scorecardresearch

ഓരോ ശ്വാസവും വിലപ്പെട്ടത്; ഇന്ന് ലോക ന്യൂമോണിയ ദിനം

മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പകർച്ചവ്യാധിയാണ് ന്യൂമോണിയ

ഓരോ ശ്വാസവും വിലപ്പെട്ടത്; ഇന്ന് ലോക ന്യൂമോണിയ ദിനം

ലോകമെങ്ങും ഇന്ന് ലോക ന്യൂമോണിയ ദിനം ആചരിക്കുന്നു. ശ്വാസകോശത്തെ ബാധിക്കുന്നൊരു നിശിത അണുബാധയുടെ രൂപമാണ് ന്യൂമോണിയ. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഇപകടകരമായേക്കാവുന്ന ഈ അണുബാധയെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും വിശദീകരിക്കുകയാണ് കിംസ്ഹെൽത്ത് ആശുപത്രിയിലെ പ്രൊഫസർ ആൻഡ് സീനിയർ കൺസൽട്ടന്റ് പൾമണോളജിസ്റ്റ് ഡോ.സുധിൻ കോശി.

അല്‍വിയോളി എന്ന ചെറിയ സഞ്ചികളാല്‍ നിർമ്മിതമാണ് ഒരാളുടെ ശ്വാസകോശം. ഒരു വ്യക്തി ന്യൂമോണിയ ബാധിതനാകുമ്പോള്‍, അൽവിയോളിയിൽ പഴുപ്പും ദ്രാവകവും നിറയുന്നു. രോഗബാധിതനായ വ്യക്തിക്ക് സാധാരണയായി പനി, ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ ഉണ്ടാകുന്നു. കഠിനമായ ന്യുമോണിയ, ശ്വസിക്കുന്ന ഓക്സിജന്‍റെ അളവ് പരിമിതപ്പെടുത്തുകയും അതുവഴി രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. വൈറസ്, ബാക്ടീരിയ, അല്ലെങ്കിൽ ഫംഗസ് എന്നിവയാൽ ന്യൂമോണിയ ഉണ്ടാകാമെന്ന് ഡോ. സുധിൻ വ്യക്തമാക്കി.

മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പകർച്ചവ്യാധിയാണ് ന്യൂമോണിയ. 2019-ലെ കണക്കുകള്‍ പ്രകാരം 6,72,000 കുട്ടികൾ ഉൾപ്പെടെ 2.5 ദശലക്ഷം ആളുകളുടെ ജീവന്‍ ന്യൂമോണിയ നഷ്ടപ്പെടുത്തി. അതായത് ഏകദേശം ഓരോ 13 സെക്കൻഡിലും ഒരാൾ വീതം മരിച്ചു കൊണ്ടിരിക്കുന്നു.

മറ്റേതൊരു അണുബാധയേക്കാളും കൂടുതൽ കുട്ടികളെ കൊല്ലുന്നതും, എന്നാല്‍ തടയപ്പെടാവുന്നതുമായ ഒരു രോഗമാണ് ന്യൂമോണിയ. 50 വയസ്സിനു മുകളിലുള്ള മുതിർന്നവരിലെ ഏകദേശം 1.6 ദശലക്ഷത്തോളം വരുന്ന ന്യൂമോണിയ മരണങ്ങളിൽ പകുതിയും വായു മലിനീകരണവും പുകവലിയും കാരണമുണ്ടായതാണ്.

2030 – ഓടെ ന്യൂമോണിയ മരണങ്ങൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്തമാണ് ‘ഓരോ ശ്വാസവും എണ്ണപ്പെടേണ്ടതാണ്’ എന്ന കൂട്ടായ്‌മ. ന്യൂമോണിയ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയിലെ നിർണായക വിടവുകൾ നികത്തി, ന്യൂമോണിയ ബാധിച്ച് മരിക്കുന്ന കുട്ടികളുടെയും മുതിർന്നവരുടെയും എണ്ണം കുറയ്ക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

മിക്ക രാജ്യങ്ങളിലും കുട്ടികളിലെ ന്യൂമോണിയ മരണങ്ങൾ കുറയ്ക്കുന്നതിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടും, മുതിർന്നവരിലെ ന്യൂമോണിയ മരണങ്ങള്‍ വർധിക്കുന്നു. പ്രായമായവരിൽ ന്യൂമോണിയ വർധിച്ചു വരുന്നതിന് കോവിഡ്-19 ഒരു പ്രധാന കാരണമാണ്.

ചികിത്സ

നേരത്തെയുള്ള രോഗനിർണ്ണയവും ചികിത്സയും, ന്യൂമോണിയയുമായി ബന്ധപ്പെട്ട രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിൽ നിർണായകമാണ്. ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയുടെ രോഗകാരണം അടിസ്ഥാനമാക്കിയുള്ള ആന്റിബയോട്ടിക്കുകൾ അല്ലെങ്കിൽ ആന്റിവൈറലുകൾ ഉപയോഗിച്ചുള്ള ചികിത്സ സാധ്യമാണ്. രക്തത്തിൽ കുറഞ്ഞ ഓക്സിജൻ സാച്ചുറേഷൻ മൂലമുണ്ടാകുന്ന ഗുരുതരമായ കേസുകൾ നേരത്തെ തിരിച്ചറിയുകയും അത്യാവശ്യമെങ്കിൽ സപ്ലിമെന്റൽ ഓക്സിജനും വെന്റിലേറ്റർ സപ്പോർട്ടും ഉപയോഗിച്ച് ചികിത്സിക്കുകയും ചെയ്യണം.

പ്രതിരോധം

പ്രതിരോധ കുത്തിവയ്പ്, മതിയായ പോഷകാഹാരം എന്നിവയിലൂടെ ന്യൂമോണിയ തടയാം. കുട്ടികളിലെ ന്യൂമോണിയ പോലുള്ള ന്യൂമോകോക്കൽ രോഗങ്ങൾ തടയുന്നത് ശിശുമരണനിരക്ക് കുറയ്ക്കുന്നതിനുള്ള അനിവാര്യ ഘടകമാണ്. ഹിബ്, ന്യൂമോകോക്കസ്, അഞ്ചാംപനി, വില്ലൻ ചുമ (പെർട്ടുസിസ്) എന്നിവയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്, ന്യൂമോണിയ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്.

മുതിർന്നവർക്കുള്ള ന്യൂമോണിയ വാക്സിനുകൾ

CDC, 65 വയസ്സോ അതിലധികമോ പ്രായമുള്ള എല്ലാ മുതിർന്നവർക്കും ന്യൂമോകോക്കൽ വാക്സിനേഷൻ ശുപാർശ ചെയ്യുന്നു. ന്യുമോകോക്കല്‍ രോഗങ്ങളുടെ അപകടസാധ്യത നിലനില്‍ക്കുന്ന 19 നും 64 നും ഇടയിൽ പ്രായമുള്ള മുതിർന്നവർക്കും ന്യൂമോകോക്കൽ വാക്സിനേഷൻ നല്‍കുന്നത് അഭികാമ്യമാണ്.

കുട്ടികൾക്കും മുതിർന്നവർക്കും ഇടയില്‍ മറ്റു പലവിധ കാരണങ്ങള്‍ മൂലമുണ്ടാകുന്ന ന്യുമോണിയ പരിഹരിക്കാൻ സാധിക്കണം. ഇല്ലെങ്കിൽ, അവ അപകടകരമായ മറ്റൊരു ശ്വാസകോശ മഹാമാരിയിലേയ്ക്ക് വഴി കാണിക്കും. ദേശീയ സർക്കാരുകളുടെ പാൻഡെമിക് പ്രതികരണ പദ്ധതികളിൽ, ന്യുമോണിയ നിയന്ത്രണവും ഉൾപ്പെടുത്തണം. അതുവഴി വരും കാലങ്ങളിൽ വിവിധ കാരണങ്ങളാലുള്ള ശ്വാസകോശ സംബന്ധമായ അണുബാധമരണങ്ങൾ കുറയ്ക്കാനും മറ്റൊരു ശ്വാസകോശ മഹാമാരിയുടെ അപകടസാധ്യത ഒഴിവാക്കാനും സാധിക്കുമെന്ന് ഡോ.സുധിൻ അഭിപ്രായപ്പെട്ടു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: World pneumonia day 2022 what are the signs symptoms and treatment