scorecardresearch

Horoscope 2026 Prediction: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ

Horoscope 2026 Forecast | Ashwathy to Revathy Nakshatra Predictions: അശ്വതി മുതൽ രേവതിവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Horoscope 2026 Forecast | Ashwathy to Revathy Nakshatra Predictions: അശ്വതി മുതൽ രേവതിവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Varshaphalam 2026

Ashwathy to Revathy star predictions New Year Astrology 2026: പുതുവർഷ ഫലം

2026 Astrology Predictions Ashwathy to Revathy : 2026 ജൂണിൽ വ്യാഴത്തിനുണ്ടാകുന്ന രാശിമാറ്റമാണ് മുഖ്യം. വ്യാഴം മിഥുനം രാശിയിലാണ് അതുവരെ. തുടർന്ന് ഉച്ചരാശിയായ കർക്കടകം രാശിയിൽ സഞ്ചരിക്കും. ശനിക്ക് ഈ വർഷം രാശിമാറ്റമില്ല. മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ് ശനി ഭൂരിഭാഗവും യാത്ര  ചെയ്യുന്നത്. രാഹുവും കേതുവും വർഷാവസാനത്തിന് മുന്നേവരെ  യഥാക്രമം കുംഭം - ചിങ്ങം രാശികളിലാണ്. 

Advertisment

ഡിസംബറിൽ രാഹു മകരത്തിലേക്കും കേതു കർക്കടകത്തിലേക്കും പിൻഗതിയായി പകരുന്നു. വർഷാരംഭത്തിൽ ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക് വരുന്നതും പ്രസ്താവ്യമാണ്. ഈ മുഖ്യമായ ഗ്രഹസഞ്ചാരങ്ങളെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാർഷിക നക്ഷത്രഫലം ഇവിടെ രേഖപ്പെടുത്തുന്നു.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

അശ്വതി

2025 ൽ നിന്നും വലിയ തോതിലുള്ള മാറ്റമൊന്നും വർഷത്തിൻ്റെ തുടക്കത്തിൽ ഉണ്ടാവണമെന്നില്ല. എന്നാലും ഭൂമിയിൽ നിന്നും ആദായം, വസ്തു വാങ്ങാനോ, ഗൃഹം നിർമ്മിക്കാനോ ഉള്ള സാഹചര്യം എന്നിവ ഉദയം ചെയ്യാം. രാഷ്ട്രീയ മത്സരങ്ങൾക്ക് മുതിരുന്നതാണ്. സംഘടനകളിൽ ശോഭിക്കും. ഭാഗ്യാധിപനായ വ്യാഴം ഉച്ചത്തിൽ സഞ്ചരിക്കുകയാൽ വർഷത്തിന്റെ രണ്ടാംപകുതി കൂടുതൽ മികച്ചതാവും. തൊഴിൽ വളർച്ച പ്രതീക്ഷിക്കാം. വിദേശ യാത്ര സാധ്യമാവുന്നതാണ്. കരാർ പണികൾ സ്ഥിരപ്പെടാം. പുതുവാഹനം വാങ്ങാനിടയുണ്ട്. ഭാഗ്യക്കുറി, ചിട്ടി, നറുക്കെടുപ്പ് ഇവയിലൂടെ ധനാഗമം ഉണ്ടാവും. പ്രണയം വിവാഹത്തിലെത്തും. സന്താനങ്ങളില്ലാത്തവർക്ക് സന്താനങ്ങളുണ്ടാവും. നിക്ഷേപങ്ങളിലൂടെ ആദായം ഉയരും. മാർച്ച്, ജൂലൈ, നവംബർ മാസങ്ങൾക്ക് മേന്മ കുറയുന്നതാണ്.

ഭരണി

കാഴ്ചപ്പാടുകൾ മാറിവരാം. കൂടുതൽ ഭൗതിക താല്പര്യങ്ങൾ വന്നെത്തുന്നതാണ്. ജീവിതനിലവാരം മുന്നത്തെക്കാൾ മെച്ചമാകും. ഉദ്യോഗസ്ഥർക്ക് പദവിക്കയറ്റം, വേതനവർദ്ധനവ് ഇവ സാദ്ധ്യമായേക്കും. വിദ്യാഭ്യാസം മികച്ച രീതിയിൽ പൂർത്തിയാക്കാനും അർഹതയ്ക്കൊത്ത ജോലിലഭിക്കാനും സാഹചര്യം ഉദയം ചെയ്യുന്നതാണ്. വിദേശത്ത് പഠനം, തൊഴിലന്വേഷണം എന്നിവ സഫലമാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. കലാരംഗത്ത് ആത്മാർത്ഥമായ പരിശ്രമം നടത്തുന്നതിലൂടെ ലക്ഷ്യത്തിലെത്തും. സ്വയംതൊഴിൽ വളർച്ച പ്രാപിക്കും. കടബാധ്യതകൾ ജൂൺമാസത്തിനു ശേഷം പരിഹരിക്കാനാവും. ഗൃഹനിർമ്മാണത്തിനും സാധ്യത കാണുന്നു. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാനാവും. ചെറുപ്പക്കാർക്ക് ആഢംബര വാഹനം സ്വന്തമാകുന്നതാണ്.

കാർത്തിക

ആത്മവിശ്വാസം വർദ്ധിക്കും. ഔദ്യോഗിക രംഗത്ത് സമ്മർദ്ദം കുറയുന്നതാണ്. പുതിയ ഉത്തരവാദിത്വങ്ങൾ വിജയ പഥത്തിലെത്തിക്കും. പാർട്ണർഷിപ്പ് വ്യവസായം പുഷ്ടിപ്പെടുന്നതാണ്. സഹോദരരുമായുള്ള സ്വത്ത് വ്യവഹാരം രാജിയാവാൻ സാധ്യതയുണ്ട്. കടബാധ്യതകൾ കുറയ്ക്കാൻ ശ്രമം തുടരുന്നതാണ്. സാമ്പത്തിക തട്ടിപ്പുകളിൽ പെടാതിരിക്കാൻ കരുതലുണ്ടാവണം. ഗൃഹം നവീകരിക്കാൻ പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. കിടപ്പ് രോഗികൾക്ക് ആശ്വാസം ലഭിക്കാം. ജീവിതശൈലീ രോഗങ്ങൾ ബാധിക്കാനിടയുണ്ട്. പ്രണയികൾ എതിർപ്പുകളെ നേരിടുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്ക് തൊഴിൽപരമായി ഭിന്നദിക്കുകളിൽ അല്പകാലമെങ്കിലും കഴിയേണ്ടിവരും. മക്കളുടെ കാര്യത്തിൽ ചെറിയ ഉത്കണ്ഠകൾ ഉടലെടുത്തേക്കും.

രോഹിണി

വ്യാഴം രണ്ടിലും മൂന്നിലും ശനി പതിനൊന്നിലും സഞ്ചരിക്കുകയാൽ അഭീഷ്ടപ്രാപ്തി കൈവരുന്ന വർഷം തന്നെയാവും. സാമ്പത്തിക ക്ലേശങ്ങൾ ഒട്ടൊക്കെ പരിഹൃതമാവും. ലോൺ മൂലം ധനാഗമമുണ്ടാവുന്നതാണ്. ഭൗതിക പുരോഗതി ദ്രുതഗതി കൈവരിക്കും. വീടുനിർമ്മാണം ആരംഭിക്കും. തുടങ്ങിക്കഴിഞ്ഞവർക്ക് പൂർത്തീകരിക്കാനും സാധിച്ചേക്കും. ആഗ്രഹിച്ച വാഹനം വാങ്ങുന്നതാണ്. നവീന ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തമാക്കും. ഉദ്യോഗ പ്രവേശം, തൊഴിലിൽ നല്ല ഉയർച്ച എന്നിവയും സ്വാഭാവിക നേട്ടങ്ങളാണ്. പഠനത്തിൽ ഏകാഗ്രതയും  മികച്ച വിജയവും സിദ്ധിക്കുന്നതാണ്. പ്രണയിക്കുന്നവർക്ക് തടസ്സങ്ങളെ മറികടക്കാനാവും. നാലാം ഭാവത്തിൽ കേതു സഞ്ചരിക്കുകയാൻ ഇടക്കിടെ മനക്ലേശങ്ങളും ആരോഗ്യകാര്യത്തിൽ ചില ഉത്കണ്ഠകളും കൂടി ഭവിക്കുന്നതായിരിക്കും.

മകയിരം

ഇടവം, മിഥുനം കൂറുകളിലായി മകയിരം നക്ഷത്രം ഉൾപ്പെടുന്നു. ഇടവക്കൂറുകാർക്ക് ശനി പതിനൊന്നിലാണ് വർഷം മുഴുവൻ എന്നത് ധനവരവ് അധികരിക്കാനും കഷ്ടങ്ങളെ അതിജീവിക്കാനും അവസരമൊരുക്കുന്നതാണ്. മിഥുനക്കൂറുകാർക്ക് കണ്ടകശനി തുടരുകയാൽ തൊഴിൽ മേഖലയിൽ പ്രതീക്ഷിച്ച നേട്ടം കൈവരാൻ അത്യദ്ധ്വാനം ആവശ്യമാണ്. തൊഴിൽ തേടുന്നവർ നിരാശപ്പെടില്ല. എന്നാൽ അർഹിക്കുന്ന ജോലിക്കായി കാത്തിരിക്കേണ്ടി വന്നേക്കും.  വ്യാഴം വർഷത്തിൻ്റെ പകുതി വരെ ഇടവക്കൂറുകാർക്കും ജൂൺ മുതൽ മിഥുനക്കൂറുകാർക്കും ഗുണം ചെയ്യും. എങ്കിലും പൊതുവേ ഭൂമിയിൽ നിന്നും ആദായം, ഗൃഹനിർമ്മാണം, വിദേശ യാത്ര, അപ്രതീക്ഷിത ധനലാഭം, അനുരാഗപുഷ്ടി, ദാമ്പത്യത്തിൽ സാമാന്യം സംതൃപ്തി, രോഗങ്ങളാൽ ഉപദ്രവം എന്നിവ മകയിരം നാളുകാർക്ക് 2026 ൽ പ്രതീക്ഷിക്കാവുന്ന അനുഭവങ്ങളാണ്.

തിരുവാതിര

ജന്മത്തിലും രണ്ടിലുമായി വ്യാഴവും പത്താം ഭാവത്തിൽ ശനിയും ഒമ്പതിൽ രാഹുവും സഞ്ചരിക്കുന്ന വർഷമാണ്. പലപ്പോഴും സമ്മർദ്ദങ്ങൾക്ക് വിധേയരാവും. സ്വാഭാവികമായ കഴിവുകൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കില്ല. ഭാഗ്യപുഷ്ടി ഇല്ലെന്ന തോന്നൽ വരും. ക്രമേണ സാമ്പത്തിക പരാധീനതകൾ കുറയുന്നതാണ്. സ്വന്തം സംരംഭങ്ങൾ തുടങ്ങാനാവും. ചില കണക്കുകൂട്ടലുകൾ പിഴയ്ക്കുമെങ്കിലും 'ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കുമെന്ന' തത്ത്വം അനുഭവത്തിലൂടെ അറിയാനിടവരും. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ വീട് വാങ്ങാനോ നിർമ്മിക്കാനോ സാധിക്കുന്നതാണ്. സാങ്കേതിക വിഷയങ്ങളിൽ ഉയർന്ന ബിരുദം നേടുവാനാവും. വിവാഹ തടസ്സങ്ങൾ നീങ്ങുന്നതാണ്. പിണങ്ങിയവർക്ക് വീണ്ടും ഒത്തുചേരുന്നതിന് സാധിക്കും. 

പുണർതം

മിഥുനം, കർക്കടകം കൂറുകളിലായി വരുന്ന പുണർതം നാളുകാർക്ക് സമ്മിശ്രഫലങ്ങൾ ഉണ്ടാവുന്ന വർഷമാണ്.  സംരംഭങ്ങൾ തുടങ്ങാൻ  അവസരം വന്നെത്തുന്നതാണ്. അതിനുള്ള സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനാവും. പാർട്ണർഷിപ്പുകൾ നല്ലരീതിയിൽ പുരോഗമിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം കിട്ടാൻ വർഷപ്പകുതിയാവണം. ഏജൻസികളിലൂടെ വരുമാനം ഉയരുന്നതായിരിക്കും. അപ്രതീക്ഷിതമായ ധനലാഭത്തിനും സാധ്യത കാണുന്നു. കുടുംബ ബന്ധങ്ങളുടെ ദൃഢത നിലനിർത്തും. സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഫലിക്കാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. വാഹന ലാഭവും നവീന ഗൃഹോപകരണ ലബ്ധിയും ഭവിക്കും. ബന്ധുക്കളുമായുള്ളവിരോധം നീങ്ങി  ഇണക്കത്തിലാവും. തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അനുരാഗം സഫലമാവുന്നതാണ്. വിദേശയാത്രയ്ക്ക് സഹചര്യം സംജാതമാകും.

പൂയം

വ്യാഴം പന്ത്രണ്ടിലും ജന്മത്തിലും, ശനി ഒമ്പതിലും, രാഹു എട്ടിലും സഞ്ചരിക്കുന്നു. 
ഈ വർഷം അത്യദ്ധ്വാനത്തിലൂടെ നേട്ടങ്ങൾ കൈവരിക്കുന്നതായിരിക്കും. പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശിക്കാൻ ആവർത്തിത ശ്രമങ്ങൾ ആവശ്യമാവും. വ്യാപാരം, വ്യവസായം എന്നിവയ്ക്ക് രജിസ്ട്രേഷൻ കിട്ടാൻ വൈകുന്നതാണ്. നിലവിലെ ബിസിനസ്സിൽ കിടമത്സരങ്ങൾ ഉണ്ടാവും. രാഷ്ട്രീയത്തിൽ  എതിർപ്പുകൾ ഉയരുന്നതായിരിക്കും.  ദൂരദിക്കിൽ ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് സ്ഥലംമാറ്റം  വൈകാനിടയുണ്ട്. വീടുപണി മെല്ലേ മുന്നോട്ടുപോവും. പുതുവാഹനം വാങ്ങിയേക്കും. കടബാധ്യത അലട്ടാം. മക്കളുടെ ജോലി, വിവാഹം തുടങ്ങിയവ വർഷത്തിൻ്റെ പകുതിക്കുമേൽ ഫലവത്താകും. തീർത്ഥാടന യോഗമുണ്ട്. ആരോഗ്യജാഗ്രത അനിവാര്യമാണ്. 

ആയില്യം

അഷ്ടമരാഹു, പന്ത്രണ്ടിലെ വ്യാഴം എന്നിങ്ങനെ വർഷാരംഭത്തിൽ പ്രതികൂല ഗ്രഹസ്ഥിതിയാണുള്ളത്. എങ്കിലും ചില നുറുങ്ങു ഭാഗ്യങ്ങളും അല്പസന്തോഷങ്ങളും വന്നുചേരാതിരിക്കില്ല.  വിദേശത്ത് പോകാൻ അവസരമുണ്ടാവും. വിപണിയുടെ സ്പന്ദനം തിരിച്ചറിയുകയാൽ വ്യാപാരത്തിൽ കുറഞ്ഞ തോതിലുള്ള ആദായമെങ്കിലും വന്നെത്തും. വായ്പകൾ നേടാൻ ആവർത്തിത പ്രയത്‌നം അനിവാര്യമാണ്. കരുതൽ ധനം ചെലവിന് വേണ്ടിവന്നേക്കും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. കരാർ പണികൾ വേണ്ടെന്നുവെക്കരുത്.  ജൂൺ മുതൽ സ്ഥിതിഗതികൾ കൂടുതൽ അനുകൂലമാവും. പ്രണയാനുഭവങ്ങൾ ജീവിതത്തെ ഊഷ്മളമാക്കുന്നതാണ്. വസ്തുവാങ്ങുന്നതിന് സാധിച്ചേക്കും.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

മകം

വ്യാഴം  പതിനൊന്നിലും പന്ത്രണ്ടിലും, രാഹു ഏഴിലും ശനി അഷ്ടമത്തിലും സഞ്ചരിക്കുന്നതിനാൽ ഗുണവും ദോഷവും, ലാഭവും നഷ്ടവും മാറി മാറി അനുഭവപ്പെടുന്നതാണ്. പഴയ കടബാധ്യതകൾ കൊടുത്തുതീർക്കുവാനാവും. ഭൂമി വില്പനയിൽ തടസ്സങ്ങൾ വരാം. ഇൻഷ്വറൻസ്, ചിട്ടി, ഊഹക്കച്ചവടം എന്നിവയിൽ നിന്നും ധനാഗമമുണ്ടാവും. ഉദ്യോഗം തേടുന്നവർക്ക് അന്യനാട്ടിൽ അവസരങ്ങൾ കിട്ടാം. വഴിവാണിഭം, ചെറുസംരംഭങ്ങൾ, കമ്മീഷൻ പ്രവർത്തനം എന്നിവ ഗുണകരമാവും. സഹോദര ഗുണം കുറയും. ദുരാരോപണങ്ങളെ നേരിടും. മത്സരങ്ങളിൽ എതിർപ്പ് അധികമാവും. പൂർവ്വിക സ്വത്തിനായി വ്യവഹാരം വേണ്ടിവരാം. പ്രണയാഭ്യർത്ഥനകൾ തിരസ്കരിക്കപ്പെടാനിടയുണ്ട്. തീർത്ഥാടനം, ദൈവിക കർമ്മങ്ങൾ എന്നിവയ്ക്ക് നേരം കണ്ടെത്തുന്നതാണ്.

പൂരം

മുൻവർഷത്തിൻ്റെ തുടർച്ചതന്നെയാവും ഈ വർഷവും. ചെറിയ കാര്യങ്ങൾ നേടാൻ വിഷമിക്കും. വലിയ കാര്യങ്ങൾ എളുപ്പത്തിൽ കൈവരികയും ചെയ്യും. മേലധികാരികൾ അനുകൂലിക്കും. എന്നാൽ സഹപ്രവർത്തകർ മറുചേരിയിലാവും. ജാമ്യം നിൽക്കുക, സാക്ഷിപറയുക തുടങ്ങിയവയിൽ കരുതൽ ആവശ്യമാണ്. അവിവാഹിതർക്ക് വിവാഹം നടക്കാം. പ്രണയത്തിൽ വിഘ്നങ്ങൾ ഏർപ്പെടുന്നതാണ്. പഠിപ്പിനൊത്ത ജോലി കിട്ടുക എളുപ്പമാവില്ല.  കുടുംബജീവിതത്തിൽ സാമാന്യമായ സംതൃപ്തി വരും. പൂർവ്വിക സ്വത്ത് വിൽക്കാനായേക്കും. ഗൃഹനിർമ്മാണത്തിൽ ഇഴച്ചിലുണ്ടാവും. അന്യദേശത്ത് പഠിക്കാൻ/ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ഗ്രന്ഥരചന, കലാപ്രവർത്തനം തുടങ്ങിയവയിൽ ആനന്ദം കണ്ടെത്തുന്നതാണ്. ആരോഗ്യ പരമായി അലംഭാവമരുത്.

ഉത്രം

ചിങ്ങക്കൂറുകാർക്ക് വർഷത്തിൻ്റെ ആദ്യപകുതിയും കന്നിക്കൂറുകാർക്ക് വർഷത്തിൻ്റെ രണ്ടാം പകുതിയും കൂടുതൽ അനുകൂലമാവും. സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കപ്പെടും. കടബാധ്യത വരുത്താതിരിക്കാൻ മിതവ്യയം ശീലിക്കണം. പണയ സ്വർണ്ണം തിരിച്ചെടുക്കാനാവും. വാടകയിനത്തിലും മറ്റും ആദായം വരുന്നതായിരിക്കും. സ്വതന്ത്ര ചിന്താഗതി മൂലം ചിലപ്പോൾ സംഘടനയുടെ നിയമാവലി അനുസരിക്കാതി രുന്നേക്കും. ആക്ഷേപങ്ങളെ തമസ്കരിക്കുന്നതാണ്. ചെറുപ്പക്കാരുടെ പ്രണയബന്ധം തടസ്സങ്ങളെ നേരിടും. സംരംഭങ്ങൾക്ക് രജിസ്ട്രേഷൻ ലഭിച്ചേക്കും. ഗവേഷണ പ്രബന്ധത്തിൽ അഴിച്ചുപണി വേണ്ടതായി വരും. ഗൃഹസ്ഥാശ്രമം തൃപ്തികരമായി തുടരുന്നതാണ്.

അത്തം

വ്യാഴം പത്തിലും പതിനൊന്നിലും, ശനി ഏഴിലും, രാഹു ആറിലും സഞ്ചരിക്കുന്ന വർഷമാണ്. ഗുണാനുഭവങ്ങൾക്കാവും മുൻതൂക്കം. തൊഴിൽ രംഗം മെച്ചപ്പെടുന്നതാണ്. ആത്മവിശ്വാസം ഉയരും. ബിസിനസ്സുകാർക്ക് വിപണിയുടെ സ്പന്ദനം തിരിച്ചറിഞ്ഞ് കരുനീക്കങ്ങൾ നടത്താനാവും. പഠനമികവുണ്ടാവും. തൊഴിൽ തേടുന്നവർക്ക് ഉദ്യോഗലബ്ധി കൈവരുന്നതാണ്. ഭാവിയിൽ പ്രയോജനം ചെയ്യുന്ന ധനസമാഹരണം, നിക്ഷേപം എന്നിവ സാധ്യമാവും. ഏഴിൽ ശനി സഞ്ചരിക്കുകയാൽ പ്രണയാനുഭവങ്ങൾ തടസ്സപ്പെടാം. ദാമ്പത്യത്തിലും ഇടക്കിടെ അസ്വാരസ്യങ്ങൾ തലപൊക്കുന്നതാണ്.  അന്യദേശ യാത്രകൾക്ക് അവസരം വന്നുചേരും. ആറിലെ രാഹു ശത്രൂപദ്രവം കുറയ്ക്കും. രോഗചികിൽസ ഫലപ്രദമാവുന്നതാണ്.

ചിത്തിര

കന്നി, തുലാം കൂറുകളിലായി വരുന്ന ചിത്തിരനാളുകാർക്ക് നേട്ടങ്ങൾ കുറയില്ല. ഒപ്പം  പരിമിതികൾ ബോധ്യമാവും. ചിലപ്പോൾ പരാധീനതകളും അനുഭവപ്പെടും.  നിലവിലെ ഉദ്യേഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവുന്നതാണ്. അകലങ്ങളിൽ നിന്നും ആശിച്ച ദിക്കിലേക്ക് സ്ഥലം മാറ്റം കിട്ടും. വിദേശ തൊഴിലിന് അവസരം സംജാതമാകും. സംഘാടനവൈഭവം കീർത്തിക്കപ്പെടും. രാഷ്ട്രീയ ഇച്ഛകൾ സഫലമാവുന്നതാണ്. വസ്തു വാങ്ങാൻ/ ഗൃഹംനിർമ്മിക്കാൻ  പരിശ്രമിക്കും. പുതുവാഹനം വാങ്ങിയേക്കും. ആഢംബരച്ചെലവുകൾ കുറയില്ല. ബിസിനസ്സുകാർക്ക് കിടമത്സരങ്ങളെ നേരിടേണ്ടി വരുന്നതാണ്. കരാർ ജോലികൾ നീട്ടിക്കിട്ടാം.  പ്രണയാഭ്യർത്ഥനകൾ നിരസിക്കപ്പെടാം. ഭാര്യാഭർത്തൃബന്ധത്തിൽ അനുരഞ്ജനമില്ലെങ്കിൽ സ്വാസ്ഥ്യം നഷ്ടപ്പെട്ടതാവും.

ചോതി

വ്യാഴം ഒമ്പതിലും പത്തിലും ശനി ആറിലും കേതു പതിനൊന്നിലും സ്ഥിതിചെയ്യുന്നതിനാൽ പ്രായേണ നേട്ടങ്ങളും ജീവിതപുരോഗതിയും സിദ്ധിക്കും. ജോലിയില്ലാത്തവർക്ക് കഴിവിനൊത്ത അവസരങ്ങൾ കൈവരുന്നതാണ്. ഉദ്യോഗസ്ഥർക്ക് അഭിമാനിക്കത്തക്ക കാര്യങ്ങൾ നടന്നുകിട്ടും. മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കുന്നതാണ്. സാങ്കേതിക വിദ്യയിൽ ഉന്നത ബിരുദം നേടുവാനാവും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സ്വന്തം വീട്ടിൽ താമസിക്കാനാവും. വിദേശത്തു കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ സാഹചര്യം അനുകൂലമായേക്കും.  മകന് ജോലി കിട്ടുകയാൽ കുടുംബ പ്രാരബ്ധങ്ങൾ കുറയുന്നതാണ്. ചെറുപ്പക്കാരുടെ പ്രണയ വിവാഹത്തിന് വീട്ടുകാരുടെ സമ്മതം കിട്ടും. ആരോഗ്യകാര്യങ്ങളിൽ അലംഭാവമരുത്.

വിശാഖം

തുലാം, വൃശ്ചികം രാശികളിലായി വരുന്ന നക്ഷത്രമാണ് വിശാഖം. തുലാക്കൂറുകാർക്ക് വർഷത്തിൻ്റെ ആദ്യഭാഗവും വൃശ്ചികക്കൂറുകാർക്ക് ജൂൺ മുതലും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക സ്വാശ്രയത്വം കൈവരുന്നതാണ്. സ്വതന്ത്രമായി പ്രവർത്തിക്കാനും സംരംഭങ്ങൾ തുടങ്ങാനും അവസരമുണ്ടാവും.  വിവാദങ്ങളിൽ നിന്നും അകന്നുനിൽക്കാൻ ശ്രദ്ധിക്കണം. വീടുപണി ആരംഭിച്ചവർക്ക് പൂർത്തിയാക്കാൻ സാധിക്കും. വസ്തുവിൽക്കുന്നവർക്ക് നിയമ പ്രശ്നങ്ങൾ വരാം. രോഗക്ലേശിതർ പാരമ്പര്യ ചികിൽസയിലൂടെ രോഗശാന്തി നേടുന്നതാണ്. അനുരാഗികൾക്ക് ആഹ്ളാദിക്കാനാവും. ദാമ്പത്യത്തിൽ വിട്ടുവീഴ്ച അനിവാര്യം. നവീന ഇലക്ട്രോണിക് ഉല്പന്നങ്ങൾ സ്വന്തമാക്കും. തീർത്ഥയാത്രകൾക്ക് അവസരം സംജാതമാകുന്നതായിരിക്കും.

അനിഴം

വർഷാദ്യം വ്യാഴം അഷ്ടമത്തിലാകയാൽ അദ്ധ്വാനഭാരം കുറയില്ല. പ്രയത്നഫലം അനുവദിച്ചു തരാൻ മേലധികാരികൾ മനസ്സുവെച്ചില്ലെന്ന് വരാം. കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളാൻ മടിയുണ്ടായേക്കും. പഞ്ചമത്തിലെ ശനി അനാവശ്യ ചിന്തകൾ ഉണർത്തുന്നതാണ്. മക്കളുടെ കാര്യത്തിൽ  ഉത്കണ്ഠകൾ വരാം.  വരവെല്ലാം ചെലവായിപ്പോകുന്ന സ്ഥിതി വന്നേക്കും. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ഭാഗ്യാനുഭവങ്ങൾ ആവർത്തിക്കും. കർമ്മമേഖലയിൽ മുന്നേറാനാവും. സ്വന്തം ബിസിനസ്സ് വളരും. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതാണ്. ഭവന നിർമ്മാണത്തിന് അനുമതി ലഭിക്കും. ചിട്ടി, ഇൻഷ്വറൻസ് മുതലായവയിലൂടെ ആദായമുണ്ടാവും. പ്രണയികൾക്ക് വിവാഹിതരാവാൻ സാധിക്കും.

തൃക്കേട്ട

വർഷാദ്യമാസങ്ങൾ മുൻവർഷത്തിൻ്റെ തുടർച്ചതന്നെയാവും. അനുഭവങ്ങൾ സമ്മിശ്രമായിരിക്കും. പല കാര്യങ്ങളിലും സന്ദിഗ്ദ്ധതയുണ്ടാവും. സാമ്പത്തികമായി മിതവ്യയം ശീലിക്കണം. മേലധികാരികൾ കഴിവുകളെ പ്രോൽസാഹിപ്പിക്കില്ല. മക്കളുടെ നിർബന്ധശീലം വിഷമിപ്പിക്കാം. വസ്തുവിൽപ്പനയിൽ നഷ്ടം വരാനിടയുണ്ട്. വാഗ്ദാനലംഘനം മൂലം അവമാനം ഭവിക്കുന്നതാണ്. ജൂൺ മാസത്തിനുശേഷം തൊഴിൽ വളർച്ച പ്രതീക്ഷിക്കാം. കലാപ്രവർത്തനം അംഗീകരിക്കപ്പെടും. പൊതുപ്രവർത്തകർ എതിരാളികളെ നിഷ്പ്രഭരാക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. വരുമാനമാർഗം ഉയരും. മാതാപിതാക്കൾക്ക് ക്ഷേമകാലമാവും. വിദേശത്ത് അവസരങ്ങൾ തുറന്നു കിട്ടുന്നതാണ്. അവിവാഹിതർക്ക് ദാമ്പത്യ പ്രവേശം ഉണ്ടാവും. സന്താനങ്ങളില്ലാത്തവർക്ക് ശുഭഫലം സംജാതമാകുന്നതാണ്.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മൂലം

കണ്ടകശനി തുടരുന്നുണ്ട്. രാഹു മൂന്നിലും വ്യാഴം ഏഴിലും എട്ടിലും സഞ്ചരിക്കുന്നു. സമ്മർദങ്ങൾക്കൊപ്പം ജീവിക്കുമ്പോഴും ജീവിതത്തിൻ്റെ ഹരിതഭംഗികൾ ആസ്വദിക്കാനും അനുഭവിക്കാനും പറ്റുന്ന വർഷമാണ്. പാർശ്വവല്കരിക്കപ്പെടാൻ തൊഴിലിടത്തിൽ ശ്രമങ്ങളുണ്ടാവാം. എന്നാൽ അതിനെ മറികടക്കാൻ ഇച്ഛാശക്തിയും കർമ്മദാർഢ്യവും ഉണ്ടായാൽ മതി. ഉന്നത ബിരുദം നേടിയാലും വരുമാനമുള്ള തൊഴിലുണ്ടാവാൻ കാത്തിരിക്കേണ്ടതായി വരാം. നിലവിലെ ജോലി ഉപേക്ഷിക്കുക ആലോചനാപൂർവ്വം വേണ്ടതാണ്. വിദേശത്ത് അവസരങ്ങൾ ലഭിക്കാനിടയുണ്ട്. ഗാർഹികമായ പ്രശ്നങ്ങൾ തുറന്ന പെരുമാറ്റത്തിലൂടെ പരിഹരിക്കണം. പാർട്ണർഷിപ്പ് മെച്ചപ്പെടും. അനുരാഗികൾക്ക് സന്തോഷിക്കാനാവും. ഗൃഹനിർമ്മാണം മെല്ലെയായേക്കാം.

പൂരാടം

വ്യാഴം ഏഴിലും എട്ടിലും, ശനി നാലിലും, രാഹു മൂന്നിലും സഞ്ചരിക്കുകയാൻ 2025 ൻ്റെ ഫലങ്ങളുടെ തുടർച്ചയാവും ഭാഗികമായി 2026 ഉം.  ജോലിസ്ഥലത്തും വീട്ടിലും സമാധാനം കുറയാം. ചില സന്ദർഭങ്ങളിൽ മാനസിക പിരിമുറുക്കം അനുഭവപ്പെടും. ശരിതെറ്റുകൾ അവ്യക്തങ്ങളാവും. വിദ്യാഭ്യാസത്തിൽ ആലസ്യത്തിനിടയുണ്ട്. പഠനം പൂർത്തിയാക്കിയവർക്ക് ചെറിയ അവസരങ്ങൾ കൈവരും. അന്യനാട്ടിൽ പഠനമോ തൊഴിലോ സാധ്യമാവുന്നതാണ്. രാഷ്ട്രീയത്തിൽ വെല്ലുവിളികൾ ഉയരാം. ശക്തമായ പിന്തുണകൾ കരുത്തുപകരും. പുതുകാര്യങ്ങൾക്ക് തുടക്കം കുറിക്കാനാവും. ധനപരമായ കരുതലുണ്ടായാൽ മതിയാകും. ഗൃഹത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാവും. അനുരാഗത്തിൽ അസ്വാരസ്യം ഉയരാം. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം.

ഉത്രാടം

ധനു, മകരം രാശികളിൽ ഉൾപ്പെടുന്ന നക്ഷത്രമാണ് ഉത്രാടം. സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവുന്ന വർഷമാണ്. ജീവിതത്തെ പാടെ മാറ്റിമറിക്കുന്ന വലിയ മാറ്റങ്ങളൊന്നും വന്നുചേരണമെന്നില്ല. കാര്യപ്രാപ്തിക്ക് ചിലപ്പോൾ അമിതാധ്വാനം ആവശ്യമാവും. ചെറുയത്നങ്ങൾ ഗുണകരമാവാനും മതി. സാങ്കേതിക വിദ്യാഭ്യാസത്തിൽ ബിരുദം സമ്പാദിക്കും. അന്യനാട്ടിൽ ജോലികിട്ടുന്നതാണ്. ബിസിനസ്സ് നടത്തുന്നവർക്ക് സർക്കാരിൽ നിന്നും തടസ്സങ്ങൾ വരാം. ഉപഭോക്താക്കളുടെ പിൻതുണ ലഭിക്കുന്നതാണ്. സാഹിത്യം, അഭിനയം, സംഗീതം മുതലായ കലാമേഖലകളിൽ ശോഭിക്കാനാവും. പുതുവാഹനം വാങ്ങാൻ സാധിക്കും. തീർത്ഥയാത്രകൾ നിരന്തരമാവും. നിക്ഷേപങ്ങളിൽ നിന്നും ആദായം ഉയരുന്നതാണ്. അവിവാഹിതർക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാനാവും.

തിരുവോണം

വ്യാഴം ആറിലും ഏഴിലും, ശനി മൂന്നിലും, രാഹു രണ്ടിലും കേതു അഷ്ടമത്തിലും സഞ്ചരിക്കുന്നു. ശനി പൂർണ്ണമായും അനുകൂല ഭാവത്തിലാകയാൽ തടസ്സങ്ങളെ മറികടക്കാനാവും. ആത്മവിശ്വാസം തുണയ്ക്കും. സംരംഭങ്ങൾ വിജയിപ്പിക്കാൻ കഴിയുന്നതാണ്. തൊഴിലന്വേഷണം സഫലമാവും. മറുനാട്ടിൽ പഠനം/തൊഴിൽ ഇവയ്ക്ക് സാധ്യത കാണുന്നു. രാഹുവും കേതുവും രോഗക്ലേശങ്ങൾ, കാര്യതടസ്സം, ധനനഷ്ടം ഇവയുണ്ടാക്കാം. ആരോഗ്യ പരിശോധനകൾ മുടക്കരുത്. വ്യാഴം ജൂൺമാസം വരെ ആറാം ഭാവത്തിലാകയാൽ കാര്യങ്ങൾക്ക് പ്രതീക്ഷിച്ച പുരോഗതി ഉണ്ടായേക്കില്ല. സജ്ജനങ്ങൾ വിരോധിക്കാം. ജൂൺ മാസം മുതൽ ഭാഗ്യപുഷ്ടി, കാര്യവിജയം, ധനലാഭം ഇവ അഭംഗുരമാവും. സന്താനങ്ങൾക്ക് ശ്രേയസ്സുണ്ടാവും. ആഗ്രഹിച്ച ആത്മീയ യാത്രകൾ നടത്തും. മനസ്സമാധാനം കുറയില്ല. പ്രണയം സഫലമാവുന്നതാണ്.

അവിട്ടം

മകരം, കുംഭം രാശികളിലായി ഉൾപ്പെടുന്ന നക്ഷത്രമാണ് അവിട്ടം. മകരക്കൂറുകാർക്ക് ഏഴരശ്ശനി അവസാനിച്ചു കഴിഞ്ഞു. കുംഭക്കൂറുകാർക്ക് ഏഴരശ്ശനിയും ജന്മത്തിൽ രാഹുവുമുണ്ട്. അനുകൂല സാഹചര്യം മകരക്കൂറുകാർക്ക് കൂടുതലാണ്. വ്യാഴത്തിൻ്റെ അനുകൂല്യം കുംഭക്കൂറുകാർക്ക് വർഷത്തിൻ്റെ ആദ്യപകുതിയിലുണ്ട്. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഇളമുറക്കാരുടെ വിവാഹം തീരുമാനിക്കപ്പെടും. അകന്ന ബന്ധുക്കൾ അടുക്കാം. വസ്തുവിൽപ്പനയിലൂടെ ലാഭം നേടാനാവും. സ്വന്തമായി നടത്തുന്ന സ്ഥാപനങ്ങൾ പുരോഗതിയിലെത്തും. വാഹനലാഭമുണ്ട്. ദാമ്പത്യത്തിൽ കരുതലുണ്ടാവണം. കടബാധ്യതകൾ കൂടരുത്. ഉന്നത ബിരുദം നേടാം. വീടുപണി ഇടക്കിടെ തടസ്സപ്പെടുന്നതാണ്. ആരോഗ്യത്തിൽ ശ്രദ്ധവേണം.

ചതയം

പ്രധാന ഗ്രഹങ്ങൾക്ക് ആനുകൂല്യവും പ്രാതികൂല്യവും ഉള്ളതിനാൽ സമ്മിശ്രമാവും അനുഭവങ്ങളും. ആലസ്യം ചിലകാലത്ത് മുന്നോട്ടു പോക്കിന് വിഘാതമാവാം. പഠനാർത്ഥികൾക്ക് ശ്രദ്ധ കുറയും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. വരവിൽ കുറവ് വന്നേക്കാം. ഏഴരശ്ശനിക്കാലവും ജന്മനക്ഷത്രത്തിൽ തന്നെ രാഹുവും സഞ്ചരിക്കുകയാൽ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. വീട് വെക്കുന്നവർക്ക് നിരന്തരം ധനക്ലേശം സംജാതമാകും. ജോലി, പഠനം ഇവയ്ക്കായി വിദേശയാത്ര തരപ്പെടും. തീർത്ഥയാത്രകൾക്കും അവസരം വരും. അപരിചിതരുടെ സഹായം സ്വീകരിക്കുന്നത് കരുതലോടെയാവണം. ചെറിയ മുതൽമുടക്കുകളോടെയുള്ള നവസംരംഭങ്ങൾ വിജയിക്കാം. പ്രണയ വിവാഹത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കും. സന്താനങ്ങളില്ലാത്തവർക്ക് ആ ദുഃഖം നീങ്ങുന്നതാണ്.

പൂരൂരുട്ടാതി

വർഷാദ്യം കുറച്ചുമാസം ശനി ജന്മനക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. ഏഴരശ്ശനിക്കാലം തുടരുന്നുണ്ട്. രാഹുവും ജന്മരാശിയിലാണ്. വ്യാഴം സാമാന്യമായി അനുകൂലഭാവത്തിലാണെന്നതാണ് മുഖ്യ ആശ്വാസം. ഉത്തരവാദിത്വങ്ങൾ നിർവഹിക്കും. മാതാപിതാക്കളുടെ കാര്യങ്ങളിൽ ശ്രദ്ധയുണ്ടാവും. പുതിയ തലമുറയുമായി ചിലപ്പോൾ അകൽച്ച വരാം. തൊഴിൽ തേടുന്നവർക്ക് വർഷാദ്യം ഗുണം കൈവരുന്നതാണ്. ഗവേഷണം പൂർത്തീകരിക്കും. ഭൂസ്വത്ത്  അനുഭവയോഗ്യമാവുന്നതാണ്. വാടകയിനത്തിൽ വരുമാനമുണ്ടാവും. തുടരുന്ന രോഗങ്ങൾക്ക് മറ്റുചികിൽസകൾ പരീക്ഷിക്കാവുന്നതാണ്.  നിക്ഷേപം, ചിട്ടി, നറുക്കെടുപ്പ് ഇവകളിലൂടെ ധനാഗമം പ്രതീക്ഷിക്കാം. മത്സരങ്ങളിൽ വിജയിക്കാൻ അശ്രാന്തപരിശ്രമം ആവശ്യമാണ്. ദാമ്പത്യത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കും.

ഉത്രട്ടാതി

ജന്മശനിയും പന്ത്രണ്ടിൽ രാഹുവും നാലിലും അഞ്ചിലുമായി വ്യാഴവും സഞ്ചരിക്കുകയാൽ നഷ്ടങ്ങളോടൊപ്പം നേട്ടവും കഷ്ടങ്ങളോടൊപ്പം സുഖവും അനുഭവപ്പെടുന്നതാണ്. ഗൃഹനിർമ്മാണം ക്ലേശിച്ചിട്ടാണെങ്കിലും പൂർത്തീകരിക്കും. പുതിയ വാഹനം വാങ്ങും. വിദേശയാത്രകൾ, കുടുംബ സമാഗമം, മക്കൾക്ക് ശ്രേയസ്സ് തുടങ്ങിയവ ഭവിക്കുന്നതാണ്. കലാരംഗത്തുള്ളവർക്ക് കൂടുതൽ അവസരങ്ങൾ വന്നുചേരാം. പഠനം നല്ലരീതിയിൽ മുഴുമിപ്പിക്കുന്നതാണ്.  ചെറിയ കാലതാമസമുണ്ടായാലും പഠിപ്പിനൊത്ത ജോലി ലഭിക്കുന്നതായിരിക്കും. ചെയ്തുപോരുന്ന തൊഴിലിൽ വർഷാദ്യം അല്പം മാന്ദ്യമുണ്ടാവാം. വലിയ മുതൽമുടക്കുകൾ ഒഴിവാക്കുക കാമ്യം. അദ്ധ്യാത്മിക കാര്യങ്ങളിൽ താത്പര്യം ഭവിക്കുന്നതാണ്. ജീവിതശൈലീരോഗങ്ങൾക്ക് ചികിൽസ ആവശ്യമാവും.

രേവതി

ജന്മശനിക്കാലം തുടരുകയാണ്. മനപ്രയാസവും സമ്മർദ്ദവും കുറയില്ല. ചെറിയ കാര്യങ്ങൾക്ക് വിഷമിക്കും.  പ്രണയബന്ധത്തിലേർപ്പെടാം.  കാര്യാലോചനാസമിതികളിൽ സജീവമായി പങ്കെടുക്കും. ഗൂഢവിദ്യകൾ പഠിക്കാൻ ശ്രമിക്കുന്നതാണ്. ദുരാരോപണങ്ങൾ വലയ്ക്കുമെങ്കിലും അതിജീവിക്കാനാവും. രാഷ്ട്രീയ മത്സരങ്ങൾ കടുത്തതായേക്കും. കൃത്യാന്തരങ്ങൾ ഏറ്റെടുക്കുകയാൽ ചില രംഗത്ത് പാളിച്ചകൾ വരാം. കെട്ടിടം  പണിയേൽപ്പിച്ചവർ അലസരാവുന്നത് കണ്ടറിയും. ദാമ്പത്യത്തിൽ വിരഹാനുഭവങ്ങൾ വരാം. ജോലിക്കാര്യമായിട്ടോ മറ്റുകാരണങ്ങളാലോ വീടുവിട്ടുനിൽക്കേണ്ടി വന്നേക്കും. ഉദര, പാദ, ഹൃദയ രോഗങ്ങൾ ക്ലേശിപ്പിക്കുന്നതാണ്.  പരാശ്രയം ആവശ്യമായി വരാം. കടബാധ്യതകൾ വർഷത്തിൻ്റെ രണ്ടാം പകുതിയിൽ പരിഹരിക്കും.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

Astrology daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: