Horoscopes 2023, Predictions for your Star Sign, Nakshatram: ശനി, വ്യാഴം, രാഹു, കേതു തുടങ്ങിയ പ്രധാന ഗ്രഹങ്ങൾക്ക് 2023 ൽ രാശിമാറ്റം സംഭവിക്കുന്നുണ്ട്. ജനുവരിയിൽ ശനിയും ഏപ്രിലിൽ വ്യാഴവും ഒക്ടോബറിൽ രാഹുകേതുക്കളും രാശി മാറുന്നു. ശനി കുംഭത്തിലേക്കും വ്യാഴം മേടത്തിലേക്കും രാഹു മീനത്തിലേക്കും കേതു കന്നിയിലേക്കുമാണ് പകരുന്നത്. മാർച്ച് പകുതി വരെ വക്രഗതിയായി ഇടവരാശിയിൽ തുടരുന്ന ചൊവ്വ പിന്നീട് നേർഗതിയിൽ ഓരോ രാശികളിലായി നീങ്ങി വർഷാന്ത്യത്തിൽ ധനുവിൽ പ്രവേശിക്കുന്നു.
പ്രധാനപ്പെട്ട ഈ ഗ്രഹങ്ങളുടെ രാശി സഞ്ചാരത്തെ മുൻനിർത്തി മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് രാശികളിൽ / കൂറുകളിൽ ജനിച്ചവരുടെ വാർഷിക ഫലമാണ് ഇവിടെ പരിശോധിക്കുന്നത്.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
നല്ല തുടക്കമാണ് വർഷാരംഭത്തിൽ തന്നെ ഉണ്ടാവുന്നത്. ശനി പതിനൊന്നിൽ, സ്വന്തം മൂലത്രികോണരാശിയായ കുംഭത്തിലേക്ക് വരികയാണ്. ധനസ്ഥിതി ഉയരും. പെട്ടെന്നൊന്നും തൽസ്ഥിതിക്ക് ഉലച്ചിൽ വരികയുമില്ല. കിട്ടാക്കടം എന്ന് കരുതിയവ മടക്കിക്കിട്ടും. തൊഴിൽ തേടുന്നവർക്ക് പുരോഗതിയുള്ള തൊഴിൽ ലഭിക്കും. ഉദ്യോഗത്തിൽ ഉള്ളവർക്ക് ഉയർച്ചയുണ്ടാവും. കൃഷിയും വ്യവസായവും പുഷ്ടിപ്പെടും. ഏപ്രിലിലെ വ്യാഴമാറ്റം മൂലം അവിവാഹിതർക്ക് വിവാഹയോഗം സിദ്ധിക്കും. സന്താനങ്ങളില്ലാത്തവർക്ക് സന്താനഭാഗ്യവും പ്രതീക്ഷിക്കാം. വ്യവഹാരങ്ങളിൽ അനുകൂല വിധിയും പ്രതീക്ഷിക്കാം. വർഷാന്ത്യം വരെ രാഹു ജന്മരാശിയിൽ തുടരുന്നതിനാൽ ചില മനഃക്ലേശങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, ദാമ്പത്യത്തിലെ സ്വൈരക്കേടുകൾ എന്നിവ തുടരാനിടയുണ്ട്. ഇക്കാര്യങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്. വർഷത്തിന്റെ തുടക്കത്തിലെ മൂന്ന് മാസങ്ങളും ഒടുവിൽ വരുന്ന മൂന്ന് മാസങ്ങളുമാവും കൂടുതൽ സ്വച്ഛതയുള്ളവ.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
വർഷാദ്യം കണ്ടക ശനി തുടങ്ങുന്നത് ഒരു തിരിച്ചടിയായി കരുതേണ്ടതില്ല. തൊഴിൽ രംഗത്ത് പല വെല്ലുവിളികളും ഉയരാം. അതിനാൽ കൂടുതൽ ജാഗരൂകത വേണം. പതിനൊന്നിലെ വ്യാഴം പന്ത്രണ്ടിലേക്ക് പകരുന്നത് ഏപ്രിൽ മുതൽ ചെലവേറുമെന്നതിന്റെ സൂചനയാവാം. ഏപ്രിൽ മുതൽ ഒക്ടോബർ വരെ വിദേശയാത്ര, വിദേശ പഠനം, വിദേശ തൊഴിൽ എന്നിവ സാധ്യതകളാണ്. മക്കളുടെ പഠനം, വിവാഹം ഇത്യാദി നല്ല കാര്യങ്ങൾക്കും വ്യാഴത്തിനൊപ്പം രാഹുവും പന്ത്രണ്ടിൽ ഉണ്ടെന്നതിനാൽ ചില അനാവശ്യ കാര്യങ്ങൾക്കും ചെലവുണ്ടാവാം. ആരോഗ്യത്തിൽ ശ്രദ്ധ വേണം. കലഹസന്ദർഭങ്ങളിൽ നിന്നൊഴിയണം. വർഷത്തിന്റെ രണ്ടാം പകുതിയ്ക്കാവും തിളക്കം കൂടുതൽ!
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര മുഴുവൻ, പുണർതം 1,2,3 പാദങ്ങൾ)
എല്ലാ നിലയ്ക്കും മികച്ച ഒരു വർഷമാണ് കടന്നുവരുന്നത്. വ്യക്തി, കുടുംബം, പ്രസ്ഥാനം എന്നിവ മൂന്നും ഒരുപോലെ പുരോഗതിയിലേക്ക് നീങ്ങും. വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ഉയരാൻ കഴിയും; സർക്കാർ സഹായ ധനം ലഭിക്കാം. പ്ലേസ്മെന്റും ഒരു സാധ്യതയാണ്. ഉദ്യോഗാർത്ഥികൾക്ക് നിശ്ചയമായും പുതിയ കർമ്മരംഗത്തിൽ പ്രവേശിക്കാൻ കഴിയും. വരവ് പല നിലയ്ക്ക് വന്നുചേരും. അഷ്ടമശനി നീങ്ങുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ അധികം വലയ്ക്കില്ല. നവസംരംഭങ്ങൾക്ക് ഉചിതമായ കാലമാണിത്. യാത്രകൾ പ്രയോജനപ്പെടും. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. ഗുരുജനങ്ങളുടെയും അച്ഛനമ്മമാരുടേയും ആരോഗ്യ കാര്യത്തിൽ കൂടുതൽ കരുതലെടുക്കണം.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം മുഴുവൻ, ആയില്യം മുഴുവൻ)
ശനി അഷ്ടമത്തിലേക്ക് മാറുകയാണ്, വർഷത്തിന്റെ തുടക്കത്തിൽ. ആരോഗ്യപ്രശ്നങ്ങൾ, കാര്യതടസ്സം, കലഹാദികൾ എന്നിവ സാധ്യതകളാണ്. ഏപ്രിൽ വരെ വ്യാഴം ഒമ്പതിലും തുടർന്ന് പത്തിലും സഞ്ചരിക്കുന്നു. ശനിമാറ്റം കൊണ്ടുള്ള ക്ലേശങ്ങൾ വ്യാഴത്തിന്റെ സ്ഥിതി കൊണ്ട് ഒരു വിധം പരിഹൃതമാവും. സാമ്പത്തിക കാര്യങ്ങളിൽ ഏറെ ശ്രദ്ധ വേണം. തൊഴിലിൽ വഞ്ചനയോ നഷ്ടമോ വരാം. പങ്ക്കച്ചവടത്തിൽ നിന്നും പിന്മാറിയേക്കും. ഉപാസനകൾക്ക് ഭംഗം വരാം. അകാലചര്യ, സാഹസങ്ങൾ എന്നിവ ഒഴിവാക്കണം. ചെറുകിട കച്ചവടത്തിൽ മുന്നേറ്റമുണ്ടാകും. കരാർ പണികളും ഏജൻസി ഇടപാടുകളും തൃപ്തികരമായിരിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ ജാഗ്രത കാട്ടണം. വിദേശതൊഴിലിന് അവസരം വന്നുചേരുന്നതായിരിക്കും.
ചിങ്ങക്കൂറിന് (മകം, പൂരം ഉത്രം ഒന്നാം പാദം)
ജനുവരിയിൽ ശനി ആറിൽ നിന്നും ഏഴിലേക്ക് കടക്കുന്നു. കണ്ടകശനിക്കാലം തുടങ്ങുകയാണ്. വ്യാഴം ഏപ്രിലിൽ അഷ്ടമത്തിൽ നിന്നും ഭാഗ്യഭാവത്തിലേക്ക് പ്രവേശിക്കുന്നു. അതുമുതൽ കാലം അനുകൂലമായിത്തുടങ്ങും. തന്മൂലം രാഹു സൃഷ്ടിച്ചിരുന്ന ഭാഗ്യഭ്രംശത്തിനും ഒരു പരിധി വരെ ശമനമാകും. ദാമ്പത്യകാര്യത്തിൽ കൂടുതൽ അനുരഞ്ജനം കൈക്കൊള്ളണം. പ്രണയത്തിൽ തിരിച്ചടികൾ വരാം. പ്രവാസജീവിതം അത്ര സുഖകരമാവില്ല. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾ പ്രധാന പരീക്ഷകളിൽ നല്ല വിജയം കൈവരിക്കും. തൊഴിൽ തേടുന്നവർക്ക് താൽക്കാലികമായ വരുമാനമാർഗം തുറന്നുകിട്ടും. കഴിവുകളെല്ലാം ഉണ്ടായിരുന്നിട്ടും പരിഗണന ലഭിക്കാത്ത കാര്യങ്ങളിൽ ഇപ്പോൾ അർഹതയും അവസരങ്ങളും തേടി വരുന്നതായിരിക്കും. ഭൂമി സംബന്ധിച്ച വ്യവഹാരങ്ങൾ ഒത്തുതീരും. ക്രയവിക്രയങ്ങളിൽ നിന്നും സാമ്പത്തികലാഭം പ്രതീക്ഷിക്കാം. വർഷാന്ത്യത്തിൽ കൂടുതൽ ജാഗ്രത അവശ്യമാണ്.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം മുഴുവൻ, ചിത്തിര 1,2 പാദങ്ങൾ)
ശനി അഞ്ചിൽ നിന്നും ആറാമെടത്തേക്ക് മാറുന്നത് തൊഴിൽ വളർച്ച, കടത്തിൽ നിന്നും ആശ്വാസം, സന്താനങ്ങളുടെ ശ്രേയസ്സ്, രോഗമുക്തി എന്നിവയ്ക്ക് കാരണമാകും. ഏപ്രിലിൽ വ്യാഴം അഷ്ടമത്തിലേക്ക് നീങ്ങുന്നതിനാൽ സജ്ജന വിരോധം, ധനപരമായ ഞെരുക്കം, ഭാഗ്യക്കുറവ് എന്നിവയെ നേരിടേണ്ടിവരാം. പ്രണയ വിജയം, അവിവാഹിതർക്ക് വിവാഹസിദ്ധി, വിദേശത്ത് തൊഴിൽ നേട്ടം, പഠന മികവ് എന്നിവ ചില നേട്ടങ്ങളാണ്. സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആദായം വർദ്ധിക്കുന്നതായിരിക്കും. മെയ് മുതൽ ഒക്ടോബർ വരെ കൂടുതൽ കരുതൽ വേണം. നാക്കുപിഴയ്ക്കും വാക്കു പിഴയ്ക്കും രണ്ടിലെ കേതു കാരണമാകുമെന്നതിനാൽ സംഭാഷണത്തിൽ ജാഗരൂകത പുലർത്തണം. കിടപ്പ് രോഗികൾക്ക് സമാശ്വാസം ഭവിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് ചിലപ്പോൾ അണികളുടെ പിന്തുണ വേണ്ടത്ര ലഭിച്ചെന്ന് വരില്ല. ഗൃഹനിർമ്മാണത്തിന് ഇത് ഉചിതമായ കാലമാണ്. പുതുവാഹനം വാങ്ങാൻ അവസരം ഉണ്ടാകുന്നതാണ്.
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി മുഴുവൻ, വിശാഖം 1,2,3 പാദങ്ങൾ)
കണ്ടക ശനി മാറുന്നത് വലിയ ആശ്വാസമാണ്. വീട്ടിലെ പ്രധാന പ്രശ്നങ്ങൾ പലതും പരിഹരിക്കപ്പെടും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങും. മനശ്ശാന്തി മടങ്ങിവരും. ഏപ്രിലിൽ വ്യാഴം ഏഴിലെത്തുന്നതോടെ മറഞ്ഞിരുന്ന ഭാഗ്യം തെളിഞ്ഞു തുടങ്ങും. പ്രണയം സഫലമാകും. അവിവാഹിതർക്ക് വിവാഹസിദ്ധി പ്രതീക്ഷിക്കാം. ദാമ്പത്യസൗഖ്യം വന്നെത്തും. വരുമാനം ഉയരും. വിദേശ പഠനം, വിദേശ തൊഴിൽ എന്നിവയ്ക്ക് സാധ്യത കൂടതലായിരിക്കും. വ്യാപാരം അഭിവൃദ്ധി പ്രാപിക്കും. ജന്മരാശിയിൽ കേതുവും ഏഴിൽ രാഹുവും അഷ്ടമത്തിൽ കുജനും ഉള്ളതിനാൽ അവിചാരിതമായ തടസ്സങ്ങളും ചെറിയ പരാജയങ്ങളും അപകടങ്ങളും സാധ്യതകളാണ് എന്നതും ഓർമ്മയിൽ ഉണ്ടാവണം. കൊടുക്കൽ വാങ്ങലുകളിൽ അമളി പിണയാതിരിക്കാൻ നോക്കണം. ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്. സന്താനങ്ങളുടെ മേൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ഏപ്രിൽ മുതൽ കൂടുതൽ മെച്ചപ്പെട്ട കാലമായിരിക്കും.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
ജനുവരിയിൽ ശനി നാലാം ഭാവത്തിലെത്തുന്നു. സാങ്കേതിക ഭാഷയിൽ പറഞ്ഞാൽ ‘കണ്ടക ശനിക്കാലം ‘ തുടങ്ങുകയാണ്. ഇക്കാലത്ത് വാഹനം സൂക്ഷിച്ച് ഉപയോഗിക്കണം. ഗൃഹനിർമ്മാണത്തിന് പ്രതീക്ഷിച്ച പുരോഗതി ഉണ്ടായില്ലെന്ന് വരാം. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കരുതിയത്ര പിന്തുണ കിട്ടിയേക്കില്ല. ദേഹസുഖം കുറയുന്നതായും ക്ഷീണം ഉള്ളതായും തോന്നാം. വർഷാരംഭത്തിൽ വ്യാഴം അനുകൂല ഭാവത്തിലാകയാൽ മുൻ വർഷത്തെപ്പോലെ കലാരംഗം, തൊഴിൽ എന്നിവയിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഏപ്രിലിൽ വ്യാഴമാറ്റം ഉണ്ടാകുന്നതിനാൽ വലിയ തോതിൽ പണം മുടക്കി വ്യാപാരം ചെയ്യുന്നത് ആശാസ്യമല്ല. എന്നാൽ വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂല സാഹചര്യമാണ് ഉണ്ടാവുന്നത്. പഠനത്തിൽ പുരോഗതിയുണ്ടാവും. പ്രൊഫഷണൽ രംഗം നവീകരിക്കാനും സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് മുന്നേറാനുമുള്ള ശ്രമങ്ങൾ ലക്ഷ്യത്തിലെത്തും. കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ചും വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ഉദാസീനതയരുത്. മാനസിക പിരിമുറക്കം കുറക്കാൻ മനോനിയന്ത്രണ പരിശീലനങ്ങൾ നടത്തുന്നത് അഭികാമ്യമായിരിക്കും.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ഏഴര ശനി തീരുന്ന കാലമാണിത്. ശനി മൂന്നിൽ വരികയാൽ ആത്മവിശ്വാസം വർദ്ധിക്കും. അസാദ്ധ്യം എന്ന് കരുതിയ കാര്യങ്ങൾ പോലും സാധിക്കും. എതിർപ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കും. ധനപരമായി സുസ്ഥിതിയുണ്ടാകും. തൊഴിലിൽ വലിയ മുന്നേറ്റം വരും. വ്യാഴവും അനുകൂല ഭാവത്തിൽ വരികയാൽ ഏപ്രിൽ മുതൽ സന്താനശ്രേയസ്സ്, സമൂഹത്തിന്റെ അംഗീകാരം, കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ എന്നിവ വന്നുചേരും. വർഷ മധ്യത്തിൽ ചൊവ്വ, രാഹു എന്നീ ഗ്രഹങ്ങളെക്കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങൾക്കിടയിൽ ഛിദ്രവാസന തല പൊക്കാം. ഭൂമി സംബന്ധിച്ച ചില വ്യവഹാരങ്ങൾ ഉണ്ടായേക്കാം. എന്നാലും പല നിലയ്ക്കും 2023 മെച്ചപ്പെട്ട വർഷം തന്നെയാവും, ധനുക്കൂറുകാർക്ക്. വ്യക്തമായ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന പക്ഷം കൂടുതൽ നേട്ടങ്ങൾ സ്ഥ്വന്തമാക്കാനാവും.
മകരക്കൂറിന് (ഉത്രാടം 2,3,4, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
ഏഴരശനി മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുന്നത് കുറച്ചൊക്കെ ആശ്വാസത്തിന് ഇടവരുത്തും. ഗാർഹികാന്തരീക്ഷം ശാന്തമാകും. ദീർഘകാലമായി തുടരുന്ന രോഗങ്ങൾക്ക് ആശ്വാസം കൈവരും. ഏപ്രിലിലെ വ്യാഴമാറ്റവും ഒട്ടൊക്കെ അനുകൂലമാണ്. ഗൃഹനിർമ്മാണം/ നവീകരണം എന്നിവയ്ക്ക് വായ്പാ സൗകര്യം ലഭ്യമാകും. ദേശ-വിദേശ യാത്രകൾ ഗുണപ്രദമാകും. മാർച്ച് വരെ ചൊവ്വ അഞ്ചിൽ നിൽക്കുന്നതിനാൽ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം. ബൗദ്ധികമായ നിലപാടുകൾ വേണ്ട സാഹചര്യങ്ങളിൽ വൈകാരിക സമീപനം കൈക്കൊണ്ട് കുഴപ്പത്തിലാവാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ വേണം. വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾക്ക് കാലം പൂർണമായും അനുകൂലമാണെന്ന് പറയാനാവില്ല. വാഗ്ദാനങ്ങൾ നിറവേറ്റാൻ പണിപ്പെടേണ്ടിവരും. വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉപരിപഠനം നടത്താൻ സാധിക്കും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. വർഷത്തിന്റെ നാലാംപാദത്തിൽ രാഹുമാറ്റം കൂടി സംഭവിക്കുന്നതോടെ ജീവിതം കൂടുതൽ ക്ഷേമപൂർണമായി തുടരും.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ)
ഏഴരശനിയിലെ ജന്മശനിക്കാലം തുടങ്ങുകയാണ്. രണ്ടാം ഭാവത്തിലെ വ്യാഴം ഏപ്രിലിൽ മൂന്നാം ഭാവത്തിലേക്ക് നീങ്ങുന്നു. ആകയാൽ ബാഹ്യാഭ്യന്തര സമ്മർദ്ദങ്ങൾ ഉയരുന്ന കാലഘട്ടമാണ്. ധാരാളം നേട്ടങ്ങൾ കൈവരും. എന്നാൽ അവയുടെ പിന്നിൽ കഠിനാദ്ധ്വാനങ്ങളും ക്ലേശസഹനങ്ങളുമൊക്കെയുണ്ടാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം കൈവരാം. ദൂരദിക്കിൽ സ്ഥലം മാറ്റം പോലുള്ള കാര്യങ്ങളും കൂടി ഭവിച്ചേക്കാം. കച്ചവടത്തിൽ വലിയ തോതിൽ മുതൽ മുടക്ക് നടത്തുന്നതിന് മുൻപ് വ്യക്തമായ സാമ്പത്തിക ആസൂത്രണം നടത്തുന്നത് നന്നാവും. പ്രൊഫഷണൽ രംഗത്തുള്ളവരുടെ സൽപ്പേരുയരും. എന്നാൽ കർമ്മരംഗത്ത് ധാരാളം ശത്രുക്കളെയും നേരിടേണ്ടതായി വരും. വ്യാഴം, ശനി ദശകളിലൂടെയും അപഹാരങ്ങളിലൂടെയും കടന്നുപോകുന്നവർ കൂടുതൽ കരുതൽ കൈക്കൊള്ളണം. ജീവിതശൈലീ രോഗങ്ങൾക്ക് ഭിഷഗ്വരോപദേശം അനിവാര്യമാണ്. സാമ്പത്തികം, ദാമ്പത്യം, കർമ്മരംഗം എന്നിവയിൽ ശ്രദ്ധ കുറയ്ക്കരുത്. സാഹസങ്ങൾ ഒഴിവാക്കുകയും ഉചിതം
മീനക്കൂറിന് (പൂരുട്ടാതി, ഉത്രട്ടാതി, രേവതി)
ആദർശത്തെക്കാൾ പ്രായോഗിക സമീപനം നേട്ടങ്ങളുണ്ടാക്കും. സാങ്കേതിക പഠനത്തിൽ വിജയം നേടും. പന്ത്രണ്ടിലെ ശനി കാരണം പഠനം, തൊഴിൽ എന്നിവക്കായി വീടോ നാടോ വിട്ടുനിൽക്കേണ്ട സ്ഥിതിവന്നേക്കാം. കടം വാങ്ങാനുള്ള പ്രവണത ശക്തമായിരിക്കും. ചെറുകിട സംരംഭങ്ങളിൽ നന്നായി വിജയിക്കാനാവും. കരാർ പുതുക്കിക്കിട്ടിയേക്കും. പ്രതീക്ഷിച്ച സമാഗമങ്ങൾ നീണ്ടുപോകാം. പ്രണയത്തിൽ ഊഷമളതയും ആത്മാർത്ഥതയും കുറഞ്ഞേക്കും. കല്യാണാലോചനകൾ നീണ്ടുപോകാം. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ്. മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കാൻ ചിലർക്ക് കഴിയാതെ വരാം. പൊതുരംഗത്തുള്ളവർ ആരോപണങ്ങളുടെ മുനയൊടിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഭാഗികമായി വിജയിക്കും. ഭൂമിയുടെ കൊടുക്കൽ വാങ്ങലുകളിൽ ലാഭമുണ്ടാകാം. ആലോചനയില്ലാതെ ചെയ്യുന്ന പുതുപ്രവർത്തനങ്ങളിൽ വെല്ലുവിളികൾ ഉയർന്നേക്കും. വ്യവഹാരങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാവും കരണീയം. വർഷാരംഭത്തിൽ പൊതുവേ സ്ഥിതിഗതികൾ അനുകൂലമായിരിക്കും.