ലോക്ക്ഡൗണിനെ തുടർന്ന് പല സ്ഥാപനങ്ങളും ഐടി കമ്പനികളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്. പക്ഷേ വീട്ടിലിരുന്നുളള ജോലി ഉറക്കക്കുറവിന് കാരണമാകുന്നതായാണ് പുതിയ പഠനത്തിൽ കണ്ടെത്തിയത്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ നിങ്ങൾക്ക് കൂടുതൽ ക്ഷീണം തോന്നുന്നുണ്ടോ? ഇതിനു കാരണം നിങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടതു കൊണ്ടാവാം.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പലരുടെയും പതിവ് ഉറക്ക സമയത്തെ മാറ്റിമറിക്കുകയും അവരുടെ ഉറക്കത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുകയും ചെയ്യുന്നു. വീടിനെ പരിപാലിക്കുന്നതിനിടയിൽ മറ്റ് കുടുംബാംഗങ്ങളുടെ – പ്രത്യേകിച്ച് കുട്ടികളുടേയും പ്രായമായവരുടേയും ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം നിരവധി ആളുകൾ അവരുടെ ജോലി കൈകാര്യം ചെയ്യുന്നതിനുള്ള സമ്മർദ്ദത്തെ അഭിമുഖീകരിക്കുന്നു. നിശ്ചിത ജോലി സമയത്തിനുളളിൽ ജോലി അവസാനിപ്പിക്കാനാവാതെ ജോലിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നു.
മറ്റു ജീവനക്കാരുടെയോ മറ്റാരുടെയെങ്കിലുമോ സഹായമില്ലാതെ ജോലി പൂർത്തിയാക്കാൻ അധിക സമയം വേണ്ടിവരുന്നു. അങ്ങനെ ഒരു ദിവസം ജോലി അവസാനിപ്പിക്കുമ്പോൾ അവർക്ക് അവശേഷിക്കുന്നത് വളരെ കുറച്ചു സമയം മാത്രമാണ്. ഇത് പലരിലും ഉറക്കക്കുറവ് ഉണ്ടാക്കുന്നു. പല മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് നയിച്ചേക്കാം.
Read Also: ലോക്ക്ഡൗൺ സമയത്ത് ഭക്ഷണ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബെംഗളൂരു ആസ്ഥാനമായുളള സ്ലീപ്പ് സൊല്യൂഷൻസ് സ്റ്റാർട്ടപ്പായ വേക്ഫിറ്റ് ഡോട് കോം നടത്തിയ പഠനത്തിൽ ഇന്ത്യയിലെ 67 ശതമാനം ആളുകളും രാത്രി വൈകി ഉറങ്ങുന്നവരാണെന്ന് കണ്ടെത്തി. രാത്രി 11 മണിക്കുശേഷമാണ് പലരും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ഉറങ്ങുന്നത്. ലോക്ക്ഡൗൺ അവസാനിച്ചുകഴിഞ്ഞാൽ, അവരുടെ ഉറക്ക ഷെഡ്യൂൾ മാറുമെന്ന് ഏകദേശം 81 ശതമാനം ആളുകളും കരുതുന്നു. പഠനത്തിനായി 1,500 പേരിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
പഠനത്തിൽ പങ്കാളികളായവരിൽ 46 ശതമാനം പേരും ലോക്ക്ഡൗണിന് മുൻപായി രാത്രി 11 മണിക്ക് മുമ്പ് ഉറങ്ങുമെന്നും ഇപ്പോൾ 39 ശതമാനം പേർ മാത്രമാണ് ഇത് ചെയ്യുന്നതെന്നും വെളിപ്പെടുത്തി. അതുപോലെ, പ്രതികരിച്ചവരിൽ 25 ശതമാനം പേർ ലോക്ക്ഡൗണിന് മുൻപ് അർധരാത്രിക്ക് ശേഷം ഉറങ്ങാൻ പോകുമായിരുന്നു, ഇപ്പോൾ 35 ശതമാനം പേർ അത് ചെയ്യാൻ തുടങ്ങി.
തൊഴിൽ സുരക്ഷ, പണ വിനിയോഗം, കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ചുള്ള ആശങ്കകൾ എന്നിവയൊക്കെ 49 ശതമാനം പേരും രാത്രി കിടക്കുമ്പോൾ ചിന്തിക്കുന്നതായി വ്യക്തമാക്കി.
Read in English: Work from home is making people sleep deprived, study reveals