ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം ആയ കരൾ ദഹനപ്രക്രിയയെ മാത്രമല്ല സഹായിക്കുന്നത്. ശരീരത്തിനു വേണ്ട പല പ്രോട്ടീൻ തന്മാത്രകൾ, ഹോർമോണുകൾ എന്നിവ ഉൽപ്പാദിപ്പിക്കുകയും പുറന്തള്ളപ്പെടേണ്ട വസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്ന ജോലിയും കരളിന് സ്വന്തം.
രണ്ട് പതിറ്റാണ്ട് മുമ്പത്തെ അപേക്ഷിച്ച് ഇന്ന് കരൾ രോഗങ്ങൾ വർധിച്ചു വരുന്നതായി കാണാം. ഇന്ത്യയിൽ ഓരോ വർഷവും 2,00,000 പേർ എങ്കിലും കരൾരോഗം മൂലം മരിക്കുന്നു 10 ലക്ഷത്തിലധികം പേർക്ക് കരൾ സിറോസിസ് പുതിയതായി കണ്ടെത്തുന്നു. കേരളത്തിലെ സ്ഥിതി പരിശോധിക്കുകയാണെങ്കിൽ, സ്ഥിതിവിവര കണക്കുകൾ ഇതിലും ഭീകരമാകാനാണ് സാധ്യത. എല്ലാവർഷവും 300 ൽ അധികം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ മലയാളികൾക്ക് ചെയ്യേണ്ടിവരുന്നു.
ചരിത്രപരമായി നോക്കുകയാണെങ്കിൽ രോഗങ്ങളുടെ വരവ് സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. 40 വർഷം മുമ്പ്, കൊടും ദാരിദ്ര്യത്തിന്റെ കാലഘട്ടത്തിൽ നാം മല്ലടിച്ചിരുന്നത് ട്യൂബർകുലോസിസിനെതിരെയാണെങ്കിൽ അത് പിന്നീട്, ഹൃദ്രോഗങ്ങൾക്ക് വഴിമാറുന്നതായി കണ്ടു.
സാമ്പത്തിക നില മെച്ചപ്പെട്ടപ്പോൾ ആഹാരം അമിതമായി കഴിക്കാനുള്ള സാഹചര്യം ഉണ്ടായത് ഇതിനൊരു കാരണമാണ്. ശാരീരിക അധ്വാനം ഇല്ലാത്ത ജോലികളിലേക്ക് മാറിയത് മറ്റൊരു കാരണമാണ്. ഈ സാഹചര്യത്തിലാണ് കൊളസ്ട്രോൾ അധികരിക്കുന്ന അവസ്ഥ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾ വരുന്നതും അതേത്തുടർന്ന് ഹൃദ്രോഗങ്ങൾ ഉണ്ടാകുന്നതും.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറേയായി സാമ്പത്തിക നില കൂടുതൽ മെച്ചപ്പെട്ടതുൾപ്പെടെ പല കാരണങ്ങളാൽ, അമിതാഹാരവും അമിത മദ്യപാനവും വ്യാപകമായി. അതേ തുടർന്ന് കരൾ രോഗങ്ങളും കൂടിത്തുടങ്ങി.
കരൾ രോഗങ്ങൾ നിശബ്ദ കൊലയാളികൾ എന്നു പറയുന്നത് എന്തുകൊണ്ട്?
കരളിന് ക്ഷതം ഉണ്ടാക്കുന്ന കാരണം മദ്യപാനമോ അല്ലെങ്കിൽ ജീവിതശൈലി രോഗമായ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസോ ആകാം. ഇത് രണ്ടും കൂടാതെ കരളിനെ ബാധിക്കുന്ന വൈറസുകളും ചില ജനിതക കാരണങ്ങളും ഉണ്ട്.
ഈ രോഗത്തിന് കാരണം എന്തുതന്നെയാകട്ടെ, കരളിന് സ്ഥായിയായ തകരാറ് സംഭവിക്കുക നിശബ്ദമായിട്ടായിരിക്കും. കരളിൽ കൊഴുപ്പടിയുക (Steatosis), കരളിൽ വീക്കം സംഭവിക്കുക (Hepatitis), കരളിലേക്ക് വടുക്കൾ അടിയുക (Fibrosis) തുടങ്ങിയ ഈ മൂന്ന് ഘട്ടത്തിലുള്ള രോഗം, ഇരുപതോ മുപ്പതോ വർഷം എടുത്ത് സിറോസിസിലേക്കോ, കരൾ കാൻസറിലേക്കോ എത്തിച്ചേരുന്നത് നിശബ്ദമായിട്ടായിരിക്കും.
കരൾ സിറോസിസോ കരൾ കാൻസറോ വന്നാൽ, അത് കരൾ മാറ്റിവെക്കൽ പോലുള്ള അധിക ചെലവുള്ള ചികിത്സയിലേക്കാണ് പോവുക. നല്ലൊരു ശതമാനം രോഗബാധിതരും കരൾ മാറ്റിവെക്കാൻ സാധിക്കാതെ മരണമടയുന്നു.
രോഗി ആശുപത്രിയിലേക്ക് അല്ലെങ്കിൽ പരിശോധന കേന്ദ്രത്തിലേക്ക് എത്തുന്നത് ബുദ്ധിമുട്ടുകൾ വന്നതിനുശേഷം മാത്രമായിരിക്കും. പക്ഷേ ബുദ്ധിമുട്ടുകൾ വന്നതിനുശേഷം കണ്ടുപിടിക്കുന്ന രോഗങ്ങൾ (കരൾ സിറോസിസോ കരൾ കാൻസറോ) ചികിൽസിച്ചു ഭേദമാക്കാൻ പറ്റുന്നവയാകാനുള്ള സാധ്യത വിരളമാണ്. എന്നാൽ രോഗിക്ക് പ്രത്യേകിച്ച് പ്രയാസങ്ങൾ ഒന്നും ഉണ്ടാകാതെ നിശബ്ദാവസ്ഥയിൽ, പത്തോ ഇരുപതോ വർഷം എടുത്താണ് ഈ സ്ഥായിയായ കരൾ രോഗങ്ങളിലേക്കു എത്തുന്നത്. ആ നിശബ്ദ അവസ്ഥ ചികിത്സിച്ചു ഭേദമാക്കാവുന്ന ഘട്ടമാണ്. നിർഭാഗ്യവശാൽ ഈ നിശബ്ദാവസ്ഥയിൽ സ്ക്രീനിങ് പരിശോധനകൾ ചെയ്ത് രോഗം കണ്ടുപിടിക്കുന്നത് വളരെ ചുരുക്കം ആയിട്ടാണ് നടക്കുക. ഈ സ്വഭാവത്തെ മുൻനിർത്തിയാണ് നിശബ്ദ കൊലയാളികൾ എന്ന് കരൾ രോഗങ്ങളെ വിളിക്കുന്നത്.
എന്നാൽ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാത്ത നിശബ്ദാവസ്ഥയിൽ കരൾ കോശങ്ങൾ നശിപ്പിക്കപ്പെടുന്ന അവസ്ഥയിൽ കണ്ടെത്താമെങ്കിൽ കരളിനെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കും. അഥവാ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. അതിലുപരി കരൾ മാറ്റിവെക്കലിലേക്ക് പോകുന്ന അവസ്ഥയും ഒഴിവാക്കാൻ പറ്റും. ഇതാണ് കരൾ രോഗ നിയന്ത്രണത്തിൽ സ്ക്രീനിങ് പരിശോധനകളുടെ പ്രാധാന്യം.

കരളിന്റെ സ്ക്രീനിങ് ചെയ്യേണ്ടത് എപ്പോൾ? എങ്ങനെ?
- ഫൈബ്രോ സ്കാൻ: കരളിലെ കൊഴുപ്പിന്റെ തോതും അതോടൊപ്പം തന്നെ കരളിലെ വടുക്കളുടെ (Scar Tissue) തോതും അളന്നെടുക്കുന്ന സ്കാനിങ് സമ്പ്രദായമാണിത്. സിറോസിസിന് മുന്നോടിയായ നിശബ്ദാവസ്ഥയിൽ തന്നെ രോഗം കണ്ടെത്തി പരിപൂർണ്ണമായി ചികിൽസിച്ചു ഭേദമാക്കാനുള്ള സാധ്യതയാണ് ഇതുമൂലം തെളിയുന്നത്. വേദനരഹിതമായി പത്തോ പതിനഞ്ചോ മിനിറ്റ് മാത്രം എടുക്കുന്ന ഒരു പരിശോധനയാണിത്. അൾട്രാ സൗണ്ട് വേവുകളെ കരളിലേക്ക് കടത്തിവിട്ട് കരളിന്റെ സ്റ്റിഫ്നെസ് അളക്കുന്ന രീതിയാണ് ഫൈബ്രോ സ്കാൻ.
- അൾട്രാ സൗണ്ട് സ്കാനിങ്: കരളിലെ കൊഴുപ്പിന്റെ തോത് അറിയാൻ സഹായിക്കുന്നു, കരൾ സിറോസിസ് കണ്ടെത്താനും കഴിയും. കരൾ സിറോസിസ് ആകുന്നതിന് മുമ്പ് കണ്ടുപിടിക്കുന്നതാണ് ശരിയായ സ്ക്രീനിങ് സമ്പ്രദായം. കരളിൽ സിറോസിസ് വന്നു കഴിഞ്ഞാൽ തിരിച്ചുപോക്ക് സാധ്യമല്ല എന്നുള്ളതിനാലാണിത്. നിശബ്ദാവസ്ഥയിലെ പ്രീ സിറോസിസ് അവസ്ഥ കണ്ടെത്താൻ കഴിയാത്തതുകൊണ്ട്, അൾട്രാ സൗണ്ട് സ്കാനിങ് നല്ല സ്ക്രീനിങ് ഉപാധിയായി കാണാൻ കഴിയില്ല.
- രക്ത പരിശോധനകൾ: ലിവർ ഫംഗ്ഷൻ ടെസ്റ്റ്, പ്ലേറ്റ്‌ലെറ്റ് കൗണ്ട് എന്നീ രണ്ടു പരിശോധനകളാണ് സ്ക്രീനിങ്ങിനായി ചെയ്യുക. പ്ലേറ്റ്‌ലെറ്റ് കൗണ്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ള APRI, FIB4 എന്നിവയും സ്ക്രീനിങ് പരിശോധനകളുടെ ഭാഗമാണ്.
കരൾ സ്ക്രീനിങ് പരിശോധനകൾ എപ്പോൾ ആരംഭിക്കണം?
രണ്ടു പതിറ്റാണ്ട് മുമ്പ് 50, 60 വയസ്സിനു മുകളിൽ കണ്ടുവന്നിരുന്ന കരൾ രോഗം ഇന്ന് 40 കളിലെത്തുന്ന ആളുകൾക്കും വരുന്നതായി കാണുന്നു. 40 വയസ്സിനു ശേഷം കരൾ രോഗ സ്ക്രീനിങ് ആരംഭിക്കുന്നതാണ് അഭികാമ്യം. പ്രത്യേകിച്ച് കരൾരോഗ സാധ്യത കൂടിയ ആളുകൾ- സ്ഥിരമായ മദ്യപാനം, പ്രമേഹം, അധികരിച്ച കൊളസ്ട്രോൾ, രക്തസമ്മർദ്ദം, കുടുംബപരമായി കരൾ രോഗങ്ങൾ ഉള്ള ആളുകൾ.
ഫൈബ്രോ സ്കാൻ ഉപയോഗിച്ചുള്ള ഒരു വാർഷിക പരിശോധന ആണ് ചെയ്യേണ്ടത്. ഓരോ വർഷവും ചെയ്യുന്ന ചികിത്സയുടെ ഫലവും ഈ വാർഷിക പരിശോധനയിൽ തെളിയും. സംഭവിച്ചിരിക്കുന്ന കരൾ രോഗം സിറോസിസിന്റെ പാതയിലേക്ക് ആണോ പോകുന്നത് അതോ തിരിച്ചു നോർമൽ അവസ്ഥയിലേക്ക് മടങ്ങി വരികയാണോ എന്ന് ഈ വാർഷിക ഫൈബ്രോ സ്കാൻ പരിശോധനയിലൂടെ മനസ്സിലാക്കാം.
കരൾ രോഗ സ്ക്രീനിങ്ങിന്റെ സാമ്പത്തിക ശാസ്ത്രം
നിശബ്ദ അവസ്ഥയിൽ പത്തോ ഇരുപതോ വർഷം കരൾ രോഗം നീണ്ടുനിൽക്കുന്ന അവസ്ഥയിൽ സ്ക്രീനിങ് മുഖാന്തരം കരളിനെ കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചാൽ കരൾ കാൻസറോ കരൾ സിറോസസോ വരുന്നതിന് മുന്നേ പരിപൂർണ്ണ ചികിത്സ സാധ്യമാകും. ഈ ചികിത്സയ്ക്ക് ചെലവ് തുലോം കുറവാണ്. ജീവിതശൈലിയിലെ തിരുത്തൽ ആണ് പലപ്പോഴും വേണ്ടിവരിക.
ചിലപ്പോൾ കരൾ കാൻസറും സിറോസിസും ഉണ്ടാക്കുന്ന വൈറസുകൾക്കെതിരെയുള്ള മരുന്നോ അല്ലെങ്കിൽ ജനിതക രോഗങ്ങളുടെ ചികിത്സയോ വേണ്ടി വന്നേക്കാം. എന്തുതന്നെയായാലും കരൾ സിറോസിസ് ആയതിനുശേഷമുള്ള ഭാരിച്ച ചികിത്സാ ചെലവുകളെ അപേക്ഷിച്ചുനോക്കുമ്പോൾ ഇത് വളരെ കുറവാണ്.
നിശബ്ദാവസ്ഥയിൽ കണ്ടുപിടിച്ച് ചികിത്സിച്ചാൽ ചെലവ് കുറവാണെന്ന് മാത്രമല്ല, വിജയകരമായ ചികിത്സയിലൂടെ രോഗിയുടെ കരളിനെ സാധാരണ അവസ്ഥയിലേക്ക് എത്തിക്കാനും സാധിക്കും.
എന്നാൽ നിശബ്ദാവസ്ഥയിൽ സ്ക്രീനിങ് പരിശോധന ചെയ്ത് കണ്ടുപിടിക്കാതിരുന്നാൽ , കരൾ സിറോസിസോ കരൾ കാൻസറോ ആയതിനുശേഷം ഉള്ള ചികിത്സായ രീതികളും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും ഭാരിച്ച ചെലവ് നിറഞ്ഞതാണ്, സങ്കീർണതകൾ അനവധി ഉള്ളതാണ്, വിജയം 100% ഇല്ലതാനും.
ചുരുക്കിപ്പറഞ്ഞാൽ കരൾ രോഗ സ്ക്രീനിങ് പരിശോധനകൾ ആരോഗ്യ സംരക്ഷണത്തിന്റെ മാത്രമല്ല, ചെലവ് ചുരുക്കലിന്റെ കൂടെ ഭാഗമാണെന്ന് മനസ്സിലാക്കാം.