scorecardresearch

രാത്രി 11 മണിക്ക് പെട്ടെന്ന് ഉന്മേഷം തോന്നുന്നുണ്ടോ? ഇതാണ് രഹസ്യം

പെട്ടെന്ന് നിങ്ങൾക്ക് വലിയ ഊർജം തോന്നുന്നു. ഫോണിൽ നോക്കാനോ, നാളത്തെ കാര്യങ്ങൾ പ്ലാൻ ചെയ്യാനോ, അല്ലെങ്കിൽ മാറ്റിവെച്ച ജോലികൾ ചെയ്യാനോ ഒക്കെ നിങ്ങൾക്ക് ആവേശം വരുന്നു

പെട്ടെന്ന് നിങ്ങൾക്ക് വലിയ ഊർജം തോന്നുന്നു. ഫോണിൽ നോക്കാനോ, നാളത്തെ കാര്യങ്ങൾ പ്ലാൻ ചെയ്യാനോ, അല്ലെങ്കിൽ മാറ്റിവെച്ച ജോലികൾ ചെയ്യാനോ ഒക്കെ നിങ്ങൾക്ക് ആവേശം വരുന്നു

author-image
Health Desk
New Update
Night Alert

Image Source: Freepik

ഒരു നീണ്ട പകലിന് ശേഷം നിങ്ങൾ ആകെ തളർന്നിരിക്കുകയാണ്. മാനസികമായി തളർന്ന്, എപ്പോൾ ഉറങ്ങാൻ പറ്റും എന്ന് ഓരോ മിനിറ്റും എണ്ണി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ കിടക്കയിലേക്ക് ചായുമ്പോൾ, നിങ്ങളുടെ തലച്ചോർ പെട്ടെന്ന് ഉണരുന്നു. പെട്ടെന്ന് നിങ്ങൾക്ക് വലിയ ഊർജം തോന്നുന്നു. ഫോണിൽ നോക്കാനോ, നാളത്തെ കാര്യങ്ങൾ പ്ലാൻ ചെയ്യാനോ, അല്ലെങ്കിൽ മാറ്റിവെച്ച ജോലികൾ ചെയ്യാനോ ഒക്കെ നിങ്ങൾക്ക് ആവേശം വരുന്നു.

Advertisment

ഈ പ്രതിഭാസത്തെ 'സെക്കൻഡ് വിൻഡ് ഇഫക്റ്റ്' എന്ന് വിളിക്കുന്നു. ശരീരം വിശ്രമിക്കാൻ തയ്യാറെടുക്കുന്ന സമയത്ത് പെട്ടെന്നുണ്ടാകുന്ന ഈ ഉണർവ് വലിയ ആശയക്കുഴപ്പമുണ്ടാക്കാം.

Also Read: മൂത്രത്തിന് രൂക്ഷഗന്ധമുണ്ടോ? അത് ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകളാകാം

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

പബ്ലിക് ഹെൽത്ത് ഇന്റലക്ച്വൽ ആയ ഡോ. ജഗദീഷ് ഹിരേമത്ത് ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: "ശരീരത്തിന് ഇനിയും ഉണർന്നിരിക്കേണ്ട ആവശ്യമുണ്ടെന്ന് തലച്ചോറിന് തോന്നുമ്പോൾ, അത് ക്ഷീണത്തെ മറികടക്കാൻ ശ്രമിക്കുന്നതിനെയാണ് 'സെക്കൻഡ് വിൻഡ്' എന്ന് പറയുന്നത്. ഇത് നമ്മുടെ ശരീരത്തിന്റെ സ്വാഭാവികമായ ഉറക്ക-ഉണർവ് ചക്രവുമായി ബന്ധപ്പെട്ടിരിക്കുന്നു."

സാധാരണഗതിയിൽ വൈകുന്നേരമാകുമ്പോൾ നമ്മുടെ ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിന്റെ അളവ് കുറയുകയും ശരീരം ഉറക്കത്തിന് തയ്യാറെടുക്കുകയും ചെയ്യും. എന്നാൽ നമ്മുടെ ഉറക്കസമയത്തിന് ശേഷവും നമ്മൾ ഉണർന്നിരിക്കുകയോ മറ്റ് ജോലികളിൽ വ്യാപൃതരാവുകയോ ചെയ്താൽ, തലച്ചോർ ഇതിനെ ഒരു പ്രത്യേക സാഹചര്യമായി കണക്കാക്കും. തുടർന്ന് അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകൾ വീണ്ടും ഉൽപ്പാദിപ്പിക്കപ്പെടും. ഇതാണ് രാത്രി വൈകിയിട്ടും നമുക്ക് പെട്ടെന്ന് ഒരു ഊർജം ലഭിക്കാൻ കാരണമാകുന്നത്.

Also Read: പാലും പഴങ്ങളും ഒന്നിച്ച് കഴിക്കാമോ? സത്യാവസ്ഥ വെളിപ്പെടുത്തി ഫിറ്റ്‌നസ് കോച്ച്

ഉറക്കം നഷ്ടപ്പെടുത്തുന്ന ആ 'രണ്ടാം ഉന്മേഷം': അറിയേണ്ട കാര്യങ്ങൾ

നമ്മുടെ ശരീരം എപ്പോൾ ഉറങ്ങണം, എപ്പോൾ ഉണർന്നിരിക്കണം എന്ന് തീരുമാനിക്കുന്നത് 24 മണിക്കൂർ ദൈർഘ്യമുള്ള ഒരു ആന്തരിക ചക്രമാണ്. ഇതിനെയാണ് സിർക്കാഡിയൻ റിഥം എന്ന് വിളിക്കുന്നത്. രാത്രിയിൽ ഉറക്കം വരുമ്പോൾ അത് അവഗണിച്ച് മുന്നോട്ട് പോയാൽ, ശരീരം "വേക്ക് മെയിന്റനൻസ് സോൺ" എന്ന അവസ്ഥയിലേക്ക് കടക്കുന്നു. ഇതാണ് ഉറക്കം വരാത്ത രീതിയിൽ പെട്ടെന്ന് ഒരു ഉന്മേഷം അനുഭവപ്പെടാൻ കാരണമാകുന്നത്.

ഉറക്കം തടയുന്ന ഘടകങ്ങൾ

മൊബൈൽ ഫോണുകളുടെ ഉപയോഗം: രാത്രി വൈകി സ്ക്രീനുകളിൽ നിന്നുള്ള പ്രകാശം ഏൽക്കുന്നത് ഉറക്കം നൽകുന്ന ഹോർമോണായ മെലറ്റോണിന്റെ ഉൽപ്പാദനത്തെ തടയുന്നു.

കഫീൻ: ചായയിലെയും കാപ്പിയിലെയും കഫീൻ, ഉറക്കം പ്രോത്സാഹിപ്പിക്കുന്ന അഡെനോസിൻ എന്ന രാസവസ്തുവിനെ തടഞ്ഞുനിർത്തുന്നു.

മാനസിക സമ്മർദം: ഉത്കണ്ഠയോ സമ്മർദമോ ഉള്ളപ്പോൾ നമ്മുടെ നാഡീവ്യൂഹം സജീവമായിരിക്കുകയും, ശരീരം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് തലച്ചോർ വിശ്വസിക്കുകയും ചെയ്യുന്നു.

Also Read: ജിമ്മിൽ പോകാതെ 18 കിലോ കുറച്ച് ആമിർ ഖാൻ; 'മാജിക്' കാട്ടിയത് ആഹാരക്രമത്തിലെ ഈ മാറ്റം

സുഖനിദ്രയ്ക്കായി ചില പോംവഴികൾ

ശരീരത്തിന് വിശ്രമിക്കാനുള്ള സമയമായെന്ന് കൃത്യമായ സൂചനകൾ നൽകുക എന്നതാണ് പ്രധാനമെന്ന് ഡോ.ഹിരേമത്ത് പറയുന്നു. ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസവും ഒരേ സമയത്ത് ഉറങ്ങുന്നത് വഴി ശരീരത്തിന്റെ ആന്തരിക ക്ലോക്കിനെ പരിശീലിപ്പിക്കാൻ സാധിക്കും. ഉറങ്ങുന്നതിന് 4-6 മണിക്കൂർ മുമ്പ് കഫീൻ അടങ്ങിയ പാനീയങ്ങളും കനത്ത ആഹാരവും ഒഴിവാക്കുക. ഉ

റങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ, ലാപ്ടോപ്പ് എന്നിവ മാറ്റിവെക്കുക. മുറിയിലെ വെളിച്ചം കുറയ്ക്കുക, വായനയോ ലഘുവായ വ്യായാമങ്ങളോ ശ്വസനക്രിയകളോ ശീലിക്കുന്നത് കോർട്ടിസോൾ ഹോർമോൺ കുറയ്ക്കാനും മെലറ്റോണിൻ ഉൽപ്പാദനത്തിനും സഹായിക്കും. കിടപ്പുമുറി തണുപ്പുള്ളതും ഇരുട്ടുള്ളതും ശാന്തവുമായി സൂക്ഷിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കും.

ജീവിതശൈലിയിൽ മാറ്റം വരുത്തിയിട്ടും ഉറക്കമില്ലായ്മ തുടരുകയാണെങ്കിൽ, അത് മാനസിക സമ്മർദം മൂലമോ മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലമോ ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ജോൺ എബ്രഹാമിന് ഈ രണ്ട് പച്ചക്കറികൾ കഴിക്കാനാവില്ല; പിന്നിലെ കാരണം വെളിപ്പെടുത്തി ട്രെയിനർ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: