ഓരോ ജീവനും വിലപ്പെട്ടതാണ്. ചെറിയൊരു അശ്രദ്ധ മൂലം ദിനം പ്രതി നിരവധി ജീവനുകളാണ് റോഡപകടങ്ങളിൽ നഷ്ടമാകുന്നത്. കേരളത്തിൽ മാത്രം കഴിഞ്ഞ വർഷം ഏകദേശം നാലായിരം പേരാണ് റോഡപകടങ്ങളെ തുടർന്ന് മരണമടഞ്ഞത്. ദൈനംദിന ജീവിതത്തിൽ റോഡപകടങ്ങൾ എത്രമാത്രം കൂടിയിട്ടുണ്ടെന്ന് ഈ കണക്കുകൾ കാണിക്കും. ഈ അവസരത്തിലാണ് ലോക ട്രോമ ദിനം പ്രാധാന്യമർഹിക്കുന്നത്. അപകടങ്ങളുടെ വർധിക്കുന്ന നിരക്കും, അവയെ തുടർന്നുണ്ടാകുന്ന മരണങ്ങളും, പരുക്കുകളും, അംഗവൈകല്യങ്ങളും അവ തടയേണ്ടതിന്റെ ആവശ്യകതയും ഈ ദിനം നാമോരുത്തരെയും ഓർമിപ്പിക്കുന്നു.
എല്ലാ വർഷവും ഒക്ടോബർ 17 നാണ് ലോക ട്രോമ ദിനമായി ആചരിക്കുന്നത്. 2011 ന് ഇന്ത്യയിലെ ന്യൂഡൽഹിയിൽ വച്ചാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. പിന്നീട് ലോക ട്രോമ ദിനമായി എല്ലാ രാജ്യങ്ങളും ആചരിച്ചു തുടങ്ങി. ലോക ട്രോമ ദിനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് തിരുവനന്തപുരം കിംസ്ഹെൽത്ത് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ആൻഡ് കോർഡിനേറ്റർ ഡോ.കെ.യു.ഷമീം.
”ദൈനംജീവിതത്തിൽ വാഹനാപകടങ്ങൾ ഒരുപാട് കൂടുന്നുണ്ട്. അതിനാൽ തന്നെ ഈ ദിനത്തിന് പ്രാധാന്യം ഏറെയാണ്. ഇന്ത്യയിൽ ഓരോ വർഷവും 20 മുതൽ 30 ദശലക്ഷം ആളുകളാണ് ട്രോമ അതായത് വാഹനാപകടങ്ങൾ മൂലം അത്യാഹിത വിഭാഗത്തിലെത്തിയതെന്ന് കഴിഞ്ഞ വർഷത്തെ കണക്കുകൾ കാണിക്കുന്നു. ഇതിൽ 3 മുതൽ 5 ദശലക്ഷം ആളുകൾ മരണത്തിന് കീഴടങ്ങി. ഇത്രയധികം ആളുകൾ അത്യാഹിത വിഭാഗത്തിൽ എത്തുന്നുണ്ടെന്ന കണക്കുകളിൽനിന്നുതന്നെ ട്രോമ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കാം. ലോകാരോഗ്യ സംഘടന പറയുന്നത്, 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ മരണകാരണമായി റോഡപകടങ്ങൾ മാറുമെന്നാണ്. നിലവിൽ 46 വയസിനു താഴെയുള്ളവരിലെ ഭൂരിഭാഗം മരണങ്ങളും ട്രോമ മൂലമാണ്. ഓരോ ദിവസവും 400-ലധികം ആളുകൾക്ക് ട്രോമയിൽ ജീവൻ നഷ്ടപ്പെടുന്നു. ഈ കണക്കുകൾ പേടിപ്പെടുത്തുന്നതാണ്. ട്രോമ മൂലമുള്ള മരണങ്ങളും വൈകല്യങ്ങളും എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണമാണ് ലോക ട്രോമ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്,” ഡോ.ഷമീം പറഞ്ഞു.
എന്താണ് ട്രോമ?
വാഹനാപകടങ്ങളെ മാത്രമാണ് ട്രോമ എന്നു പറയുന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിലുണ്ട്. റോഡപകടങ്ങൾ, വീഴ്ചകൾ, പൊള്ളൽ, വ്യാവസായിക അപകടങ്ങൾ, അക്രമത്തിലൂടെ ഒരാൾക്ക് പരുക്കേൽക്കുക തുടങ്ങി ട്രോമയുടെ കാരണങ്ങൾ വ്യത്യാസപ്പെടാം. വാഹനാപകടങ്ങളാണ് ട്രോമയുടെ ഒന്നാമത്തെ കാരണം. ഇരുചക്ര വാഹനങ്ങൾ മൂലമുണ്ടാകുന്ന വാഹനാപകടങ്ങളാണ് ഇതിൽ കൂടുതലും. രണ്ടാമത്തെ കാരണം നമ്മുടെ ചെറിയ തെറ്റുകളാണ്. ഉയരങ്ങളിൽനിന്നുള്ള വീഴ്ച, വീട്ടിലോ ബാത്റൂമിലോ തെന്നി വീഴുക ഇവയെല്ലാം ട്രോമ വിഭാഗത്തിൽ പെടുന്നു. മൂന്നാമത്തെ കാരണം കായിക മത്സരങ്ങൾക്കിടയിലെ പരുക്കുകളാണ്.
ട്രോമ എപ്പോഴും സംഭവിച്ചു കൊണ്ടേയിരിക്കും. ‘വാഹനാപകടം സംഭവിക്കുന്നതിനു മുൻപ് അതെങ്ങനെ തടയാമെന്നാണ് നാമോരുരുത്തരും ചിന്തിക്കേണ്ടത്. അതിനു പല ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. റോഡ് സേഫ്റ്റി വീക്കിലൂടെ ഇതിനെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്നുണ്ട്. ജനുവരി രണ്ടാം വാരമാണ് റോഡ് സേഫ്റ്റി വീക്കായി ആചരിക്കുന്നത്. ഏറ്റവും കൂടുതൽ റോഡപകങ്ങൾ ഉണ്ടാകുന്നത് അശ്രദ്ധ മൂലമാണ്. 10 കേസുകൾ എടുത്താൽ 6 മുതൽ 8 കേസുകളും അശ്രദ്ധ മൂലം സംഭവിക്കുന്നതാണ്. അത് തടയാവുന്നതുമാണ്. മത്സരയോട്ടമാണ് ഇതിന്റെ പ്രധാന കാരണമെന്ന് ഡോ.ഷമീം അഭിപ്രായപ്പെട്ടു.
അശ്രദ്ധ മൂലമുള്ള ഡ്രൈവിങ് ഒഴിവാക്കുക, ഇരുചക്ര വാഹമോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുക ഇവയൊക്കെ ട്രോമ മൂലമുള്ള മരണങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഹെൽമറ്റ് നിർബന്ധമാക്കിയതു മുതൽ വാഹനാപകടങ്ങളെ തുടർന്ന് തലയ്ക്ക് ഉണ്ടാകുന്ന പരുക്കുകൾ ഒരുപാട് കുറഞ്ഞു. എന്നാൽ, ഇരുചക്ര വാഹനത്തിന്റെ പുറകിലിരുന്ന് സഞ്ചരിക്കുന്നവർക്കാണ് ഇപ്പോൾ തലയ്ക്കേൽക്കുന്ന പരുക്കുകൾ കൂടിയിട്ടുള്ളതെന്ന് ഡോക്ടർ പറയുന്നു. മുന്നിലിരിക്കുന്നവർ മാത്രമല്ല, പിറകിലിരിക്കുന്നവരും നിർബന്ധമായും ഹെൽമറ്റ് ധരിക്കുക. ഫോർ വീലർ അപകടങ്ങൾ ഒഴിവാക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് പിറകിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കുക എന്നതാണ്.
രാവിലെയുണ്ടാകുന്ന അപകടങ്ങളിൽ കൂടുതൽ സംഭവിക്കുന്നത് ഡ്രൈവർ ഉറങ്ങിപ്പോകുന്നതിനാലാണ്. അതിനാൽ ദീർഘദൂര യാത്രകളിൽ വിശ്രമം എടുക്കുക, ഉറക്കം അല്ലെങ്കിൽ ക്ഷീണം തോന്നുന്നെങ്കിൽ വാഹനം റോഡരികിലേക്ക് സുരക്ഷിതമായി നിർത്തി ഉറക്കം മാറ്റിയശേഷം യാത്ര തുടരുക. അതുപോലെ വഴി യാത്രക്കാർ ശ്രദ്ധയോടെ നടക്കുക. ഇതിലൂടെ ഒരു പരിധിവരെ വാഹനാപകടങ്ങളും മറ്റു കാരണങ്ങളാലുള്ള അപകടങ്ങളും തടയാനാവുമെന്ന് ഡോ.ഷമീം പറഞ്ഞു.
ട്രോമ ഒഴിവാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
- വാഹനമോടിക്കുമ്പോൾ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുക
- ബൈക്ക് / സ്കൂട്ടർ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുക
- ഫോർ വീലർ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുക
- ദീർഘദൂരം വാഹനമോടിക്കുമ്പോൾ ക്ഷീണം ഒഴിവാക്കാൻ ചെറിയ ഇടവേളകൾ എടുക്കുക.
- വീട്ടിൽ/വാഹനത്തിൽ ഒരു പ്രഥമശുശ്രൂഷ സുരക്ഷാ കിറ്റ് സൂക്ഷിക്കുക
- വീട്ടിലെ കുട്ടികളും മുതിർന്നവരും വീഴാതിരിക്കാൻ ശ്രദ്ധിക്കുക.
ആദ്യം നൽകേണ്ടത് പ്രാഥമിക ശുശ്രൂഷ
2021 ലെ ലോക ട്രോമ ദിനത്തിന്റെ തീം ‘എത്രയും പെട്ടെന്ന് ചികിത്സ നൽകാമോ, അത്രയും പെട്ടെന്ന് രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിയും’ എന്നതായിരുന്നു. ലോകാരോഗ്യ സംഘടന പറയുന്നത് റോഡപകടങ്ങളെ തുടർന്നുള്ള 50 ശതമാനം മരണങ്ങളും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാലാണ്. അതിൽ ഏറ്റവും പ്രധാനമായിരുന്നു പ്രാഥമിക ശുശ്രൂഷ. വാഹനാപകടം സംഭവിച്ചു കഴിഞ്ഞാൽ എന്ത് പ്രാഥമിക ശുശ്രൂഷയാണ് നൽകേണ്ടതെന്ന കാര്യത്തെക്കുറിച്ച് പൊതുജനത്തിന് ധാരണയില്ല. നമ്മുടെ രാജ്യത്ത് വികസിതമായ മെഡിക്കൽ ആൻഡ് ഹെൽത്ത് കെയർ സംവിധാനമുണ്ടായിട്ടും, ട്രോമ നേരിടുന്ന രോഗിക്ക് പ്രാഥമിക പരിചരണവും ശ്രദ്ധയും നൽകുന്നതിൽ കാലതാമസം നേരിടുന്നതിനാൽ, ദിനംപ്രതി നൂറുകണക്കിന് ജീവനുകൾ റോഡിൽ നഷ്ടപ്പെടുന്നു
പ്രധാനമായും നാലു കാരണങ്ങളാലാണ് വാഹനാപകടങ്ങളെ തുടർന്നുള്ള മരണം സംഭവിക്കുന്നത്. തലച്ചോറിനുണ്ടാകുന്ന ക്ഷതം, നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, ശ്വാസകോശത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, അല്ലെങ്കിൽ ഏതെങ്കിലും അവയവത്തിനുണ്ടാകുന്ന പരുക്കുകൾ. ശ്വാസനാളത്തിലെ തടസം കാരണമാണ് കൂടുതൽ പേരും മരിക്കാനിടയാകുന്നത്.
വാഹനാപകടത്ത് സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ആദ്യം ശ്രദ്ധിക്കേണ്ടത് അശ്രദ്ധമായി അപകടത്തിൽപെട്ടവരെ വലിച്ചിഴക്കാതിരിക്കുക. അശ്രദ്ധമായി വലിച്ചിഴക്കുമ്പോൾ സുഷ്മുന നാഡിക്ക് ക്ഷതമേൽക്കുകയും പിന്നീട് സ്ഥിരമായ അംഗവൈകല്യത്തിന് കാരണമാകുകയും ചെയ്യും. നട്ടെല്ലിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ നൽകേണ്ട പ്രാഥമിക ശുശ്രൂഷ കഴുത്തോ ഇടുപ്പോ ഇളക്കാതെ ശ്രദ്ധിക്കുക. അപകടത്തിൽ പരുക്കേറ്റവരെ കിടത്തി വേണം ആശുപത്രികളിൽ എത്തിക്കേണ്ടത്. ഇത് നട്ടെല്ലിനുണ്ടാകുന്ന ക്ഷതത്തിൽനിന്നും ഒരു പരിധിവരെ രക്ഷിക്കാം. ആംബുലൻസിലോ കിടത്തി കൊണ്ടുപോകാവുന്ന വാഹനത്തിലോ രോഗിയെ അടുത്തുള്ള ആശുപത്രിയിൽ ഉടൻ എത്തിക്കുക. ആരോഗ്യ വിദഗ്ധനുള്ള ഒരു നൂതന ആംബുലൻസ് സൗകര്യം ലഭ്യമാണെങ്കിൽ ഉടൻ അവരുടെ സഹായം തേടുക.
വാഹനാപകടങ്ങളിലെ ഗോൾഡൻ അവർ എന്താണ്?
ഒരു അപകടം സംഭവിച്ചു കഴിഞ്ഞാൽ വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് രോഗിക്ക് എടുക്കുന്ന സമയമാണിത്. ഒരു മണിക്കൂറിനുള്ളിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കണം. എത്രയും വേഗത്തിൽ വിദഗ്ധ ചികിത്സ കിട്ടുന്ന ഇടത്തേക്ക് രോഗിയെ എത്തിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുമ്പ് പ്രാഥമിക ശ്രൂശ്രൂഷകൾക്കു വേണ്ടി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എപ്പോഴും ഓർക്കുക. ട്രോമയുടെ ആദ്യ മണിക്കൂറിൽ രോഗിക്ക് ശരിയായ പരിചരണം നൽകിയാൽ അതവരുടെ അതിജീവന സാധ്യത വർധിപ്പിക്കും.
ട്രോമ ദിനത്തിന്റെ പ്രാധാന്യം
ഇന്നത്തെ കാലഘട്ടത്തിൽ ട്രോമ ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. റോഡപകടങ്ങൾ മൂലമുള്ള മരണങ്ങളും വൈകല്യങ്ങളും വളരെയധികം വർധിക്കുന്നുണ്ട്. ഇത് തടയാൻ ജനങ്ങളെ ബോധവത്കരിക്കുക, വാഹനാപകടം നടന്നാൽ നൽകേണ്ട പ്രാഥമിക ശുശ്രൂഷ എന്താണ് എന്നതിനെക്കുറിച്ച് അവബോധം നൽകുക, എങ്ങനെ വാഹനാപകടം കുറയ്ക്കാം എന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക, എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുക തുടങ്ങിയവ ട്രോമ ദിനത്തിലൂടെ ലക്ഷ്യമിടുന്നു. ട്രോമ മൂലമുള്ള മരണങ്ങൾ ഒരുപിധിവരെ തടയാൻ ജനങ്ങളെ അവബോധവത്കരിക്കുന്നതിലൂടെ കഴിയും.
നമ്മുടെ ചെറിയൊരു പ്രവൃത്തി ചിലപ്പോൾ ഒരു ജീവൻ രക്ഷിച്ചേക്കാം. അതിനാൽ അപകടത്തിൽ പെടുന്നവരെ ഒരിക്കലും അവഗണിക്കാതെ കൃത്യസമയത്ത് അവർക്ക് ചികിത്സ ലഭ്യമാക്കുക.