാണ്. ഗുണാനുഭവങ്ങൾക്കാവും മുൻതൂക്കം. തൊഴിൽ രംഗം മെച്ചപ്പെടുന്നതാണ്. ആത്മവിശ്വാസം ഉയരും. ബിസിനസ്സുകാർക്ക് വിപണിയുടെ സ്പന്ദനം തിരിച്ചറിഞ്ഞ് കരുനീക്കങ്ങൾ നടത്താനാവും. പഠനമികവുണ്ടാവും. തൊഴിൽ തേടുന്നവർക്ക് ഉദ്യോഗലബ്ധി കൈവരുന്നതാണ്. ഭാവിയിൽ പ്രയോജനം ചെയ്യുന്ന ധനസമാഹരണം, നിക്ഷേപം എന്നിവ സാധ്യമാവും. ഏഴിൽ ശനി സഞ്ചരിക്കുകയാൽ പ്രണയാനുഭവങ്ങൾ തടസ്സപ്പെടാം. ദാമ്പത്യത്തിലും ഇടക്കിടെ അസ്വാരസ്യങ്ങൾ തലപൊക്കുന്നതാണ്. അന്യദേശ യാത്രകൾക്ക് അവസരം വന്നുചേരും. ആറിലെ രാഹു ശത്രൂപദ്രവം കുറയ്ക്കും. രോഗചികിൽസ ഫലപ്രദമാവുന്നതാണ്.
ചിത്തിര
കന്നി, തുലാം കൂറുകളിലായി വരുന്ന ചിത്തിരനാളുകാർക്ക് നേട്ടങ്ങൾ കുറയില്ല. ഒപ്പം പരിമിതികൾ ബോധ്യമാവും. ചിലപ്പോൾ പരാധീനതകളും അനുഭവപ്പെടും. നിലവിലെ ഉദ്യേഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവുന്നതാണ്. അകലങ്ങളിൽ നിന്നും ആശിച്ച ദിക്കിലേക്ക് സ്ഥലം മാറ്റം കിട്ടും. വിദേശ തൊഴിലിന് അവസരം സംജാതമാകും. സംഘാടനവൈഭവം കീർത്തിക്കപ്പെടും. രാഷ്ട്രീയ ഇച്ഛകൾ സഫലമാവുന്നതാണ്. വസ്തു വാങ്ങാൻ/ ഗൃഹംനിർമ്മിക്കാൻ പരിശ്രമിക്കും. പുതുവാഹനം വാങ്ങിയേക്കും. ആഢംബരച്ചെലവുകൾ കുറയില്ല. ബിസിനസ്സുകാർക്ക് കിടമത്സരങ്ങളെ നേരിടേണ്ടി വരുന്നതാണ്. കരാർ ജോലികൾ
നീട്ടിക്കിട്ടാം. പ്രണയാഭ്യർത്ഥനകൾ നിരസിക്കപ്പെടാം. ഭാര്യാഭർത്തൃബന്ധത്തിൽ അനുരഞ്ജനമില്ലെങ്കിൽ സ്വാസ്ഥ്യം നഷ്ടപ്പെട്ടതാവും.
ചോതി
വ്യാഴം ഒമ്പതിലും പത്തിലും ശനി ആറിലും കേതു പതിനൊന്നിലും സ്ഥിതിചെയ്യുന്നതിനാൽ പ്രായേണ നേട്ടങ്ങളും ജീവിതപുരോഗതിയും സിദ്ധിക്കും. ജോലിയില്ലാത്തവർക്ക് കഴിവിനൊത്ത അവസരങ്ങൾ കൈവരുന്നതാണ്. ഉദ്യോഗസ്ഥർക്ക് അഭിമാനിക്കത്തക്ക കാര്യങ്ങൾ നടന്നുകിട്ടും. മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കുന്നതാണ്. സാങ്കേതിക വിദ്യയിൽ ഉന്നത ബിരുദം നേടുവാനാവും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സ്വന്തം വീട്ടിൽ താമസിക്കാനാവും. വിദേശത്തു കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ സാഹചര്യം അനുകൂലമായേക്കും. മകന് ജോലി കിട്ടുകയാൽ കുടുംബ പ്രാരബ്ധങ്ങൾ കുറയുന്നതാണ്. ചെറുപ്പക്കാരുടെ പ്രണയ വിവാഹത്തിന് വീട്ടുകാരുടെ സമ്മതം കിട്ടും. ആരോഗ്യകാര്യങ്ങളിൽ അലംഭാവമരുത്.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
വിശാഖം
തുലാം, വൃശ്ചികം രാശികളിലായി വരുന്ന നക്ഷത്രമാണ് വിശാഖം. തുലാക്കൂറുകാർക്ക് വർഷത്തിൻ്റെ ആദ്യഭാഗവും വൃശ്ചികക്കൂറുകാർക്ക് ജൂൺ മുതലും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക സ്വാശ്രയത്വം കൈവരുന്നതാണ്. സ്വതന്ത്രമായി പ്രവർത്തിക്കാനും സംരംഭങ്ങൾ തുടങ്ങാനും അവസരമുണ്ടാവും. വിവാദങ്ങളിൽ നിന്നും അകന്നുനിൽക്കാൻ ശ്രദ്ധിക്കണം. വീടുപണി ആരംഭിച്ചവർക്ക് പൂർത്തിയാക്കാൻ സാധിക്കും. വസ്തുവിൽക്കുന്നവർക്ക് നിയമ പ്രശ്നങ്ങൾ വരാം. രോഗക്ലേശിതർ പാരമ്പര്യ ചികിൽസയിലൂടെ രോഗശാന്തി നേടുന്നതാണ്. അനുരാഗികൾക്ക് ആഹ്ളാദിക്കാനാവും. ദാമ്പത്യത്തിൽ വിട്ടുവീഴ്ച അനിവാര്യം. നവീന ഇലക്ട്രോണിക് ഉല്പന്നങ്ങൾ സ്വന്തമാക്കും. തീർത്ഥയാത്രകൾക്ക് അവസരം സംജാതമാകുന്നതായിരിക്കും.
അനിഴം
വർഷാദ്യം വ്യാഴം അഷ്ടമത്തിലാകയാൽ അദ്ധ്വാനഭാരം കുറയില്ല. പ്രയത്നഫലം അനുവദിച്ചു തരാൻ മേലധികാരികൾ മനസ്സുവെച്ചില്ലെന്ന് വരാം. കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളാൻ മടിയുണ്ടായേക്കും. പഞ്ചമത്തിലെ ശനി അനാവശ്യ ചിന്തകൾ ഉണർത്തുന്നതാണ്. മക്കളുടെ കാര്യത്തിൽ ഉത്കണ്ഠകൾ വരാം. വരവെല്ലാം ചെലവായിപ്പോകുന്ന സ്ഥിതി വന്നേക്കും. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ഭാഗ്യാനുഭവങ്ങൾ ആവർത്തിക്കും. കർമ്മമേഖലയിൽ മുന്നേറാനാവും. സ്വന്തം ബിസിനസ്സ് വളരും. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതാണ്. ഭവന നിർമ്മാണത്തിന് അനുമതി ലഭിക്കും. ചിട്ടി, ഇൻഷ്വറൻസ് മുതലായവയിലൂടെ ആദായമുണ്ടാവും. പ്രണയികൾക്ക് വിവാഹിതരാവാൻ സാധിക്കും.
തൃക്കേട്ട
വർഷാദ്യമാസങ്ങൾ മുൻവർഷത്തിൻ്റെ തുടർച്ചതന്നെയാവും. അനുഭവങ്ങൾ സമ്മിശ്രമായിരിക്കും. പല കാര്യങ്ങളിലും സന്ദിഗ്ദ്ധതയുണ്ടാവും. സാമ്പത്തികമായി മിതവ്യയം ശീലിക്കണം. മേലധികാരികൾ കഴിവുകളെ പ്രോൽസാഹിപ്പിക്കില്ല. മക്കളുടെ നിർബന്ധശീലം വിഷമിപ്പിക്കാം. വസ്തുവിൽപ്പനയിൽ നഷ്ടം വരാനിടയുണ്ട്. വാഗ്ദാനലംഘനം മൂലം അവമാനം ഭവിക്കുന്നതാണ്. ജൂൺ മാസത്തിനുശേഷം തൊഴിൽ വളർച്ച പ്രതീക്ഷിക്കാം. കലാപ്രവർത്തനം അംഗീകരിക്കപ്പെടും. പൊതുപ്രവർത്തകർ എതിരാളികളെ നിഷ്പ്രഭരാക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. വരുമാനമാർഗം ഉയരും. മാതാപിതാക്കൾക്ക് ക്ഷേമകാലമാവും. വിദേശത്ത് അവസരങ്ങൾ തുറന്നു കിട്ടുന്നതാണ്. അവിവാഹിതർക്ക് ദാമ്പത്യ പ്രവേശം ഉണ്ടാവും. സന്താനങ്ങളില്ലാത്തവർക്ക് ശുഭഫലം സംജാതമാകുന്നതാണ്.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us