2023 Year Astrological Predictions: ഇംഗ്ലീഷ് വർഷത്തിലെ പ്രഥമ മാസമാണ് ജനുവരി. കേരളീയ രീതി അനുസരിച്ച് ജനുവരി 14 വരെ ധനുമാസവും തുടർന്ന് മകരമാസവും ആകുന്നു. ഭാരതീയ കാലഗണനപ്രകാരം പൗഷം , മാഘം എന്നീ മാസങ്ങളുടെ കലർപ്പുമാണ് ജനുവരി. 14-ാം തീയതി ദക്ഷിണായനം തീരുകയാണ്. 15-ാം തീയതി മുതൽ അടുത്ത ആറു മാസം ഉത്തരായന കാലവുമാണ്. ഋതുക്കളിൽ ജനുവരി മുഴുവൻ ഹേമന്ത ഋതുവിൽ വരുന്നു.
ജനുവരി ഒന്നിന് ഒന്നാം ആഴ്ചയായ ഞായറും ഒന്നാം നക്ഷത്രമായ അശ്വതിയും കൂടിയാണ്. അതും അപൂർവമായ ഒരു സംഗമമാണ്. സൂര്യൻ ജനുവരി 14 വരെ ധനു രാശിയിലും തുടർന്ന് മകരം രാശിയിലും സഞ്ചരിക്കുന്നു. ചന്ദ്രൻ അശ്വതിയിൽ യാത്ര തുടങ്ങുന്നു; ജനുവരി 31 ആകുമ്പോൾ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി രോഹിണിയിലെത്തുന്നു. മകരത്തിലാണ് തുടക്കത്തിൽ ശുക്രൻ, മൂന്നാം ആഴ്ച കഴിയുമ്പോൾ കുംഭത്തിലാണ്.
ബുധൻ ധനുവിലാണ് , പൂർണമായും. കുജൻ ഇടവത്തിൽ തുടരുന്നു. മാസം പകുതി വക്രത്തിൽ, പിന്നെ നേർഗതിയിലും. വ്യാഴം മീനം രാശിയിൽ തന്നെയാണ്. ജനുവരി 17 രാത്രി വരെ ശനി മകരത്തിൽ, പിന്നീട് കുംഭം രാശിയിലും. ഈ മാസത്തെ ഏറ്റവും സുപ്രധാനമായ ഗ്രഹമാറ്റം ശനിയുടെ പകർച്ച തന്നെയാണ്. രാഹുകേതുക്കൾ യഥാക്രമം മേടം- തുലാം രാശികളിൽ തുടരുകയുമാണ്.
അശ്വതി: കഠിനകാലം കഴിയുകയാണ്. തൊഴിൽ ദുരിതങ്ങളും കർമ്മഭ്രംശങ്ങളും അവസാനിക്കുന്നു. സ്വന്തം തീരുമാനങ്ങളും നിലപാടുകളും മറ്റുള്ളവരുടെ അംഗീകാരം നേടും. ഭാഗ്യദേവത പടിവാതിൽക്കലെത്തി. ഉദ്യോഗസ്ഥർക്ക് വീട്ടിനടുത്തേക്ക് മാറ്റം കിട്ടും. അലച്ചിൽ കുറയും. കടം തീർക്കാനുള്ള ശ്രമം വിജയിക്കും. വൃദ്ധജനങ്ങളുടെ അംഗീകാരവും അനുഗ്രഹവും ലഭിക്കും. വിദ്യാർത്ഥികൾ പഠിപ്പിൽ മികവ് പുലർത്തും. എന്നാൽ യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തടസ്സം തുടർന്നേക്കും.
ഭരണി: രോഗ ദുരിതങ്ങൾ വിട്ടകലും. കിടപ്പ് രോഗികൾക്ക് സമാശ്വാസം കൈവരും. സാമ്പത്തികബാധ്യത പരിഹരിക്കാൻ വഴി തെളിയും. കുടുംബത്തെ പിരിഞ്ഞവർക്ക് ഒത്തുചേരാനാവും. സാങ്കേതികരംഗത്ത് സ്വയം പ്രതിഭാവിലാസം തെളിയിക്കും. ജന്മരാഹുവിനെ അവഗണിക്കരുത്. പ്രാർത്ഥനകൾ മുടക്കാൻ പാടില്ല. ബന്ധുക്കളുടെ പിന്തുണ ശക്തി പകരും. സൗഹൃദങ്ങൾ മനസ്സന്തോഷത്തിന് കാരണമാകും.
കാർത്തിക: കൊടുക്കൽ വാങ്ങലുകളിൽ കൃത്യത വേണം. പ്രമാണപത്രങ്ങളും ഉടമ്പടികളും വായിച്ചു നോക്കി വേണം ഒപ്പിടാൻ. യാത്രകൾ അലച്ചിലുകൾക്ക് വഴിവെച്ചേക്കാം. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് തടസ്സങ്ങൾ വന്നു ചേരാം. ഈശ്വരകാര്യങ്ങൾ ഭംഗിയായി നിറവേറ്റപ്പെടുന്നതായിരിക്കും. ഉപാസനകൾക്ക് മുടക്കം വരില്ല. ആരോഗ്യപരിശോധനകളിൽ അലംഭാവമരുത്. മാസത്തിന്റെ ആദ്യ പകുതിയിൽ ഇടവക്കൂറുകാർക്കും രണ്ടാം പകുതിയിൽ മേടക്കൂറുകാർക്കും ഗുണം കൂടും.
രോഹിണി: കർമ്മഗുണം അല്പമൊന്ന് മങ്ങുന്ന കാലമാണ്. മത്സരങ്ങളിൽ വിജയിക്കും. ഊഹക്കച്ചവടത്തിൽ ചെറിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം. മക്കളുടെ കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധ വേണം. വലിയ കാര്യങ്ങൾ തുടങ്ങുന്നതിൽ കാണിക്കുന്ന ഉത്സാഹം തുടർന്ന് ഉണ്ടാവണമെന്നില്ല. വിദേശജീവിതം കൊണ്ട് നേട്ടങ്ങൾ വന്നുചേരും. കലാപരമായ സിദ്ധികളുള്ളവർ അവ പ്രദർശിപ്പിച്ച് അന്യരുടെ പ്രശംസ നേടും.
മകയിരം: ധനക്ലേശം കുറയും. കടബാധ്യതകൾ നീങ്ങിത്തുടങ്ങും. സന്താനങ്ങളുടെ ശ്രേയസ്സ് ആഹ്ളാദിപ്പിക്കും. അന്യായമായ കാര്യങ്ങളിൽ ശക്തമായ പ്രതികരണം നടത്തും. ആരോഗ്യത്തിൽ അജാഗ്രതയരുത്. സഹോദരരുമായി ഒത്തിണങ്ങി പ്രവർത്തിക്കേണ്ട സാഹചര്യം സംജാതമാകും. ഭൗതികമായ ആഗ്രഹങ്ങൾ വർദ്ധിക്കും. ആഢംബര വസ്തുക്കൾ വാങ്ങും. അശനശയന സുഖവും ഫലം.
തിരുവാതിര: വിഷമപ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ സാധിക്കും. മുൻകൂട്ടി തീരുമാനിച്ച ചില കാര്യങ്ങൾ തടസ്സപ്പെടാം. ബന്ധു വിരോധത്തിന് പാത്രമാകും. മാസത്തിന്റെ രണ്ടാം പകുതിയിൽ അധികാരികളുടെ അപ്രീതിക്ക് പാത്രമാകും. രാഷ്ട്രീയത്തിൽ ചില കല്ലുകടികൾ ഉണ്ടായേക്കാം. കുടുംബസമേതം വിനോദയാത്ര ചെയ്യും. ആവർത്തിക്കുന്ന ദു:സ്വപ്നങ്ങൾ ഉറക്കം കെടുത്താം.
പുണർതം: ‘പുനർവസു ‘ എന്നാണ് ഇതിന്റെ സംസ്കൃത നാമം. ഒരിക്കൽ നഷ്ടപ്പെട്ടവ പിന്നീട് കൈവശം വന്നുചേരും എന്നത് ഈ നാളുകാരുടെ ജീവിതാനുഭവമാണ്. യുക്തിപൂർവ്വമുള്ള പെരുമാറ്റം സമ്മിശ്രമായ പ്രതികരണമുണ്ടാക്കും . സഹപ്രവർത്തകരുടെ വീഴ്ചകൾക്ക് ഉത്തരം പറയേണ്ടിവരാം. ഗൃഹനിർമ്മാണം പൂർത്തിയാവും. വിരുന്നുകളിലും ആഘോഷങ്ങളിലും പങ്കെടുക്കും. ഭോഗ സിദ്ധി, ധനധാന്യസമൃദ്ധി, മത്സര വിജയം തുടങ്ങിയവ അഷ്ടമ ശുക്രൻ നൽകുന്ന അനുഭവങ്ങളായി കണക്കാക്കാം.
പൂയം: ‘പുഷ്യം’ എന്നാണ് സംസ്കൃത നാമം. നക്ഷത്രദേവതയായ ബൃഹസ്പതി ഭാഗ്യഭാവത്തിൽ തുടരുന്നു. പലതരം ഭാഗ്യാനുഭവങ്ങൾ വന്നുചേരും. കുടുംബസൗഖ്യം പ്രതീക്ഷിക്കാം. സ്വന്തം തൊഴിലിൽ ഉയർച്ചയുണ്ടാകും. കൃഷിയിൽ നേട്ടം വന്നെത്തും. പ്രണയകലഹങ്ങൾ അകലും. കലാമത്സരങ്ങളിൽ വിജയിക്കും. പുതിയ സൗഹൃദങ്ങളുണ്ടാവും. പൊതുരംഗത്ത് വിവേകപൂർവം ഇടപെടേണ്ട കാലമാണ്.
ആയില്യം: കർക്കടകക്കൂറിന്റെ നാഥനായ ചന്ദ്രൻ വെളുത്തപക്ഷത്തിൽ സഞ്ചരിക്കുകയാൽ മാസാദ്യം മനപ്രസാദം ഭവിക്കും. മാതാവിന്റെ ആരോഗ്യസ്ഥിതി പുഷ്ടിപ്പെടും. ശത്രുക്കളെ മനസ്ഥൈര്യത്തോടെ നേരിടും. വിരുന്നുകളിൽ പങ്കെടുക്കും. എന്നാൽ വ്യാപാര യാത്രകൾ ഫലവത്തായി ക്കൊള്ളണമെന്നില്ല. കർമ്മരംഗത്ത് നവീകരണം നടത്താനുള്ള പദ്ധതി നീട്ടിവെക്കുന്നതാവും ഉചിതം. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കും. താരതമ്യേന മാസത്തിന്റെ ആദ്യപകുതിക്കാവും നേട്ടം കൂടുതൽ. വീട്ടിലെ വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.
മകം: മാസത്തിന്റെ ആദ്യ പകുതിയിൽ കഷ്ടനഷ്ടങ്ങൾ തുടരും. രണ്ടാം പകുതിയിൽ തൊഴിൽ ലാഭകരമാകും. സർക്കാരിൽ നിന്നും ധനസഹായം പ്രതീക്ഷിക്കാം. പ്രൊഫഷണലുകൾ വെല്ലുവിളികളെ അതിജീവിക്കും. ദാമ്പത്യത്തിലെ അനൈക്യം . ബുദ്ധിപരമായ നീക്കങ്ങളിലൂടെ ശത്രുക്കളെ ചെറുക്കും. ഭോഗ സിദ്ധി, ധനധാന്യ സമൃദ്ധി, മംഗളകർമ്മങ്ങളിൽ പങ്കുചേരൽ, കലാപരമായ അംഗീകാരം എന്നിവയും പ്രതീക്ഷിക്കാം.
പൂരം: കാര്യനിർവഹണത്തിലെ അനാസ്ഥ നീങ്ങി ആസ്ഥ പുലരും. ക്ഷമയേറും. ന്യൂതന സംരംഭങ്ങൾ തുടങ്ങാൻ വിദഗ്ദ്ധോപദേശം തേടും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. രാഷ്ട്രീയ നേതാക്കൾക്ക് അനുയായികൾ വർദ്ധിക്കും. പിതൃസ്ഥാനീയരുടെ രോഗം ശമിക്കും. മക്കളുടെ വിവാഹകാര്യത്തിൽ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. ഏഴ്, ഒമ്പത്, പത്ത് എന്നീ ഭാവങ്ങളിലെ പാപഗ്രഹസ്ഥിതി ലക്ഷ്യത്തിലെത്താൻ താമസം വരുത്തിയേക്കും.
ഉത്രം: ഒന്നാം പാദം ചിങ്ങക്കൂറിൽ, മറ്റ് മൂന്ന് പാദങ്ങൾ കന്നിക്കൂറിലും. സുഖാനുഭവങ്ങൾ തെല്ല് കുറയും. കായികാധ്വാനം വർദ്ധിക്കും. സ്വാശ്രയത്വത്തിൽ വിശ്വസിക്കുന്നവരാകയാൽ എപ്പോഴും സന്തുഷ്ടരായി കാണപ്പെടും. വരവും ചെലവും ക്രമപ്പെടുത്തും. ഊഹക്കച്ചവടത്തിന് മുതിരരുത്. വായ്പകൾക്കുള്ള ശ്രമം വിജയിക്കാം. ഗൃഹനിർമ്മാണം ഇഴഞ്ഞേക്കും. ഇഷ്ടവസ്തുക്കൾ വാങ്ങും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും.
അത്തം: പ്രണയത്തിൽ പുരോഗതിയുണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. രോഗചികിത്സ ഫലപ്രദമാകും. ചില സുഹൃത്തുക്കളുടെ വിശ്വാസവഞ്ചനയിൽ വേദനിക്കും. രംഗകലകളിലും സുകുമാരകലകളിലും പ്രവർത്തിക്കുന്നവർ വിജയിക്കും. രാഷ്ട്രീയം ഇണങ്ങുന്നതല്ലെന്ന് തിരിച്ചറിയും. കടബാധ്യതകൾക്ക് പരിഹാരം കണ്ടെത്തിയേക്കും. പ്രവാസികൾക്ക് നാട്ടിൽ മടങ്ങാൻ സന്ദർഭം ലഭിക്കാം. കർമ്മരംഗത്തെ ആലസ്യം അകലാൻ കൂടുതൽ സമയവും ഊർജ്ജവും ചെലവഴിക്കേണ്ടതായി വരാം.
ചിത്തിര: കർമ്മമേഖലയിൽ കൃത്യമായ ആസൂത്രണം വേണ്ടിവരും. ജീവിതം കുതിക്കുകയാണോ കിതക്കുകയാണോ എന്ന സംശയം ഉയരാം. കരാർ പണികൾ വൈകിയാലും പുതുക്കപ്പെടും. തുലാക്കൂറുകാർക്ക് ദാമ്പത്യക്ലേശങ്ങൾ ഒരു സാധ്യതയാണ്. സർക്കാർ അനുമതിക്കായി അലച്ചിൽ ഏറും. മക്കളുടെ പഠിപ്പ് തൃപ്തികരമായിരിക്കും. തൊഴിൽ തേടുന്നവർക്ക് ചെറിയ വരുമാനമെങ്കിലും ലഭിച്ചേക്കാം. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം.
ചോതി: മാസത്തിന്റെ പകുതിയിൽ ‘കണ്ടകശനി’ തീരുകയാണ്. ആലസ്യം വെടിഞ്ഞ് കർമ്മോത്സുകരാകേണ്ട സന്ദർഭമാണ്. പിതാവിൽ നിന്നോ തൽസ്ഥാനീയരിൽ നിന്നോ അനുകൂലനിലപാടുകളുണ്ടാവും. ഗൃഹത്തിൽ സമാധാനം പുലരും. വീട് നിർമ്മാണം പൂർത്തിയാവുക, തദ്ദേശ ഭരണാധികാരികളുടെ അനുമതി ലഭിക്കുക എന്നിവ സംഭവിക്കാം. വിദേശ യാത്രകൾക്ക് തടസ്സം നീങ്ങും. ധനവരവ് ഉയരും. അവസാനിക്കും. കുടുംബ ജീവിതത്തിലെ ചില പ്രശ്നങ്ങൾ പരിഹൃതമാകും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും.
വിശാഖം: പുതിയ വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. മനസ്സിലെ വിഷാദചിന്തകൾ അകലും. ജന്മനാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം സഫലമാകും. തൊഴിൽ രംഗം അഭിവൃദ്ധിപ്പെടാൻ തുടങ്ങും. വിവാഹ കാര്യത്തിൽ ചെറിയ കാലവിളംബം കൂടി ഉണ്ടാവാം. വ്യവഹാരങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും ഒഴിയുന്നതാണ് ഉചിതം. കടബാധ്യത കുറയ്ക്കാനാവും. കിടപ്പ് രോഗികളുടെ രോഗകാഠിന്യം ലഘൂകരിക്കപ്പെടും.
അനിഴം: മാസത്തിന്റെ ഒന്നാം പകുതി കൂടുതൽ ശ്രേയസ്കരമാണ്. ചിരകാലാഭിലാഷങ്ങൾ നടക്കും. കാര്യവിഘ്നം ഒഴിയും. പുതിയ കാര്യങ്ങൾ കൂടിയാലോചനകളിലൂടെ പ്രാവർത്തികമാക്കും. രണ്ടിലെ ബുധൻ കവിത്വ ശക്തിയെ ഉണർത്താം. മധുരമായും പണ്ഡിതോചിതമായും സംസാരിക്കും. സഹോദരിമാരുടെ ആനുകൂല്യങ്ങൾ ലഭിക്കും. ആത്മവിശ്വാസം, മനസ്സന്തോഷം, ഗൃഹസുഖം എന്നിവയ്ക്ക് മാസത്തിന്റെ രണ്ടാം പകുതിയിൽ ‘കണ്ടകശനി ‘ തുടങ്ങുന്നതോടെ ചെറിയ ക്ഷീണം സംഭവിക്കാം. മക്കളുടെ കാര്യത്തിൽ ചില നല്ല തീരുമാനങ്ങൾ പ്രതീക്ഷിക്കാം.
തൃക്കേട്ട: ഉള്ളിലുള്ള കാര്യങ്ങൾ ഭംഗിയായി വെളിപ്പെടുത്താൻ കഴിയുന്ന സമയമാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൈവശം വന്നു ചേരും. ഉദ്യോഗത്തിലുള്ളവർക്ക് അധികാരികളുടെ പ്രീതി ലഭിക്കുന്നതാണ്. സാഹസ കർമ്മങ്ങളിലൂടെ അസാധ്യം എന്ന് കരുതപ്പെട്ടിരുന്നവ നേടിയെടുക്കും. ചില മനപ്രയാസങ്ങൾ മാസാന്ത്യത്തിൽ വന്നു ചേർന്നേക്കും. പഴയ വീട് നവീകരിക്കാനുള്ള ശ്രമം തുടങ്ങും. ബന്ധുക്കളുടെ സമീപനത്തിൽ അതൃപ്തി തോന്നാം. പ്രണയികൾക്ക് കുറേ കയ്പ്നീര് കുടിക്കേണ്ടി വരാം. സാമ്പത്തിക സ്ഥിതി മോശമാവില്ല.
മൂലം: പ്രക്ഷുബ്ധതകൾ ഒഴിഞ്ഞ് ശാന്തമായ കടൽ പോലെ സ്വച്ഛമാകും, ജീവിതം. പിണങ്ങിപ്പോയവർ മടങ്ങിവരും. ആരോഗ്യപ്രശ്നകൾ കുറയും. വീട്ടിലും നാട്ടിലും നിങ്ങളെ പുച്ഛിച്ചിരുന്നവർ നിങ്ങളുടെ സൗഹൃദം തേടി വരും. ഗൃഹസൗഖ്യം ഉണ്ടാവും. പുതിയ തൊഴിൽ ലഭിക്കാം. നവസംരംഭങ്ങൾക്ക് കാലം അനുകൂലമാണ്. വരുമാനം ഉയരാം. സഹോദരരുടെയും സഹപ്രവർത്തകരുടേയും പിന്തുണ ശക്തി പകരും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടതുണ്ട്.
പൂരാടം: ഇഷ്ടജനങ്ങളുമായി ഒത്തുചേരാനാവും. മനസ്സിനെ അലട്ടിയിരുന്ന പല കാര്യങ്ങളിലും ആശ്വാസം വരും. കർമ്മഗുണം ഉയരും. കലാപരമായ പ്രവർത്തനങ്ങൾ വിജയിക്കും. ധനപരമായി നേട്ടമുണ്ടാകും. മധുരോദാരമായി സംസാരിക്കാനുള്ള സിദ്ധി കൈവരും. ഉദരരോഗങ്ങൾ വിഷമിപ്പിച്ചേക്കാം. എതിർപ്പുകളുടെ പ്രഭവകേന്ദ്രം കണ്ടെത്തി ഉന്മൂലനം ചെയ്യാനുള്ള തന്ത്രങ്ങൾ മെനയും. മാസത്തിന്റെ രണ്ടാം പകുതി മികച്ചതാവും.
ഉത്രാടം: അലച്ചിലുകൾ കൂടാം. ചെറിയ കാര്യങ്ങൾ നേടാനായി പോലും കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടതായി വന്നേക്കും. ഭോഗസിദ്ധി , ഇഷ്ടഭക്ഷണ സിദ്ധി, നല്ല സൗഹൃദം, സാഹിത്യാഭിരുചി എന്നിവയും ഭവിക്കും, മാതാവിന്റെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ജീവിത ശൈലീരോഗങ്ങൾ ക്ലേശിപ്പിച്ചേക്കാം. വായ്പാ സൗകര്യം ലഭിക്കും. ഊഹക്കച്ചവടത്തിൽ സമ്മിശ്രഫലമാവും.
തിരുവോണം: അധികാരികളുമായി കലഹിക്കേണ്ടി വരാം. പ്രതീക്ഷിച്ച പദവികൾ ലഭിക്കാൻ അല്പം കൂടി കാത്തിരിക്കേണ്ടിവന്നേക്കും. മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ തുടങ്ങാനോ മുന്നോട്ടു കൊണ്ടുപോകാനോ സാധിച്ചെന്ന് വരില്ല. കരാർ പണികൾ നേട്ടങ്ങൾ നൽകും. ദിവസ വേതനക്കാർക്ക് നിരന്തര ജോലി ലഭിക്കും. മക്കളുടെ നിർബന്ധങ്ങൾ വിഷമിപ്പിച്ചേക്കാം. എന്നാലും ആത്മശക്തിക്ക് കുലുക്കമുണ്ടാവില്ല.
അവിട്ടം: ശനി സ്വന്തം നക്ഷത്രത്തിലൂടെയാണ് കുറച്ചുനാളായി സഞ്ചരിക്കുന്നത്. തന്മൂലം കൂടുതൽ കായികാദ്ധ്വാനം, മാനസിക സമ്മർദ്ദം, പണഞെരുക്കം എന്നിവ നിങ്ങൾ അനുഭവിക്കുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടങ്ങൾ പലതും ത്യജിക്കുന്നുമുണ്ട്. എന്നാലും ചില നേട്ടങ്ങൾ അപ്പോഴപ്പോൾ നമ്മെ തഴുകുന്നുണ്ട്. അത് തുടരും. സജ്ജനങ്ങളുടെ പിന്തുണ ലഭിച്ചു കൊണ്ടിരിക്കും. കുടുംബാംഗങ്ങളുടെ സഹകരണവും പ്രസ്താവ്യമാണ്. കടം വാങ്ങാനുള്ള പ്രേരണയുണ്ടാവും. ആരോഗ്യ ജാഗ്രതയിൽ അലംഭാവമരുത്.
ചതയം: തടസ്സങ്ങൾ നീങ്ങി കാര്യവിജയമുണ്ടാകും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കും. വിദേശ ധനം, പാരിതോഷികങ്ങൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ ഇടയിൽ ആദരിക്കപ്പെടും. പതിനൊന്നിലെ സൂര്യസ്ഥിതി മൂലം സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, അനുമതികൾ എന്നിവ സിദ്ധിക്കും. പിതാവിന്റെ പദവി ഉയരും. നാലിൽ ചൊവ്വ തുടരുന്നതിനാൽ കുടുംബത്തിൽ ചില സംഘർഷങ്ങൾ വന്നുപോകും. മനശ്ശാന്തിക്ക് ഭംഗം വരാം. ഉപാസനകൾ പൂർത്തിയാവണമെന്നില്ല.
പൂരുട്ടാതി: മിക്ക കാര്യങ്ങളിലും താൻപോരിമ നിലനിർത്തും. പ്രതികൂല ഘടകങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയും. ധനവരവിന് കുറവുണ്ടാവില്ല. ചെലവും വർദ്ധിക്കും. അധികാരികളുമായി അടുപ്പത്തിലാവും. രാഷ്ട്രീയ മത്സരങ്ങളിൽ വിജയിക്കും. ആർഭാടജീവിതം നയിക്കാൻ ശ്രമിക്കും. വില കൂടിയ വസ്തുക്കൾ വാങ്ങും. ഗാർഹിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സന്ദർഭമാണ്. വിദ്യാർത്ഥികൾ പരീക്ഷ, ഗ്രൂപ്പ് ഡിസ്ക്കർഷൻ, സിമ്പോസിയം മുതലായവയിൽ ശോഭിക്കും. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.
ഉത്രട്ടാതി: പഴമയോടും പാരമ്പര്യത്തോടും ഉള്ള കൂറിണക്കം ഉറക്കെ പ്രഖ്യാപിക്കും. വയോജനങ്ങളിൽ നിന്നും ധനസഹായം, വില കൂടിയ വസ്തുക്കൾ എന്നിവ ലഭിച്ചേക്കാം. സർക്കാർ ജോലിക്കാർക്ക് നല്ല സമയമാണ്. ആജ്ഞാശക്തി മറ്റുള്ളവർ അംഗീകരിക്കും. വാഗ്ദാനങ്ങൾ നിറവേറ്റി കീർത്തി നേടും. സുഹൃത്തുക്കളിൽ നിന്നും വില കൂടിയ സമ്മാനങ്ങൾ ലഭിക്കാം. കിടപ്പ് രോഗികൾക്കും ജീവിത ശൈലീ രോഗങ്ങളാൽ വലയുന്നവർക്കും നേരിയ ആശ്വാസമെങ്കിലും വന്നു ചേരാതിരിക്കില്ല.
രേവതി: പിതൃസ്വത്തിന്മേലുള്ള തർക്കം/വ്യവഹാരം എന്നിവ അനുകൂലമാകും. രാഷ്ട്രീയ പ്രവർത്തകരുടെ സ്വാധീനം വർദ്ധിക്കും. തൊഴിലിൽ അഭ്യുദയവും ആദായവും അധികരിക്കും. സർക്കാർ ജീവനക്കാർക്ക് ശമ്പളവർദ്ധനവോ ആശിച്ച ദിക്കിലേക്ക് സ്ഥാനക്കയറ്റമോ ഉണ്ടാകും. സ്വസ്ഥാപനത്തിൽ ചില സാങ്കേതിക സൗകര്യങ്ങൾ ഒരുക്കും. കൂട്ടുകാർക്കൊപ്പം വിനോദ യാത്രകൾ നടത്തും. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ സാധ്യത കാണുന്നു. അഷ്ടമകേതു തടസ്സങ്ങൾക്ക് കാരണമാകുമെന്നതിനാൽ ഒരു കാര്യത്തിലും ജാഗ്രതക്കുറവ് പാടില്ല.