അടിവസ്ത്രങ്ങളുടെ മധ്യഭാഗത്ത് നിറം മാറുന്നത് എപ്പോഴെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?. അതിൽ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. ലൂക്കോറിയ അഥവാ വെള്ളപോക്ക് ആണ് അടിവസ്ത്രങ്ങളുടെ നിറം മാറ്റുന്നത്. യോനിയിൽനിന്ന് വെളുത്ത നിറമുള്ള ഒരു തരം ദ്രാവകം പുറത്തുവരുന്നതിനെയാണ് വെള്ളപോക്ക് എന്നു പറയുന്നത്.
യോനിയിൽ നിന്നും പുറത്തുവരുന്ന ഈ ഡിസ്ചാർജ് സ്ത്രീകളിൽ സാധാരണവും ആരോഗ്യകരവുമായ ഒന്നാണ്. വാസ്തവത്തിൽ, യോനിയെ വൃത്തിയാക്കുന്നതിനും അണുബാധകളിൽ നിന്നും മറ്റ് ദോഷകരമായ ജീവികളിൽ നിന്നും സംരക്ഷിക്കുന്നതിനുമുള്ള ശരീരത്തിന്റെ മാർഗമാണിത്. ”ആർത്തവചക്രം, ഹോർമോൺ മാറ്റങ്ങൾ, അണുബാധകൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച്, യോനിയിൽ നിന്നും പുറത്തുവരുന്ന ദ്രാവകത്തിന്റെ ഘടന, സ്ഥിരത, നിറം എന്നിവയിൽ വ്യത്യാസമുണ്ടാകുമെന്ന് മനസിലാക്കണം,” ഫോർട്ടിസ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി ഡോ.ചന്ദ്രിക ആനന്ദ് പറഞ്ഞു.
”പാന്റീസിന്റെ നടുവിലായി നിറം മാറിയിരിക്കുന്നത് നിങ്ങളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. കറുപ്പ് അല്ലെങ്കിൽ കടും നീല പോലെയുള്ള ഇരുണ്ട നിറത്തിലുള്ള അടിവസ്ത്രങ്ങളിലാണ് ഇത് മിക്കവാറും കാണാൻ കഴിയുക. അതിൽ വിഷമിക്കേണ്ട. ഇത് തികച്ചും സാധാരണമാണ്,” ഗൈനക്കോളജിസ്റ്റ് ഡോ.അമിന ഖാലിദ് അഭിപ്രായപ്പെട്ടു.
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?
ആരോഗ്യമുള്ള യോനിയിൽ 3.8 നും 4.5 നും ഇടയിൽ സ്വാഭാവിക pH മൂല്യമുണ്ട്, അതായത് അത് വലിയ അളവിൽ അസിഡിറ്റി ഉള്ളതാണെന്ന് ഡോ.ആനന്ദ് പറഞ്ഞു. ”യോനിയിൽ ലാക്ടോബാസിലി എന്ന് വിളിക്കപ്പെടുന്ന നല്ല ബാക്ടീരിയകൾ ഉണ്ട്. ഇത് അസിഡിറ്റി അളവ് നിലനിർത്തുകയും ദോഷകരമായ ബാക്ടീരിയകൾ യോനിയിൽ അണുബാധയുണ്ടാക്കുന്നത് തടയുകയും ചെയ്യുന്നു. അണ്ഡോത്പാദന സമയത്തും ഗർഭകാലത്തും യോനിയിൽ നിന്നുള്ള ഡിസ്ചാർജ് പുറത്തേക്ക് വരുന്നത് വർധിക്കുന്നു. ഈ ഡിസ്ചാർജ് വായുവിൽ എത്തുമ്പോൾ, ഓക്സിഡേഷൻ കാരണം അടിവസ്ത്രത്തിൽ മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് നിറത്തിലുള്ള കറ ഉണ്ടാകാം.”
എന്നാൽ, ദുർഗന്ധമോ അസാധാരണമായ നിറമോ പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ, ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. ”അസാധാരണ രീതിയിൽ യോനിയിൽനിന്നും ദ്രാവകം പുറത്തുവരുന്നത് അണുബാധയുടെയോ മറ്റു രോഗാവസ്ഥയുടെയോ അടയാളമായിരിക്കാം. മാത്രമല്ല, ദ്രാവകത്തിന്റെ നിറത്തിലുള്ള മാറ്റങ്ങൾ മറ്റേതെങ്കിലും ആരോഗ്യ പ്രശ്നത്തിന്റെ സൂചനയായിരിക്കാം,” ഡോ.റിതു സേഥി പറഞ്ഞു.
മഞ്ഞയോ പച്ചയോ നിറത്തിലുള്ള ഡിസ്ചാർജ്: ബാക്ടീരിയൽ വാഗിനോസിസ് അല്ലെങ്കിൽ ട്രൈക്കോമോണിയാസിസ് പോലുള്ള ബാക്ടീരിയ അണുബാധയുടെ അടയാളമായിരിക്കാം.
ചാരനിറത്തിലുള്ള ഡിസ്ചാർജ്: ബാക്ടീരിയ വാഗിനോസിസിന്റെ ലക്ഷണമായിരിക്കാം.
വെള്ള ഡിസ്ചാർജ്: കട്ടിയുള്ളതും വെളുത്തതുമായ കോട്ടേജ് ചീസ് പോലെയുള്ള ദ്രാവകം യീസ്റ്റ് അണുബാധയുടെ ലക്ഷണമാണ്.
തവിട്ട് നിറത്തിലുള്ള ഡിസ്ചാർജ്: ആർത്തവത്തിന്റെയോ രക്തസ്രാവത്തിന്റെയോ അടയാളമായിരിക്കാം. സെർവിക്കൽ കാൻസർ അല്ലെങ്കിൽ എക്ടോപിക് ഗർഭധാരണം പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തെയും സൂചിപ്പിക്കാം.
നുരപോലുള്ള ഡിസ്ചാർജ്: ട്രൈക്കോമോണിയാസിസിന്റെ ലക്ഷണമാകാം.