scorecardresearch
Latest News

2023 മാർച്ച് മാസത്തിലെ ഗ്രഹയോഗങ്ങൾ, മകം മുതൽ തൃക്കേട്ട വരെ

2023 March Month Star Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: മാർച്ച് മാസത്തിൽ ചൊവ്വ, കേതു എന്നിവയൊഴികെ മറ്റ് ആറ് ഗ്രഹങ്ങൾ ‘കുറുമുന്നണി’ യായി പ്രവർത്തിക്കുന്നത് കാണാം

astrology, horoscope, ie malayalam

2023 March Month Star Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: ഒരു രാശിയിൽ ചിലപ്പോൾ ഒന്നിൽ കൂടുതൽ ഗ്രഹങ്ങൾ ഒത്തുചേരുന്നു. ഇത് രണ്ട് ഗ്രഹങ്ങളായാൽ ‘ദ്വിഗ്രഹയോഗം’ എന്നും മൂന്ന് ഗ്രഹങ്ങളായാൽ ‘ത്രിഗ്രഹയോഗം’ എന്നും അറിയപ്പെടുന്നു. ഇപ്രകാരമുള്ള ഗ്രഹയോഗം എല്ലാ രാശി / കൂറ് കാരെയും ഏതെങ്കിലും തരത്തിൽ സ്വാധീനിക്കുന്നു. നല്ലതോ ചീത്തയോ ആയ അനുഭവങ്ങൾ നൽകുന്നു. അത് എപ്രകാരമൊക്കെയാവും ?, ഏതൊക്കെ ഗ്രഹങ്ങളാണ് ഇങ്ങനെ യോഗം ചെയ്യുന്നത് ? തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഈ ലേഖനത്തിൽ അന്വേഷിക്കുന്നത്.

കുംഭം രാശിയിൽ സൂര്യൻ പ്രവേശിച്ചതോടെ (ഫെബ്രുവരി 13 മുതൽ) ശനി- സൂര്യയോഗമായി. അതിന് മുന്നേ തന്നെ സൂര്യസാമീപ്യത്താൽ ശനിക്ക് മൗഢ്യം തുടങ്ങിയിരുന്നു. ഗ്രഹങ്ങളുടെ ശക്തിക്ഷയത്തെയാണ് ‘മൌഢ്യം ‘ എന്ന് പറയുന്നതെന്ന കാര്യം ഇവിടെ ഓർമ്മിക്കാം. ഫെബ്രുവരി 2 മുതൽ മാർച്ച് 4 വരെ ശനി മൗഢ്യത്തിലാണ്. ഇത് ശനിദശ, ശനിയുടെ അപഹാരം എന്നിവയിലൂടെ കടന്നുപോകുന്നവരെ വിപരീതമായി സ്വാധീനിക്കുന്നു. അഥവാ ബാധിക്കുന്നു. ഫെബ്രുവരി 25 ന് കുംഭം രാശിയിലേക്ക് ബുധനും സംക്രമിച്ചു. അതോടെ കുംഭം രാശിയിൽ ഒരു ‘ത്രിഗ്രഹയോഗം ‘(സൂര്യൻ- ശനി- ബുധൻ) ആയി.

മീനം രാശിയിൽ വ്യാഴത്തിനൊപ്പം ഫെബ്രുവരി 15 മുതൽ ശുക്രനുമുണ്ട്. അവിടെ ഒരു ‘ദ്വിഗ്രഹയോഗം ‘ പ്രവർത്തിക്കുന്നു. മാർച്ച് 12 ന് ശുക്രൻ മീനത്തിൽ നിന്നും മേടത്തിലേക്ക് നീങ്ങുകയാണ്. മേടം രാശിയിൽ രാഹു ഉള്ളതിനാൽ പിന്നെ രാഹു-ശുക്ര ദ്വിഗ്രഹയോഗമായി. മാർച്ച് 14 ന് സൂര്യനും, 16 ന് ബുധനും മീനത്തിലേക്ക് കടക്കുന്നതോടെ, മൂന്നോ നാലോ ദിവസം ഏകാന്തതയിൽ ആയ വ്യാഴത്തിന് പുതിയ കൂട്ടായി. അങ്ങനെ മീനം രാശിയിൽ വ്യാഴം- സൂര്യൻ-ബുധൻ എന്നിവ ചേർന്നുള്ള ‘ത്രിഗ്രഹയോഗം ‘ ഉണ്ടാവുന്നു.

മാർച്ച് മാസത്തിൽ ചൊവ്വ, കേതു എന്നിവയൊഴികെ മറ്റ് ആറ് ഗ്രഹങ്ങൾ ‘കുറുമുന്നണി’ യായി പ്രവർത്തിക്കുന്നത് കാണാം. (ചന്ദ്രൻ രണ്ടേകാൽ ദിവസത്തിലൊരിക്കൽ വീതം ഓരോ രാശിയിൽ കൂടി കടന്നുപോകുന്നതിനാൽ ചന്ദ്രന്റെ കാര്യം ഇവിടെ പരിഗണിച്ചിട്ടില്ല). ഇത് സൃഷ്ടിക്കുന്ന ഫലങ്ങൾ എന്തൊക്കെയാവും എന്നാണ് ഇനി പരിശോധിക്കുന്നത്.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): ഏഴിലെ ഗ്രഹസമൃദ്ധി ദാമ്പത്യത്തെ അസന്തുഷ്ടമാക്കാം. മുൻ നിശ്ചയിച്ച ദൂരയാത്രകൾ തടസ്സപ്പെടാം. വിദേശസ്വപ്നങ്ങൾ പൂവണിയാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കും. കൂട്ടുകച്ചവടം നിലനിർത്താൻ ഏറെ ക്ലേശിക്കും. പ്രണയികൾക്ക് ഇച്ഛാഭംഗം ഉണ്ടാവാം. വിദ്യാർത്ഥികൾ കൂടുതൽ ജാഗ്രത പുലർത്തണം. ബുധൻ നീചത്തിലാവുന്നത് പഠനത്തെ ബാധിക്കാം. ഉഷ്ണരോഗങ്ങൾ, സൂര്യാഘാതം, അഗ്നിബാധ മുതലായ വിപൽസൂചനകൾക്ക് കരുതൽ വേണ്ടതുണ്ട്.

കന്നിക്കൂറിന് (ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ): ആറാം രാശിയിലെ രണ്ട് പാപഗ്രഹങ്ങൾ – സൂര്യനും ശനിയും- അനുകൂലമായ ഫലങ്ങളേകും. രോഗശാന്തി, മനസ്സന്തോഷം, ധനവരവ്, ബന്ധുസമാഗമം, ഉദ്യോഗാഭിവൃദ്ധി എന്നിവ പ്രതീക്ഷിക്കാം. ഏഴിലെ വ്യാഴശുക്രയോഗം പ്രണയ സാഫല്യം, ദാമ്പത്യസൗഖ്യം, യാത്രകൾ കൊണ്ട് നേട്ടം എന്നിവയെ സൂചിപ്പിക്കുന്നു. മാർച്ച് രണ്ടാം പകുതിയിൽ ശുക്രൻ രാഹുവുമായി ചേരുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. രാശിനാഥൻ ബുധന് നീചം വരുന്നതും നന്നല്ല. ആത്മശക്തിക്ക് ഉലച്ചിൽ വരാം.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ): പഞ്ചമത്തിലെ ത്രിഗ്രഹയോഗം മാനസിക ക്ലേശങ്ങൾക്ക് കാരണമാകാം. സന്താനങ്ങളെച്ചൊല്ലി വിഷമം വരാം. കുടുംബ വസ്തുക്കളുടെ പരിപാലനത്തിൽ വല്ല നിയമപ്രശ്നങ്ങളും ഏർപ്പെടാം. അകാരണമായ ഭയം മനസ്സിനെ മഥിക്കാം. മാർച്ച് പകുതിയോടെ ആരോഗ്യപരമായി ആശ്വാസം വരുന്നതായിരിക്കും. ധനവരവ് അധികരിക്കും. കുറച്ചുകാലമായി വലയം ചെയ്തിരുന്ന വിഷമക്കുരുക്കുകൾ അല്പാല്പമായി അഴിഞ്ഞുതുടങ്ങും.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട ): നാലാമെടത്തിലെ പാപഗ്രഹങ്ങൾ വീട്ടിൽ നിന്നും മാറി നിൽക്കാൻ പ്രേരിപ്പിച്ചേക്കും. സൗഹൃദങ്ങൾ കയ്പായി അനുഭവപ്പെടും. മാർച്ച് മാസം പകുതിയാകുന്നതോടെ അലച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും. ബന്ധങ്ങളുടെ ഊഷ്മളത തിരിച്ചറിയും. കലാപരമായ കാര്യങ്ങളിൽ ആബദ്ധരാകും. ഭാവനാ ശക്തി ഉണരും. ഗുരുബുധയോഗം അരങ്ങുകൾ നൽകും. ശുക്രൻരാഹുയോഗം അമിതമായ പണച്ചെലവ് വരുത്താം. ആരോഗ്യപാലനത്തിൽ ശ്രദ്ധ കുറയരുത്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: 2023 march month star predictions makam pooram uthram atham chithira chothi vishakam anizham thrikketta stars