ശൈത്യകാല സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. ഇതിനുള്ള പരിഹാരമാണ് തേൻ. നിങ്ങളുടെ ഡയറ്റിൽ ദിനവും തേൻ ഉൾപ്പെടുത്തിയാൽ ഒരുപരിധിവരെ രോഗങ്ങളെ അകറ്റി നിർത്താനാവും. ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ തേൻ ശൈത്യകാലത്തെ പല രോഗങ്ങൾക്കും പരിഹാരമാണ്.
തൊണ്ടവേദന ശമിപ്പിക്കുന്നു
കാലാവസ്ഥ മാറുമ്പോൾ ചിലർക്ക് തൊണ്ടവേദന വരാറുണ്ട്. വേദനയും അസ്വസ്ഥതയും ഉണ്ടാക്കുക മാത്രമല്ല, നിങ്ങളുടെ ഉൽപാദനക്ഷമതയെയും ഏകാഗ്രതയെയും ബാധിക്കുന്നു. തേൻ ഉപയോഗിച്ച് തൊണ്ടവേദനയെ വേഗത്തിലും എളുപ്പത്തിലും തടയാനും ചികിത്സിക്കാനും നിങ്ങൾക്ക് കഴിയും. രണ്ടു സ്പൂൺ ശുദ്ധമായ തേൻ കഴിക്കുകയോ അല്ലെങ്കിൽ ഒരു കപ്പ് ബ്ലാക്ക് ടീയിൽ കലർത്തി കഴിക്കുകയോ ചെയ്യുക. പഞ്ചസാരയ്ക്ക് പകരം ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് ലെമൺ ടീ കുടിക്കുന്നതും നല്ലതാണ്. കുട്ടികൾക്ക് തേൻ ഇഷ്ടമാണ്. അതിനാൽ തന്നെ അവർക്കുണ്ടാകുന്ന ജലദോഷവും ചുമയും മാറ്റാൻ തേൻ ഉപയോഗിക്കുക.
Read Also: തണുപ്പുകാലത്ത് ഓറഞ്ച് കഴിക്കാമോ?
രോഗപ്രതിരോധശേഷി കൂട്ടും
നല്ല രോഗപ്രതിരോധ ശേഷിയുളള ഒരാൾക്ക് ശൈത്യകാല രോഗങ്ങളിൽനിന്ന് രക്ഷപ്പെടാനാവും. രോഗപ്രതിരോധശേഷി കുറവായവർ പലതരം അണുബാധകൾക്കും രോഗങ്ങൾക്കും ഇരയാകുന്നു. ജലദോഷം, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തേൻ ശമിപ്പിക്കും. ഒരു ഗ്ലാസ് ചെറുചൂടുവെളളത്തിൽ ഒരു സ്പൂൺ തേൻ, നാരങ്ങ നീര്, കറുവപ്പട്ട എന്നിവ ചേർത്ത് കഴിക്കുക. ഇതിലൂടെ പനി, മറ്റ് പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനാകും.
മുറിവുകൾ ഭേദമാക്കും
തേനിന്റെ ഈ ഗുണത്തെക്കുറിച്ച് വളരെ ചുരുക്കം പേർക്കേ അറിയൂ. നിങ്ങൾക്ക് എപ്പോഴെങ്കിലും പൊളളലേറ്റാൽ ആ ഭാഗത്ത് അൽപ്പം തേൻ പുരട്ടുക. അഞ്ചോ ആറോ മണിക്കൂർ ഇടവിട്ട് ഇങ്ങനെ ചെയ്യുക. ഇത് മുറിവുണക്കുകയും വേദന കുറയ്ക്കുകയും ചെയ്യും. ഉള്ളിൽനിന്നുളള മുറിവുകളെ സുഖപ്പെടുത്താൻ തേൻ ശരീരത്തെ സഹായിക്കുന്നു.
ചർമ സംരക്ഷണം
വരണ്ട ചർമത്തിൽനിന്നും വരണ്ട ചുണ്ടുകളിൽ നിന്നും തേൻ സംരക്ഷണമേകും. ശൈത്യകാലത്ത് ചർമം വരണ്ടതാകുമ്പോൾ വെളിച്ചെണ്ണ, ലാനോലിൻ, വിറ്റാമിൻ ഇ എന്നിവയ്ക്കൊപ്പം പ്രധാന ചേരുവയായി തേൻ ചേർത്ത് വീട്ടിൽ ലോഷനും ലിപ് ബാമും തയാറാക്കാം. ശരീരഭാരം കുറയ്ക്കുന്നതിനും തേൻ സഹായിക്കും.