scorecardresearch
Latest News

മലേറിയ നിർമ്മാർജ്ജനത്തിന് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കണം: ഡോ. സൗമ്യ സ്വാമിനാഥൻ

ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ ഡോ.സൗമ്യ സ്വാമിനാഥൻ മലേറിയ നിർമാർജനത്തിനുള്ള പ്രധാന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുന്നു

മലേറിയ നിർമ്മാർജ്ജനത്തിന് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കണം: ഡോ. സൗമ്യ സ്വാമിനാഥൻ

മലേറിയ രോഗത്തിന്റെ കാര്യത്തിൽ ഉയർന്ന തോതിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ആ രോഗത്തിന്റെ തോത് കുറയ്ക്കാൻ സാധിച്ചതായി ലോകാരോഗ്യസംഘടനയുടെ (വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ -ഡബ്ല്യുഎച്ച്ഒ) ലോക മലേറിയ റിപ്പോർട്ട് 2021 വ്യക്തമാക്കുന്നു.

എന്നിരുന്നാലും, തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ മലേറിയ മരണങ്ങളിൽ 82 ശതമാനവും ഇന്ത്യയിലാണെന്നും ഇത് സൂചിപ്പിക്കുന്നു. മഹാമാഹരിയുടെ മാസങ്ങൾ ദുരിതങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോൾ പുതിയ സാങ്കേതികവിദ്യകളെയും ഉപകരണങ്ങളെയും കുറിച്ച് പരിശോധിക്കുന്നസാഹചര്യത്തിൽ, 2030-ഓടെ മലേറിയ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തിൽ ഇന്ത്യ അഭിമുഖീകരിക്കുന്ന സാധ്യതകളും വെല്ലുവിളികളും എന്തെല്ലാമാണ് എന്ന് ചർച്ചചെയ്യപ്പെടണം.

ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ ഡോ.സൗമ്യ സ്വാമിനാഥൻ തന്റെ തിരക്കുകൾക്കിടയിൽ നിന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് ഗ്രൂപ്പിന്റെ ഇ കുമാർ ശർമ്മയോട് സംസാരിക്കാൻ സമയം കണ്ടെത്തി. അഭിമുഖത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ:

ഡോ സൗമ്യ, 2022-ലെ ലോക മലേറിയ ദിനത്തിന്റെ തീം “മലേറിയ രോഗ തോത് കുറയ്ക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമുള്ള നൂതനാശയങ്ങൾ പ്രയോജനപ്പെടുത്തുക” എന്നതാണ്, മലേറിയ നിർമ്മാർജ്ജനത്തിനായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്?

മലേറിയയെ തുടച്ചുനീക്കുന്നതിൽ ചില രാജ്യങ്ങൾ വിജയിച്ചിട്ടുണ്ടെങ്കിലും, മലേറിയ നിർമ്മാർജ്ജനം എന്ന ലക്ഷ്യത്തിൽ നിന്നും വളരെ അകലെയാണെന്ന് നമ്മൾ എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ് – ഇത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലേറിയ നിർമ്മാർജ്ജനം ചെയ്യേണ്ടിതിനെ സംബന്ധിച്ചാണ്.

2020 ൽ മാത്രം, ലോകമെമ്പാടും 241 ദശലക്ഷം മലേറിയ കേസുകളും ലോകമെമ്പാടും 627000 മരണങ്ങളും ഉണ്ടായിട്ടുണ്ട്. സബ്-സഹാറൻ ആഫ്രിക്കയാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കുന്നത്. (മലേറിയ കേസുകളിൽ 95 ശതമാനവും മരണങ്ങളിൽ 96 ശതമാനവും). ആശ്വാസകരമെന്ന് പറയട്ടേ, ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ആവേശകരമായ നിരവധി സാങ്കേതികവിദ്യകൾ രൂപപ്പെടുന്നുണ്ട്.

ഉദാഹരണത്തിന് പുതിയ തരം കീടനാശിനികൾ ഉപയോഗിച്ചുള്ള വലകൾ, സ്പേഷ്യൽ കൊതുക് നിർമ്മാർജ്ജന വസ്തുക്കൾ, ജീൻ-ഡ്രൈവ് സമീപനങ്ങൾ, അനോഫിലിസ് കൊതുകുകളെ ആകർഷിക്കാനും കൊല്ലാനും രൂപകൽപ്പന ചെയ്ത ഷുഗർ അടങ്ങിയ വസ്തു, എന്നിവ പോലുള്ള പുതിയ രോഗാണു നിയന്ത്രണ കണ്ടുപിടുത്തങ്ങൾ.

പിന്നെ, മലേറിയക്ക് എതിരായ (ആന്റി മലേറിയൽ) പുതിയ മരുന്നുകളുണ്ട്. ഉദാഹരണത്തിന്, കുട്ടികൾക്കിടയിലെ പി. വിവാക്സ് ( P. vivax) മലേറിയ തടയുന്നതിന്, വായിലിട്ട് അലയിച്ച് കഴിക്കുന്ന ഒറ്റ ഡോസ് ടഫെനോക്വിൻ ഗുളികകൾക്ക് ഓസ്‌ട്രേലിയൻ തെറപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ അടുത്തിടെ നൽകിയ അംഗീകാരം ഡബ്ലിയു എച്ച് ഒ സ്വാഗതം ചെയ്യുന്നു. ഒറ്റ ഡോസ് എന്ന നിലയിൽ, ടാഫെനോക്വിൻ രോഗിയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ നിലവാരത്തിലുള്ള പരിചരണത്തിന് ഏഴ് അല്ലെങ്കിൽ 14 ദിവസത്തെ മരുന്ന് നൽകിയുള്ള ചികിത്സ ആവശ്യമാണ്. .

കൂടാതെ, പുതിയ മലേറിയ വാക്സിനുകളും. സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്സിൻ (RTS,S/ASOI) ഉണ്ട്, അത് നിലവിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നൽകിക്കൊണ്ടിരിക്കുന്നു.

കൂടാതെ, R21/Matrix-M, മറ്റ് മലേറിയ വാക്സിൻ കാൻഡിഡേറ്റ് എന്നിവ വികസിപ്പിച്ചെടുക്കുന്നതിലെ പ്രാഥമിക പ്രവർത്തനങ്ങളും ഈ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നത് അവയുടെ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തുന്നതിന് പ്രധാനമാണ്. ഈ പ്രവർത്തനങ്ങളെ ഡബ്ലിയു എച്ച് ഒ സ്വാഗതം ചെയ്യുന്നു.

എംആർഎൻഎ (mRNA) സാങ്കേതികവിദ്യ ഉപയോഗിച്ച് മലേറിയ വാക്സിൻ വികസിപ്പിക്കാൻ കോവിഡ്-19 വാക്സിൻ നിർമ്മാതാക്കളായ ഫൈസർ-ബയോഎൻടെക് ലക്ഷ്യമിടുന്നുവെന്ന വാർത്ത ഡബ്ലിയു എച്ച് ഒ സ്വാഗതം ചെയ്യുന്നു.

ഡോ സൗമ്യ, കൊതുകുകളിൽ ജനിതകമാറ്റം വരുത്തുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം. ഇതൊരു സാധ്യതയാണോ, ഇന്ത്യ ഇത് സ്വീകരിക്കേണ്ടതുണ്ടോ?

ഇപ്പോൾ, വലിയ തോതിലുള്ള ലബോറട്ടറി പരീക്ഷണങ്ങളിൽ മാത്രമാണ് ജീൻ ഡ്രൈവ് നടപ്പാക്കുന്നത്. ഫീൽഡ് ട്രയലുകൾക്ക് ഇനിയും വർഷങ്ങളെടുക്കും. മലേറിയ രോഗാണുവാഹക നിയന്ത്രണത്തിനുള്ള ഇടപെടലായി ജനിതകമാറ്റം വരുത്തിയ കൊതുകുകളെ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുമോ ഇല്ലയോ എന്നത് ഈ പരീക്ഷണങ്ങളുടെ ഫലത്തെ ആശ്രയിച്ചിരിക്കും. അതുവരെ, ഇന്ത്യ ഇതൊരു പ്രായോഗിക സാധ്യതയായി ( ഓപ്ഷനായി) കണക്കാക്കരുത്, പകരം ഡബ്ലിയു എച്ച് ഒ ശുപാർശ ചെയ്തിട്ടുള്ള മലേറിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

വോൾബാക്കിയ (Wolbachia) ബാക്ടീരിയയുടെ ഉപയോഗം പല വിദഗ്ധരും ശുപാർശ ചെയ്യുന്നു. ഇതിന്റെ സാധ്യത എത്രത്തോളം പ്രസക്തമാണ്, ഇന്ത്യ ഗൗരവമായി സ്വീകരിക്കേണ്ട ഒരു സാധ്യതയാണിത്?

കൊതുകിലേക്ക് സ്വാഭാവികമായി സംഭവിക്കുന്ന നിർബന്ധിത ഇൻട്രാ സെല്ലുലാർ ബാക്ടീരിയയായ വോൾബാക്കിയയുടെ സ്ഥാനം ഈഡിസ് കൊതുകുകൾക്കെതിരായ ഒരു ഇടപെടലായി മാത്രമേ ലോകാരോഗ്യ സംഘടന ഇതുവരെ വിലയിരുത്തിയിട്ടുള്ളൂ. മലേറിയ്ക്ക് കാരണമായ അനോഫെലിൻ രോഗാണുവാഹകത്തിനെ (വെക്‌ടർ) നിയന്ത്രിക്കുന്നതിന് നിലവിൽ ഉപയോഗിക്കാവുന്ന ഒരു ഇടപെടലല്ല ഇത്.

നിങ്ങളുടെ അഭിപ്രായത്തിൽ, ശക്തമായ മലേറിയ നിയന്ത്രണത്തിനും ആത്യന്തികമായി നിർമാർജനത്തിനും വേണ്ടി ഇന്ത്യ സ്വീകരിക്കേണ്ട മൂന്ന് പ്രധാന ഘട്ടങ്ങൾ ഏതൊക്കെയാണ്?

നാഷണൽ സെന്റർ ഫോർ വെക്ടർ ബോൺ ഡിസീസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ലോകാരോഗ്യ സംഘടന എന്നിവ ഈ ആഴ്ചയും അടുത്ത ആഴ്‌ചയും മലേറിയ പ്രോഗ്രാമിന്റെ അവലോകനം നടത്തുന്നു.

ഇതിൽ, 2023 – 2027 കാലയളവിലെ ദേശീയ മലേറിയ തടയുന്നതിനായുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്ന പദ്ധതിയുടെ കണ്ടെത്തലുകളും ശുപാർശകളും അറിയിക്കും. വിദഗ്ധർ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ മുൻകൂട്ടി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ എന്റെ അഭിപ്രായത്തിൽ, മലേറിയ നിർമ്മാർജ്ജനത്തിനുള്ള ശ്രമങ്ങൾ ഇന്ത്യ ഇങ്ങനെ ത്വരിതപ്പെടുത്തണം.

എ) മാനവവിഭവശേഷി ശക്തിപ്പെടുത്തൽ. കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങളിൽ മാനേജീരിയൽ, ടെക്‌നിക്കൽ ചുമതലകളിലെ പ്രധാന തസ്തികകളിലും അനുബന്ധ തലത്തിൽ സേവനങ്ങൾ നൽകുന്നതിന് ഉത്തരവാദിത്തമുള്ള തസ്തികകളിലുമുള്ള ഒഴിവുകൾ നികത്തണം. മലേറിയ നിർമാർജനത്തിനുള്ള പരിശീലനം വർദ്ധിപ്പിക്കുകയും ജീവനക്കാർക്ക് അവരുടെ ജോലികൾ ഫലപ്രദമായി നിർവഹിക്കുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കുകയും വേണം.

ബി) മലേറിയ നിർമ്മാർജ്ജനത്തിനുള്ള ഒരു പ്രധാന ഇടപെടലായി നിരീക്ഷണ സംവിധാനം നവീകരിക്കുക.മലേറിയ നിർമ്മാർജ്ജനത്തിനായി ഫലപ്രദമായ നിരീക്ഷണവും ഇടപെടൽ സംവിധാനവും ഉണ്ടാക്കാൻ ടെലികമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയിലും മനുഷ്യവിഭവശേഷിയിലും (വിവിധോദ്ദേശ്യ തൊഴിലാളികളും അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് – ആശ) ഉള്ള രാജ്യത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തണം.

സി) എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ കൂടുതൽ അപകടസാധ്യതയുള്ള ജനവിഭാഗങ്ങളിലേക്ക് രോഗ പ്രതിരോധം സാധ്യമാക്കുന്നതിനുള്ള പുതിയ ഉപകരണങ്ങളുടെയും സമീപനങ്ങളുടെയും ഗവേഷണത്തിലും വികസനത്തിലും നിക്ഷേപം നടത്തണം. ഇത് ഇന്ത്യക്ക് മാത്രമല്ല മറ്റ് മലേറിയ ബാധിത രാജ്യങ്ങൾക്കും ഗുണം ചെയ്യും.

കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് കാഴ്ചപ്പാട് എന്താണ്?

മലേറിയ പടരുന്ന ഗ്രാമങ്ങളിൽ നിന്ന് നഗരപ്രദേശങ്ങളിലേക്ക് കുടിയേറുന്നവർ ഉൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികൾ, ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളും മലേറിയ പകരുന്നതിനുള്ള പ്രേരകരുമാകാം. ഇന്ത്യയിലെ നഗരങ്ങളിൽ ഇന്നും മലേറിയ പ്രശ്നമായി തുടരുന്നതിന്റെ ഒരു കാരണം ഇതാണ്. ചില സന്ദർഭങ്ങളിൽ, മലേറിയ ഇല്ലാത്ത പ്രദേശങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്ക് അവർ ജോലിക്ക് പോകുന്ന സ്ഥലങ്ങളിൽ രോഗം പിടിപെടുന്നു, അതായത് മൈനിങ്, അഗ്രോ ഫോറസ്ട്രി സൈറ്റുകൾ, എന്നിവിടങ്ങിൽ മലേറിയയുടെ വ്യാപന തോത് വളരെ ഉയർന്ന നിരക്കിലാണ്. കുടിയേറ്റ തൊഴിലാളികൾക്കിടയിൽ ഈ രോഗപ്രതിരോധത്തിനായി മികച്ച നിരീക്ഷണവും ഇടപെടൽ സംവിധാനവും നൂതനമായ മാർഗങ്ങളും ആവശ്യമാണ്.

മരുന്ന്, കീടനാശിനി അതിജീവനശേഷിയുള്ള മലേറിയയെ പ്രതിരോധിക്കുന്നതിനെക്കുറിച്ച്? ഇതിൽ എന്ത് നടപടികളാണ് നിർദ്ദേശിക്കുക?

ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും മലേറിയ നിർമ്മാർജ്ജനത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് മരുന്നുകളിൽ നിന്നും അതിജീവനശേഷി നേടിയ മലേറിയ പരാന്നഭോജിക (പാരസൈറ്റ്)ളും കീടനാശിനികളിൽ നിന്നും പ്രതിരോധമാർജ്ജിച്ച മലേറിയ രോഗാണുവാഹകകരും.

ഈ വെല്ലുവിളികൾ നേരിടുന്നതിന് ചില നിർദ്ദേശങ്ങൾ:

ഔഷധ പ്രതിരോധത്തെ സംബന്ധിച്ചിടത്തോളം, തെളിവുകളുടെ അടിസ്ഥാനത്തിൽ മലേറിയ ചികിത്സാ നയം കാലാകാലങ്ങളിൽ അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യുക. ഡബ്ല്യു എച്ച് ഒയുടെ പിന്തുണയോടെ ഇന്ത്യയിലെ ദേശീയ മലേറിയ പ്രോഗ്രാമും ഗവേഷണ സ്ഥാപനങ്ങളും മലേറിയ മരുന്ന് പ്രതിരോധം തുടർച്ചയായി നിരീക്ഷിച്ചുവരുന്നു, കാലാകാലങ്ങളിൽ ഡാറ്റ അവലോകനം ചെയ്യാനും മലേറിയ ചികിത്സാ നയം പുതുക്കാനും രാജ്യത്ത് ഒരു സംവിധാനം ഉണ്ട്. ഇത് നിലനിർത്തണം.

ചില വെല്ലുവിളികൾ: ഔപചാരികവും അനൗപചാരികവുമായ സ്വകാര്യ ആരോഗ്യ മേഖലകളിൽ മലേറിയ മരുന്നുകളുടെ അനുചിതമായ ഉപയോഗം, രോഗികൾ ചികിത്സയുടെ ചിട്ടവട്ടങ്ങൾ ശരിയായ ക്രമത്തിൽ പാലിക്കാത്തത്, ചില ആരോഗ്യ ജീവനക്കാർ, ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തത്. മലേറിയ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയും രാജ്യത്ത് ഉപയോഗിക്കാൻ ശുപാർശ ചെയ്യാത്ത മരുന്നുകളുടെ വിൽപ്പന നിരോധിക്കുകയും ചെയ്യുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് മലേറിയ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കും. പുതിയ മലേറിയ മരുന്നുകൾക്കായുള്ള ഗവേഷണം നിലവിലുള്ള മലേറിയ മരുന്നുകളുടെ സംയുക്തങ്ങൾ (കോമ്പിനേഷൻ) എന്നിവ പരീക്ഷിക്കുന്നതും ഊർജ്ജിതമാക്കണം.

കീടനാശിനി പ്രതിരോധത്തെ സംബന്ധിച്ചിടത്തോളം, തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു കീടനാശിനി പ്രതിരോധ മാനേജ്മെന്റ് പ്ലാൻ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.

കീടനാശിനി പ്രതിരോധത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന്, നിലവിലെ ഉപയോഗത്തിലുള്ളതും സമീപഭാവിയിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതുമായ കീടനാശിനികളും രോഗാണുവാഹകരായ കൊതുകുകളുമായുള്ള വഴങ്ങൽ രാജ്യം പതിവായി നിരീക്ഷിക്കണം.

ഈ ഡാറ്റയെ ആശ്രയിച്ച്, ഫലപ്രദമായ കീടനാശിനികൾ ഉപയോഗിക്കുന്നതായി തിരഞ്ഞെടുക്കാൻ ഇടപെടണം. പ്രതിരോധത്തിനുള്ള സമ്മർദ്ദം കുറയ്ക്കാൻ രാജ്യം ശ്രമിക്കണമെന്നും ശുപാർശ ചെയ്യുന്നു, ഉദാഹരണത്തിന് ഇൻഡോർ റെസിഡ്യൂവൽ സ്‌പ്രേയിംഗിനായി (IRS) പൈറെത്രോയിഡ് കീടനാശിനികൾ ഉപയോഗിക്കാതിരിക്കുക, പൈറെത്രോയിഡ് കീടനാശിനി കൊണ്ട് സംസ്കരിച്ച വലകൾ (കീടിനാശിനികൾ (പൈറെത്രോയിഡ്) പൂശിയ വലകൾ) അതേ പ്രദേശത്ത് വിന്യസിക്കുക.

ഇവ കൂടാതെ, പുതിയ തരം കീടനാശിനികളും മറ്റ് രോഗാണുവാഹകര നിയന്ത്രണ ഉപകരണങ്ങളും വികസിപ്പിക്കുന്നതിൽ പൊതുജനാരോഗ്യ എന്റമോളജിസ്റ്റുകൾ കൂടുതൽ ഗവേഷണം നടത്തുകയും ആ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുകയും വേണം.

ഡോ. സൗമ്യ, മലേറിയയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ പ്രശ്നം ഇന്ന് ചില പ്രത്യേക പോക്കറ്റുകളിലും ഗോത്രവർഗ പ്രദേശങ്ങളിലുമാണെന്നാണ് ചിലർ വാദിക്കുന്നത്, ഈ തടസ്സങ്ങളെ മറികടക്കാൻ കഴിയുന്ന സമീപനങ്ങൾ എന്താണ്?

മലേറിയയുടെ തോത് കുറയ്ക്കുന്നതിൽ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും, എത്തിച്ചേരാൻ വളരെ പ്രയാസമുള്ള പ്രദേശങ്ങളിലെ ഗോത്ര സമൂഹങ്ങൾക്കിടയിൽ രോഗപകർച്ചയുടെ ഉയർന്ന നിരക്കുള്ള മേഖലകളുണ്ട്.

ഗോത്ര സമൂഹങ്ങൾക്കിടയിൽ സേവനം നൽകുന്നതിനായി സർക്കാർ ആശാ വർക്കർമാരെ പരിശീലിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. ദ്രുതഗതിയിലുള്ള രോഗനിർണ്ണയ പരിശോധനകളുടെയും മരുന്നുകളുടെയും പതിവ് മേൽനോട്ടത്തിലൂടെയും വിതരണത്തിലൂടെയും ഇത് കൂടുതൽ വിപുലീകരിക്കുകയും മെച്ചപ്പെടുത്തുകയും വേണം. സാമൂഹിക ശാസ്ത്ര ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നൂതന സമീപനങ്ങൾ നടപ്പിലാക്കണം.

ഗോത്രാരോഗ്യ വകുപ്പും (ട്രൈബൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റും) വിദ്യാഭ്യാസം, വനം തുടങ്ങിയ മറ്റ് വകുപ്പുകളും ഇതിൽ ഇടപെടണം. ആരോഗ്യ കേന്ദ്രങ്ങൾ വിദൂര ആദിവാസി സമൂഹങ്ങൾക്ക് അടുത്ത് നിർമ്മിക്കണം, കൂടാതെ (കഴിയുന്നത്ര) സാമൂഹിക-സാംസ്കാരിക തടസ്സങ്ങൾ ഒഴിവാക്കാൻ ജീവനക്കാർ ആ സമുദായങ്ങളിൽ നിന്നുള്ളവരായിരിക്കണം. ഇവ ദീർഘകാലാടിസ്ഥാനത്തിൽ, നടപ്പാക്കണം.

അന്താരാഷ്‌ട്ര അതിർത്തികൾ ഉൾപ്പെടെയുള്ള ചില റിസർവ് വനപ്രദേശങ്ങളിലും ഉയർന്ന തോതിൽ മലേറിയ പകർച്ചയുടെ പ്രദേശങ്ങളുണ്ട്, അവിടെയുള്ള കുടിയേറ്റം നിയമവിരുദ്ധമായി കണക്കാക്കുന്നതിൽ അവർക്ക് സേവനങ്ങളൊന്നും നൽകുന്നില്ല.

ഈ വിഷയത്തിൽ സർക്കാർ നയങ്ങൾ പുനഃപരിശോധിക്കേണ്ട സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു – സുസ്ഥിര വികസനം, ആരോഗ്യ തുല്യത, മലേറിയ നിർമ്മാർജ്ജനം എന്നിവയുടെ പശ്ചാത്തലത്തിൽ – ആരോഗ്യ സേവനങ്ങളോ കുറഞ്ഞത് മലേറിയ സംബന്ധിച്ച സേവനങ്ങൾ എങ്കിലും നൽകണം. മലേറിയ നിർമ്മാർജ്ജന പദ്ധതിക്ക് ഈ സേവനങ്ങൾ നൽകാൻ കഴിയുന്നില്ലെങ്കിൽ എൻജിഒകളിലൂടെയോ പൗരസമൂഹങ്ങളിലൂടെയോ (സിവിൽ സൊസൈറ്റി) ഈ സേവനങ്ങൾ അവർക്ക് നൽകാവുന്നതാണ്.

ഇന്ത്യൻ സാഹചര്യത്തിൽ, നിർമ്മാർജ്ജനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, അതിർത്തി കടന്നുള്ള വ്യാപനത്തിന്റെ ഘടകവും ഉണ്ട്, അതിർത്തി കടന്നുള്ള ആരോഗ്യ ചട്ടക്കൂടിലേക്ക് സജീവമായി മാറേണ്ട സമയമാണിതെന്ന് കരുതുന്നുണ്ടോ?

ഒന്നാമതായി, നിർമ്മാർജ്ജനം എന്നാൽ ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും മലേറിയ ഇല്ലാതായി അതിനർത്ഥം മനുഷ്യ മലേറിയയുടെ ഉറവിടം ഇല്ലതായി എന്നും  ഞാൻ വ്യക്തമാക്കട്ടെ.

തെക്കുകിഴക്കനേഷ്യൻ മേഖലയിലെ മലേറിയ നിർമ്മാർജ്ജനത്തെ ക്കുറിച്ചുള്ള 2018 നവംബറിലെ മന്ത്രിതല പ്രഖ്യാപനം അനുസരിച്ച്, 2030-ഓടെ മലേറിയ ഇല്ലാതാക്കുക എന്നതാണ് ഇന്ത്യയിലും ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലും നിലവിലെ ലക്ഷ്യം.

2030 ആകുമ്പോഴേക്കും, പ്രധാനമായും ആഫ്രിക്കയിലെ പല രാജ്യങ്ങളിലും മലേറിയ ഉണ്ടാകും, അതിനാൽ ഇന്ത്യയിൽ മലേറിയ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കിടയിൽ മലേറിയയുമായി ബന്ധപ്പെട്ട് അതിർത്തി കടന്നുള്ള സഹകരണം നിലവിലുണ്ട്, അത് സാധ്യമായ ഏറ്റവും ഉയർന്ന തലത്തിൽ ഔപചാരികമാക്കണം. മലേറിയ മാത്രമല്ല, പൊതുവായ ആരോഗ്യപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് വിശാലമായ പദ്ധതി ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

മലേറിയ നിർമാർജനത്തിനുള്ള ദേശീയ ചട്ടക്കൂട് (2016-2030) മലേറിയ നിശ്ശേഷം ഇല്ലാതാക്കാനുള്ള പ്രവർത്തനത്തിൽ രാജ്യത്തിന്റെ ഒരു പ്രധാന റോഡ്മാപ്പാണ്. എന്നിരുന്നാലും, മൊത്തത്തിലുള്ള രോഗ നിയന്ത്രണം ലക്ഷ്യമിടുന്ന സംയോജിത പദ്ധതികൾ ദീർഘകാലാടിസ്ഥാനത്തിൽ വളരെ ഫലപ്രദമാണ്. മലേറിയ, ലിംഫറ്റിക് ഫൈലേറിയസിസ്, വിസറൽ ലീഷ്മാനിയാസിസ് എന്നിവയെ അതിന്റെ പരിധിയിൽ കൊണ്ടുവരുന്ന ട്രിപ്പിൾ എലിമിനേഷൻ പ്ലാൻ നടപ്പിലാക്കുന്നത് ഇന്ത്യയ്ക്ക് പ്രയോജനം ചെയ്യുമോ? എങ്കിൽ,അതെങ്ങനെ?

മലേറിയ, ലിംഫറ്റിക് ഫൈലേറിയസിസ്, വിസറൽ ലീഷ്മാനിയാസിസ് എന്നിവ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള പദ്ധതികളെല്ലാം ഒരേ ഓഫീസിനു കീഴിലാണ് – ദ് നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം.അതിനാൽ ഈ മൂന്ന് രോഗങ്ങളും ഒരുമിച്ച് നിലനിൽക്കുന്ന സംസ്ഥാനങ്ങളിലും ജില്ലകളിലും “ട്രിപ്പിൾ എലിമിനേഷൻ പ്ലാൻ” നടപ്പിലാക്കുന്നതിൽ അർത്ഥമുണ്ട്. ഓരോ രോഗത്തിനും പ്രത്യേക പ്രവർത്തനങ്ങൾ ഉണ്ടായിരിക്കുമ്പോൾ തന്നെ, വാർഷിക അവലോകനവും ആസൂത്രണ യോഗങ്ങളും, പരിശീലനം, മേൽനോട്ടം, നിരീക്ഷണം എന്നിങ്ങനെ ചിലത് സംയോജിപ്പിക്കാം. നിരീക്ഷണ പ്ലാറ്റ്‌ഫോം സംയോജിപ്പിക്കാനും കഴിയും.

കോവിഡ്-19 സംബന്ധമായ തടസ്സങ്ങൾ ലോകമെമ്പാടുമുള്ള മലേറിയ നിയന്ത്രണ ശ്രമങ്ങളെ ബാധിച്ചു. മഹാമാരി, ആഗോളതലത്തിൽ, നിസ്സംശയമായും ആരോഗ്യ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങളും കാലാനുഗണാക്കലും സാധ്യമാക്കിയിട്ടുണ്ട് – മെച്ചപ്പെടുത്തിയ നിരീക്ഷണവും സ്ക്രീനിംഗും, ഡാറ്റ പങ്കിടൽ, വാക്സിൻ നൽകൽ, വാതിൽപ്പടി സേവനം എന്നിവ ഈ സംരംഭങ്ങളിൽ ചിലത് മാത്രമാണ്. ആഗോളതലത്തിലെ കോവിഡ് കാല അനുഭവങ്ങളിൽ നിന്ന് മെച്ചപ്പെട്ട മലേറിയ നിയന്ത്രണത്തിനായുള്ള ഇന്ത്യയുടെ പദ്ധതിയിൽ പ്രയോഗിക്കാൻ കഴിയുന്ന എന്തെല്ലാം നമുക്ക് പഠിക്കാനാകും?

കോവിഡ്-19 മഹാമാരിക്കാലത്ത് ഇന്ത്യയിൽ മലേറിയ രോഗനിർണയത്തിലും ചികിത്സയിലും തടസ്സങ്ങൾ നേരിട്ടു; ഉദാഹരണത്തിന്, ഡബ്ലിയു എച്ച് ഒ പൾസ് സർവേ, 2020 ൽ അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെ ഭാഗികമായ തടസ്സങ്ങൾ രേഖപ്പെടുത്തി, കൂടാതെ മഹാമാരിക്ക് മുമ്പുള്ള വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 ൽ മലേറിയ രോഗനിർണയ പരിശോധനകൾ 30 ശതമാനത്തിലധികം കുറവായിരുന്നു. 2021-ലെ ഡാറ്റ ഇതുവരെ ലഭ്യമായിട്ടില്ല, പക്ഷേ തടസ്സങ്ങൾ കൂടുതലായിരിക്കാം, പ്രത്യേകിച്ച്, മഹാമാരി, രാജ്യത്ത് ഏറ്റവും കൂടുതൽ വ്യാപിച്ചതും നാശം വിതച്ചതുമായ കാലഘട്ടത്തിൽ. എന്നിരുന്നാലും, മഹാമാരിക്ക് മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലാണെങ്കിലും, 2019-2020 കാലയളവിൽ ഇന്ത്യയുടെ മലേറിയ നിരക്ക് കുറയുന്നത് തുടർന്നു.

മഹാമാരിയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ നിന്ന് ഇന്ത്യക്ക് ബാധകമാകുമെന്ന് ഞാൻ കരുതുന്ന നിരവധി പാഠങ്ങളുണ്ട്. ഇവ അതിൽ ഉൾപ്പെടുന്നു:

ഒന്നാമതായി, ആരോഗ്യ സംവിധാനം, പ്രധാനമായും നിരീക്ഷണം, പകർച്ചവ്യാധി തയ്യാറെടുപ്പും പ്രതികരണവും, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങളും ജില്ലകളും തമ്മിലും മികച്ച ഏകോപനം അത്യാവശ്യമാണ്.
രണ്ടാമതായി, സമൂഹത്തിന്റെ മൊത്തത്തിലുള്ള അല്ലെങ്കിൽ ബഹു-മേഖലാ പ്രതികരണം ഉൾക്കൊള്ളണം.

മൂന്നാമതായി, ഓരോ വിഭാഗത്തിലേക്കും എത്താൻ സാധിക്കുന്ന ലക്ഷ്യവേധിയായ മികച്ച ആശയവിനിമയ തന്ത്രങ്ങൾ രൂപം നൽകണം. രോഗസാധ്യതയേറിയ വിഭാഗങ്ങൾ, പരമ്പരാഗത നേതാക്കൾ, ആരോഗ്യ പ്രവർത്തകർ, സ്വകാര്യ പ്രാക്ടീഷണർമാർ, സ്വകാര്യ കോർപ്പറേറ്റ് മേഖല, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയ ഓരോ വിഭാഗത്തെയും കണക്കിലെടുത്താകണം ഇതിന് രൂപം നൽകേണ്ടത്.

നാലാമതായി, മലേറിയ നിയന്ത്രിക്കുന്നതിനും കീടനാശിനി ഉപയോഗിച്ച് സംസ്കരിച്ച കൊതുക് വലകളുടെ വൻതോതിലുള്ള വിതരണം പോലെയുള്ള പ്രവർത്തനങ്ങൾ ആവശ്യമായി വരുമ്പോൾ ആരോഗ്യ പ്രവർത്തകരെ അതിനായി നിയോഗിക്കുക.

കാലാവസ്ഥാ വ്യതിയാനം രോഗബാധിത പ്രദേശങ്ങളിൽ മലേറിയ വ്യാപനം വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇതുവരെ മലേറിയ വിമുക്തമായിരുന്ന പ്രദേശങ്ങളിൽ പോലും, താപനില, മഴ, ഈർപ്പം എന്നിവയുടെ വർദ്ധനവ് മലേറിയ വാഹകരായ കൊതുകുകളുടെ പെരുപ്പത്തിന് കാരണമാകും. നിങ്ങളുടെ അഭിപ്രായത്തിൽ, നിയന്ത്രണത്തിലും നിർമ്മാർജ്ജ തന്ത്രങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം എന്താണ്?

കാലാവസ്ഥാ വ്യതിയാനം മലേറിയ പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനുപകരം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന നിലപാട്. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനം മലേറിയ നിയന്ത്രണത്തെയും നിർമ്മാർജ്ജന തന്ത്രങ്ങളെയും ബാധിച്ചുവെന്നതിന് ഇന്നുവരെ തെളിവുകളൊന്നുമില്ല.

മലേറിയ നിർമ്മാർജ്ജനത്തെക്കുറിച്ചുള്ള സ്ട്രാറ്റജി അഡൈ്വസറി ഗ്രൂപ്പിന്റെ 2020-ലെ റിപ്പോർട്ട് ഇത് വിശദമായി പരിശോധിക്കുകയും ഫലപ്രദമായ വിവരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്, പ്രത്യേകിച്ചും മലേറിയ പകരുന്നതിനെക്കുറിച്ചും മലേറിയുയമായി ബന്ധപ്പെട്ട് സമൂഹത്തിനുണ്ടാകാവുന്ന ദോഷവശങ്ങളെ കുറിച്ചും അത് പറയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: World malaria day 2022 interview with whos chief scientist dr soumya swaminathan