scorecardresearch

2022 സെപറ്റംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം

അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെയും സെപ്റ്റംബർ മാസത്തെ പ്രധാന ഫലങ്ങൾ നിരീക്ഷിക്കാം

2022 സെപറ്റംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം

സൂര്യൻ ചിങ്ങത്തിലും കന്നിയിലുമായി സഞ്ചരിക്കുന്നു. വ്യാഴം മീനത്തിലും ശനി മകരത്തിലുമാണ് — ഇരുഗ്രഹങ്ങളും വക്രഗതിയിലുമാണ്. രാഹു മേടത്തിൽ; കേതു തുലാത്തിൽ– അതിന് മാറ്റമില്ല. ബുധൻ ഉച്ചരാശിയായ കന്നിയിലാണ്. ശുക്രൻ ചിങ്ങത്തിലും കന്നിയിലുമായി സഞ്ചരിക്കുന്നു. ചൊവ്വ ഇടവത്തിൽ തുടരുകയുമാണ്.

സെപ്റ്റംബർ ഒന്നിന് ചന്ദ്രൻ ചോതി നാളിൽ നിൽക്കുന്നു. മുപ്പതിന് ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി അനിഴത്തിലും സഞ്ചരിക്കുന്നു. ഇതാണ് സെപ്റ്റംബറിലെ ഗ്രഹസ്ഥിതി. ഇവയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെയും സെപ്റ്റംബർ മാസത്തെ പ്രധാന ഫലങ്ങൾ നിരീക്ഷിക്കാം.

അശ്വതി: ആത്മശക്തി വർദ്ധിക്കും. മടിച്ച് മാറ്റിവെച്ചിരിക്കുന്ന കാര്യങ്ങൾ സധൈര്യം നടപ്പിലാക്കും. മക്കളുടെ നേട്ടങ്ങൾ സന്തോഷമുണ്ടാക്കും. അകൽച്ച പാലിച്ചവർ അടുക്കും. ബന്ധുക്കളുടെ നിസ്സഹകരണം അവസാനിക്കും. എതിരാളികളെ കടുത്ത ഭാഷയിൽ ഭർത്സിക്കും. ധനപരമായി നേട്ടങ്ങളുണ്ടാകുമെങ്കിലും തീർത്ഥാടനം, പഠനകാര്യം, സൽക്കർമ്മങ്ങൾ, പിതാവിന്റെ രോഗചികിത്സയ്ക്ക് എന്നിങ്ങനെ വിവിധ കാര്യങ്ങൾക്കായി ചെലവും കൂടും.

ഭരണി: പുതുമയുള്ള കാര്യങ്ങൾ ആകർഷിക്കും. ആഢംബരത്തിന് പണം ചെലവഴിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയം നേടും. പിതാവിന്റെ ആരോഗ്യനില തൃപ്തികരമായിരിക്കും. വിവാഹാലോചനകളിൽ തീരുമാനം നീളാം. ഊഹക്കച്ചവടത്തിൽ നിന്നും നേട്ടങ്ങൾ വർദ്ധിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. നല്ല വാർത്തകൾ തേടിയെത്തും.

കാർത്തിക: ചിട്ടി, വായ്പ ഇവയിലൂടെ ധനം വന്നുചേരും. സാഹസകർമ്മങ്ങളിൽ താല്പര്യമേറും. മത്സരങ്ങളിൽ വിജയിക്കും. തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ്. ഗൃഹത്തിലെ അനൈക്യത്തെ തന്ത്രപരമായി പരിഹരിക്കും. വൈദ്യപരിശോധനകൾ നടത്താൻ മടിക്കരുത്. ഉദരരോഗം അലട്ടാം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ ചുമതലകൾ വന്നുചേരുന്നതായിരിക്കും.

രോഹിണി: ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കും. പാരമ്പര്യസ്വത്ത് അനുഭവത്തിൽ വരും. ഗൃഹനിർമ്മാണം പുരോഗമിക്കും. കിഴക്ക്ദിക്കിലേക്ക് യാത്ര നടത്തും. ബൗദ്ധിക പ്രവർത്തനങ്ങൾ അംഗീകാരം നേടും. പ്രൊഫഷണലുകൾക്ക് തൊഴിലിൽ മുന്നേറാനാവും. പ്രേമകാര്യങ്ങളിൽ സന്തോഷം ഉണ്ടാവും. ദമ്പതികൾക്കിടയിലെ ബന്ധം ഊഷ്മളമാകും. എതിർപ്പുകളിൽ മനസ്സ് വിഷാദിച്ചേക്കാം.

മകയിരം: ബന്ധുക്കളിൽ നിന്നും പിന്തുണ ലഭിക്കും. കമിതാക്കൾക്കിടയിലെ വിരഹം അവസാനിക്കും. ആരോഗ്യപരമായി ആശ്വാസം കിട്ടും. ലക്ഷ്യമില്ലാത്ത യാത്രകൾ ധനവും സമയവും അപഹരിച്ചേക്കും. പുതുസംരംഭങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും. ഉദ്യോഗാർത്ഥികൾക്ക് കരാർ പണികൾ, ഏജൻസികൾ, സ്വകാര്യ സ്ഥാപനങ്ങൾക്കും എന്നിവയിൽ നിയമനം കിട്ടും. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയരും. ധനസ്ഥിതി മോശമാവില്ല.

തിരുവാതിര: ഉയർന്നപദവികൾ വന്നുചേരും. കർമ്മരംഗം ഉന്മേഷഭരിതമാകും. ആരോഗ്യപരമായി കാലം നന്നല്ല. വാഹനം, അഗ്നി, യന്ത്രം എന്നിവ ഏറെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. കിടപ്പുരോഗികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. വിവാഹാലോചനകളിൽ പുരോഗതിയുണ്ടാവില്ല. കടം വാങ്ങാൻ പ്രവണതയേറും. ക്ഷേത്രാടനയോഗമുണ്ട്. കലാപ്രവർത്തനം ആദരിക്കപ്പെടും.

പുണർതം: തൊഴിലിൽ അഭ്യുദയം പ്രതീക്ഷിക്കാം. സർക്കാർ കാര്യങ്ങളിൽ വിജയമുണ്ടാകും. അധികാരികളുടെയും രാഷ്ട്രീയക്കാരുടേയും പിന്തുണ ലഭിക്കും. പങ്കാളിത്ത സംരംഭങ്ങളിൽ പുതിയ കരാറുകൾ എഴുതിച്ചേർക്കും. ഗൃഹവാഹനാദികൾ വാങ്ങാനുള്ള ശ്രമം വിജയിക്കും.
വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അല്പം കാലം കൂടി കാത്തിരിപ്പ് തുടരേണ്ടതായി വരും. ആരോഗ്യസ്ഥിതി സമ്മിശ്രമായിരിക്കും. ചെലവുകളിൽ നിയന്ത്രണം പുലർത്തേണ്ടതുണ്ട്.

പൂയം: ആജ്ഞാശക്തി വർദ്ധിക്കും. സ്ഥാപനങ്ങളുടെ തലപ്പത്തെത്തും. എതിർപ്പുകളെ നിഷ്പ്രഭമാക്കി മുന്നേറും. പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കും. പ്രേമകാര്യങ്ങളിൽ തിരിച്ചടികൾ വരാം. ഗാർഹികരംഗത്ത് അശാന്തികൾ ഉയരാനിടയുണ്ട്. കൃഷി, കച്ചവടം ഇവയിൽ നിന്നും വരവേറും. ധർമ്മപ്രവൃത്തികൾ ചെയ്യും. വയോജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കും.

ആയില്യം: വിശ്വസ്തരായ സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരും. ഉദ്യോഗാർത്ഥികൾക്ക് ശുഭവാർത്ത കേൾക്കാനാവും. പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ദൂരയാത്രകൾ ഒഴിവാക്കുന്നതാവും ഉചിതം. വിനോദപരിപാടികളിൽ സംഘടിപ്പിക്കുകയോ അവയിൽ പങ്കെടുക്കുകയോ ചെയ്യും. സന്താനങ്ങളുടെ ശ്രേയസ്സ് മനസ്സ് നിറയ്ക്കും. ഭൂമിയിൽ നിന്നും ആദായമുണ്ടാകും.

മകം: സൂര്യൻ ജന്മരാശിയിലൂടെ കടന്നുപോകുന്നതിനാൽ ആയാസം, വിഭവനാശം മുതലായവ സംഭവിക്കാം. ഉഷ്ണരോഗങ്ങൾ വിഷമിപ്പിക്കാം. ഉപാസനകളിൽ തടസ്സം വരാം. എന്നാൽ ഉച്ചനായ ബുധൻ പഠിപ്പിലും വിജ്ഞാനമേഖലയിലും ഉറച്ച ചുവടുവെപ്പുകൾക്ക് കാരണമാകും. മറഞ്ഞിരിക്കുന്ന പ്രതികൂലതകളെ സധൈര്യം നേരിടും. പിൻതുണ അറിയിച്ചവർ ചിലപ്പോൾ പിൻവലിയാനിടയുണ്ട്. ഭോഗസിദ്ധി, ധനകാര്യങ്ങളിൽ സമ്മിശ്രത എന്നിവയും പ്രതീക്ഷിക്കാം. ആസൂത്രണം ചെയ്ത പദ്ധതികൾ പ്രാവർത്തികമാക്കിത്തുടങ്ങും.

പൂരം: എതിർപ്പുകളെ തട്ടിത്തകർത്ത് മുന്നേറും. ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കാം. സാങ്കേതിക വിഷയങ്ങളിൽ പഠനം മുന്നേറും. കച്ചവടത്തിൽ ലാഭമുണ്ടാകും. മത്സരങ്ങളിൽ ജയിച്ചുകേറും. സഹോദരാനുകൂല്യം കുറയാം. സൽക്കർമ്മങ്ങൾക്കും ദൈവകാര്യങ്ങൾക്കും വിഘ്നം വന്നേക്കാം. ചികിത്സകൾ ശരിയാംവണ്ണം ഫലിച്ചെന്നു വരുന്നതല്ല.

ഉത്രം: ശ്രോതാക്കളെ വാക്കുകൊണ്ട് വിസ്മയിപ്പിക്കും. ഗണിതം, ബാങ്കിംഗ്, എഞ്ചിനിയറിംഗ്, അദ്ധ്യാപനം, അഭിഭാഷകവൃത്തി എന്നിവയുമായി ബന്ധപ്പെട്ടവർക്ക് സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ്, സൽപ്പേര് എന്നിവയുണ്ടാവും. സകുടുംബം വിനോദയാത്ര നടത്തും. ഭൂമി വാങ്ങാനോ വിൽക്കാനോ ഉള്ള ശ്രമം വിജയിച്ചു കൊള്ളണമെന്നില്ല. തെറ്റിദ്ധാരണകൾ ദാമ്പത്യബന്ധത്തെ അശാന്തമാക്കാം. കിടപ്പു രോഗികളുടെ ചികിത്സയിൽ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. സന്താനങ്ങളുടെ വിവാഹക്കാര്യത്തിൽ തീരുമാനം നീണ്ടുപോയേക്കാം. ഊഹക്കച്ചവടത്തിൽ നേട്ടം കുറയും.

അത്തം: സുഖസൗകര്യങ്ങൾക്ക് കുറവ് വരാം. കൂറിന്റെ അധിപനായ ബുധൻ ഉച്ചരാശിയിലാകയാൽ ആത്മശക്തി വർദ്ധിക്കും. പ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് ഉയർത്തപ്പെടാം. ആരോഗ്യഹാനി, ആലസ്യം, സാമ്പത്തികശോച്യത എന്നിവ അലട്ടും. സന്താനങ്ങളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉയർന്നേക്കും. സ്വയംതൊഴിൽ, ഏജൻസികൾ, കരാർ ജോലികൾ, ദിവസവേതനം എന്നിവയുമായി ബന്ധപ്പെട്ടവർക്ക് തൊഴിൽപരമായി മെച്ചപ്പെട്ട കാലമാണ്. കുടുംബയോഗങ്ങളിൽ പ്രസംഗിച്ച് കൈയ്യടി നേടും. വയോജനങ്ങൾക്ക് ആശ്വാസമാകുന്ന പ്രവൃത്തികൾ ചെയ്യും.

ചിത്തിര: പ്രശ്നങ്ങളും പ്രതിസന്ധികളും കൂടുതൽ കരുത്തേകും. ശനി, ഗുരു എന്നീ ഗ്രഹങ്ങളുടെ വക്രഗതി മൂലം മുൻപെടുത്ത ചില നിലപാടുകളിൽ നിന്നും പിറകോട്ട് പോകും. കരാർ പണികൾ ആദായകരമാവും. ചെലവ് ചുരുക്കാനുള്ള ശ്രമങ്ങൾ വിജയിക്കണമെന്നില്ല. മുഖരോഗങ്ങൾ (ഇ.എൻ.ടി) വലച്ചെന്നുവരാം. ഭൂമിയുടെ ക്രയവിക്രയം ഒരുവിധം നടന്നുകിട്ടും. ബന്ധുക്കൾ പിണക്കം അവസാനിപ്പിക്കും. അനുരാഗികൾക്കിടയിൽ ഹൃദയബന്ധം ദുർബലമാവും. ജീവിതശൈലീരോഗങ്ങൾ കണ്ണുരുട്ടിക്കാണിക്കും.

ചോതി: സ്ഥാപനങ്ങളിലെ മൂപ്പിളമ തർക്കങ്ങളിൽ അനുകൂലവിധിയുണ്ടാവും. തൊഴിലിടത്തിൽ പുതിയ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കും. രാഷ്ട്രീയ പ്രവർത്തകർ തങ്ങൾക്ക് നേരെയുയർന്ന ആരോപണങ്ങളുടെ മുനയൊടിക്കും. ദാമ്പത്യജീവിതത്തിൽ കയ്പുരസം കുടിക്കേണ്ടതായി വരും. ഗൃഹനിർമ്മാണം മന്ദഗതിയിലാകും. മനസ്സിന് അനിഷ്ടം തോന്നുന്നവരുമായി ചങ്ങാത്തത്തിലാവേണ്ട സാഹചര്യങ്ങൾ ഉദിക്കാം. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിച്ചേക്കും. യാത്രാക്ലേശം ഉണ്ടാവാം. മാതാവിന്റെ ആരോഗ്യനിലയിൽ പുരോഗതി വരും.

വിശാഖം: തൊഴിൽമേഖല വിപുലീകരിക്കും. സർക്കാരിൽ നിന്നോ ബാങ്കിൽ നിന്നോ ധനസഹായം ലഭിക്കും. കടം വാങ്ങി കടം വീട്ടുന്ന പ്രവണതയെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. രോഗാതുരന്മാർക്ക് കാലം നന്നല്ല. ആരോഗ്യപരിശോധനകൾ മുടക്കരുത്. രാഹു- കേതുക്കളുടെ സ്ഥിതി മൂലം കുടുംബ പ്രശ്നങ്ങൾ ഉണ്ടാവാം. ദീർഘയാത്രകൾ പിന്നീടത്തേക്കാക്കുന്നതാവാം ഉചിതം. സന്താനങ്ങളുടെ ജോലിക്കാര്യത്തിലെ അനിശ്ചിതത്വത്തിന് വിരാമമാവും.

അനിഴം: സംരംഭങ്ങളിൽ വെന്നിക്കൊടി പാറിക്കും. ഉറച്ച നിലപാടുകൾ പ്രശംസ പിടിച്ചു പറ്റും. പിതൃധനം അധീനതയിലാവും. പൊതുപ്രവർത്തകർക്ക് ജനപിന്തുണ വർദ്ധിക്കും. മക്കളില്ലാത്തവർക്ക് ശുഭവാർത്ത കേൾക്കാനാവും. യുക്തമായ തീരുമാനം ജീവിതപങ്കാളിയുടെ ഉപദേശ പ്രകാരം കൈക്കൊള്ളും. കലാപരമായ സിദ്ധികൾ പ്രസിദ്ധിനേടും. രോഗാവസ്ഥക്ക് കുറവ് വരുന്നതാണ്.

തൃക്കേട്ട: കർക്കശമായ നീതിബോധം ചിലപ്പോൾ എതിർപ്പുകളെ ക്ഷണിച്ചുവരുത്താം. ദൂരദിക്കുകളിൽ നിന്നും നാട്ടിലേക്ക് ജോലി മാറ്റം ഉണ്ടാവും. വിദേശത്ത് പഠനത്തിന് പോകാൻ ഒരുങ്ങുന്നവർക്ക് ശുഭവാർത്ത കിട്ടും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾ മാറ്റിവെക്കാനിടയുണ്ട്. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. സഹോദരരുമായി ആശയപരമായ വിയോജിപ്പുകൾ ഉയരാം. കരാർ ജോലികൾ പുതുക്കിക്കിട്ടും. കായിക രംഗത്തുള്ളവർക്ക് വിദഗ്ദ്ധ പരിശീലനത്തിന് അവസരം വന്നുചേരും. കലാരംഗത്തുമുള്ളവർ പ്രശംസയേറ്റു വാങ്ങും.

മൂലം: ഗൃഹനിർമ്മാണം പതുക്കെയാവും. ധനപരമായി ഞെരുക്കം വരാം. ബന്ധുക്കളുടെ സഹായം ലഭിക്കാൻ വൈകും. പിതാവിന്റെ ആരോഗ്യനില മെച്ചപ്പെടും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ പ്രീതി ഭവിക്കും. കുളി,ഭക്ഷണം, ഉറക്കം ഇവയ്ക്ക് നേരനീക്കം വരാം. കള്ളം പറയേണ്ട സാഹചര്യങ്ങൾ ഉണ്ടാവാം. ഗണിതം, എഞ്ചിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും.

പൂരാടം: മനസ്സന്തോഷം വരാനുള്ള സാഹചര്യങ്ങൾ വന്നുചേരും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഗൃഹം നവീകരിക്കും. വ്യവസായത്തിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരും. അനുകൂല സാമൂഹിക ചുറ്റുപാടുകൾ ഉണ്ടാവും. ഊഹക്കച്ചവടത്തിൽ നിന്നും ധനം ലഭിക്കും. പ്രതിബന്ധങ്ങളെ നേരിട്ട് വിജയം കാണും. ആരോഗ്യപരമായ സന്തുലനം നിലനിർത്തും.

ഉത്രാടം: ജന്മശനിക്കാലമെന്നതിനാൽ പ്രവർത്തന മാന്ദ്യം ഭവിക്കാം. പ്രകോപനങ്ങളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. സുഹൃത്തുക്കളുടെ അത്മാർത്ഥ സഹകരണം ലഭിക്കും. വിചാരിച്ച ന്യായമായ കാര്യങ്ങൾ അവസാനനിമിഷത്തിൽ നിറവേറും. വാഹനം, അഗ്നി, യന്ത്രം എന്നിവ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. മതകർമ്മങ്ങൾ അനുഷ്ഠിക്കും. വിദ്വജ്ജനങ്ങളുടെ അംഗീകാരം ലഭിക്കും. വിദ്യാർത്ഥികൾ ഉയർന്ന വിജയം കരസ്ഥമാക്കും. ധനപരമായി തരക്കേടില്ലാത്ത സമയമാണ്.

തിരുവോണം: സംഘടനാമികവ് സമാദരിക്കപ്പെടും. ഗണിതവൈഭവം പ്രശംസ നേടും. ആരംഭിച്ച പദ്ധതികളിൽ ചിലത് വേണ്ടെന്നുവെക്കും. തർക്കങ്ങളിൽ വിവേകപൂർവ്വമായ നിലപാടെടുക്കും. വിദേശത്തുള്ളവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനാവും. ദാമ്പത്യ ജീവിതപ്രശ്നങ്ങൾ രമ്യമായി പരിഹൃതമാവും. നിക്ഷേപങ്ങളിൽ ആദായം ഉയരും. വൈദ്യപരിശോധനകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.

അവിട്ടം: ജീവിതം പുരോഗതിയിലാണെന്ന് വിലയിരുത്തലിലൂടെ സ്വയം മനസ്സിലാക്കും. പുതിയ വാഹനം വാങ്ങാൻ വായ്പക്ക് അപേക്ഷിക്കും. പ്രൊഫഷണലുകൾ കിടമത്സരങ്ങളെ നേരിടും. പ്രണയത്തിൽ കാറും കോളുമടങ്ങി, അന്തരീക്ഷം സ്വച്ഛമാകും. വ്യവഹാരങ്ങളിൽ ഉചിതമായ നിയമോപദേശം ലഭിക്കും. സന്താനങ്ങളുടെ ശ്രേയസ്സിനായി ജീവിതപങ്കാളിയുമായി ചേർന്ന് പ്രാർത്ഥനകൾ നടത്തും. ജീവിത ശൈലീ രോഗങ്ങൾ ഉപദ്രവിക്കാം. വയോജനങ്ങളെ പരിചരിക്കാൻ സമയം നീക്കിവെക്കും.

ചതയം: കടം വാങ്ങുന്ന പ്രവണതയെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. നല്ല വാക്കുകൾ പറഞ്ഞ് സദസ്സിൽ ശോഭിക്കും. ബന്ധുക്കളുടെ വിയോജിപ്പ് മനപ്രയാസത്തിന് കാരണമാകാം. വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പുകൾ ലഭിക്കാൻ സാധ്യത കാണുന്നു. തൊഴിൽ തേടുന്നവർ
പ്രതീക്ഷ പുലർത്തും. സാഹസങ്ങൾക്ക് മുതിരാതിരിക്കുന്നതാവും നല്ലത്. ഗൃഹത്തിലെ വൃദ്ധജനങ്ങളുടെ രോഗചികിത്സക്കായി പണച്ചെലവ് വന്നുചേരും. അശനശയനസൗഖ്യക്കുറവും അനുഭവപ്പെടാം.

പൂരുട്ടാതി: ക്ഷമയും സഹിഷ്ണുതയും വിജയത്തിന്റെ പടികളാണെന്ന് അനുഭവം കൊണ്ടറിയും. ഉപേക്ഷിച്ച ചില പരിചയങ്ങൾ പുതുക്കാൻ മുതിരും. വിദ്യാർത്ഥികൾക്ക് ഉത്കർഷമുള്ള സമയമാണ്. യുവജനങ്ങളുടെ വിവാഹാലോചനകൾ സഫലമാവാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടതായുണ്ട്. വിദേശത്ത് പോകാനുള്ള അനുമതി നീണ്ടുപോയേക്കാം. കുടുംബപരമായി സമ്മിശ്രമായ അനുഭവങ്ങൾ വന്നെത്തും. ഊഹക്കച്ചവടത്തിൽ ചെറിയ നേട്ടങ്ങൾ വരുന്നതായിരിക്കും. കരാറുകൾ പുതുക്കപ്പെടും.

ഉത്രട്ടാതി: പ്രതിസന്ധികളിൽ പ്രത്യുല്പന്നമതിത്വം പുറത്തെടുക്കും. പുതിയ പദ്ധതികളിൽ മുതലിറക്കുന്നത് സൂക്ഷിച്ചുവേണം. ക്രയവിക്രയങ്ങളിൽ ചതി പറ്റാനിടയുണ്ട്. ഒപ്പമുള്ളവരുടെ ഉപജാപങ്ങളെ തിരിച്ചറിയും. ദാമ്പത്യത്തിൽ സ്നേഹബന്ധം ദൃഢമാകും. ഗൃഹം നവീകരിക്കാൻ കടം വാങ്ങും. കലാപ്രവർത്തനത്തിൽ തടസ്സങ്ങളുണ്ടാവാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വിനോദ യാത്രകൾക്ക് സമയം കണ്ടെത്തും.

രേവതി: പാരമ്പര്യസ്വത്ത് അധീനത്തിലാവും. പ്രണയം സഫലമാവും. അവിവാഹിതർക്ക് മാലയോഗമുണ്ട്. മൂന്നിലെ ചൊവ്വ മൂലം സഹോദരക്ലേശം ഭവിക്കാം. ഉദ്യോഗസ്ഥർക്ക് അധികാരപരിധി ഉയരും. പഠന കാര്യങ്ങളിൽ വിജയമുണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ധനം ആവശ്യത്തിന് കൈവരുമെങ്കിലും നീക്കിയിരുപ്പൊന്നും ഉണ്ടാവില്ല. എട്ടിലെ കേതു ആരോഗ്യസ്ഥിതിയെ ദുർബലമാക്കാം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: 2022 september month star predictions aswathy to revathi

Best of Express