കഴിഞ്ഞ വർഷങ്ങൾ കടന്നുപോയത് ഏറെ ആശങ്കകളും പ്രതിസന്ധികളും സൃഷ്ടിച്ചുകൊണ്ടാണ്. കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ കീഴ്മേൽ മറിച്ച നാളുകൾ. അത് ദൈനംദിന ജീവിതത്തെ മുഴുവൻ ബാധിച്ചു. വിദ്യാഭ്യാസം, തൊഴിൽ ഈ മേഖലകളിലൊക്കെ കനത്ത ആഘാതമാണ് 2022ൽ അതിൽ നിന്നും മോചനത്തിനായി ഓരോരുത്തരും പലവഴികൾ തേടി. തുറന്നതും തുറക്കാത്തതുമായ വാതിലുകൾ ഏറെയായിരുന്നു പുതുവർഷത്തിൽ നിങ്ങളുടെ ജോലി, വിദ്യാഭ്യാസം, വിദേശപഠനം, എന്നിവയുടെ സാധ്യതകൾ എന്തൊക്കെയാണ് എന്ന് ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യാവുന്നതാണ്.
നാല് കൂറിൽ വരുന്ന നക്ഷത്രക്കാരായ വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉന്നതവിജയനം നേടാനും ഉപരിപഠനം നടത്താനും സാധിക്കും. മാത്രമല്ല മത്സരപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയിൽ വിജയം നേടാനും മികച്ച തൊഴിൽ സാധ്യതകളും ഇവരെ കാത്തിരിക്കുന്നുണ്ട്. ഒമ്പത് നാളുകാർക്ക് മത്സരങ്ങളിലും തിരഞ്ഞെടുപ്പുകളിലും വിജയസാധ്യതയുണ്ട്. മൂന്ന് നാളുകാർ പൊതുപ്രവർത്തനത്തിൽ ശോഭിക്കും. ഈ നാളുകാരായ രാഷ്ട്രീയപ്രവർത്തകർക്കും ഈ വർഷം പൊതുവിൽ നല്ലകാലമായിരിക്കും.
ഈ വർഷം 16 നാളുകാരെ സംബന്ധിച്ച് പുതിയ സംരഭകസാധ്യതകളാണ് തുറന്നവരുന്നത്. പുതിയ സാഹചര്യത്തിൽ സ്റ്റാർട്ടപ്പുകളും മറ്റും ഏറെ പ്രാധാന്യം നേടുന്ന വ്യാവസായിക അന്തരീക്ഷത്തിൽ പുതിയ വർഷം ഈ നാളുകാർക്ക് ഗുണപരമായ സാധ്യതകൾ തുറക്കുന്നുണ്ട്.
പതിനാറോളം ജന്മനക്ഷത്രത്തിൽപ്പെട്ടവർക്ക് വിദേശ പഠനം വിദേശ തൊഴിൽ സ്ഥലംമാറ്റം ജോലി മാറ്റം എന്നിങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കാനുള്ള സാധ്യതകളാണ് ജ്യോതിഷ വിധി പ്രകാരം ദൃശ്യമാകുന്നത്.
2023 ൽ മത്സരം, പരീക്ഷ, തിരഞ്ഞെടുപ്പ് എന്നിവയിൽ മികച്ച വിജയം നേടുന്നവർ
മേടക്കൂറിലും മിഥുനക്കൂറിലും കന്നിക്കൂറിലും ധനുക്കൂറിലും ജനിച്ച വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാനും തന്മൂലം ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനം നടത്താനും സാഹചര്യമുണ്ടാവും. ഈ കൂറുകളിൽ ജനിച്ചവർക്ക്
എഴുത്ത് പരീക്ഷ, അഭിമുഖ പരീക്ഷ എന്നിവയിൽ വിജയിച്ച് ഉദ്യോഗത്തിൽ പ്രവേശിക്കാനും സാധിക്കും. കൂടാതെ രോഹിണി, മകയിരം, ആയില്യം, പൂരം, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, പൂരുട്ടാതി എന്നീ നാളുകാർക്കും മത്സരങ്ങളിലും തിരഞ്ഞെടുപ്പുകളിലും വിജയിക്കാനാവും. കാർത്തിക, ഉത്രം, ഉത്രാടം എന്നീ മൂന്ന് നാളുകാർക്ക് പൊതുപ്രവർത്തനത്തിൽ വിജയിക്കാനാവും.
2023 ൽ തൊഴിൽ തുടങ്ങാൻ സാഹചര്യം ഒരുങ്ങുന്നവർ
അശ്വതി, കാർത്തിക(മേടക്കൂറ്), തിരുവാതിര, പുണർതം, ഉത്രം, അത്തം, ചിത്തിര, ചോതി,, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, തിരുവോണം, ചതയം, രേവതി എന്നീ നാളുകാർക്ക് നവസംരംഭങ്ങൾ ആരംഭിക്കാൻ കാലം അനുകൂലമാണ്. എന്നാൽ സ്വന്തം ജാതകം കൂടി പരിശോധിച്ചു വേണം അവസാന തീരുമാനം കൈക്കൊള്ളാൻ. ഗ്രഹനില പ്രകാരം 6, 8, 12 എന്നീ ഭാവാധിപന്മാരുടെ ദശാപഹാരങ്ങളിലൂടെ കടന്ന് പോകുന്നവർ ചെറുതോ വലുതോ ആയ ബിസിനസ്സ് തുടങ്ങുന്നത് ആഭിലഷണീയമായിരിക്കില്ല.
2023 – ൽ വിദേശ പഠനം, വിദേശ തൊഴിൽ എന്നിവയ്ക്ക് സാധ്യതയുള്ളവർ
മീനക്കൂറുകാർക്ക് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി എന്നീ നാളുകാർക്ക്) ശനി പന്ത്രണ്ടിൽ വരികയാൽ വീട്ടിൽ നിന്നും നാട്ടിൽ നിന്നും അകന്ന് ജീവിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. അത് പഠന യാത്ര, തൊഴിൽ തേടിയുള്ള യാത്ര, ഉദ്യോഗത്തിൽ സ്ഥലം മാറ്റം എന്നിങ്ങനെ സംഭവിക്കാനിടയുണ്ട്.
ജനുവരി പകുതി മുതൽ ഈ സാഹചര്യം രൂപപ്പെട്ടേക്കാം. അതുപോലെ മെയ് മുതൽ മേടക്കൂറുകാർക്കും (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം) ഈ സാഹചര്യം ഉരുത്തിരിഞ്ഞേക്കും. കൂടുതൽ ശക്തമായ സാധ്യത ഇടവക്കൂറുകാർക്കാണ്. അതായത് കാർത്തിക മുക്കാൽ, രോഹിണി, മകയിരം1,2 പാദങ്ങൾ എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്. പത്തിൽ ശനിയും പന്ത്രണ്ടിൽ വ്യാഴവും വരുന്നതിനാൽ വർഷത്തിന്റെ രണ്ടാം പകുതി മുതൽ പ്രവാസ സാധ്യത ശക്തമാകും. ആയില്യം, ചോതി, വിശാഖം, തൃക്കേട്ട, തിരുവോണം, ചതയം തുടങ്ങിയ നാളുകാരും ഈ സാധ്യതയുടെ പരിധിയിൽ വരും.