World Hepatitis Day 2021: Causes, symptoms, treatment of the liver disease: എല്ലാ വർഷവും ജൂലൈ 28 ‘വേൾഡ് ഹെപ്പറ്റൈറ്റിസ് ഡേ’ ആയി ലോകാരോഗ്യസംഘടന ആചരിക്കുന്നു. ഹെപ്പറ്റൈറ്റിസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം കരൾ കോശങ്ങളുടെ വീക്കം എന്നാണ്.
കരൾവീക്കം പല കാരണങ്ങൾകൊണ്ട് ഉണ്ടാകാം; അതിൽ തന്നെ കരൾ കോശങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ചില വൈറസുകൾ മൂലമുണ്ടാകുന്ന വീക്കത്തിന് പ്രാധാന്യമേറെയാണ്. ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കം എത്ര സാധാരണമാണ്? എന്തിനാണ് ലോകാരോഗ്യസംഘടന ഇത്തരത്തിൽ പ്രാധാന്യം കരൾ വീക്കത്തിന് കൊടുക്കുന്നത്? ട്യൂബർകുലോസിസ്, എയ്ഡ്സ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അല്ലേ ലോകജനസംഖ്യയുടെ വലിയൊരു ശതമാനത്തിന് ബാധിച്ചിരിക്കുന്നത്? അതിനേക്കാൾ പ്രാധാന്യം കരൾ വീക്കത്തിന് ഉണ്ടോ?
നമുക്ക് സ്ഥിതിവിവരക്കണക്കുകൾ ഒന്ന് ഓടിച്ചു നോക്കാം. ലോകത്താകമാനം വൈറസ് മൂലമുള്ള കരൾവീക്കം ബാധിച്ചിരിക്കുന്നത് 300 ദശലക്ഷം ആളുകളെ ആണ്, പ്രാരംഭദശയിൽ നിശബ്ദമാണ് എന്നുള്ളതിനാൽ ഇവരിൽ ഭൂരിഭാഗവും തങ്ങൾക്ക് അണുബാധ ഉണ്ട് എന്ന് തിരിച്ചറിയാതെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. വൈറസ് മൂലമുള്ള കരൾവീക്കം കാരണം 1.3 ദശലക്ഷം മരണങ്ങൾ ഒരു വർഷം സംഭവിക്കുന്നു. എയ്ഡ്സിനേക്കാളും ട്യൂബർകുലോസിസ് നെക്കാളും അധികം മരണം സംഭവിക്കുന്നത് ഹെപ്പറ്റൈറ്റിസ് മൂലമാണത്രേ!
ഇക്കാരണങ്ങളാലാണ് ലോകാരോഗ്യ സംഘടന 2030 നുള്ളിൽ ഹെപ്പറ്റൈറ്റിസ് നിർമാർജനം ചെയ്യുക എന്ന പ്രചാരണ പരിപാടി 2016ഇൽ ആരംഭിച്ചത്. നിശബ്ദ അവസ്ഥയിൽ ഇരുപതോ മുപ്പതോ വർഷം ശരീരത്തിൽ നിലനിന്ന അതിനു ശേഷം മാത്രം കരൾ ക്യാൻസർ, കരൾ സിറോസിസ് തുടങ്ങിയ മാരകരോഗങ്ങളിലേക്കു ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്ന വൈറസുകൾ രോഗികളെ തള്ളിവിടുന്നത്. നിശബ്ദ അവസ്ഥയിൽ കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സ ഉണ്ട് എന്നതിനാൽ, “കണ്ടെത്താത്ത രോഗികളെ കണ്ടെത്തുക”(Find the Missing Millions) എന്നതാണ് ലോകാരോഗ്യസംഘടന വേൾഡ് വൈറൽ ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ സന്ദേശമായി നിശ്ചയിച്ചിരിക്കുന്നത്.
കരൾ ക്യാൻസർ, കരൾ സിറോസിസ് എന്നീ മാരക രോഗങ്ങളിലേക്ക് പരിണമിക്കുന്നത് വരെ ക്രോണിക് വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന കരൾ ക്ഷയം രോഗ ലക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് മുന്നേറുന്നത് എന്നതിനാൽ പരിശോധനകളും മുന്നേ കൂട്ടിയുള്ള രോഗനിർണയവും മാത്രമാണ് ഈ നിശബ്ദ കൊലയാളി വൈറസുകളെ എതിരിടാനുള്ള മാർഗങ്ങൾ.
What is Hepatitis? എന്താണ് ഹെപ്പറ്റൈറ്റിസ്?
ഹെപ്പറ്റൈറ്റിസ് എന്നു പറയുമ്പോൾ അതിനർത്ഥം വൈറസ് മൂലമുള്ള കരൾവീക്കം മാത്രം ആണെന്നും, എല്ലാത്തരം മഞ്ഞപ്പിത്തവും പകരുന്നതാണെന്നും തെറ്റായ ധാരണ അനവധി ആളുകൾ വച്ചുപുലർത്തുന്നുണ്ട്. വാസ്തവത്തിൽ ഹെപ്പറ്റൈറ്റിസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം ഏത് കാരണം കൊണ്ടും ഉണ്ടാകുന്ന കരൾ കോശങ്ങളുടെ വീക്കമാണ്. ഇത് അക്യൂട്ട് ഹെപ്പറ്റൈറ്റിസ് (ചുരുങ്ങിയ കാലയളവിൽ ഉണ്ടാകുന്ന തീവ്ര രോഗബാധ), അല്ലെങ്കിൽ ക്രോണിക് ഹെപ്പറ്റൈറ്റിസ് (ദീർഘകാലം ശരീരത്തിൽ തങ്ങി നിൽക്കുന്ന രോഗ ബാധ) എന്നിങ്ങനെ തരംതിരിക്കാം. ഈ രണ്ട് രോഗാവസ്ഥകളുടെയും കാരണങ്ങൾ, തീവ്രത, സങ്കീർണതകൾ എന്നിവ വ്യത്യസ്തമാണുതാനും.
കരൾ വീക്കം ഉണ്ടാക്കുന്ന അണുബാധകൾ അല്ലാത്ത കാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് ജീവിതശൈലി രോഗമായ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (എൻഎഎഫ്എൽഡി- NAFLD) ആണ്. തുടക്കത്തിൽ കൊഴുപ്പ് കരളിലേക്ക് കയറിയിട്ട് ക്രമേണ കരൾവീക്കം ഉണ്ടാകുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുമ്പോൾ ഇതിനെ നോൺ ആൽക്കഹോളിക്സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ് (എൻഎഎസ്എച്ച്- NASH) എന്നു പറയും. അണുബാധമൂലം അല്ലാതെ കരൾ വീങ്ങാനുള്ള രണ്ടാമതായ കാരണം മദ്യപാനമാണ്. ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശക്തി സ്വന്തം കരളിനെ തന്നെ ആക്രമിച്ചു കരൾവീക്കം ഉണ്ടാക്കുന്ന അവസ്ഥയെ ഓട്ടോഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് (Autoimmune Hepatitis ) എന്ന് വിളിക്കാം. ഇതൊന്നുമല്ലാതെ ചില അപൂർവ്വ ഇനം ജനിതക കാരണങ്ങൾ മൂലവും കരൾവീക്കം സംഭവിക്കാം. കരളിൽ ഇരുമ്പടിയുന്ന രോഗം (Hemochromatosis) ചെമ്പടിയുന്ന രോഗം (Wilsons Disease) എന്നിവ തീരെ വിരളമല്ല.
ഇനി വൈറസ് മൂലമുണ്ടാകുന്ന കരൾവീക്കം ഏതൊക്കെയാണെന്ന് നോക്കാം. കരൾ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് വൈറസുകളെ “ഹെപറ്റോട്രോപിക്” വൈറസുകൾ എന്നു പറയുന്നു- ഇവ പ്രധാനമായും എ,ബി,സി, ഡി,ഇ എന്നിങ്ങനെ അഞ്ചുതരം ആണ്. ശരീരത്തിലെ മറ്റു പല ഭാഗങ്ങളെയും ബാധിക്കുന്ന വൈറസുകൾ ചിലപ്പോൾ കരളിലും ക്ഷതം ഉണ്ടാക്കാം, ഇവയെ നോൺ “നോൺഹെപറ്റോട്രോപ്പിക്” വൈറസുകൾ എന്നു വിളിക്കുന്നു- പൊങ്ങൻപനി ഉണ്ടാക്കുന്ന വാരിസെല്ലാ വൈറസ്, ഹെർപ്പിസ് സിംപ്ലക്സ് വൈറസ്, എപ്‌സ് റ്റീൻ ബാർ വൈറസ് തുടങ്ങിയവയും കോവിഡ് 19 ഉണ്ടാക്കുന്ന SARS COV2 വൈറസും കരൾവീക്കം ഉണ്ടാക്കാം.
Types of Hepatitis: ഏതൊക്കെയാണ് വിവിധ ഇനം ഹെപ്പറ്റൈറ്റിസ് വൈറസുകൾ?
എ,ബി,സി,ഡി,ഇ എന്നിങ്ങനെ ഹെപ്പറ്റൈറ്റിസ് വൈറസുകൾ പ്രധാനമായും അഞ്ചു തരമുണ്ട്. ഇവയിൽ പ്രത്യേകമായും ബി, സി എന്നിവയാണ് ദീർഘകാലം നിലനിൽക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് ബാധക്ക് കാരണമാകുന്നതും, ലിവർ സിറോസിസ്, ലിവർ കാൻസർ എന്നിവയിലേക്ക് നയിക്കുന്നതും. മഞ്ഞപ്പിത്തത്തിലെ എ, ഇ വിഭാഗങ്ങൾക്കു കാരണമാകുന്നത് മലിനമായ ഭക്ഷണത്തിന്റെയും ജലത്തിന്റെയും ഉപയോഗമാണ്.
ബി,സി,ഡി എന്നീ വൈറസുകൾ രോഗബാധയുള്ളവരുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെ പകരുന്നു. രോഗബാധിതരുടെ രക്തമോ രക്ത ഉല്‍പ്പന്നങ്ങളോ സ്വീകരിക്കുക, അണുബാധയുള്ള വൈദ്യോപകരണങ്ങൾ കൊണ്ടുള്ള ചികിത്സാനടപടികൾക്ക് വിധേയരാകുക, രോഗിയുമായി ലൈംഗികബന്ധം പുലർത്തുക എന്നിവ ഈ വൈറസുകൾ പകരുന്ന വഴികൾ ആണ്.
രോഗമുള്ള അമ്മയിൽ നിന്ന് ജനിക്കുന്ന കുഞ്ഞിനും രോഗം പകർന്നുകിട്ടാം. അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ബാധ പരിമിതമായ രോഗലക്ഷണങ്ങളോടെയോ ലക്ഷണങ്ങളൊന്നുമില്ലാതെയോ ആകാം. അതല്ലെങ്കിൽ മഞ്ഞപ്പിത്തം (ചർമ്മവും കണ്ണും മഞ്ഞ നിറത്തിലാകുക) ഇരുണ്ട നിറത്തിലുള്ള മൂത്രം, പനി, ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറ്റിൽ വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളുമുണ്ടാകാം.
ഹെപ്പറ്റൈറ്റിസ് എ വൈറസ് (HAV) രോഗബാധിതരുടെ വിസർജ്ജ്യത്തിലുണ്ടാകും, അവയാൽ മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണിതു കൂടുതലായും പകരുക. മിക്കവാറും രോഗബാധകൾ ഗുരുതരമല്ലാതിരിക്കുകയും, രോഗികൾ, ആജീവനാന്ത പ്രതിരോധശക്തിയോടെ പൂർണ്ണമായും സുഖപ്പെടുകയും ചെയ്യുന്നു. ഈ വൈറസുകൾ വീണ്ടുമവരെ ബാധിക്കുകയില്ല. എന്നിരുന്നാലും, ഹെപ്പറ്ററ്റിസ് എ രോഗബാധ ചിലപ്പോൾ അതിഗുരുതരവും മാരകവുമാകാവുന്നതുമാണ്. വളരെ താണ ശുചിത്വനിലവാരം പുലർത്തുന്ന സ്ഥലങ്ങളിൽ ജീവിക്കുന്നവരാണു ഈ രോഗബാധ അനുഭവിക്കുന്നവരിൽ ഭൂരിപക്ഷവും. ഇന്ത്യൻ ഗ്രാമങ്ങൾ ഉൾപ്പടെ ലോകത്തിലെ അവികസിതമായ പല സ്ഥലങ്ങളിലും ശുചിത്വ സംവിധാനങ്ങളുടെ അഭാവം രോഗത്തിനു കാരണമാകുന്നു. ഹെപ്പറ്റൈറ്റിസിന്റെ ഈ വൈറസ് വിഭാഗത്തെ (HAV) തടയുവാൻ, പ്രതിരോധ കുത്തിവെയ്പ്പുകൾ ലഭ്യമാണ്.
ഹെപ്പറ്റൈറ്റിസ് ബി വൈറസ് (HBV) ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരുന്നത്, രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയുമാണ്. പ്രസവസമയത്ത് രോഗമുള്ള അമ്മയിൽ നിന്ന് കുഞ്ഞിലേയ്ക്കും ഈ വൈറസ് കയറിക്കൂടാം. രക്തമോ രക്തത്തിന്റെ ഘടകങ്ങളോ ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് നൽകുന്നതിലൂടെയോ ചികിത്സാസമയത്തെ ഉപകരണപ്രയോഗങ്ങളിലൂടെയോ മരുന്ന് കുത്തിവയ്ക്കുന്നതിലൂടെയോ ബി വിഭാഗം വൈറസുകൾ സംക്രമിക്കാം.
ആശുപത്രികളിലും മറ്റും ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന സൂചികളും, നല്ലവണ്ണം സ്റ്റെറിലൈസ് ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണങ്ങളും വരുന്നതിനു മുമ്പാണ് ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയവ ആശുപത്രികൾ വഴി പകർന്നിരുന്നത്. എന്നാൽ ഇന്ന് ഇൻട്രാ വീനസ് ഡ്രഗ് അബ്യൂസ്, അഥവാ കുത്തി വെക്കുന്ന മയക്കുമരുന്നുകളുടെ ശീലം ഉള്ളവരിൽ ഈ വൈറസുകൾ സംക്രമിക്കുന്നതായി കാണുന്നു. ബി വൈറസും (HBV), സി വൈറസും (HCV), ആരോഗ്യപ്രവർത്തകർക്ക് (ഡോക്ടർമാർ, നേഴ്സുമാർ) ഭീഷണിയുയർത്തുന്നവയാണ്. രോഗികൾക്ക് ചികിത്സ നൽകുന്ന വേളയിൽ യാദൃച്ഛികമായി സൂചിയോ മറ്റുപകരണങ്ങളോ കൊണ്ടുണ്ടാകുന്ന മുറിവുകൾ വൈറസ് പകരുന്നതിനുള്ള മാർഗ്ഗങ്ങളാകുന്നു. ഹെപ്പറ്റൈറ്റിസ് ബി വിഭാഗം വൈറസിനെതിരായി നൽകാവുന്ന ഫലപ്രദവും സുരക്ഷിതവുമായ പ്രതിരോധകുത്തിവയ്പ്പുമരുന്നുകൾ ലഭ്യമാണ്.
ഹെപ്പറ്ററ്റിസ് സി (HCV) പ്രധാനമായും പകരുന്നത് രോഗബാധയുള്ള രക്തവുമായി സമ്പർക്കത്തിൽ വരുമ്പോഴാണ്. അതായത് രക്തമോ രക്തത്തിന്റെ ഘടകങ്ങളോ ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് നൽകുമ്പോഴോ, അണുബാധയുള്ള ചികിത്സോപകരണങ്ങളുടെ പ്രയോഗത്തിലൂടെയോ മരുന്ന് കുത്തിവയ്ക്കുന്ന അവസരത്തിലോ സി വിഭാഗം വൈറസുകൾ വ്യാപനം ചെയ്യപ്പെടാം. ലൈംഗിക ബന്ധത്തിലൂടെയും പകരാമെങ്കിലും അതത്ര സാധാരണമല്ല. ഇന്ത്യയിൽ പുതുതായി ഉയർന്നുവരുന്നൊരു രോഗവ്യാപനമാർഗ്ഗമാണ് ഞരമ്പുകളിലൂടെയുള്ള മയക്കുമരുന്നുപയോഗം എന്ന് മേൽ പ്രതിപാദിച്ചല്ലോ. ഈ വിഭാഗം വൈറസുകളുടെ ഒരു പ്രധാന സംക്രമണ മാർഗ്ഗം ഇതാണ്. സി വിഭാഗം വൈറസുകൾക്ക് (HCV) പ്രതിരോധമരുന്നില്ല. എന്നാൽ പരിപൂർണമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിവുള്ള മരുന്നുകൾ ഇന്ന് ലഭ്യമാണ്.
ഹെപ്പറ്റൈറ്റിസ് ഡി (HDV) അണുബാധയുണ്ടാകുന്നത് ബി വിഭാഗം വൈറസുകൾ ബാധിച്ചിട്ടുള്ളവരിൽ മാത്രമാണ്. ബി,ഡി എന്നീ വിഭാഗം വൈറസുകളുടെ ഒരുമിച്ചുള്ള അണുബാധ കൂടുതൽ ഗൗരവതരമാവാം.
ഹെപ്പറ്റൈറ്റിസ് ഇ വൈറസുകൾ (HEV) കൂടുതലായും പകരുന്നത് മലിനമായ ജലത്തിന്റെയും ഭക്ഷണത്തിന്റെയും ഉപയോഗത്തിലൂടെയാണ്. വികസ്വരരാജ്യങ്ങളിൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധ പൊട്ടിപ്പുറപ്പെടുന്നതിന്റെ പൊതുവായ കാരണം ഹെപ്പറ്റൈറ്റിസ് ഇ വൈറസുകളാണ്. അതുപോലെ തന്നെ, വികസിത രാജ്യങ്ങളിലെ രോഗബാധയ്ക്കും പ്രധാനകാരണം ഈ വിഭാഗം തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടൂണ്ട്. ഇന്ത്യയിൽ, വടക്കേയിന്ത്യൻ ഭാഗങ്ങളിൽ, പ്രത്യേകിച്ചും ജമ്മു കാശ്മീരിൽ ഈ രോഗം സാധാരണമായി കണ്ടുവരുന്നു.
Covid 19 and Hepatitis: കോവിഡ്-19 ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുമോ?
രോഗകാരിയായ സാർസ് കോവി2 എന്ന വൈറസ് ഒരു ഹെപറ്റോട്രോപിക് വൈറസ് അല്ല. എന്നാൽ കോവിഡ്- 19 എന്ന രോഗം അതിന്റെ തീവ്ര അവസ്ഥകളിൽ കരളിനെ ബാധിക്കുന്നതായിട്ട് കാണപ്പെടുന്നു. ഇത് വൈറസ്, കോശങ്ങളെയും പിത്തനാളീ കോശങ്ങളെയും നേരിട്ട് ആക്രമിക്കുന്നത് ആകാം, ഒരു വേള വൈറസിനെതിരെ തിരിയുന്ന രോഗപ്രതിരോധശക്തി രക്തത്തിൽ ഉണ്ടാകുന്ന സൈറ്റോകൈൻസ് (cytokines) തുടങ്ങിയ കെമിക്കൽ പദാർത്ഥങ്ങൾ കരളിന് വീക്കം ഉണ്ടാക്കുന്നതും ആവാം. പല മരുന്നുകളുടെ ഉപയോഗവും, ഐസിയുവിൽ കഴിയുന്ന കോവിഡ് 19 രോഗികളിൽ കരൾവീക്കം ഉണ്ടാക്കാറുണ്ട്. എന്തുതന്നെയായാലും രോഗതീവ്രത കുറഞ്ഞ് രോഗം ഭേദമാകുമ്പോൾ കരൾ വീക്കവും മാറുന്നതായാണ്കാണുന്നത്.
Acute Hepatitis Symptoms: അക്യൂട്ട് ഹെപ്പറ്റൈറ്റിസ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
രോഗാണു ശരീരത്തിനുള്ളിൽ കടക്കുന്നതുമുതൽ രോഗമാരംഭിക്കുന്നതുവരെയുള്ള സമയത്തെ ഇൻക്യുബേഷൻ കാലം (incubation period) എന്നു പറയുന്നു. ഇത് ഓരോ തരം വൈറസിനും വിഭിന്നമായിരിക്കും. എ, ഇ എന്നീ വിഭാഗങ്ങൾക്ക് 2 മുതൽ 6 വരെ ആഴ്ചകൾ വേണം രോഗാവസ്ഥയിലേയ്ക്ക് എത്തിപ്പെടുവാൻ. എന്നാൽ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾക്ക് ഏകദേശം 2 മുതൽ 6 വരെ മാസങ്ങളാണ് ഇൻകുബേഷൻ കാലാവധി. പകർച്ചപ്പനിയുടെ ലക്ഷണങ്ങളാണ് പൊതുവേ തുടക്കത്തിൽ കാണുക. മഞ്ഞപ്പിത്തം (ചർമ്മവും കണ്ണുകളുടെ വെള്ളയും മഞ്ഞ നിറത്തിലാകുക), പനി, ക്ഷീണം, ഇരുണ്ടനിറമുള്ള മൂത്രം, ഛർദ്ദി എന്നിവ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നിരുന്നാലും, ഈ വൈറസ് ബാധ ചിലപ്പോൾ വലിയ തീവ്രത ഒന്നുമില്ലാതെ, രോഗിയുടെ തിരിച്ചറിവിലേക്ക് വരാതെയും സംഭവിക്കാം.
അപൂർവ്വമായി ഈ വൈറസ് ബാധ, കരളിന്റെ പ്രവർത്തന കരാർ ലേക്കും നയിക്കാം. ഫൾമിനന്റ് ലിവർ ഫെയില്യർ (Fulminant Liver failure) എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. മണിക്കൂറുകൾ മുതൽ ദിവസങ്ങൾക്കുള്ളിൽ, ഹ്രസ്വ കാലയളവിൽ കരൾ അതിവേഗത്തിൽ പ്രവർത്തനരഹിതമാകുകയും മരണത്തിലെത്തുകയും ചെയ്യുന്നു.
കരൾ മാറ്റിവയ്ക്കുക എന്നതാണ് ഇതിനുള്ള ചികിത്സാ രീതി. അങ്ങനെ ചെയ്യാത്ത പക്ഷം ഫൾമിനന്റ് ഹെപ്പറ്റൈറ്റിസ് രോഗികളിൽ 80 ശതമാനം മരണസാധ്യതയുള്ളതിനാൽ, ഇതിനുള്ള പ്രാരംഭ മെഡിക്കൽ ചികിത്സകളും കരൾ മാറ്റിവയ്ക്കുവാൻ സൗകര്യമുള്ള ആശുപത്രികളിൽ ചെയ്യേണ്ടതാണ്.
Chronic Hepatitis: ക്രോണിക് (ദീർഘകാലം നിലനിൽക്കുന്ന) ഹെപ്പറ്റൈറ്റിസ്
ജലത്തിലൂടെ പകരുന്ന വൈറസുകളിൽ നിന്നും വിഭിന്നമായി, രക്തത്തിലും, മറ്റു ശരീരസ്രവങ്ങളിലൂം കൂടി പകരുന്ന വൈറസുകൾ, മേല്‍പ്പറഞ്ഞവിധത്തിലുള്ള അക്യൂട്ട് രോഗബാധയ്ക്കു കാരണമാകാമെങ്കിലും, അവ ഒന്നോ രണ്ടോ ദശകങ്ങൾ ശരീരത്തിൽ നിശബ്ദമായിരിക്കുകയും അതിനുശേഷം ക്രോണിക് ഹെപ്പറ്റൈറ്റിസിനു കാരണമാകുകയും ചെയ്യാം.
ബി, സി എന്നീ വിഭാഗം വൈറസുകളെ ഉന്മൂലനം ചെയ്യുവാൻ രോഗപ്രതിരോധസംവിധാനങ്ങൾക്കു അറിയാതെ വരുമ്പോൾ, വൈറസ് ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടാതെ ക്രോണിക് ഹെപ്പറ്റൈറ്റിസിനു കാരണമാകുന്നു.
കരളിലുണ്ടാകുന്ന വടുക്കൾ (ഫൈബ്രോസിസ്) വർഷങ്ങളോളോം നിലനിൽക്കുകയും ചെയ്യും. ഇത് ആന്ത്യന്തികമായി കരളിന്റെ കാൻസറിനും സിറോസിസിനും കാരണമാകുന്നു. ക്രോണിക് ഹെപ്പറ്റൈറ്റിസിൽ യാതൊരു ബുദ്ധിമുട്ടുകളും, ലക്ഷണങ്ങളുമില്ലാതെ നിശബ്ദമായിട്ടായിരിക്കും രോഗിയുടെ കരൾ കേടുവരുന്നത്. ചികിത്സ സാധ്യമായ ഈ നിശബ്ദകാലയളവിൽരോഗനിർണ്ണയം നടക്കുക എന്നത് അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളു.
ക്രോണിക് വൈറൽ ഹെപ്പറ്റൈറ്റിസിന്റെ വിജയകരമായ ചികിത്സയിലെ ഏറ്റവും വലിയ പ്രതിസന്ധി, അതിന്റെ ചികിത്സിച്ചു ഭേദമാക്കാവുന്ന അവസ്ഥ ലക്ഷണങ്ങളൊന്നുമില്ലാത്ത നിശബ്ദകാലയളവാണെന്നുള്ളതാണ്.
രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് രോഗബാധ കടുത്ത്, പരിപൂർണ്ണചികിത്സയ്ക്ക് സാധ്യതകൾ പരിമിതപ്പെട്ട അവസ്ഥയിൽ ആയി രിക്കും പലപ്പോഴും. രക്തദാനത്തിനായോ, വിദേശയാത്രകൾക്കുള്ള വിസ ആവശ്യങ്ങൾക്കായോ വൈദ്യ പരിശോധനകൾ നടത്തുമ്പോൾ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ സാന്നിധ്യം ആകസ്മികമായി കണ്ടുപിടിക്കപ്പെടുന്നവർ ഭാഗ്യവാന്മാരാണെന്നു പറയാം. ഇത്തരക്കാർക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ആയ കരൾ ക്യാൻസറും കരൾ സിറോസിസും വരുന്നതിനുമുമ്പ് അണുബാധകൾ ചികിത്സിച്ചു ഭേദമാക്കാൻ ഉള്ള ഭാഗ്യം സിദ്ധിക്കുന്നു.
Hepatitis B and C: ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ ഗുരുതരപ്രത്യാഘാതങ്ങൾ
ബി, സി എന്നീ വിഭാഗം ഹെപ്പറ്റൈറ്റിസ് വൈറസ് ബാധയുടെ ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അവ സിറോസിസിലേയ്ക്കും കരൾ ക്യാൻസറിലേയ്ക്കും പരിണമിക്കുമെന്നതാണ്. ഇത്തരം മാരകമായ പ്രത്യാഘാതങ്ങളിലേയ്ക്ക് ശരീരമെത്തിച്ചേരുവാൻ ഒന്നോ രണ്ടോ ദശകമോ അതിലധികമോ കാലമെടുക്കുമെന്നതിനാൽ, നേരത്തെയുള്ള രോഗനിർണ്ണയമുണ്ടായാൽ, പരിപൂർണ്ണ ചികിത്സയ്ക്കുള്ള ഒരു വിശാലജാലകം തുറക്കപ്പെടും. ബി,സി വിഭാഗങ്ങൾ മൂലമുള്ള ദീർഘകാല ഹെപ്പറ്റൈറ്റിസ് (ക്രോണിക് ഹെപ്പറ്റൈറ്റിസ്) നിശബ്ദമായി നാശം വിതയ്ക്കുന്നതിനാൽ, ചികിത്സയുടെ വിജയം, രോഗബാധ സ്ക്രീനിംഗ് പരിശോധനകളിലൂടെ മുൻകൂട്ടി കണ്ടെത്തുന്നതിനെ ആശ്രയിച്ചിരിക്കും. ഈ രണ്ടു വിഭാഗ വൈറസ് രോഗങ്ങളിലും കരളിനെ ബാധിക്കുന്ന സിറോസിസ്, ക്യാൻസർ എന്നിവ അന്തിമ ഫലമാകാമെന്നിരിക്കെ, നേരത്തെ തന്നെ രോഗനിർണ്ണയം നടത്തുവാൻ പര്യാപ്തമായ പരിശോധനകൾ കരൾ രോഗവിദഗ്ദ്ധന്റെ നിർദ്ദേശത്തോടെ നടത്തേണ്ടതാണ്.
Hepatitis Treatment: ചികിത്സ ലഭ്യമാണോ?
എ , ഇ (HAV, HEV) വിഭാഗത്തിൽ പെട്ട വൈറസ് ബാധകൾ സ്വയം നിയന്ത്രിത രോഗങ്ങളാണ്. അവയ്ക്ക് പ്രത്യേകിച്ച് വൈറസിനെതിരെയുള്ള മരുന്നുകൾ ആവശ്യമില്ല. ശ്രദ്ധാപൂർവ്വമുള്ള നിരീക്ഷണവും ആരോഗ്യം നിലനിർത്തുവാനുള്ള ചികിത്സകളും മാത്രമാണാവശ്യം. ബി, സി എന്നീ വിഭാഗം ഹെപ്പറ്റൈറ്റിസുകൾക്ക് കാര്യക്ഷമമായ ആന്റി വയറൽ മരുന്നുകളും ചികിത്സയും ലഭ്യമാണ്.
ഈ മരുന്നുകൾ ഗുളികയുടെയും ഇൻജക്ഷന്റെയും രൂപത്തിൽ പ്രയോഗത്തിലുണ്ട്. ഹെപ്പറ്റൈറ്റിസ് സി വൈറസിനു മുൻകാലങ്ങളിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന കുത്തിവെപ്പ് മരുന്നുകളാണ് ഉപയോഗിച്ചിരുന്നത് (Interferon injection). ഇതിനു പകരം ഇപ്പോൾ ഗുളികകളാണ് ഉപയോഗിക്കുന്നത്, ചികിത്സാ കാലയളവ് ഒരു വർഷത്തിനു പകരം കേവലം 12 ആഴ്ചയായി കുറഞ്ഞു; ചികിത്സ വിജയശതമാനം ആകട്ടെ കേവലം നാല്പതോ അമ്പതോ ശതമാനത്തിൽ നിന്ന് 98 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് വൈറസിനെ നിർമ്മാർജ്ജനം ചെയ്യേണ്ടത് കരളിന് ക്ഷതം അധികരിക്കുന്ന അവസ്ഥയ്ക്ക് മുൻപേയാകുന്നത് നല്ലത്. അതിനാൽ സ്ക്രീനിങ് ടെസ്റ്റുകൾ മുഖേനയുള്ള രോഗനിർണയം അതീവ പ്രാധാന്യമർഹിക്കുന്നു. കരളിന്റെ ക്ഷേത്രം കുറയ്ക്കുന്നതിനു മാത്രമല്ല വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനും നേരത്തെയുള്ള രോഗ നിർണയവും ചികിത്സയും
സഹായകമാകുന്നു
Surgery for Hepatitis: വൈറസ് മൂലമുള്ള ഹെപ്പറ്റൈറ്റിസിന്റെ ചികിത്സയിൽ ശസ്ത്രക്രിയയ്ക്കു പങ്കുണ്ടോ?
ഹെപ്പറ്റൈറ്റിസ് ബി, സി എന്നിങ്ങനെ ദീർഘകാലം നിലനിൽക്കുന്ന വൈറസ് രോഗബാധകളിൽ, കരളിൽ വടുകളുണ്ടാകുകയും അതൊടുവിൽ സിറോസിസ് അഥവാ കരൾചുരുക്കമായി മാറുകയും ചെയ്യുന്നു. സിറോസിസ് രോഗാവസ്ഥയിൽ കരളിന്റെ ആന്തരിക മർദ്ദം കൂട്ടുകയും പ്രവർത്തനങ്ങൾ നിലയ്ക്കുന്ന ഘട്ടത്തിലേയ്ക്കു നയിക്കുകയും ചെയ്യുന്നതിനാൽ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായേക്കാം. അതുപോലെ തന്നെം വടുക്കൾ വീണ കരൾ, ക്യാൻസർ ഉണ്ടാകുന്നതിനുള്ള പശ്ചാത്തലവുമാകാം. ചില തരം കാൻസറുകളെ, അവ ബാധിച്ച കരളിന്റെ ഭാഗം മാത്രം മുറിച്ചു മാറ്റുന്നതിലൂടെ ചികിത്സിക്കാം.
Hepatitis Screening: സ്ക്രീനിംഗ് പരിശോധനയും നേരത്തെയുള്ള രോഗനിർണ്ണയവും – ഇന്നിന്റെ ആവശ്യം
അപരിഹാര്യമായ കരൾ ക്ഷതം ഉണ്ടാകുന്നതിനു മുൻപ്, അണുബാധ നിശബ്ദമായി തന്നെ നിൽക്കുമ്പോൾ രോഗനിർണയം നടത്തി വിജയകരമായി വൈറസുകളെ നശിപ്പിക്കുന്നതിന്റെ പ്രാധാന്യം ഇനി എടുത്തുപറയേണ്ടതില്ലല്ലോ.
ഇതിനുള്ള ഏക വഴി സ്ക്രീനിങ് പരിശോധനകളാണ്. ലോകമാകമാനം ഹെപ്പറ്റൈറ്റിസ് ബാധയുള്ള 300 ദശലക്ഷം ജനങ്ങൾ രോഗബാധയറിയാതെ ജീവിക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ബാധ മൂലം, വാർഷികാടിസ്ഥാനത്തിൽ 1.3 ദശലക്ഷം മരണങ്ങൾ ഉണ്ടാകുന്നുണ്ട്. നിശബ്ദാവസ്ഥയിലുള്ള രോഗബാധയിൽ കഴിയുന്ന ആളുകളെ കണ്ടുപിടിക്കുകയും അവരെ ചികിത്സയിലേയ്ക്ക് കൊണ്ടുവരികയും ചെയ്തില്ലെങ്കിൽ ഈ മഹാദുരിതം തുടരുകയും ജീവനുകൾ നഷ്ടപ്പെടുകയും ചെയ്യും.
2030 ആകുമ്പോഴേയ്ക്കും വൈറസ് മൂലമുള്ള ഹെപ്പറ്റൈറ്റിസ് പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിനായി 2016 ൽ, ലോകാരോഗ്യ സംഘടന തയാറാക്കിയ പദ്ധതി ലോകമാകെയുള്ള 194 സർക്കാരുകൾ അംഗീകരിച്ചിരിക്കുന്നു. നിശ്ചിത സമയപരിധിയ്ക്കുള്ളിൽ ലക്ഷ്യം കാണുവാൻ കൂടിയാലോചിച്ചു പ്രവർത്തിക്കുന്നത് ഏതാനും സർക്കാരുകൾ മാത്രമാണ്. ഇതിനായി ജനങ്ങളിൽ അവബോധമുണ്ടാക്കുക, നിശബ്ദ അവസ്ഥയിൽ അണുബാധ വാഹകരായി ഇരിക്കുന്ന രോഗികളെ സ്ക്രീനിംഗ് പരിശോധനകളിലൂടെ കണ്ടെത്തുക, അവരെ ചികിത്സയിലേക്ക് നയിക്കുക എന്നിവയാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനമായ ജൂലൈ 28 ഊന്നൽ കൊടുക്കുന്ന ലക്ഷ്യങ്ങൾ.
Lifestyle Modifications to Prevent Hepatitis: വൈറൽ ഹെപ്പറ്റൈറ്റിസിനു തടയിടാനായി ജീവിതശൈലി വ്യതിയാനങ്ങളും, മുൻകരുതൽ നടപടികളും, പ്രതിരോധവും
- കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. കുടിവെള്ള സ്രോതസ്സ് മുനിസിപ്പാലിറ്റി വെള്ളമായാലും കിണർവെള്ളം ആയാലും ശുചീകരണത്തിന് ആയി വീടിനുള്ളിൽ ഉപകരണം സ്ഥാപിക്കാം-യുവി, ആർഒ തുടങ്ങിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനപ്പെടുത്തിയുള്ളവ. കുഴൽക്കിണർ ആണ് ജലസ്രോതസ്സ് എങ്കിൽ പുറമേ കാൻഡിൽ രീതിയിലുള്ള ഫിൽറ്ററുകൾ സ്ഥാപിക്കാം. യാത്ര പോകുമ്പോൾ വെള്ളം കൈയിൽ കരുതുകയോ വിശ്വാസയോഗ്യമായ മിനറൽ വാട്ടർ ഉപയോഗിക്കുകയോ ചെയ്യാം.
- വഴിയോര കടകളിൽ നിന്നുള്ള ആഹാരസാധനങ്ങൾ, പ്രത്യേകിച്ച് പഴച്ചാറുകൾ മിൽക്ക് ഷേക്ക് തുടങ്ങിയവ
- ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകൾ- ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന ബ്ലേഡുകൾ, മറ്റ് ഉപകരണങ്ങൾ.
- ലൈംഗികബന്ധത്തിലൂടെ ഹെപ്പറ്റൈറ്റിസ് ബി, അപൂർവമായി എഫ് റ്റി സി പകരാം. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് പ്രാധാന്യമേറെ.
- Intravenous Drug abuse (IVDU) – കുത്തിവെക്കുന്ന മയക്കുമരുന്ന് ഉപയോഗിക്കുന്ന രീതി, ഇത് കേരളത്തിലെ ക്യാമ്പസുകളിലും മറ്റും പിടിമുറുക്കിയിരിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി യും സി യും ഇതുമൂലം പകരാം .
- രക്തവുമായി സമ്പർക്കത്തിലാകാവുന്ന വ്യക്തിഗതവസ്തുക്കൾ കൈമാറ്റം ചെയ്യാതിരിക്കുക (സൂചികൾ, ബ്ലേഡ്, ടൂത്ത് ബ്രഷ്, നഖംവെട്ടി എന്നിവ) ഹെപ്പറ്റൈറ്റിസ് എ യ്ക്കും ഹെപ്പറ്റൈറ്റിസ് ബി ക്കും പ്രതിരോധകുത്തിവെപ്പുകൾ ഉണ്ട്. വാക്സിൻ എടുക്കുന്നതു മൂലം കാൻസർ പ്രതിരോധം സാധ്യമാകും എന്നതിന് ഉത്തമ ഉദാഹരണമാണ് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ.
- സ്ക്രീനിങ് ടെസ്റ്റുകൾ ചെയ്യുന്നതിന് സന്നദ്ധരാവുക. അധികം ചെലവില്ലാത്ത രക്ത പരിശോധനകളാണ് വേണ്ടിവരിക. ഫലപ്രദമായ മരുന്നുകൾ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയ്ക്ക് ലഭ്യമാണ്.
Hepatitis through Blood and Body Fluids: രക്തത്തിലൂടെയും ശരീര ശ്രവങ്ങളിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകൾ
ഹെപ്പറ്റൈറ്റിസ് ബി വൈറസ്, ഹെപ്പറ്റൈറ്റിസ് സി വൈറസ്
- ദീർഘനാൾ നിശബ്ദമായി ശരീരത്തിൽ നിലകൊള്ളുന്ന അവസ്ഥ
- കരൾ സിറോസിസ് കരൾ കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് കാരണം
- ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ ലഭ്യമാണ്.
Hepatitis through Water: വെള്ളത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകൾ
ഹെപ്പറ്റൈറ്റിസ് എ വൈറസ്, ഹെപ്പറ്റൈറ്റിസ് ഇ വൈറസ്
- അക്യൂട്ട് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം ഉള്ള സമയത്ത് മാത്രമേ വൈറസ് ശരീരത്തിൽ ഉണ്ടാവുകയുള്ളൂ. മഞ്ഞപ്പിത്തം ഭേദമായാൽ ദീർഘനാൾ ശരീരത്തിൽ തങ്ങി നിൽക്കില്ല.
- ഭാവിയിൽ മറ്റൊരു രോഗവും ഉണ്ടാകില്ല
Read other Articles by Dr Harikumar Nair Here