scorecardresearch

ലോക അല്‍ഷിമേഴ്സ് ദിനം, അറിയാം രോഗകാരണങ്ങളും ചികിത്സയും

സെപ്റ്റംബറിനെ അൾഷിമേഴ്സ്​​ മാസമായും സെപ്റ്റംബർ 21നെ അൾഷിമേഴ്​സ്​ ദിനമായും ലോകമെമ്പാടും ആചരിച്ചുവരുന്നു

സെപ്റ്റംബറിനെ അൾഷിമേഴ്സ്​​ മാസമായും സെപ്റ്റംബർ 21നെ അൾഷിമേഴ്​സ്​ ദിനമായും ലോകമെമ്പാടും ആചരിച്ചുവരുന്നു

author-image
Seena Sathya
New Update
Alzheimers, health, ie malayalam

പ്രായം കൂടുംതോറുമാണ് അൾഷിമേഴ്​സ്​ അഥവാ മറവി രോഗം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, അപൂർവമായി ചെറുപ്പക്കാരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുരുഷന്മാരെക്കാൾ സ്ത്രീകളെയാണ് ഈ രോഗം കൂടുതലും ബാധിക്കുന്നത്. അല്‍ഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങളിലൊന്നു മാത്രമാണ് ഓര്‍മയുമായി ബന്ധപ്പെട്ട പ്രശ്‌നം. ഇന്ന് ലോക അൾഷിമേഴ്സ് ദിനമാണ്.

Advertisment

സെപ്റ്റംബറിനെ അൾഷിമേഴ്സ്​​ മാസമായും സെപ്റ്റംബർ 21നെ അൾഷിമേഴ്​സ്​ ദിനമായും ലോകമെമ്പാടും ആചരിച്ചുവരുന്നു​. 2022 ലെ ലോക അല്‍ഷിമേഴ്സ് മാസത്തിന്റെ ചിന്താവിഷയം 'ഡിമെന്‍ഷ്യയെ അറിയുക, അല്‍ഷിമേഴ്സിനെ അറിയുക' എന്നതാണ്.

തലച്ചോറിന്റെ പ്രവർത്തനങ്ങളെ പതിയെ ഇല്ലാതാക്കുന്ന ഡിമൻഷ്യ എന്ന രോഗങ്ങളിൽ പെട്ട രോഗമാണ് അൽഷിമേഴ്സ് രോഗം. പതുക്കെ പതുക്കെ കാര്യങ്ങൾ മറന്നു തുടങ്ങുന്നതാണ് ആദ്യ ലക്ഷണം. രോഗം മൂർച്ഛിക്കുന്നതോടെ ഓർമകളെല്ലാം ഇല്ലാതാവുന്നു. എന്നാൽ, എല്ലാ മറവിയും അൽഷിമേഴ്സ് രോഗമല്ല.

ഇടയ്ക്കിടെയുള്ള മറവി സാധാരണമാണ്. അതിന്റെ ആവൃത്തി വര്‍ധിക്കുകയോ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കിംസ് ഹെല്‍ത്തിലെ ന്യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.രജിത് രമണന്‍ പിള്ള ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോടു പറഞ്ഞു. 65 വയസിനു മുകളിൽ പ്രായവും കുടുംബത്തിലെ ഡിമെന്‍ഷ്യയുടെ ചരിത്രവും ഒരാളില്‍ ഈ രോഗാവസ്ഥയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 65 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഏകദേശം അഞ്ച്-എട്ട് ശതമാനം ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഡിമെന്‍ഷ്യയുണ്ട്. ഈ സംഖ്യ ഓരോ അഞ്ച് വര്‍ഷത്തിലും ഇരട്ടിയാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങൾ

  • ഓര്‍മക്കുറവ്
  • ഭാഷാ പ്രശ്‌നങ്ങള്‍. അതായത് വാക്കുകള്‍ ആവര്‍ത്തിക്കുക അല്ലെങ്കില്‍ വാക്കുകള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട്
  • സ്ഥലപരമായ ബന്ധങ്ങള്‍ തിരിച്ചറിയാനുള്ള കഴിവിനുണ്ടാകുന്ന വൈകല്യം
  • മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ പെരുമാറ്റത്തിലോ ഉള്ള മാറ്റം
  • സമയം, സ്ഥലം അല്ലെങ്കില്‍ വ്യക്തി എന്നിവയെക്കുറിച്ചുള്ള ആശയക്കുഴപ്പം
  • മിഥ്യാഭ്രമം അല്ലെങ്കില്‍ മതിഭ്രമം

തലച്ചോറിലെ നാഡീകോശങ്ങള്‍ക്കുണ്ടാവുന്ന ക്ഷതം അല്ലെങ്കില്‍ അവയവങ്ങളുടെ പ്രവര്‍ത്തനം കാലക്രമേണ ക്ഷയിക്കുന്നതു(ഡീജനറേറ്റീവ്)മായി ബന്ധപ്പെട്ടുള്ളതാണെങ്കിലും ചികിത്സിക്കാവുന്ന ചില രോഗാവസ്ഥകളും ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ക്കു കാരണമാകും. ഡീജനറേറ്റീവ് ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണ് അല്‍ഷിമേഴ്‌സ് രോഗം. 60-70 കേസുകള്‍ക്കും കാരണമാകുന്നത് ഇതാണ്.

അൾഷിമേഴ്സ് രോഗമുണ്ടാകാനുള്ള കാരണങ്ങൾ കണ്ടെത്താൻ ശാസ്ത്ര ലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പാരമ്പര്യമായി ഈ രോഗം വരാനുള്ള സാധ്യതയുണ്ട്. മാതാപിതാക്കൾ, സഹോദരങ്ങൾ, കുടുംബത്തിലെ മറ്റു അംഗങ്ങൾ എന്നിവർക്ക് രോഗം വന്നിട്ടുണ്ടെങ്കിൽ രോഗസാധ്യത കൂടുതലാണ്.

അല്‍ഷിമേഴ്സ് രോഗം പൂർണമായി മാറ്റാൻ ചികിത്സയിലൂടെ കഴിയില്ല. എന്നൽ, മരുന്നുകളിലൂടെ രോഗാവസ്ഥ വർധിക്കാതിരിക്കാനും രോഗലക്ഷണങ്ങളെ നിയന്ത്രിക്കാനും ഒരുപരിധിവരെ സാധിക്കും. അതു തലച്ചോറിനെ കൂടുതല്‍ നേരം നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. അല്‍ഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ട നിരവധി പുതിയ ചികിത്സകള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്.

യുവാക്കളെ രോഗം ബാധിക്കുമോ?

65 വയസിനു താഴെയുള്ളവരിലെ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളെ 'യങ് ഓണ്‍സെറ്റ് ഡിമെന്‍ഷ്യ' എന്ന് വിളിക്കുന്നു. ഇതു പ്രായമായവരിലെ ഡിമെന്‍ഷ്യയേക്കാള്‍ വളരെ അപൂര്‍വമാണെങ്കിലും കാരണങ്ങള്‍ ഏറെക്കുറെ സമാനമാണെന്ന് ഡോ.രജിത് പറഞ്ഞു. നേരത്തെയുള്ള രോഗനിര്‍ണയവും രക്തപരിശോധന, ബ്രെയിന്‍ ഇമേജിങ് എന്നിവയ്‌ക്കൊപ്പമുള്ള ന്യൂറോളജിക്കല്‍ പരിശോധനയും ചെറുപ്പത്തില്‍ ആരംഭിക്കുന്ന ഡിമെന്‍ഷ്യയെ തടയാന്‍ സഹായിച്ചേക്കാമെന്ന് ഡോക്ടർ വ്യക്തമാക്കി.

മരുന്നുകൾ കൂടാതെ അൾഷിമേഴ്സ് ബാധിച്ചവർക്കായി ചെയ്യാൻ കഴിയുന്നത് എന്തൊക്കെ?

  1. അവർക്ക് കഴിയുന്നത്ര കാലം മികച്ച ജീവിത നിലവാരം നൽകുകയാണ് പ്രധാനം. വീട്ടിൽ സന്തോഷകരവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുക.
  2. അവരോട് വാത്സല്യത്തോടെയും സാവധാനത്തിലും വ്യക്തമായും സംസാരിക്കണം. അസ്വസ്ഥമായ പെരുമാറ്റം ഒഴിവാക്കണം. അവരെ ദൈനംദിന ഗാര്‍ഹിക ജോലികളില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുക.
  3. ആരോഗ്യകരമായ ഭക്ഷണരീതികളും വ്യായാമവും അവരെ ശീലിപ്പിക്കുക
  4. രോഗിക്ക് കഴിയുന്നത്ര സന്തോഷം നൽകാൻ ശ്രമിക്കുക. പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവിടാൻ അവസരം ഒരുക്കുക.
  5. രോഗം വഷളാകുമ്പോള്‍ പരിചരണത്തിനുള്ള ആവശ്യവും വര്‍ധിക്കുന്നു. ഹോം കെയര്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി കുടുംബത്തിനു പ്രൊഫഷണല്‍ കെയര്‍ഗിവറെ ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ ഒരു നഴ്‌സിങ് ഹോമില്‍ പരിചരണം ഉറപ്പാക്കാം.

രോഗസാധ്യത കുറയ്ക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ

  • വ്യായാമവും ധാന്യങ്ങള്‍, നട്‌സുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം
  • അമിതമായ മദ്യപാനവും പുകവലിയും ഒഴിവാക്കുക
  • ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പൊണ്ണത്തടി തുടങ്ങിയ ഹൃദയ സംബന്ധമായ അപകട ഘടകങ്ങളെ നിയന്ത്രിക്കുക
  • നല്ല ഉറക്കം
  • സെഡേറ്റീവ് പോലുള്ള ചില മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുക
  • വായനയിലൂടെയും പസിലുകള്‍ പരിഹരിച്ചും വാക്കുകള്‍ കൊണ്ടുള്ള ഗെയിമുകള്‍ കളിച്ചും ഓര്‍മ പരിശീലനത്തിലൂടെയും മനസ് സജീവമായി നിലനിര്‍ത്തുക
Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: