ഇന്ത്യക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ചായ. രാവിലെ ചായയോ കാപ്പിയോ കുടിക്കാത്ത ഒരു ദിവസം പലർക്കും ചിന്തിക്കാനാവില്ല. ദിവസത്തിന്റെ ഏതു സമയത്തും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. വൈകുന്നേരത്തെ ചായക്കൊപ്പമുള്ള ലഘുഭക്ഷണം പലർക്കും ഒഴിവാക്കാൻ കഴിയാത്തതാണ്.
ചായ പ്രേമികൾ ഏറെയുണ്ടെങ്കിലും ഇതിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ദഹനപ്രശ്നങ്ങളും മറ്റും ഒഴിവാക്കാൻ ചായയ്ക്കൊപ്പം ഇനി പറയുന്ന ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കരുത്.
ഗ്രീൻ വെജിറ്റബിൾസ്
ഇരുമ്പ് അടങ്ങിയ ഇലക്കറികളും മറ്റ് ഗ്രീൻ വെജിറ്റബിൾസും ചായയ്ക്കൊപ്പം ഒഴിവാക്കുന്നതാണ് നല്ലത്. ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ തടയാൻ കഴിയുന്ന ടാന്നിനും ഓക്സലേറ്റും ചായയിൽ അടങ്ങിയിരിക്കുന്നതിനാലാണിത്. ഗ്രീൻ വെജിറ്റബിൾസിൽനിന്നുള്ള ഇരുമ്പിന്റെ അംശം ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയാതെ വരും. പോഷക സാന്ദ്രമായ നട്സ് പോലും ചായയ്ക്കൊപ്പം കഴിക്കുന്നതിൽ നിന്ന് ഒഴിവാക്കണം.
ഫ്രൂട്ട് സലാഡ്
ചായ ചൂടുള്ളതും ശരീരത്തെ ഉള്ളിൽ നിന്ന് ചൂടാക്കുന്നതുമായതിനാൽ, തണുത്തതും അസംസ്കൃതവുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അതിനാൽ പഴങ്ങൾ, ഫ്രൂട്ട് സാലഡ്, അല്ലെങ്കിൽ ഫ്രൂട്ട് ക്രീം പോലുള്ള ഏതെങ്കിലും പഴം അടിസ്ഥാനമാക്കിയുള്ള ഡെസർട്ടുകൾ കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കഴിയുന്നത്ര അത് ഒഴിവാക്കുക. അതല്ലെങ്കിൽ ചായ കുടിച്ചു കഴിയുന്നതുവരെ കാത്തിരിക്കുക.
നാരങ്ങ നീര്
ശരീരഭാരം കുറയ്ക്കാനുള്ള പ്രതിവിധിയായിട്ടോ രുചി വർധിപ്പിക്കുന്നതിനോ ബ്ലാക്ക് ടീയിൽ നാരങ്ങ നീര് ചേർക്കാറുണ്ട്. ഇതിനെ ആരോഗ്യ വിദഗ്ധർ പിന്തുണക്കുന്നില്ല, കാരണം നാരങ്ങ നീര് അസിഡിറ്റി ഉള്ളതാണ്. ഇതിനർത്ഥം ചായയിൽ നാരങ്ങ നീര് ചേർക്കുന്നത് പാനീയത്തിന്റെ ആസിഡിന്റെ അളവ് വർധിപ്പിക്കും. ഇത് വയറുവേദന പോലുള്ള ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ആസിഡ് റിഫ്ലക്സ് അനുഭവപ്പെടുന്ന ആളുകൾ ചായയിൽ നാരങ്ങ നീര് ചേർക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
മഞ്ഞൾ
ചായയിൽ മഞ്ഞൾ ചേർക്കുന്നത് അല്ലെങ്കിൽ ചായയ്ക്കൊപ്പം മഞ്ഞൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ചായയിൽ ടാനിൻ അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് അസിഡിറ്റി അല്ലെങ്കിൽ മലബന്ധം പോലുള്ള ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് കാരണമാകും.
തൈര്
തൈര് തണുത്ത ഭക്ഷണമാണ്, അത് ചായയോടൊപ്പം ഒഴിവാക്കണം. ചായ ഒരു ചൂടുള്ള പാനീയമായതിനാൽ, തൈരോ മറ്റേതെങ്കിലും തണുത്ത ഉൽപ്പന്നമോ ആയിട്ട് സംയോജിപ്പിക്കുന്നത് നല്ല ആശയമല്ലെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.