2023 March Month Star Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: ഒരു രാശിയിൽ ചിലപ്പോൾ ഒന്നിൽ കൂടുതൽ ഗ്രഹങ്ങൾ ഒത്തുചേരുന്നു. ഇത് രണ്ട് ഗ്രഹങ്ങളായാൽ ‘ദ്വിഗ്രഹയോഗം’ എന്നും മൂന്ന് ഗ്രഹങ്ങളായാൽ ‘ത്രിഗ്രഹയോഗം’ എന്നും അറിയപ്പെടുന്നു. ഇപ്രകാരമുള്ള ഗ്രഹയോഗം എല്ലാ രാശി / കൂറ് കാരെയും ഏതെങ്കിലും തരത്തിൽ സ്വാധീനിക്കുന്നു. നല്ലതോ ചീത്തയോ ആയ അനുഭവങ്ങൾ നൽകുന്നു. അത് എപ്രകാരമൊക്കെയാവും ?, ഏതൊക്കെ ഗ്രഹങ്ങളാണ് ഇങ്ങനെ യോഗം ചെയ്യുന്നത് ? തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഈ ലേഖനത്തിൽ അന്വേഷിക്കുന്നത്.
കുംഭം രാശിയിൽ സൂര്യൻ പ്രവേശിച്ചതോടെ (ഫെബ്രുവരി 13 മുതൽ) ശനി- സൂര്യയോഗമായി. അതിന് മുന്നേ തന്നെ സൂര്യസാമീപ്യത്താൽ ശനിക്ക് മൗഢ്യം തുടങ്ങിയിരുന്നു. ഗ്രഹങ്ങളുടെ ശക്തിക്ഷയത്തെയാണ് ‘മൌഢ്യം ‘ എന്ന് പറയുന്നതെന്ന കാര്യം ഇവിടെ ഓർമ്മിക്കാം. ഫെബ്രുവരി 2 മുതൽ മാർച്ച് 4 വരെ ശനി മൗഢ്യത്തിലാണ്. ഇത് ശനിദശ, ശനിയുടെ അപഹാരം എന്നിവയിലൂടെ കടന്നുപോകുന്നവരെ വിപരീതമായി സ്വാധീനിക്കുന്നു. അഥവാ ബാധിക്കുന്നു. ഫെബ്രുവരി 25 ന് കുംഭം രാശിയിലേക്ക് ബുധനും സംക്രമിച്ചു. അതോടെ കുംഭം രാശിയിൽ ഒരു ‘ത്രിഗ്രഹയോഗം ‘(സൂര്യൻ- ശനി- ബുധൻ) ആയി.
മീനം രാശിയിൽ വ്യാഴത്തിനൊപ്പം ഫെബ്രുവരി 15 മുതൽ ശുക്രനുമുണ്ട്. അവിടെ ഒരു ‘ദ്വിഗ്രഹയോഗം ‘ പ്രവർത്തിക്കുന്നു. മാർച്ച് 12 ന് ശുക്രൻ മീനത്തിൽ നിന്നും മേടത്തിലേക്ക് നീങ്ങുകയാണ്. മേടം രാശിയിൽ രാഹു ഉള്ളതിനാൽ പിന്നെ രാഹു-ശുക്ര ദ്വിഗ്രഹയോഗമായി. മാർച്ച് 14 ന് സൂര്യനും, 16 ന് ബുധനും മീനത്തിലേക്ക് കടക്കുന്നതോടെ, മൂന്നോ നാലോ ദിവസം ഏകാന്തതയിൽ ആയ വ്യാഴത്തിന് പുതിയ കൂട്ടായി. അങ്ങനെ മീനം രാശിയിൽ വ്യാഴം- സൂര്യൻ-ബുധൻ എന്നിവ ചേർന്നുള്ള ‘ത്രിഗ്രഹയോഗം ‘ ഉണ്ടാവുന്നു.
മാർച്ച് മാസത്തിൽ ചൊവ്വ, കേതു എന്നിവയൊഴികെ മറ്റ് ആറ് ഗ്രഹങ്ങൾ ‘കുറുമുന്നണി’ യായി പ്രവർത്തിക്കുന്നത് കാണാം. (ചന്ദ്രൻ രണ്ടേകാൽ ദിവസത്തിലൊരിക്കൽ വീതം ഓരോ രാശിയിൽ കൂടി കടന്നുപോകുന്നതിനാൽ ചന്ദ്രന്റെ കാര്യം ഇവിടെ പരിഗണിച്ചിട്ടില്ല). ഇത് സൃഷ്ടിക്കുന്ന ഫലങ്ങൾ എന്തൊക്കെയാവും എന്നാണ് ഇനി പരിശോധിക്കുന്നത്.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): മുതൽ മുടക്കുകൾ ലാഭം നൽകും. അധികാരികളുടെ പ്രീതി കൈവരും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പുതിയ ആദായമാർഗങ്ങൾ തെളിഞ്ഞു കിട്ടും. പുതുസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുവാദം / അനുമതി ലഭിക്കുന്നതായിരിക്കും. സ്ഥാനക്കയറ്റം ഉണ്ടാവും. രാഷ്ട്രീയത്തിലെ എതിർശബ്ദങ്ങളെ അവഗണിച്ച് സ്വന്തം തീരുമാനങ്ങൾ നടപ്പിൽ വരുത്തും. ബന്ധുക്കളുടെ നിർലോഭമായ സഹായം മാർച്ച് ആദ്യപകുതി വരെ അഭംഗുരമായി തുടരും. മാർച്ച് രണ്ടാം വാരത്തിന് ശേഷം ശുക്രൻ ജന്മരാശിയിലേക്ക് പകരുകയാൽ സുഖഭോഗങ്ങൾ ഉണ്ടാകും.
ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ ): പത്താം ഭാവത്തിലെ ത്രിഗ്രഹയോഗം തൊഴിൽ നേട്ടങ്ങളെ സൂചിപ്പിക്കുന്നു. സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ് ഇവ പ്രതീക്ഷിക്കാം. വാക്കിന് ആജ്ഞാസ്വരം കലരും. രണ്ടാം വാരത്തിനുശേഷം ആഢംബരത്തിന് പണച്ചെലവ് ഉണ്ടാകും. പാഴ്ച്ചെലവും ഒരു പ്രവണതയായി മാറാം. ചിലപ്പോൾ വിവേകമില്ലാതെ പ്രവർത്തികളിൽ മുഴുകും. വീട്ടിലായാലും കർമ്മമേഖലയിലായാലും അധികാരം ആർക്കും വിട്ടുകൊടുക്കില്ല. ചൊവ്വ ജന്മരാശിയിൽ നിന്നും നീങ്ങുന്നത് ഒരു ആശ്വാസമാണ്.
മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): ഭാഗ്യഭാവത്തിലെ ത്രിഗ്രഹയോഗം ചില ഗുണങ്ങൾക്ക് വഴിവെക്കാം. ജന്മരാശിയുടെ നാഥനായ ബുധൻ ഭാഗ്യനാഥനായ ശനിക്കൊപ്പം നിൽക്കുകയായാൽ നല്ല കാര്യങ്ങളും അപ്രതീക്ഷിത നേട്ടങ്ങളും വന്നെത്താം. കഴിവിലധികമായിട്ടുള്ള ശുഭഫലങ്ങളും വന്നുചേരാം. രണ്ടാം വാരത്തിനുശേഷം ശുക്രൻ പതിനൊന്നിൽ വരുന്നു. ഭോഗസിദ്ധി, ധനവർദ്ധനവ്, ദേഹസൗഖ്യം, അംഗീകാരം എന്നിവ തൽഫലങ്ങൾ. എന്നാൽ ബുധന് നീചം സംഭവിക്കുന്നതിനാൽ ആത്മവിശ്വാസം കുറയാനും തെറ്റായ നിഗമനങ്ങളിൽ എത്തിപ്പെടുവാനും സാധ്യതയുണ്ട്.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം): രണ്ടാം ഭാവനാഥനായ സൂര്യന് അഷ്ടമഭാവസ്ഥിതി വരികയാൽ പണച്ചെലവ് ഏറും. നേത്ര രോഗം, കാഴ്ചശക്തിക്കുറവ് ഇവ സാധ്യതകൾ. മാസത്തിന്റെ രണ്ടാം പകുതിയിൽ സഹായ സ്ഥാനാധിപനായ ബുധൻ നീചനാകുന്നതിനാൽ കിട്ടിവന്നിരുന്ന പിന്തുണ പിൻവലിക്കപ്പെടാം. ശുക്രൻ പത്തിലേക്ക് നീങ്ങുന്നതിനാൽ തൊഴിലിൽ ചെറിയ മാന്ദ്യം വന്നേക്കാം. ചൊവ്വ പന്ത്രണ്ടിൽ വരികയാൽ ദേഹസൗഖ്യക്കുറവ്, വ്യയാധികം, കലഹവാസന എന്നിവയും ചില സംഭവ്യതകളാണ്.