scorecardresearch

July Month Horoscope 2025: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ

July Monthly Horoscope 2025: അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് 2025 ജൂലൈ മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

July Monthly Horoscope 2025: അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് 2025 ജൂലൈ മാസത്തെ നക്ഷത്രഫലം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
July, Horoscope

July Horoscope 2025: ജൂലൈ മാസത്തെ നക്ഷത്രഫലം

ആദിത്യൻ ജൂലൈ 16 ന് വൈകിട്ട് വരെ മിഥുനം രാശിയിലും തുടർന്ന് കർക്കടകം രാശിയിലും സഞ്ചരിക്കുന്നു. തിരുവാതിര, പുണർതം, പൂയം എന്നീ ഞാറ്റുവേലകൾ ജൂലൈ മാസത്തിൽ ഭവിക്കുന്നുണ്ട്. ജൂലൈ 10 ന് വെളുത്തവാവും, 24 ന് കറുത്തവാവും വരുന്നു. ചാന്ദ്രമാസങ്ങളിൽ ആഷാഢവും ശ്രാവണവും ജൂലൈയിൽ ഭാഗികമായി സംഭവിക്കുന്നുണ്ട്. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിലാണ്. ജൂലൈ 7-ാം തീയതി വരെ വ്യാഴത്തിൻ്റെ വാർഷിക മൗഢ്യം തുടരും. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.

Advertisment

ചൊവ്വ ജൂലൈ 27 വരെ ചിങ്ങം രാശിയിലും തുടർന്ന് കന്നി രാശിയിലും സഞ്ചരിക്കും. ബുധൻ കർക്കടകം രാശിയിലാണ്, ജൂലൈമാസം മുഴുവൻ. 24 മുതൽ ബുധന് മൗഢ്യം ഉണ്ട്. ഇടയ്ക്ക് വക്രഗതിയും വരും. ശുക്രൻ ജൂലൈ 26 വരെ ഇടവം രാശിയിലും തുടർന്ന് മിഥുനം രാശിയിലും സഞ്ചരിക്കുന്നതാണ്. രാഹു കുംഭം രാശിയിൽ പൂരുരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ ഉത്രം നക്ഷത്രത്തിലുമാണ്.

ജൂലൈ 23 ന് രാഹു പൂരൂരുട്ടാതിയുടെ രണ്ടാം പാദത്തിലും കേതു പൂരം നാലാംപാദത്തിലും പ്രവേശിക്കും. ഈ ഗ്രഹസ്ഥതിയെ മുൻനിർത്തി, അശ്വതി മുതൽ ആയില്യം വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ജൂലൈ മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു..

അശ്വതി

തൊഴിലിടത്തിൽ സ്വസ്ഥതയുണ്ടാവും. ക്രിയാത്മകതയും ഏകോപനവും അംഗീകരിക്കപ്പെടും. അതിലുപരി സ്വയം സംതൃപ്തി ഭവിക്കുന്നതാണ്. ഉദ്യോഗം അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ സംജാതമാകും. ജൂലൈ 17ന് ശേഷം തൊഴിൽപരമായ യാത്രകൾ ഉണ്ടാവുന്നതായിരിക്കും. പഞ്ചമഭാവത്തിലെ കേതുകുജയോഗം മക്കൾ, ഗൃഹത്തിലെ വയോജനങ്ങൾ എന്നിവർ മൂലമുള്ള ഏതെങ്കിലും വിധത്തിലുള്ള ക്ലേശങ്ങൾക്ക് കാരണമാകാം. പ്രായഭേദമന്യേ പഠനാർത്ഥികൾക്ക്, ഏറ്റവും ഉചിതമായ കാലമാണ്. ശുക്രൻ്റെ അനുകൂല സഞ്ചാരം മനസ്സന്തുഷ്ടിയ്ക്കും സൗഹൃദങ്ങളുടെ പുഷ്ടിക്കും പ്രണയ പുരോഗതിക്കും കാരണമാകുന്നതാണ്. ഏഴരശ്ശനിക്കാലമാണ് എന്ന് ഓർമ്മിപ്പിക്കുന്ന അനിഷ്ടകാര്യങ്ങൾ ഇടക്കിടെ തലപൊക്കാം. ലാഭസ്ഥാനത്തിൽ സഞ്ചരിക്കുന്ന രാഹു തീരെ പ്രതീക്ഷിക്കാത്ത സന്തോഷം പകരുന്നതായിരിക്കും.

Advertisment

Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും

ഭരണി

പലനിലയ്ക്കും പ്രസന്നമായ കാലഘട്ടമാണ്. മനസ്സിനും ശരീരത്തിനും ഒരുവിധം സൗഖ്യം ഉണ്ടായിരിക്കും. തൊഴിലിൽ വളർച്ച തുടരപ്പെടും. ബിസിനസ്സുകാർക്ക് വിപണിയിൽ ആധിപത്യം പുലർത്താൻ കഴിയുന്നതാണ്. നവസംരംഭകർക്ക് ശ്രദ്ധേയമായ തുടക്കം കുറിക്കാനാവും. രണ്ടാം ഭാവത്തിലെ ശുക്ര സഞ്ചാരത്താൽ വചോവിലാസം പ്രകീർത്തിതമാവും. വിദ്യാർത്ഥികൾക്ക് പഠന വിഷയങ്ങളുമായി പൊരുത്തപ്പെട്ട് പോകാൻ കഴിഞ്ഞേക്കും. കുടുംബാംഗങ്ങൾക്ക് പൊതുവേ ക്ഷേമകാലമാവും. അവരുടെ മാനസിക പിന്തുണ എല്ലാക്കാര്യങ്ങളിലും പ്രതീക്ഷിക്കാം.  മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവെക്കണം. അഞ്ചാമെടത്തിലെ പാപഗ്രഹയോഗം വല്ല മനക്ലേശങ്ങളും സൃഷ്ടിച്ചു കൂടായ്കയില്ല. നിക്ഷേപങ്ങളിൽ മെച്ചം വന്നെത്തും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്.

കാർത്തിക

സമാധാനകാംക്ഷ സഫലമാവും. ഗാർഹികവും കർമ്മപരവുമായ വിഷമങ്ങളെ ഒട്ടൊക്കെ തരണം ചെയ്യാൻ കഴിയുന്നതാണ്.  അസുഖങ്ങൾക്ക് ഫലപ്രദമായ ചികിൽസ സാധ്യമാകും. സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയാനുള്ള ഔൽസുക്യം പുലർത്തും. അന്യനാട്ടിൽ തുടർ വിദ്യാഭ്യാസത്തിന് അവസരം കൈവരും. ജോലിമാറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നവർക്ക് അതിനവസരം ഭവിക്കുന്നതാണ്. ഭവന നിർമ്മാണത്തിൽ ഇടക്കിടെ തടസ്സങ്ങൾ വരാനിടയുണ്ട്. ധനക്ലേശം വരില്ലെങ്കിലും ചെലവുകൾ ക്രമാതീതമാവും. സംഘടനകളുമായി ബന്ധപ്പെട്ടവർക്ക് കൂടുതൽ ചുമതലകൾ സിദ്ധിച്ചേക്കും. പുതുമുറക്കാരുടെ ഇഷ്ടാനിഷ്ടങ്ങളിൽ മൗനം പുലർത്തുകയാവും അഭികാമ്യം. പുതുവാഹനം വാങ്ങുന്നതിന് തൽകാലം ഗ്രഹാനുകൂല്യമില്ല.

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

രോഹിണി

ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുകയാൽ ഭോഗസുഖങ്ങളുണ്ടാവും. ആഢംബര വസ്തുക്കൾ പാരിതോഷികം കിട്ടുന്നതാണ്. ബന്ധുക്കൾ സഹകരണവുമായി ഒപ്പമുണ്ടാവും. ധനാഗമ മാർഗങ്ങൾ തടസ്സപ്പെടില്ല. പഴയ ആധാരം / രേഖകൾ കണ്ടെത്താൻ വിഫലശ്രമം നടത്തും. പ്രണയത്തിൽ വിജയിക്കുന്നതാണ്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാം. ബിസിനസ്സ് സമുച്ചയത്തിൻ്റെ നിർമ്മാണം മെല്ലെയാവാനിടയുണ്ട്.വിദ്യാഭ്യാസ ലോൺ അനുവദിക്കപ്പെടും. സുഹൃത്തുക്കളുമായി ആശയ ഭിന്നതയുണ്ടാവാം. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലെത്താൻ ലീവ് കിട്ടിയേക്കില്ല. പരീക്ഷണങ്ങൾക്ക് മനസ്സുണ്ടാവും. കുടുംബത്തിലെ
വയോജനങ്ങളുടെ ആരോഗ്യപരിചരണത്തിൽ ശ്രദ്ധിക്കുന്നതാണ്. മാസത്തിൻ്റെ 
രണ്ടാം പകുതി കൂടുതൽ ഗുണകരമാവും.

മകയിരം

സ്വസ്ഥത കൂടുകയും കുറയുകയും ചെയ്യും. ജോലിയിൽ ഏകാഗ്രത നഷ്ടപ്പെടാനിടയുണ്ട്. സ്ഥലം മാറ്റ ഉത്തരവ് പ്രാവർത്തികമായേക്കില്ല. ആലോചനാശൂന്യത മൂലം ചില അബദ്ധങ്ങൾ പറ്റാം. വാഗ്ദാനങ്ങളെയും തൽലംഘനങ്ങളേയും ചൊല്ലി തർക്കങ്ങൾ ഉയരുന്നതാണ്. പിന്തുണ പ്രതീക്ഷിച്ച വിധം ഉണ്ടായേക്കില്ല. ഇടവക്കൂറുകാർക്ക് ഗൃഹസുഖം കുറയും. അനൈക്യം സ്വൈരക്കേടിന് കാരണമാകുന്നതാണ്. വാഹന യാത്രയിൽ കരുതൽ വേണം. മിഥുനക്കൂറുകാർക്ക് സഹോദരനുകൂല്യം വളരെയുണ്ടാവും. വസ്തുവിൽ നിന്നും ആദായമുണ്ടായേക്കും. ചില കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ വിഫലശ്രമം നടത്തും. മുൻപ് ജോലിചെയ്ത സ്ഥാപനത്തിൽ നിന്നും കിട്ടേണ്ട തുക കിട്ടിയേക്കാം. ചെയ്തുപോരുന്ന സംരംഭങ്ങളുടെ പ്രമോഷനായി പണം വ്യയം ചെയ്യേണ്ടിവരും.

തിരുവാതിര

വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. മാനസിക സംഘർഷത്തിന് അല്പം അയവുവരുന്നതാണ്. കലാമേഖലയിലുള്ളവർ അവസരങ്ങൾക്കായി അന്വേഷണം തുടർന്നേക്കും. ധാർമ്മികവും മതപരവുമായ കാര്യങ്ങളിൽ പങ്കെടുക്കേണ്ടി വരാം. ഉദ്യോഗസ്ഥർ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിന്നും മുൻ ലാവണത്തിലേക്ക് മടങ്ങുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിച്ചിട്ട് പുതിയ ജോലിക്കായി ശ്രമം നടത്തരുത്.  വ്യവഹാരങ്ങളിൽ അനുരഞ്ജനം ഫലിക്കും. അസുഖബാധിതനായ ബന്ധുവിനെ സന്ദർശിക്കുകയും സഹായധനം നൽകുകയും ചെയ്യും. ഓഹരി വ്യാപാരത്തിൽ നഷ്ടത്തിനാണ് മുൻതൂക്കം. ദൂരയാത്രകൾക്ക് ഒരുമ്പെടുന്നവർക്ക് അനുകൂലത ഭവിക്കും. മാസത്തിൻ്റെ  രണ്ടാം പകുതിയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടേക്കാം.

Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

പുണർതം

ആലോചനാപൂർവ്വം ആസൂത്രണം ചെയ്ത കാര്യങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കുന്നതാണ്. പ്രമുഖരുമായുള്ള പരിചയം ഗുണകരമാവും. കരാർ ജോലികൾ പുതുക്കിക്കിട്ടാം. പക്ഷേ വ്യവസ്ഥകൾ ദുഷ്കരമായി തോന്നും. സാമ്പത്തിക രംഗം മോശമാവില്ല. ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉല്പന്നങ്ങൾ എന്നിവയ്ക്കായി ചെലവുണ്ടാവും. ഉപരിപഠനത്തിന് അന്യനാട്ടിൽ പോകാൻ അവസരം കൈവരുന്നതാണ്. ഗവേഷണ പ്രബന്ധം പൂർത്തിയാക്കും. മന്ദഗതിയിലായ ബിസിനസ്സ് പുഷ്ടിപ്പെടുത്താൻ പരസ്യത്തിൻ്റെ സഹായം തേടിയേക്കും. കൂട്ടുകെട്ടുകളിൽ നിന്നും വിട്ടുനിൽക്കുന്നത് ഗുണകരമാവും. ബുധൻ രണ്ടിൽ സഞ്ചരിക്കുകയാൽ വാക്ചാതുര്യം  പുലർത്തും. ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവും. തീർത്ഥാടനം ആത്മീയമായ ഉണർവുണ്ടാക്കും.

പൂയം

ആദിത്യൻ പന്ത്രണ്ടിലും ജന്മരാശിയിലും സഞ്ചരിക്കുകയാൽ ഔദ്യോഗികമായി അലച്ചിലുണ്ടാവും. സ്വാശ്രയ സംരംഭങ്ങളിൽ ആലസ്യം അനുഭവപ്പെട്ടേക്കും. കിട്ടേണ്ട പണം കൈവശമെത്താൻ കാലതാമസമുണ്ടാവും. സംഘടനപരമായി പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. വീടുവെക്കുന്ന കാര്യത്തിൽ ആലോചന പുഷ്ടിപ്പെടും. കുടുംബാംഗങ്ങളുമായുള്ള പാരസ്പര്യം മെച്ചപ്പെടുന്നതിന് സാധ്യതയുണ്ട്. ശുക്രൻ പതിനൊന്നിൽ സഞ്ചരിക്കുകയാൽ ഭോഗസുഖമുണ്ടാവും. പ്രണയബന്ധം വിവാഹസാഫല്യത്തിലേക്ക് നീങ്ങുന്നതാണ്. ചൊവ്വയും കേതുവും വാക്സ്ഥാനത്തുള്ളത് അനാവശ്യ വാഗ്വാദങ്ങൾ/ തർക്കങ്ങൾക്ക് കാരണമാകുന്നതാണ്. ഇ.എൻ.ടി രോഗങ്ങൾ വരാനിടയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ ജാഗ്രത ആവശ്യമാണ്.

ആയില്യം

കർമ്മരംഗത്ത് വെല്ലുവിളികളുണ്ടാവും. മുൻപിൻ രാശികളിൽ പാപഗ്രഹങ്ങളുള്ളതിനാൽ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. ലഘുദൗത്യങ്ങൾ പോലും പൂർത്തീകരിക്കാൻ ഒത്തിരി ക്ലേശിക്കുന്നതാണ്. മേലധികാരികളുടെ അപ്രീതിയോ സഹപ്രവർത്തകരുടെ വിരോധമോ നേരിടേണ്ട സാഹചര്യം ഉദിക്കാം. എങ്കിലും ശുക്രൻ മാസം മുഴുവൻ അനുകൂലനായി, സ്വക്ഷേത്രബലവാനായി പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുകയാൽ ജീവിതത്തിൻ്റെ സ്വതസ്സിദ്ധമായ ഭാവങ്ങൾക്ക് മങ്ങലേൽക്കില്ല. പ്രിയപ്പെട്ടവരുടെ ഹൃദയപൂർവ്വകമായ പിന്തുണ കൈവരുന്നതായിരിക്കും. ബന്ധങ്ങളുടെ ദാർഢ്യം ശക്തിയേകും. അനുരാഗികളുടെ ദാമ്പത്യ സ്വപ്നങ്ങൾക്ക് സാഫല്യം ഉണ്ടാവും.
സ്വന്തം തൊഴിലിൽ സ്വാഭാവികമായ മുന്നേറ്റം പ്രതീക്ഷിക്കാം.

Read More: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: