scorecardresearch

World Liver Day 2025: ലോക കരൾ ദിനം; ഭക്ഷണം ഔഷധം ആകട്ടെ

World Liver Day 2025: ഏപ്രിൽ 19 ലോക കരൾ ദിനത്തിൽ "ഫുഡ് ഈസ് മെഡിസിൻ" (ആഹാരം മരുന്നാണ്) എന്നതാണ് ലോകാരോഗ്യ സംഘടന നിശ്ചയിച്ച 2025 ലെ തീം

World Liver Day 2025: ഏപ്രിൽ 19 ലോക കരൾ ദിനത്തിൽ "ഫുഡ് ഈസ് മെഡിസിൻ" (ആഹാരം മരുന്നാണ്) എന്നതാണ് ലോകാരോഗ്യ സംഘടന നിശ്ചയിച്ച 2025 ലെ തീം

author-image
Harikumar R Nair
New Update
World Liver Day

World Liver Day 2025: രോഗങ്ങൾ എങ്ങനെ ഉണ്ടാകുന്നുവെന്ന ചോദ്യത്തിന് ഉത്തരം ലളിതമല്ല. നാമെല്ലാം ജനിച്ചു വീഴുന്നത് ഒരു ജനിതക ഘടനയോട് കൂടിയാണ്. ഇതിൽ തന്നെ പല രോഗങ്ങളും ഉറങ്ങുന്നുണ്ട്. എന്നാൽ ഈ ജനിതക ഘടനയിലുള്ള രോഗങ്ങളെ ഉണർത്തിയെടുക്കുന്നത് നാം കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം, നമ്മിലേക്ക് എത്തുന്ന അണുബാധകൾ തുടങ്ങിയവയാണ്. ജീവിതശൈലിയിലെ അപചയങ്ങളും ഒരു പരിധിവരെ രോഗത്തിലേക്ക് നമ്മെ നയിക്കുന്നു.

Advertisment

നാം ഉള്ളിലേക്ക് കടത്തിവിടുന്നത് എന്തുമാകട്ടെ, കുടിക്കുന്നതോ ഭക്ഷിക്കുന്നതോ എല്ലാം കടന്നു പോകുന്നത് കരളിലൂടെയാണ്. കിഡ്നി ശരീരത്തിന്റെ അരിപ്പയായാണ് അറിയപ്പെടുന്നത്, എന്നിരുന്നാലും കിഡ്നിയെക്കാളും മറ്റ് ഏത് അവയവത്തെക്കാളും ഏറ്റവും അധികം ശുദ്ധീകരണ പ്രക്രിയ കരളാണ് ചെയ്യുന്നത്. ഉള്ളിലേക്ക് കടത്തിവിടുന്നത് മോശമാണെങ്കിൽ കരളിന് ജോലി കൂടും, കരളിന് ക്ഷതവും കൂടും. ഉള്ളിലേക്ക് കടത്തിവിടുന്ന മോശപ്പെട്ട സംഗതികൾ ശുദ്ധീകരിക്കാൻ കരളിന് ആയില്ലെങ്കിൽ അവ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ഏപ്രിൽ 19 ലോക കരൾ ദിനത്തിൽ "ഫുഡ് ഈസ് മെഡിസിൻ" (ആഹാരം മരുന്നാണ്) എന്നതാണ് ലോകാരോഗ്യ സംഘടന നിശ്ചയിച്ച 2025 ലെ തീം. കരളിന്റെ അരോഗാവസ്ഥ നിലനിർത്താൻ ഇതിനപ്പുറം മറ്റൊരു ശാസ്ത്ര തത്വമോ ജീവിത രീതിയോ ഇല്ല.

ആഹാരത്തിലെ പോഷക ഘടകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. അന്നജം അഥവാ കാർബോഹൈഡ്രേറ്റ് കൊഴുപ്പ് അഥവാ ഫാറ്റ് പ്രോട്ടീൻ അഥവാ മാംസ്യം ആഹാരത്തിലെ നാരുകൾ അഥവാ ഡയറ്ററി ഫൈബറുകൾ എന്നിവയാണ് ആഹാരത്തിൽ അടങ്ങിയിട്ടുള്ള പോഷക ഘടകങ്ങൾ. ഇതുകൂടാതെ വൈറ്റമിൻസും മിനറൽസും ആഹാരത്തിലൂടെ ലഭിക്കേണ്ട സൂക്ഷ്മ പോഷകങ്ങളാണ്. മനുഷ്യശരീരം ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത് ഈ പോഷകഘടകങ്ങളെ ആഗിരണം ചെയ്യാനും കൈകാര്യം ചെയ്യാനും അവയെ ഉപാപചയ പ്രക്രിയകളിലൂടെ(Metabolism) കടത്തിവിടാനുമാണ്.

Advertisment

കൃഷിയിടങ്ങളിൽ നിന്ന് പാചകപ്പുരകളിലേക്ക് ആഹാരസാധനങ്ങൾ വന്നെത്തിയിരുന്ന കാലം എന്നേ അന്യം വന്നിരിക്കുന്നു. കാല ദേശഭേദമെന്യേ ആഹാരം സുലഭം ആക്കാനായി ആഹാരത്തിന്റെ പ്രോസസിംഗ് പ്രക്രിയകൾ കണ്ടുപിടിക്കപ്പെട്ടു. ഇന്നത് എത്തിനിൽക്കുന്നത് ഫുഡ് ഇൻഡസ്ട്രി എന്ന ആശയത്തിലാണ് -അഥവാ പാക്കേജ് ചെയ്യപ്പെട്ട അല്ലെങ്കിൽ പ്രോസസ് ചെയ്യപ്പെട്ട ആഹാരസാധനങ്ങൾ. ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ നിലനിൽക്കുന്ന അവസ്ഥയും അവ മാർക്കറ്റിൽ സുലഭമായി കിട്ടുന്ന ഒരു കാലഘട്ടത്തിലും ആണ് ഇന്ന് നാം എത്തിനിൽക്കുന്നത്. കേടുകൂടാതെ നിലനിൽക്കുക എന്നതിനപ്പുറം രുചി മെച്ചപ്പെടുത്തുന്നതിനും ഭക്ഷണം കൂടുതൽ ആകർഷകമാക്കുന്നതിനുള്ള നിറങ്ങൾ ചേർക്കുന്നതും എല്ലാം ഫുഡ് പ്രോസസിങ്ങിന്റെ ഭാഗമാണ്. 

പല കെമിക്കലുകൾ ഉപയോഗിച്ച് ചെയ്യുന്ന ഇതിന് അൾട്രാ പ്രോസസ്ഡ് ഫുഡ് എന്നും പ്രോസസ്സ്ഡ് ഫുഡ് എന്നും വകഭേദങ്ങളുണ്ട്. പലപ്പോഴും ഈ കെമിക്കലുകൾ പോഷക ഗുണത്തിന് പകരം കോശങ്ങൾക്ക് വീക്കം ഉണ്ടാക്കുന്നത് തൊട്ട് കാൻസർ തുടങ്ങിയ മാരകരോഗങ്ങൾ വരെ ഉണ്ടാക്കുന്നതിനും കാരണം ആകുന്നു. ഇൻഫ്ളമേറ്ററി ഡയറ്റ് എന്നും മ്യുട്ടജനിക് ഡയറ്റ് എന്നും വകഭേദങ്ങളുണ്ട്. ഇൻഫ്ളമേറ്ററി ഡയറ്റ് എന്നാൽ ശരീരത്തിലെ കോശങ്ങളുടെ വീക്കം ഉണ്ടാക്കാൻ കെൽപ്പുള്ള ആഹാരസാധനങ്ങൾ എന്നർത്ഥം. മ്യൂട്ട് ജനിക് ഡയറ്റ് എന്നാൽ ജനിതക ഘടനയിൽ തന്നെ മാറ്റം വരുത്താൻ കഴിവുള്ള ആഹാരസാധനങ്ങൾ എന്നർത്ഥം.

 എന്താണ് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്?

പ്രോസസ് ചെയ്യപ്പെട്ട ആഹാരസാധനങ്ങൾ, അമിതമായ മദ്യത്തിന്റെ ഉപയോഗം, റെഡ്മീറ്റിന്റെ ഉപയോഗം, മധുരത്തിന്റെ അതിപ്രസരം തുടങ്ങിയവ കോശങ്ങളുടെ വീക്കത്തിലേക്ക് നയിക്കാമെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആഹാരസാധനങ്ങൾ പ്രോസസ് ചെയ്യപ്പെട്ട് പാക്കേജിലാക്കി വിപണിയിൽ എത്തുമ്പോൾ ഒരുപാട് കെമിക്കൽ പദാർത്ഥങ്ങളും ഇതോടൊപ്പം ചേരുന്നു എന്നു പറഞ്ഞുവല്ലോ. ശരീരവും ദഹന വ്യവസ്ഥയും അന്നജം കൊഴുപ്പ്, മാംസ്യം, നാരുകൾ, വൈറ്റമിൻസ്, മിനറൽസ് എന്നീ ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യാനാണ് ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത് എന്നിരിക്കെ പ്രോസസ് ചെയ്യപ്പെട്ട ആഹാരസാധനങ്ങളിൽ ഉള്ള കെമിക്കൽ കൈകാര്യം ചെയ്യാൻ ശരീരത്തിന് അല്ലെങ്കിൽ ദഹന വ്യവസ്ഥയ്ക്ക് പറ്റാതെ വരുമ്പോൾ അത് ശരീരകോശങ്ങളുടെ ഇൻഫ്ളമേഷനിലേക്ക് നയിക്കുന്നു.

ആന്റി ഇൻഫ്ളമേറ്ററി ആഹാരരീതി എന്നുവച്ചാൽ പ്രോസസിംഗ് താരതമ്യേന കുറഞ്ഞ ആഹാരങ്ങൾ എന്നർത്ഥം. മുഴു ധാന്യങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ പ്രോസസ് ചെയ്യപ്പെടാത്ത നട്സ്, മത്സ്യം, ആരോഗ്യകരമായ എണ്ണ തുടങ്ങിയവ ആന്റി ഇൻഫ്ളമേറ്ററി ആഹാര രീതികളിൽ പെടും. ശരീരത്തിന്റെ ഉപാപചയ പ്രക്രിയകളിൽ ഫ്രീ റാഡിക്കൽ എന്ന തന്മാത്രകൾ ഉണ്ടാകുന്നു. ഇവ മൂലം ശരീരകോശങ്ങൾക്ക് ക്ഷതം സംഭവിക്കുകയും കാൻസർ ഇൻഫ്ളമേറ്ററി രോഗങ്ങൾ എന്നിവ ഉണ്ടാവുകയും ചെയ്യുന്നു. ആന്റി ഇൻഫ്ളമേറ്ററി ആഹാരരീതികളിൽ ഈ ഫ്രീ റാഡിക്കലുകളെ കൈകാര്യം ചെയ്യാനുള്ള ആന്റിഓക്സിഡന്റ് ധാരാളം ഉണ്ട്. മെഡിറ്ററേനിയൻ ഡയറ്റ് ആണ് ആന്റി ഇൻഫ്ലുമെറ്ററി ആഹാരരീതിയുടെ ഉത്തമ ഉദാഹരണം.

World Liver Day
മെഡിറ്ററേനിയൻ ഡയറ്റ്

എന്താണ് മെഡിറ്ററേനിയൻ ഡയറ്റ് എന്ന് നോക്കാം- സസ്യഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, സമുദ്ര വിഭവങ്ങൾ, മിതമായ അളവിൽ പാലുൽപന്നങ്ങൾ, കോഴിയിറച്ചി, മുട്ട എന്നിവയും ഉൾപ്പെടുന്നു. പഴവർഗ്ഗങ്ങളിൽ തന്നെ തക്കാളി, അവക്കാഡോ, ഇലക്കറികൾ, എന്നിവ ഉൾപ്പെടെ വിവിധതരം പഴങ്ങളും പച്ചക്കറികളും. തവിട് ഉൾപ്പെടുന്ന ധാന്യങ്ങൾ തവിടു ഉൾപ്പെടുന്ന ഗോതമ്പ്, അരി, ഓട്സ് തുടങ്ങിയവ. നട്സുകൾ ബദാം, വാൽനട്ട് തുടങ്ങിയവ. മത്സ്യവും കടൽ വിഭവങ്ങളും അയല, ചെമ്മീൻ, കണവ, കക്ക തുടങ്ങിയവ. മെഡിറ്ററേനിയൻ ഡയറ്റിൽ പാചക എണ്ണയായി ഉപയോഗിക്കുന്നത് ഒലിവ് ഓയിലാണ്. 

കൊഴുപ്പിന്റെ പ്രധാന ഉറവിടമായ ഒലിവ് ഓയിൽ മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്. മെഡിറ്ററേനിയൻ ഡയറ്റിൽ റെഡ് മീറ്റ് തീരെ കുറവാണ്, നാരുകളുടെ അളവ് വളരെ കൂടുതലാണ്, പൂരിത കൊഴുപ്പ് നന്നേക്കുറവ്. വൈൻ പോലെയുള്ള മദ്യം മിതമായ അളവിൽ ഉപയോഗിക്കുന്നു. മധുര പദാർത്ഥങ്ങൾ, സംസ്കരിച്ച മാംസം എന്നിവ പാടെ ഒഴിവാക്കുന്നു. ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത് മെഡിറ്ററേനിയൻ ഭക്ഷണക്രമം ഹൃദയസംബന്ധമായ അസുഖങ്ങളും മരണനിരക്കും കുറയ്ക്കുമെന്നാണ്. ഇതുകൂടാതെ കാൻസർ, ന്യൂറോ ഡീജെനറേറ്റീവ് രോഗങ്ങളിൽ നിന്നും മെഡിറ്ററേനിയൻ ഡയറ്റ് സംരക്ഷിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.

ബ്ലൂ സോണുകൾ പഠിപ്പിക്കുന്നത് എന്ത്?

അസാധാരണമാംവിധം ദീർഘായുസ്സ് ഉള്ള അഥവാ 100 വയസോ അതിൽ കൂടുതലോ ജീവിച്ചിരിക്കുന്ന ആളുകളുള്ള, വിട്ടുമാറാത്ത രോഗങ്ങളുടെ നിരക്ക് തീരെ കുറവുള്ള പ്രദേശങ്ങളെയാണ് ബ്ലൂസോണുകൾ എന്ന് പറയുന്നത്. കുറഞ്ഞ ജീവിതസമ്മർദം, ശക്തമായ സാമൂഹിക ബന്ധങ്ങൾ എന്നിവയ്ക്ക് പുറമേ സസ്യാധിഷ്ഠിതമായ ഭക്ഷണക്രമം എന്നിവയും ദീർഘായുസ്സുള്ള ബ്ലൂസോണുകളുടെ പ്രത്യേകതയാണ്. ജപ്പാനിലെ ഒക്കിനാവ, ഇറ്റലിയിലെ സാർഡീനിയ, കോസ്റ്റാറിക്കയിലെ നിക്കോയ പെനിൻ സുല, ഗ്രീസിലെ ഇക്കാര്യ, നോർത്ത് അമേരിക്കയിലെ ലോമാ ലിൻഡ എന്നിവയാണ് ഏറ്റവും അധികം പഠന വിധേയമാക്കപ്പെട്ടിട്ടുള്ള ബ്ലൂ സോണിന്റെ ഉദാഹരണങ്ങൾ.

പ്രധാനമായും സസ്യാഹാരം കഴിക്കുക, ബീൻസ്, പയർ വർഗ്ഗങ്ങൾ, ധാന്യങ്ങൾ, നട്സ്, ഇലക്കറികൾ തുടങ്ങിയ സംസ്കരിച്ചിട്ടില്ലാത്ത ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. റെഡ് മീറ്റും സംസ്കരിച്ച ഭക്ഷണങ്ങളും വളരെ പരിമിതമായിട്ടാണ് ബ്ലൂ സോണിൽ ഉള്ളവർ ഉപയോഗിക്കുന്നത്.

Blue Zone
ബ്ലൂ സോൺ

ബ്ലൂ സോൺ ഡയറ്റിന്റെ പ്രധാന ഘടകങ്ങൾ

1. സസ്യാധിഷ്ഠിത ആഹാരം - ആഹാരത്തിന്റെ ഭൂരിഭാഗവും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, നട്സ് എന്നിവയാണ് 

2. തവിടുള്ള ധാന്യങ്ങൾ- ഓട്സ്, ബാർലി, തവിടുള്ള അരി, തവിടുള്ള, ഗോതമ്പ്, ബ്രഡ് എന്നിവ.

3. ആരോഗ്യകരമായ കൊഴുപ്പുകൾ - നട്സ്, ഒലിവ് ഓയിൽ എന്നിവയാണ് കൊഴുപ്പിന്റെ പ്രധാന ഉറവിടങ്ങൾ 

4. മാംസം ഒരു പരിധിവിട്ട് ഉപയോഗിക്കുന്നില്ല. റെഡ് മീറ്റ് വളരെ അപൂർവമായി മാത്രമേ കഴിക്കാറുള്ളൂ.

5. 80 ശതമാനം എന്ന ആഹാര നിയമം: 80 ശതമാനം വയറു നിറയുന്നത് വരെ ഭക്ഷണം കഴിക്കുക എന്ന തത്വം അഥവാ വയറ് നിറയെ കഴിക്കാതിരിക്കുക എന്നർത്ഥം 

6. മദ്യം മിതമായി മാത്രം ഉപയോഗിക്കുക. റെഡ് വൈൻ ആണ് പലപ്പോഴും അത്താഴത്തോടൊപ്പം കഴിക്കുന്നത് 

7. സംസ്കരിച്ച ഭക്ഷണങ്ങൾ വളരെ കുറവാണ്.

ഭക്ഷണം മരുന്നാക്കി കരൾ രോഗങ്ങളെ ചെറുക്കാം

കരൾ രോഗങ്ങൾ ഉണ്ടാകുന്നത് പ്രധാനമായും മദ്യപാനം കൊണ്ടും മദ്യപാനം ഇല്ലാതെ തന്നെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന മെറ്റബോളിക് ഡിസ് ഫംഗ്ഷൻ അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (MAFLD) എന്ന രോഗം മൂലവും ആണ്. അമിതാഹാരവും ശാരീരികാധ്വാനം ഇല്ലായ്മയും കാരണമാണ് MASLD ഉണ്ടാകുന്നത്. ഉള്ളിലേക്ക് എടുക്കുന്ന ഭക്ഷണ ഊർജ്ജത്തെ കത്തിച്ചുകളയാൻ പറ്റാത്ത ഈ അവസ്ഥയ്ക്ക് മെറ്റബോളിക് സിൻഡ്രോം (MetS) എന്നാണ് പറയുന്നത്. അൾട്രാ പ്രോസസ്ഡ് ഫുഡ് (Ultraprocessed food-UPF) മെറ്റബോളിക് സിൻഡ്രോം ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതിൽനിന്ന് നാം മനസ്സിലാക്കേണ്ടത് അധികം പ്രോസസിങ്ങിന് വിധേയമാകാത്ത ആഹാരം MASLD മൂലമുള്ള കരൾ രോഗങ്ങൾ കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ്. ലോക ജനതയിൽ 30% വും കേരളത്തിൽ 49 ശതമാനവും (തിരുവനന്തപുരത്ത് നടത്തിയ പഠനം, 2017) ഉള്ള ഈ MASLD എന്ന രോഗത്തിന്റെ നിയന്ത്രണത്തിന് അതീവ പ്രാധാന്യമുണ്ട്.

ഇവിടെയാണ് ബ്ലൂ സോണുകളിലെ ആഹാരരീതിയുടെയും മെഡിറ്ററേനിയൻ ഡയറ്റിന്റെയും പ്രാധാന്യം. ചരിത്രപരമായി നോക്കുകയാണെങ്കിൽ ഗ്രന്ഥങ്ങൾ ഭക്ഷണത്തെ മരുന്നായി കണക്കാക്കുന്നു. ആചാര്യ കശ്യപൻ അഭിപ്രായപ്പെട്ടത് ''മഹാഭൈഷജ്യ ആഹാര'' എന്നാണ്. ഏറ്റവും ഫലപ്രദമായ മരുന്ന് ഭക്ഷണമാണ് എന്നാണ് ആയുർവേദം അനുശാസിക്കുന്നത്. . ഭക്ഷണം ജീവൻ നിലനിർത്താൻ മാത്രമല്ല, രുചി അറിഞ്ഞു ഭക്ഷിച്ച് ആനന്ദത്തിൽ എത്തുന്നതിന് മാത്രമല്ല, മറിച്ച് ജീവൻ നിലനിർത്തുന്ന മരുന്നായി കൂടെ കാണാമെന്ന് സാരം. ലോകാരോഗ്യ സംഘടന ലോക കരൾ ദിനമായ ഏപ്രിൽ 19ന് സ്വീകരിച്ച "ആഹാരം ഔഷധമാക്കുക" എന്ന തത്വം വെറുമൊരു തത്വചിന്തയല്ല, മറിച്ച് ശാസ്ത്ര തത്വം തന്നെയാണ്, ഒരു ജീവിത രീതി തന്നെയാണ്.

Read More

liver Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: