scorecardresearch
Latest News

2023 January Month Astrological Predictions: 2023 ജനുവരി മാസത്തിലെ നക്ഷത്രഫലം, അശ്വതി മുതല്‍ ആയില്യം വരെ

Astrological Predictions 2023 january month Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ 2023ലെ ജനുവരി മാസത്തിലെ നക്ഷത്ര ഫലം എപ്രകാരമാണെന്ന് നോക്കാം

horoscope, astrology, ie malayalam

Astrological Predictions 2023 january month Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: ഇംഗ്ലീഷ് വർഷത്തിലെ പ്രഥമ മാസമാണ് ജനുവരി. കേരളീയ രീതി അനുസരിച്ച് ജനുവരി 14 വരെ ധനുമാസവും തുടർന്ന് മകരമാസവും ആകുന്നു. ഭാരതീയ കാലഗണനപ്രകാരം പൗഷം , മാഘം എന്നീ മാസങ്ങളുടെ കലർപ്പുമാണ് ജനുവരി. 14-ാം തീയതി ദക്ഷിണായനം തീരുകയാണ്. 15-ാം തീയതി മുതൽ അടുത്ത ആറ് മാസം ഉത്തരായന കാലവുമാണ്. ഋതുക്കളിൽ ജനുവരി മുഴുവൻ ഹേമന്ത ഋതുവിൽ വരുന്നു.

ജനുവരി ഒന്നിന് ഒന്നാം ആഴ്ചയായ ഞായറും ഒന്നാം നക്ഷത്രമായ അശ്വതിയും കൂടിയാണ്. അതും അപൂർവമായ ഒരു സംഗമമാണ്. സൂര്യൻ ജനുവരി 14 വരെ ധനു രാശിയിലും തുടർന്ന് മകരം രാശിയിലും സഞ്ചരിക്കുന്നു. ചന്ദ്രൻ അശ്വതിയിൽ യാത്ര തുടങ്ങുന്നു; ജനുവരി 31 ആകുമ്പോൾ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി രോഹിണിയിലെത്തുന്നു. മകരത്തിലാണ് തുടക്കത്തിൽ ശുക്രൻ, മൂന്നാം ആഴ്ച കഴിയുമ്പോൾ കുംഭത്തിലാണ്.

ബുധൻ ധനുവിലാണ് , പൂർണമായും. കുജൻ ഇടവത്തിൽ തുടരുന്നു. മാസം പകുതി വക്രത്തിൽ, പിന്നെ നേർഗതിയിലും. വ്യാഴം മീനം രാശിയിൽ തന്നെയാണ്. ജനുവരി 17 രാത്രി വരെ ശനി മകരത്തിൽ, പിന്നീട് കുംഭം രാശിയിലും. ഈ മാസത്തെ ഏറ്റവും സുപ്രധാനമായ ഗ്രഹമാറ്റം ശനിയുടെ പകർച്ച തന്നെയാണ്. രാഹുകേതുക്കൾ യഥാക്രമം മേടം- തുലാം രാശികളിൽ തുടരുകയുമാണ്.

അശ്വതി: കഠിനകാലം കഴിയുകയാണ്. തൊഴിൽ ദുരിതങ്ങളും കർമ്മഭ്രംശങ്ങളും അവസാനിക്കുന്നു. സ്വന്തം തീരുമാനങ്ങളും നിലപാടുകളും മറ്റുള്ളവരുടെ അംഗീകാരം നേടും. ഭാഗ്യദേവത പടിവാതിൽക്കലെത്തി. ഉദ്യോഗസ്ഥർക്ക് വീട്ടിനടുത്തേക്ക് മാറ്റം കിട്ടും. അലച്ചിൽ കുറയും. കടം തീർക്കാനുള്ള ശ്രമം വിജയിക്കും. വൃദ്ധജനങ്ങളുടെ അംഗീകാരവും അനുഗ്രഹവും ലഭിക്കും. വിദ്യാർത്ഥികൾ പഠിപ്പിൽ മികവ് പുലർത്തും. എന്നാൽ യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തടസ്സം തുടർന്നേക്കും.

ഭരണി: രോഗ ദുരിതങ്ങൾ വിട്ടകലും. കിടപ്പ് രോഗികൾക്ക് സമാശ്വാസം കൈവരും. സാമ്പത്തികബാധ്യത പരിഹരിക്കാൻ വഴി തെളിയും. കുടുംബത്തെ പിരിഞ്ഞവർക്ക് ഒത്തുചേരാനാവും. സാങ്കേതികരംഗത്ത് സ്വയം പ്രതിഭാവിലാസം തെളിയിക്കും. ജന്മരാഹുവിനെ അവഗണിക്കരുത്. പ്രാർത്ഥനകൾ മുടക്കാൻ പാടില്ല. ബന്ധുക്കളുടെ പിന്തുണ ശക്തി പകരും. സൗഹൃദങ്ങൾ മനസ്സന്തോഷത്തിന് കാരണമാകും.

കാർത്തിക: കൊടുക്കൽ വാങ്ങലുകളിൽ കൃത്യത വേണം. പ്രമാണപത്രങ്ങളും ഉടമ്പടികളും വായിച്ചു നോക്കി വേണം ഒപ്പിടാൻ. യാത്രകൾ അലച്ചിലുകൾക്ക് വഴിവെച്ചേക്കാം. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് തടസ്സങ്ങൾ വന്നു ചേരാം. ഈശ്വരകാര്യങ്ങൾ ഭംഗിയായി നിറവേറ്റപ്പെടുന്നതായിരിക്കും. ഉപാസനകൾക്ക് മുടക്കം വരില്ല. ആരോഗ്യപരിശോധനകളിൽ അലംഭാവമരുത്. മാസത്തിന്റെ ആദ്യ പകുതിയിൽ ഇടവക്കൂറുകാർക്കും രണ്ടാം പകുതിയിൽ മേടക്കൂറുകാർക്കും ഗുണം കൂടും.

രോഹിണി: കർമ്മഗുണം അല്പമൊന്ന് മങ്ങുന്ന കാലമാണ്. മത്സരങ്ങളിൽ വിജയിക്കും. ഊഹക്കച്ചവടത്തിൽ ചെറിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം. മക്കളുടെ കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധ വേണം. വലിയ കാര്യങ്ങൾ തുടങ്ങുന്നതിൽ കാണിക്കുന്ന ഉത്സാഹം തുടർന്ന് ഉണ്ടാവണമെന്നില്ല. വിദേശജീവിതം കൊണ്ട് നേട്ടങ്ങൾ വന്നുചേരും. കലാപരമായ സിദ്ധികളുള്ളവർ അവ പ്രദർശിപ്പിച്ച് അന്യരുടെ പ്രശംസ നേടും.

മകയിരം: ധനക്ലേശം കുറയും. കടബാധ്യതകൾ നീങ്ങിത്തുടങ്ങും. സന്താനങ്ങളുടെ ശ്രേയസ്സ് ആഹ്ളാദിപ്പിക്കും. അന്യായമായ കാര്യങ്ങളിൽ ശക്തമായ പ്രതികരണം നടത്തും. ആരോഗ്യത്തിൽ അജാഗ്രതയരുത്. സഹോദരരുമായി ഒത്തിണങ്ങി പ്രവർത്തിക്കേണ്ട സാഹചര്യം സംജാതമാകും. ഭൗതികമായ ആഗ്രഹങ്ങൾ വർദ്ധിക്കും. ആഢംബര വസ്തുക്കൾ വാങ്ങും. അശനശയന സുഖവും ഫലം.

തിരുവാതിര: വിഷമപ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ സാധിക്കും. മുൻകൂട്ടി തീരുമാനിച്ച ചില കാര്യങ്ങൾ തടസ്സപ്പെടാം. ബന്ധു വിരോധത്തിന് പാത്രമാകും. മാസത്തിന്റെ രണ്ടാം പകുതിയിൽ അധികാരികളുടെ അപ്രീതിക്ക് പാത്രമാകും. രാഷ്ട്രീയത്തിൽ ചില കല്ലുകടികൾ ഉണ്ടായേക്കാം. കുടുംബസമേതം വിനോദയാത്ര ചെയ്യും. ആവർത്തിക്കുന്ന ദു:സ്വപ്നങ്ങൾ ഉറക്കം കെടുത്താം.

പുണർതം: ‘പുനർവസു ‘ എന്നാണ് ഇതിന്റെ സംസ്കൃത നാമം. ഒരിക്കൽ നഷ്ടപ്പെട്ടവ പിന്നീട് കൈവശം വന്നുചേരും എന്നത് ഈ നാളുകാരുടെ ജീവിതാനുഭവമാണ്. യുക്തിപൂർവ്വമുള്ള പെരുമാറ്റം സമ്മിശ്രമായ പ്രതികരണമുണ്ടാക്കും . സഹപ്രവർത്തകരുടെ വീഴ്ചകൾക്ക് ഉത്തരം പറയേണ്ടിവരാം. ഗൃഹനിർമ്മാണം പൂർത്തിയാവും. വിരുന്നുകളിലും ആഘോഷങ്ങളിലും പങ്കെടുക്കും. ഭോഗ സിദ്ധി, ധനധാന്യസമൃദ്ധി, മത്സര വിജയം തുടങ്ങിയവ അഷ്ടമ ശുക്രൻ നൽകുന്ന അനുഭവങ്ങളായി കണക്കാക്കാം.

പൂയം: ‘പുഷ്യം’ എന്നാണ് സംസ്കൃത നാമം. നക്ഷത്രദേവതയായ ബൃഹസ്പതി ഭാഗ്യഭാവത്തിൽ തുടരുന്നു. പലതരം ഭാഗ്യാനുഭവങ്ങൾ വന്നുചേരും. കുടുംബസൗഖ്യം പ്രതീക്ഷിക്കാം. സ്വന്തം തൊഴിലിൽ ഉയർച്ചയുണ്ടാകും. കൃഷിയിൽ നേട്ടം വന്നെത്തും. പ്രണയകലഹങ്ങൾ അകലും.
കലാമത്സരങ്ങളിൽ വിജയിക്കും. പുതിയ സൗഹൃദങ്ങളുണ്ടാവും. പൊതുരംഗത്ത് വിവേകപൂർവം ഇടപെടേണ്ട കാലമാണ്.

ആയില്യം: കർക്കടകക്കൂറിന്റെ നാഥനായ ചന്ദ്രൻ വെളുത്തപക്ഷത്തിൽ സഞ്ചരിക്കുകയാൽ മാസാദ്യം മനപ്രസാദം ഭവിക്കും. മാതാവിന്റെ ആരോഗ്യസ്ഥിതി പുഷ്ടിപ്പെടും. ശത്രുക്കളെ മനസ്ഥൈര്യത്തോടെ നേരിടും. വിരുന്നുകളിൽ പങ്കെടുക്കും. എന്നാൽ വ്യാപാര യാത്രകൾ ഫലവത്തായി ക്കൊള്ളണമെന്നില്ല. കർമ്മരംഗത്ത് നവീകരണം നടത്താനുള്ള പദ്ധതി നീട്ടിവെക്കുന്നതാവും ഉചിതം. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കും. താരതമ്യേന മാസത്തിന്റെ ആദ്യപകുതിക്കാവും നേട്ടം കൂടുതൽ. വീട്ടിലെ വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: 2023 january month astrological predictions for aswathi bharani karthika rohini makayiram thiruvathira punartham pooyam ayiylam stars