scorecardresearch

വീട്ടിൽ നോക്കുമ്പോൾ ബിപി നോർമൽ, ആശുപത്രിയിൽ എത്തുമ്പോൾ കൂടുതൽ; കാരണം എന്ത്?

ആശുപത്രിയിൽ പരിശോധിക്കുമ്പോൾ ബിപി കൂടുമ്പോൾ പരിഭ്രാന്തരാകാതെ, അത് വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ ആണോ എന്ന് കൃത്യമായ പരിശോധനകളിലൂടെ ഉറപ്പുവരുത്തുകയാണ് വേണ്ടത്

ആശുപത്രിയിൽ പരിശോധിക്കുമ്പോൾ ബിപി കൂടുമ്പോൾ പരിഭ്രാന്തരാകാതെ, അത് വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ ആണോ എന്ന് കൃത്യമായ പരിശോധനകളിലൂടെ ഉറപ്പുവരുത്തുകയാണ് വേണ്ടത്

author-image
Health Desk
New Update
Blood Pressure

Source: Freepik

വീട്ടിലിരുന്ന് രക്തസമ്മർദം പരിശോധിക്കുമ്പോൾ അത് കൃത്യമായ അളവിലായിരിക്കും. എന്നാൽ ഒരു ഡോക്ടറെ കാണാനോ ആശുപത്രിയിൽ പരിശോധനയ്ക്കോ പോകുമ്പോൾ ബിപി നില കുത്തനെ ഉയരുന്നു. പലർക്കും അനുഭവമുള്ള ഒരു കാര്യമാണിത്. നിങ്ങൾക്കും ഇത്തരത്തിൽ സംഭവിക്കാറുണ്ടോ? എങ്കിൽ ഇതിനെ വൈദ്യശാസ്ത്രം വിളിക്കുന്നത് 'വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ' എന്നാണ്.

Advertisment

എന്താണ് വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ?

ഡോക്ടർമാരോ മറ്റ് ആരോഗ്യപ്രവർത്തകരോ ധരിക്കുന്ന വെള്ള കോട്ടിൽ നിന്നാണ് ഈ പേര് വന്നത്. ആശുപത്രി അന്തരീക്ഷത്തോടോ ഡോക്ടറെ കാണുന്നതിനോടുള്ള ഭയമോ ഉത്കണ്ഠയോ കാരണം രക്തസമ്മർദം താൽക്കാലികമായി ഉയരുന്ന അവസ്ഥയാണിത്. ആശുപത്രിയിൽ വെച്ച് പരിശോധിക്കുമ്പോൾ ബിപി കൂടുതലായി കാണിക്കുമെങ്കിലും, വീട്ടിലെ ശാന്തമായ അന്തരീക്ഷത്തിൽ ഇത് സാധാരണ നിലയിലായിരിക്കും.

Also Read: ഉറക്കമുണർന്നാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കും, മധുരത്തിന് ഈന്തപ്പഴം; തമന്നയുടെ ഫിറ്റ്നസ് രഹസ്യം

പരേലിലെ ഗ്ലെനീഗിൾസ് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. രാഹുൽ ഗുപ്ത പറയുന്നതനുസരിച്ച്, ആശുപത്രി സന്ദർശനങ്ങൾക്കിടയിലുണ്ടാകുന്ന ഉത്കണ്ഠ, സമ്മർദം അല്ലെങ്കിൽ പരിഭ്രാന്തി എന്നിവയാണ് ഇതിന് പ്രധാന കാരണം. മെഡിക്കൽ പരിശോധനകളോടുള്ള ഭയം, വെയിറ്റിങ് റൂമിലെ കാത്തിരിപ്പ്, അല്ലെങ്കിൽ ഡോക്ടറെ കാണുമ്പോഴുള്ള മാനസികാവസ്ഥ എന്നിവ താൽക്കാലികമായി രക്തസമ്മർദം ഉയർത്താം. ഇതിനുപുറമെ, ആശുപത്രിയിലേക്ക് വേഗത്തിൽ നടന്നു വരുന്നത്, പടികൾ കയറുന്നത്, ഉറക്കക്കുറവ്, കഫീൻ (ചായ, കാപ്പി) ഉപയോഗം അല്ലെങ്കിൽ പരിശോധനയ്ക്കിടെ സംസാരിക്കുന്നത് എന്നിവയും ബിപി കൂടാൻ കാരണമായേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുംബൈ സെൻട്രലിലെ വോക്കാർഡ് ആശുപത്രിയിലെ ഡോ. പരിൻ സംഗോയിയും ഈ അഭിപ്രായത്തോട് യോജിക്കുന്നു. തിരിച്ചറിയപ്പെടാത്ത ഉയർന്ന രക്തസമ്മർദം ഹൃദയം, വൃക്ക, മസ്തിഷ്കം, കണ്ണ് എന്നിവയെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുമെങ്കിലും, കൃത്യമായ രോഗനിർണയത്തിലൂടെ അനാവശ്യമായ മരുന്നുകൾ ഒഴിവാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: പേരയ്ക്ക തൊലിയോടെ കഴിക്കണോ അതോ തൊലി കളയണോ?

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

ഉത്കണ്ഠ ഉണ്ടാകുമ്പോൾ ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ പുറപ്പെടുവിക്കപ്പെടുന്നു. ഇത് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ചെയ്യുന്നു, തൽഫലമായി ബിപി പെട്ടെന്ന് ഉയരുന്നു. വീട്ടിൽ ആളുകൾ ശാന്തമായ അന്തരീക്ഷത്തിലായതിനാൽ ബിപി സാധാരണ നിലയിലായിരിക്കും. വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ എല്ലായ്‌പ്പോഴും അപകടകരമല്ലെങ്കിലും, ഇത് അവഗണിക്കരുത്. കാരണം, ഇത്തരം അവസ്ഥയുള്ളവർക്ക് പിൽക്കാലത്ത് യഥാർത്ഥ ഹൈപ്പർടെൻഷൻ വരാനുള്ള സാധ്യതയുണ്ടെന്ന് ഡോ.ഗുപ്ത മുന്നറിയിപ്പ് നൽകുന്നു.

ഇത് തിരിച്ചറിയുന്നത് എങ്ങനെ?

ഒരാൾക്ക് വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ ആണോ എന്ന് സ്ഥിരീകരിക്കാൻ ഡോക്ടർമാർ പ്രധാനമായും രണ്ട് മാർഗങ്ങളാണ് നിർദേശിക്കുന്നത്:

ഹോം ബിപി മോണിറ്ററിങ് (HBPM): വീട്ടിൽ വെച്ച് കൃത്യമായ ഇടവേളകളിൽ ബിപി മെഷീൻ ഉപയോഗിച്ച് പരിശോധന നടത്തുകയും അതിന്റെ റീഡിംഗ് രേഖപ്പെടുത്തുകയും ചെയ്യുക.

ആംബുലേറ്ററി ബിപി മോണിറ്ററിങ് (ABPM): 24 മണിക്കൂർ നേരത്തേക്ക് ബിപി അളക്കുന്ന ഒരു ചെറിയ ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നു. ഇത് പകൽസമയത്തും ഉറക്കത്തിലും ബിപിയിൽ വരുന്ന മാറ്റങ്ങൾ കൃത്യമായി രേഖപ്പെടുത്തും.

Also Read: ഭക്ഷണക്രമം മാറ്റണ്ട, ജിമ്മിലും പോകണ്ട; രണ്ടാഴ്ച കൊണ്ട് ബ്ലഡ് ഷുഗർ കുറയ്ക്കാൻ ഇങ്ങനെ ചെയ്യൂ

നിങ്ങൾ എന്തുചെയ്യണം?

രക്തസമ്മർദ്ദം അളക്കുന്നതിൽ മാനസിക സമ്മർദത്തിന് വലിയ പങ്കുണ്ട്. അതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

വീട്ടിൽ പരിശോധിക്കുക: വിശ്വസനീയമായ ഡിജിറ്റൽ ബിപി മോണിറ്റർ ഉപയോഗിച്ച് വീട്ടിൽ കൃത്യമായ ഇടവേളകളിൽ ബിപി പരിശോധിക്കുക.

ശാന്തമായിരിക്കുക: പരിശോധനയ്ക്ക് അഞ്ച് മിനിറ്റ് മുമ്പ് ശാന്തമായി ഇരിക്കുക.

മുൻകരുതലുകൾ: പരിശോധനയ്ക്ക് 30 മിനിറ്റ് മുമ്പ് ചായ, കാപ്പി, പുകവലി, വ്യായാമം എന്നിവ ഒഴിവാക്കുക.

വിവരങ്ങൾ കൈമാറുക: വീട്ടിലെ ബിപി റീഡിങ്ങുകൾ കൃത്യമായി രേഖപ്പെടുത്തി ഡോക്ടറെ കാണിക്കുക. ഇത് കൃത്യമായ രോഗനിർണയത്തിന് സഹായിക്കും.

ചില സന്ദർഭങ്ങളിൽ, ഡോക്ടർമാർ '24-മണിക്കൂർ ആംബുലേറ്ററി ബിപി മോണിറ്ററിങ്' നിർദേശിച്ചേക്കാം. സമ്മർദം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, ഉപ്പ് കുറയ്ക്കുക, നന്നായി ഉറങ്ങുക എന്നിവയും ബിപി നിയന്ത്രിക്കാൻ സഹായിക്കും. ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുന്നതിലൂടെ അനാവശ്യ മരുന്നുകൾ ഒഴിവാക്കാനും ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.

ആശുപത്രിയിൽ പരിശോധിക്കുമ്പോൾ ബിപി കൂടുമ്പോൾ പരിഭ്രാന്തരാകാതെ, അത് വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ ആണോ എന്ന് കൃത്യമായ പരിശോധനകളിലൂടെ ഉറപ്പുവരുത്തുകയാണ് വേണ്ടത്. കൃത്യമായ ജീവിതശൈലിയും വ്യായാമവും വഴി ഈ അവസ്ഥയെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഒരു മണിക്കൂർ നടത്തമോ 30 മിനിറ്റ് യോഗയോ, ഏതാണ് ആരോഗ്യത്തിന് നല്ലത്?

Blood Pressure

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: