2023 March Month Star Predictions Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars: ഒരു രാശിയിൽ ചിലപ്പോൾ ഒന്നിൽ കൂടുതൽ ഗ്രഹങ്ങൾ ഒത്തുചേരുന്നു. ഇത് രണ്ട് ഗ്രഹങ്ങളായാൽ ‘ദ്വിഗ്രഹയോഗം’ എന്നും മൂന്ന് ഗ്രഹങ്ങളായാൽ ‘ത്രിഗ്രഹയോഗം’ എന്നും അറിയപ്പെടുന്നു. ഇപ്രകാരമുള്ള ഗ്രഹയോഗം എല്ലാ രാശി / കൂറ് കാരെയും ഏതെങ്കിലും തരത്തിൽ സ്വാധീനിക്കുന്നു. നല്ലതോ ചീത്തയോ ആയ അനുഭവങ്ങൾ നൽകുന്നു. അത് എപ്രകാരമൊക്കെയാവും ?, ഏതൊക്കെ ഗ്രഹങ്ങളാണ് ഇങ്ങനെ യോഗം ചെയ്യുന്നത് ? തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഈ ലേഖനത്തിൽ അന്വേഷിക്കുന്നത്.
കുംഭം രാശിയിൽ സൂര്യൻ പ്രവേശിച്ചതോടെ (ഫെബ്രുവരി 13 മുതൽ) ശനി- സൂര്യയോഗമായി. അതിന് മുന്നേ തന്നെ സൂര്യസാമീപ്യത്താൽ ശനിക്ക് മൗഢ്യം തുടങ്ങിയിരുന്നു. ഗ്രഹങ്ങളുടെ ശക്തിക്ഷയത്തെയാണ് ‘മൌഢ്യം ‘ എന്ന് പറയുന്നതെന്ന കാര്യം ഇവിടെ ഓർമ്മിക്കാം. ഫെബ്രുവരി 2 മുതൽ മാർച്ച് 4 വരെ ശനി മൗഢ്യത്തിലാണ്. ഇത് ശനിദശ, ശനിയുടെ അപഹാരം എന്നിവയിലൂടെ കടന്നുപോകുന്നവരെ വിപരീതമായി സ്വാധീനിക്കുന്നു. അഥവാ ബാധിക്കുന്നു. ഫെബ്രുവരി 25 ന് കുംഭം രാശിയിലേക്ക് ബുധനും സംക്രമിച്ചു. അതോടെ കുംഭം രാശിയിൽ ഒരു ‘ത്രിഗ്രഹയോഗം ‘(സൂര്യൻ- ശനി- ബുധൻ) ആയി.
മീനം രാശിയിൽ വ്യാഴത്തിനൊപ്പം ഫെബ്രുവരി 15 മുതൽ ശുക്രനുമുണ്ട്. അവിടെ ഒരു ‘ദ്വിഗ്രഹയോഗം ‘ പ്രവർത്തിക്കുന്നു. മാർച്ച് 12 ന് ശുക്രൻ മീനത്തിൽ നിന്നും മേടത്തിലേക്ക് നീങ്ങുകയാണ്. മേടം രാശിയിൽ രാഹു ഉള്ളതിനാൽ പിന്നെ രാഹു-ശുക്ര ദ്വിഗ്രഹയോഗമായി. മാർച്ച് 14 ന് സൂര്യനും, 16 ന് ബുധനും മീനത്തിലേക്ക് കടക്കുന്നതോടെ, മൂന്നോ നാലോ ദിവസം ഏകാന്തതയിൽ ആയ വ്യാഴത്തിന് പുതിയ കൂട്ടായി. അങ്ങനെ മീനം രാശിയിൽ വ്യാഴം- സൂര്യൻ-ബുധൻ എന്നിവ ചേർന്നുള്ള ‘ത്രിഗ്രഹയോഗം ‘ ഉണ്ടാവുന്നു.
മാർച്ച് മാസത്തിൽ ചൊവ്വ, കേതു എന്നിവയൊഴികെ മറ്റ് ആറ് ഗ്രഹങ്ങൾ ‘കുറുമുന്നണി’ യായി പ്രവർത്തിക്കുന്നത് കാണാം. (ചന്ദ്രൻ രണ്ടേകാൽ ദിവസത്തിലൊരിക്കൽ വീതം ഓരോ രാശിയിൽ കൂടി കടന്നുപോകുന്നതിനാൽ ചന്ദ്രന്റെ കാര്യം ഇവിടെ പരിഗണിച്ചിട്ടില്ല). ഇത് സൃഷ്ടിക്കുന്ന ഫലങ്ങൾ എന്തൊക്കെയാവും എന്നാണ് ഇനി പരിശോധിക്കുന്നത്.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): മൂന്നാം ഭാവത്തിലെ മൂന്ന് ഗ്രഹങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്നു. ക്ലേശങ്ങളെ മറികടക്കാൻ കരുത്തേകുന്നു. കഠിനമായി തോന്നിയിരുന്ന സാഹചര്യങ്ങൾ ഇപ്പോൾ അനുകൂലമായി മാറിത്തുടങ്ങിയിട്ടുണ്ട്. തൊഴിൽപരമായി പുതിയ ദിശാബോധം ഉണ്ടാകും. നാലാം ഭാവത്തിലേക്ക് സൂര്യനും ബുധനും കടക്കുമ്പോൾ ഗാർഹികാന്തരീക്ഷം അല്പം പ്രക്ഷുബ്ധമാകാം. ശുക്രൻ അഞ്ചിലേക്ക് കടക്കുമ്പോൾ സന്താനങ്ങളെച്ചൊല്ലിയുള്ള ആശങ്കകൾക്ക് അറുതിയാവാം. സുഹൃത്തുക്കളുടെ പിന്തുണയോടെ അനിഷ്ട സാഹചര്യങ്ങളെ ഒഴിവാക്കുന്നതിൽ വിജയിക്കും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ): രാശിനാഥനൊപ്പം അഷ്ടമാധിപനും ഭാഗ്യാധിപനും സ്ഥിതിചെയ്കയാൽ ഗുണാനുഭവങ്ങൾക്കാവും മുൻതൂക്കം ലഭിക്കുക. ധനസ്ഥിതി ഉയരും. പ്രതീക്ഷിച്ച സഹായം ലബ്ധമാകും. മാർച്ച് രണ്ടാം പകുതിയിൽ മൂന്നിലേക്ക് സൂര്യനും ബുധനും കടക്കുകയാൽ ഭാഗ്യാഭിവൃദ്ധി ഉണ്ടാവും. കാര്യവിജയം പ്രതീക്ഷിക്കാം. ശുക്രൻ രാഹുവുമായി ചേരുന്നതോടെ വീട്ടിലെ അനൈക്യങ്ങളും പടലപ്പിണക്കങ്ങളും വഴിമാറും. സന്താനങ്ങളെച്ചൊല്ലിയുള്ള ഉൽക്കണ്ഠകൾ നീങ്ങും. ആരോഗ്യപരമായി മെച്ചപ്പെട്ട കാലമായിരിക്കും.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 12,3 പാദങ്ങൾ): ജന്മരാശിയിൽ ത്രിഗ്രഹങ്ങൾ ഉള്ളതിനാൽ വ്യക്തിത്വത്തിന് ശൈഥില്യം വരുന്നതായി തോന്നാം. ഭിന്നതാല്പര്യങ്ങൾ ഉയർന്നേക്കും. ചിലർ അലസരാകാനിടയുണ്ട്. കരുതിയ കാര്യങ്ങളിൽ വിജയം പതുക്കെയാവും. മാസമദ്ധ്യത്തിൽ ബുധാദിത്യന്മാർക്ക് രണ്ടിൽ ഗുരുയോഗം വരുന്നതിനാൽ ധനപരമായി മെച്ചം പ്രതീക്ഷിക്കാം. പ്രണയസാഫല്യം വരാം. മത്സരങ്ങളിൽ വിജയിക്കാം. വിദ്യാർത്ഥികൾ പരീക്ഷകളിൽ നല്ല പ്രകടനം നടത്താം. കിടപ്പ് രോഗികൾക്ക് സമാശ്വാസം പ്രതീക്ഷിക്കാം.
മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): പന്ത്രണ്ടാം രാശിയിലെ ഗ്രഹാധിക്യം കാരണം പ്രവാസത്തിന് സാധ്യത കൂടും. ചെലവിന് പല വഴികൾ വന്നുകൂടും. പാദരോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം. ദിനചര്യകൾ കൃത്യമാവില്ല. ജന്മരാശിയിലേക്ക് ബുധനും സൂര്യനും കടക്കുന്നതോടെ ദേഹക്ഷീണം വർദ്ധിക്കും. ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉയരാം. പഠിപ്പിൽ ശ്രദ്ധ കുറയാനിടയുണ്ട്. പ്രോജക്ടുവർക്കുകൾ ഇഴയും. ഗൃഹം മോടിപിടിപ്പിക്കാനോ വാഹനം നന്നാക്കാനോ ധനം കൂടുതൽ ചെലവാകാൻ ഇടയുണ്ട്.